Image

ആത്മഹത്യ ചെയ്താല്‍ ഉത്തരവാദികള്‍ വി.എം സുധീരനും എം.എം ഹസനും കെ.പി മോഹനനും ; ശ്രീകുമാരന്‍ തമ്പി

Published on 18 December, 2016
ആത്മഹത്യ ചെയ്താല്‍ ഉത്തരവാദികള്‍ വി.എം സുധീരനും എം.എം ഹസനും കെ.പി മോഹനനും ; ശ്രീകുമാരന്‍ തമ്പി

താന്‍ ആത്മഹത്യ ചെയ്താല്‍ അതിന് ഉത്തരവാദികള്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍, കോണ്‍ഗ്രസ് നേതാവ് എം.എം ഹസന്‍, കെ.പി മോഹനന്‍ എന്നിവര്‍ ആയിരിക്കുമെന്ന് എഴുത്തുകാരനും കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. സമകാലിക മലയാളം വാരികയില്‍ കെ.ആര്‍ മീര എഴുതിയ ലേഖനത്തിലാണ് ശ്രീകുമാരന്‍ തമ്പി സുധീരനെഴുതി വെച്ച കത്തിനെക്കുറിച്ച് വ്യക്തമാക്കുന്നത്.

ലേഖനത്തിലെ കത്തില്‍ നിന്നും:

പ്രിയപ്പെട്ട വി.എം സുധീരന്, ജയ്ഹിന്ദ് ടിവി എന്റെ പരമ്പര സംപ്രേക്ഷണം ചെയ്ത വകയില്‍ കരാര്‍ പ്രകാരം എനിക്ക് 26,96,640 രൂപ തരാനുളളത് ചൂണ്ടിക്കാട്ടി പല തവണ ഞാനയച്ച കത്തുകള്‍ക്ക് മറുപടി അയക്കാനുളള മര്യാദപോലും താങ്കള്‍ കാണിച്ചിട്ടില്ല.വര്‍ഷങ്ങളായി ഞാന്‍ താങ്കള്‍ക്കും എം.എം ഹസന്‍, കെ.പി മോഹനന്‍ എന്നിവര്‍ക്കും ഇത് സംബന്ധിച്ച പരാതി അയക്കുന്നു. ധനലക്ഷ്മി ബാങ്കിന്റെ വഴുതക്കാട് ശാഖയില്‍ നിന്നും സ്വകാര്യ പണമിടപാടുകാരില്‍ നിന്നും കടം വാങ്ങിയാണ് ഞാന്‍ ഈ പരമ്പര നിര്‍മ്മിച്ചത്. ഇന്നുവരെയുളള എന്റെ ജീവിതത്തില്‍ ഞാന്‍ ആര്‍ക്കെങ്കിലും ഒരു രൂപയെങ്കിലും നഷ്ടം വരുത്തുകയോ കടക്കാരനാകുകയോ ചെയ്തിട്ടില്ല. പക്ഷേ ഇന്ന് എനിക്ക് പണം തന്നവര്‍ കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരിക്കുന്നു. കോടതി നടപടികളിലേയ്ക്ക് വലിച്ചിഴക്കപ്പെട്ടാല്‍ ആ നിമിഷം ഞാന്‍ ആത്മഹത്യ ചെയ്യും. അങ്ങനെ സംഭവിച്ചാല്‍ വി.എം സുധീരന്‍,എം.എം ഹസന്‍,കെ.പി മോഹനന്‍ എന്നിവരായിരിക്കും ഉത്തരവാദികള്‍.

3000ത്തിലേറെ പാട്ടുകള്‍ എഴുതുകയും 25 സിനിമകള്‍ നിര്‍മ്മിക്കുകയും 85 സിനിമകള്‍ക്ക് തിരക്കഥയെഴുതുകയും 29 സിനിമകള്‍ സംവിധാനം ചെയ്യുകയും 42 ഡോക്യുമെന്ററികളും 13 പരമ്പരകളും നിര്‍മ്മിച്ച് സംവിധാനം ചെയ്യുകയും 20ഓളം പുസ്തകങ്ങള്‍ എഴുതുകയും ചെയ്ത മലയാളിയാണ് അദ്ദേഹം. കിട്ടാനുളള പണത്തിനുവേണ്ടി 75ാം വയസില്‍ യാചിക്കേണ്ട അവസ്ഥയില്‍ അദ്ദേഹത്തെ നാം എത്തിച്ചിരിക്കുന്നു. അഭിമാനികളോട് അങ്ങനെയല്ലാത്തവര്‍ക്ക് തോന്നുന്ന പകയാണ് ഏറ്റവും മാരകമെന്നും കെ.ആര്‍ മീര ലേഖനത്തില്‍ പറയുന്നു.

അദ്ദേഹത്തിന്റെ സിനിമകളും പാട്ടുകളും വിറ്റ് പണംകൊയ്യുന്ന ടെലിവിഷന്‍, എഫ്എം ചാനലുകള്‍ ഓരോന്നിനും 1000 രൂപ നല്‍കിയാല്‍ മതി. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ സമാഹരിക്കുന്ന പാട്ടെഴുത്ത് പുസ്തകക്കാരും അഭിമുഖ സംഭാഷണക്കാരും ഓര്‍മ്മയൊന്നിന് 100 രൂപ നല്‍കിയാല്‍ മതി, ആ പാട്ടുകളുടെയും സിനിമകളുടെയും ആസ്വാദകര്‍ പാട്ടൊന്നിന് ഒരു രൂപ നല്‍കിയാല്‍ മതി ശ്രീകുമാരന്‍ തമ്ബി കോടീശ്വരനാകുമെന്നും കെ.ആര്‍ മീര വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക