Image

നിങ്ങള്‍ ധനികനാണോ? (പകല്‍ക്കിനാവ്-30: ജോര്‍ജ് തുമ്പയില്‍)

Published on 18 December, 2016
നിങ്ങള്‍ ധനികനാണോ? (പകല്‍ക്കിനാവ്-30: ജോര്‍ജ് തുമ്പയില്‍)
ഒരാള്‍ ധനികനാണോ, ദരിദ്രനാണോ എന്നു തീരുമാനിക്കുന്നത് എങ്ങനെയാണ്? താരതമ്യങ്ങളിലൂടെയാണ് എന്നു വ്യക്തം. നിങ്ങളുടെ അയല്‍പ്പക്കക്കാരനുമായോ, അല്ലെങ്കില്‍ നിങ്ങളുടെ സുഹൃത്തുമായോ ഉള്ള താരതമ്യങ്ങളിലൂടെയാണ് നിങ്ങളുടെ ആസ്തിമൂല്യങ്ങള്‍ നിര്‍ണ്ണയിക്കപ്പെടുന്നത്. അതിപ്പോ വികസിത രാജ്യമാണെങ്കിലും ശരി, വികസന വികസോന്മുഖ രാജ്യമാണെങ്കിലും അങ്ങനെ തന്നെയാണ്. അതിനെ ആശ്രയപ്പെടുത്തിയാണ് നിങ്ങളുടെ സാമൂഹ്യമേഖലകള്‍ പോലു നിര്‍ണ്ണയിക്കപ്പെടുന്നത്. പറഞ്ഞുവരുന്നത് ധനതത്വശാസ്ത്രത്തിന്റെ സിദ്ധാന്തങ്ങളിലേക്ക് ഒന്നുമല്ല. ലോകത്തിലെ ധനികരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടോയെന്ന് സാമാന്യമായ സംശയം. 2016- ഏതാണ്ട് അസ്തമിക്കാനൊരുങ്ങുകയാണ്. അതിനു വേണ്ടി ഫോബ്‌സ് മാസികയുടെ ലിസ്റ്റ് ഒന്നു പരതി നോക്കിയാലോ..

അതിനു മുന്‍പ് നിങ്ങള്‍ എത്രമാത്രം സമ്പന്നനാണ് എന്നൊന്നു നോക്കാം. നിങ്ങളുടെ വാര്‍ഷിക വരുമാനം 100,000 ഡോളറാണെന്നു വെക്കുക. ലോകത്തിലെ ധനികരായ വ്യക്തികളുടെ പട്ടികയില്‍ നിങ്ങള്‍ 0.08% മുന്നിലാണ്. കൃത്യമായ കണക്ക് എടുക്കുകയാണെങ്കില്‍, ഭൂമിയിലെ ഏറ്റവും സമ്പന്നനായ വ്യക്തികളുടെ നിരയില്‍ നിങ്ങളുടെ സ്ഥാനം നോക്കൂ, 5,067,405 (അമ്പത് ലക്ഷത്തി അറുപ്പത്തേഴായിരത്തി നാനൂറ്റിയഞ്ച്). അമ്പതു ലക്ഷത്തില്‍ ഒരാളായി നിങ്ങള്‍ മാറിയിരിക്കുന്നു. അങ്ങനെയാണെങ്കില്‍ മണിക്കൂറില്‍ നിങ്ങള്‍ 52.08 ഡോളര്‍ സമ്പാദിക്കുന്നു. ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ ഒരു മധ്യവര്‍ഗ്ഗ തൊഴിലാളി ഈ സമയം കൊണ്ട് സമ്പാദിക്കുന്നത് വെറും 0.08 ഡോളര്‍ മാത്രമാണെന്നു ഓര്‍ക്കണം.

നിങ്ങളുടെ വാര്‍ഷിക വരുമാനം 100,000 ഡോളറാണെങ്കില്‍ സിംബാബ്‌വേയിലെ ഒരു തൊഴിലാളികള്‍ക്ക് അത്ര തന്നെ സമ്പാദിക്കാന്‍ വേണ്ടി വരുന്നത് 98 വര്‍ഷമാണ്. അതായത് ഇന്നത്തെ നിലയില്‍ 2114 ലേ അയാള്‍ക്ക് ആ നേട്ടത്തിലെത്താന്‍ സാധിക്കൂ. അത് തികച്ചും അസാധ്യമായ കാര്യമാണ്. സമ്പാദിക്കുന്ന നിലയില്‍ ഒരാള്‍ എത്തുമ്പോള്‍ തന്നെ പ്രായപൂര്‍ത്തിയായിട്ടുണ്ടാവണം. അതിനോട് 98 വര്‍ഷം കൂടി ചേര്‍ത്താല്‍ അയാള്‍ വാര്‍ധ്യകത്തിന്റെ പടുകുഴിയിലായിരിക്കണം. ആ നിലയ്ക്ക് നിങ്ങള്‍ അഹങ്കരിച്ചോളൂ, കാരണം നിങ്ങളുടെ വാര്‍ഷിക വരുമാനം ഒരിക്കലും ഒരു സിംബാബ്‌വേകാരന്‍ അയാളുടെ ആയുസ്സില്‍ ഉണ്ടാക്കാന്‍ പോകുന്നില്ല.

നിങ്ങളുടെ വരുമാനം അനുസരിച്ച് ഒരു കൊക്കോ കോള കുടിക്കാനായി നിങ്ങളുടെ .41 സെക്കന്‍ഡിലെ വരുമാനം ധാരാളം. എന്നാല്‍ ഒരു കൊക്കോ കോള കുടിക്കാനുള്ള പണം ഘാനയിലെ ഒരു ശരാശരി തൊഴിലാളി ഉണ്ടാക്കണമെങ്കില്‍ അയാള്‍ ഏഴു മണിക്കൂറിലധികം അധ്വാനിക്കണം. കൃത്യമായി പറഞ്ഞാല്‍ 07:12:09. എന്താല്ലേ? പറയൂ, നിങ്ങള്‍ ഭാഗ്യവാനല്ലേ?

കാസ്പിയന്‍ കടലിനോടു ചേര്‍ന്നു കിടക്കുന്ന മുന്‍ സോവിയറ്റ് റിപ്പബ്ലിക്കായിരുന്ന അസര്‍ബെയ്ജാനിലെ (യൂറോപ്പിലും വടക്കു കിഴക്കന്‍ ഏഷ്യയിലുമായി വ്യാപിച്ചുകിടക്കുന്ന രാജ്യമായ അസര്‍ബെയ്ജാന്‍ മുന്‍പ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നുവെന്ന് ഓര്‍ക്കണം. ഇപ്പോള്‍ ഒരു സ്വതന്ത്ര രാജ്യമാണ്. റഷ്യ, ജോര്‍ജിയ, അര്‍മേനിയ, ഇറാന്‍, ടര്‍ക്കി എന്നിവയാണ് അയല്‍രാജ്യങ്ങള്‍.) 436 ഡോക്ടര്‍മാരുടെ പ്രതിമാസ ശമ്പളത്തിനു തുല്യമാണ് നിങ്ങളുടെ പ്രതിമാസ വരുമാനം. അത്ഭുതം തോന്നുന്നുണ്ടോ, ഇതിന്റെ ഇരട്ടിയോളം വരും അഫ്ഗാനിസ്ഥാനിലെയും ഇന്തോനേഷ്യയിലെയും കാര്യം. അതിലും കഷ്ടമാണ് ആഫ്രിക്കന്‍ രാജ്യങ്ങളുടേത്. ഇനി പറയൂ, നിങ്ങളൊരു ധനികനാണോ? ഇത് നിങ്ങള്‍ സ്വയം പറയേണ്ടതാണ്. ആരെയും ഇതിനു വേണ്ടി അധികാരപ്പെടുത്തിയിട്ടില്ല. ആരും നിങ്ങള്‍ ധനികനാണോ എന്നു കണക്കെടുക്കാനും വരുന്നില്ല. ഇനി വേണം നിങ്ങളുടെ മനഃസാക്ഷി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട്. സോമാലിയയിലും മലാവിയിലും ഒരു ബ്രെഡ് കൊണ്ട് ഒരു നേരം കഴിയുന്ന ലക്ഷക്കണക്കിന് പേരുണ്ട്. സിറിയയിലും ടര്‍ക്കിയിലും കമ്പിളി പോലുമില്ലാതെ കൊടും തണുപ്പില്‍ കഴിയുന്ന ലക്ഷങ്ങളുണ്ട്. അവരൊന്നും തന്നെ നിങ്ങളോടു മത്സരിക്കാന്‍ വരുന്നില്ല. മത്സരിക്കുന്നവര്‍ ആരും തന്നെ ഒരിടത്തും ജയിക്കുന്നില്ലെന്നു കൂടി കരുതണം. ഇതുമായി ബന്ധപ്പെട്ട് അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഒരു വിവരം വാട്‌സ് ആപ്പില്‍ പ്രചരിച്ചത് ഓര്‍മ്മ വരുന്നു. കോടിക്കണക്കിനു സ്വത്തുക്കളായിരുന്നു ജയലളിതയ്ക്ക്. മൂന്നു സംസ്ഥാനങ്ങൡലായി ഏക്കറു കണക്കിനു ഭൂമി. കോടിക്കണക്കിനു രൂപ മൂല്യമുള്ള കൊട്ടാരസദൃശ്യമായ വീട്. കാറുകള്‍, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍. എന്നിട്ട് ഇവയ്ക്ക് എന്തിനെങ്കിലും അവരെ രക്ഷിക്കാന്‍ കഴിഞ്ഞോ? ഇല്ലേയില്ല. അവരിന്നും ഓര്‍മ്മിക്കുന്നത് തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് ചെയ്തു കൊടുത്ത നല്ല കാര്യത്തിന്റെ പേരിലാണ്. അതു മാത്രമേ നിലനില്‍ക്കൂ. നന്മയ്ക്ക് മാത്രമേ മൂല്യമുള്ളു. ധനം അതിനു വേണ്ടിയുള്ളൊരു ഉപാധി മാത്രമാണ്.

നോക്കൂ, ലോകത്തിലെ പത്തു ധനികരില്‍ എട്ടു പേരും അമേരിക്കക്കാരാണ്. അമാന്‍സ്യോ ഒര്‍ട്ടേഗ രണ്ടാം സ്ഥാനത്തും (സ്‌പെയ്ന്‍), കാര്‍ലോസ് സ്ലിം (മെക്‌സിക്കോ) നാലാം സ്ഥാനത്തും ഒഴികെ എല്ലാവരും യുഎസില്‍ നിന്ന്. ഒന്നാമത് ബില്‍ ഗേറ്റ്‌സ് തന്നെ (75 ബില്യണ്‍). മൂന്നാമത് വാരന്‍ ബഫറ്റ്. പിന്നെ ജെഫ് ബിസോസ് ആമസോണില്‍ നിന്ന്, ഫേസ്ബുക്കില്‍ നിന്നും സൂക്കര്‍ബര്‍ഗ്, ഓറക്കിളുമായി ലാറി എലിസണ്‍, ബ്ലൂംബര്‍ഗുമായി മൈക്കിള്‍ ബ്ലൂംബര്‍ഗ്, ചാള്‍സ്, ഡേവിഡ് കൊച്ച് എന്നിവരും യഥാക്രമം ആദ്യ പത്തില്‍. കോടിപതികള്‍ വാഴുന്ന അമേരിക്കയിലെ ഒരു സംസ്ഥാനത്തിലാണ് നിങ്ങളും. നിങ്ങളുടെ വരുമാനം പ്രകാം മേല്‍ ഉദ്ധരിച്ച കാര്യങ്ങളുടെ നിജസ്ഥിതി അറിയാന്‍ ഇപ്പോഴൊരു വെബ്‌സൈറ്റ് തുറന്നിട്ടുണ്ട്. http://www.globalrichlist.com എന്നതാണ് അതിന്റെ ഡൊമൈന്‍. നിങ്ങള്‍ക്ക് നോക്കാം. നോക്കണം. എങ്കിലേ, നിങ്ങള്‍ക്ക് നിങ്ങളില്‍ വിശ്വാസം വരു. അത് നന്മയിലേക്കുള്ള ഒരു തിരിച്ച പോക്കിനുള്ള തുടക്കമാകൂ. അതിനായുള്ള ക്രിസ്മസ് രാവാണ് വരാന്‍ പോകുന്നതെന്നു കരുതാം. എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍...
Join WhatsApp News
Johnson 2016-12-22 05:39:43
Excellent writing! Thank you! Truly eye opening words! Let all the good things happen to everyone in the world. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക