Image

കാലിത്തൊഴുത്തിലേക്കു വഴികാട്ടിയ നക്ഷത്ര വെളിച്ചം (എ.സി. ജോര്‍ജ്)

Published on 18 December, 2016
കാലിത്തൊഴുത്തിലേക്കു വഴികാട്ടിയ നക്ഷത്ര വെളിച്ചം (എ.സി. ജോര്‍ജ്)
രാജാക്കന്മാരെ രാജകൊട്ടാരങ്ങളില്‍നിന്നും ഇറക്കി അവഗണിക്കപ്പെട്ടവരുടെ ഇടയില്‍ വന്നു പിറന്നവന്റെ കാലിത്തൊഴുത്തിലെത്തിച്ചതു നക്ഷത്രമാണ്. ആ നക്ഷത്ര പ്രതീകങ്ങളാണ്
ക്രിസ്മസ്സിനു നമ്മുടെ വീടുകളില്‍ നാം ഉയര്‍ത്തുന്ന നക്ഷത്രവിളക്കുകള്‍.
കാലിത്തൊഴുത്തിലേക്കു വഴികാട്ടിയ നക്ഷത്രത്തിന്റെ തിളക്കം നമ്മുടെ കണ്ണുകള്‍ക്കില്ല, “”സന്മനസ്സുള്ളവര്‍ക്കു സമാധാനം’’ എന്ന സന്ദേശം സ്വീകരിക്കാന്‍ നമ്മുടെ ബധിര കര്‍ണ്ണങ്ങള്‍ക്കാവുന്നില്ല, മാലാഖമാര്‍ക്കൊപ്പം സ്തുതിപാടാന്‍ നമ്മുടെ അധരങ്ങള്‍ അനക്കുന്നില്ല, ദൈവപുത്രനു പൊന്നും മീറയും കാഴ്ചവയ്ക്കാന്‍ നമ്മുടെ കൈകള്‍ക്കു പിശുക്കാണ്. അപകട സൂചനകള്‍ തിരിച്ചറിഞ്ഞു “കുഞ്ഞിനെയുംകൊണ്ട് ഈജിപ്തിലേക്ക്’ ഓടാന്‍ നമ്മുടെ കാലുകള്‍ക്കു ബലമില്ല. നന്മയ്ക്കു മനസ്സു കൊടുത്താലേ ഇന്ദ്രിയങ്ങള്‍ക്കു തിന്മയെ ചെറുക്കാനാവൂ. തണുത്തു വിറങ്ങലിച്ച പാതിരാവിന്റെ ഇരുട്ടിനെ ഭേദിച്ച നക്ഷത്രവെളിച്ചത്തിന്റെ ചേദനയില്‍ നിസ്സംഗതയുടെ അന്ധകാരത്തെ അകറ്റാനുള്ള ക്ഷണമാണു ക്രിസ്മസ്സിന്റേത്.

സിസിലി രാജ്യത്തിന്റെ രാജാവായിരുന്ന അല്‍ഫോന്‍സോ ഒരിക്കല്‍ കുതിരസവാരി ചെയ്യുകയായിരുന്നു. കമ്പാനിയായിലുള്ള ഒരു ചതുപ്പു പ്രദേശത്തിനടുത്തെത്തിയപ്പോള്‍ കാഴ്ചയില്‍ പാവമെന്നു തോന്നിക്കുന്ന ഒരു മനുഷ്യന്‍ അദ്ദേഹത്തെ സമീപിച്ച് ദയനീയമായി അഭ്യര്‍ത്ഥിച്ചു:
“”എനിക്കൊരു ഉപകാരം ചെയ്തിട്ടു പോകുമോ?’’

“”എന്തുപകാരമാണു ഞാന്‍ നിങ്ങള്‍ക്കു ചെയ്യേണ്ടത്?’’ രാജാവ് ചോദിച്ചു.
“”ഞാന്‍ യാത്ര ചെയ്തിരുന്ന കഴുത, അതാ ആ ചതുപ്പു നിലത്തു താഴ്ന്നുപോയി. അതിനെ വലിച്ചു പൊക്കാന്‍ ഞാനൊറ്റയ്ക്കു വിചാരിച്ചിട്ടു കഴിയുന്നില്ല!’’
അതുകേട്ട രാജാവുടനെ കുതിരപ്പുറത്തുനിന്നും താഴെയിറങ്ങി.
രണ്ടുപേരും കൂടി കഴുതയെ ചെളിയില്‍നിന്നും വലിച്ചു കയറ്റി. ആ പാവം മനുഷ്യന്‍ നന്ദി പറയാന്‍ വാക്കുകള്‍ കിട്ടാതെ വിഷമിച്ചു.

എങ്കിലും അയാള്‍ പറഞ്ഞു: “”ഒരു സഹായത്തിനായി ഞാനെത്രപേരെ സമീപിച്ചെന്നോ! ഒരുത്തനും തിരിഞ്ഞുനോക്കിയില്ല. താങ്കളോടെങ്ങനെ നന്ദി പറയണമെന്നെനിക്കറിയില്ല.’’
“”ഇതിനെന്തിനാ നിങ്ങള്‍ നന്ദി പറയുന്നത്.’’ ഒരു ചെറു പുഞ്ചിരിയോടെ രാജാവു ചോദിച്ചു. “”ഇതെന്റെ കടമയാണ്. ഞാനതു ചെയ്തു. അത്രയേയുള്ളൂ. അതിനു നന്ദി പറയേണ്ട ആവശ്യമൊന്നുമില്ല.’’
“”ഇതെങ്ങനെയാണു താങ്കളുടെ കടമയാകുന്നത്? നമ്മള്‍ തമ്മില്‍ യാതൊരു പരിചയവുമില്ലല്ലോ!...’’ ആ പാവം മനുഷ്യന്‍ അത്ഭുതപ്പെട്ടു.
“”അതുകൊണ്ടുമാത്രം ഇതെന്റെ കടമയല്ലാതാകുന്നില്ല സഹോദരാ. ഞാനീ രാജ്യത്തെ രാജാവാണ്!’’
പെട്ടെന്നാ മനുഷ്യന്‍ വല്ലാതായി. തന്റെ രാജാവിനെയാണു താനീ ചെളിയിലിറക്കിയതെന്നു മനസ്സിലായപ്പോള്‍ അയാള്‍ക്കു വല്ലാത്ത കുറ്റബോധം തോന്നി.
“”ക്ഷമിക്കണം മഹാരാജാവേ! അടിയനതറിഞ്ഞില്ല.’’ അയാള്‍ രാജാവിന്റെ മുമ്പില്‍ മുട്ടുകുത്തി.
“”ഛെ... ഛെ... അരുത്!’’ രാജാവ് അയാളെ തടഞ്ഞു: “”ക്ഷമ ചോദിക്കാന്‍ തക്കവണ്ണം നിങ്ങളൊരു തെറ്റും ചെയ്തിട്ടില്ല. ഒരാളോട് ഒരു സഹായം അഭ്യര്‍ത്ഥിക്കുന്നത് എങ്ങനെ തെറ്റാകും? നിങ്ങളിത്ര ശുദ്ധനായിപ്പോയല്ലോ!’’

രാജാവ് അയാളെ തോളില്‍ തട്ടി സമാശ്വസിപ്പിച്ചിട്ട് കുതിരപ്പുറത്തു കയറി യാത്രയായി. അല്‍ഫോന്‍സോ രാജാവിന്റെ ഇത്തരം സല്‍പ്രവൃത്തികള്‍ അദ്ദേഹത്തിന്റെ ബദ്ധശത്രുക്കളെ വരെ ഉറ്റമിത്രങ്ങളാക്കിയിട്ടുണ്ട്.

ഇന്നത്തെ ലോകത്ത് മഷിയിട്ടു നോക്കിയാല്‍പോലും കാണാന്‍ കഴിയുന്നതല്ല ഇത്തരം സേവന മനഃസ്ഥിതി. തന്നെപ്പോലെ തന്നെയാണ് മറ്റുള്ളവരും എന്ന അവബോധം ഉള്ളവര്‍ക്കേ ഇത്തരം സേവനമനഃസ്ഥിതി ഉണ്ടാകൂ...

വലിയ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ നമുക്കു കഴിയില്ലായിരിക്കാം. എന്നാലും, തിരക്കുള്ള റോഡു മുറിച്ചു കടക്കാന്‍ തത്രപ്പെടുന്ന ഒരു കുരുടന്റെ പെടാപ്പാടു കണ്ട് കൈ കൊട്ടി ചിരിക്കാതെ അയാളെ കൈപിടിച്ചു സഹായിക്കാന്‍ നമുക്കു കഴിയും! ഇത്തരം കൊച്ചുകൊച്ചു സേവനങ്ങള്‍ കൊണ്ടു നമുക്ക് ഈ ക്രിസ്മസ്സിന് ഉണ്ണിയേശുവിനു പുല്‍ക്കൂടു തീര്‍ക്കാന്‍ ശ്രമിക്കാം. ക്രിസ്മസ്സ് ആശംസകള്‍!

Join WhatsApp News
John Philip 2016-12-19 13:15:48
കൃസ്തുമസ് കാലത്ത് എല്ലാവരും എഴുത്തുകാരായി ഓരോന്ന് എഴുതി വിടുന്നുണ്ട് . പാലപ്പം ചുട്ടതും
ബീഫ് ഒലർത്തിയതും ഓർമ്മയിൽ വന്നുവെന്നൊക്കെ പറഞ്ഞുകൊണ്ട്. താങ്കളുടെ
ഹൃസ്വമായ നല്ല ഒരു സന്ദേശം ഉൾകൊള്ളുന്ന
ലേഖനം നന്നായിരുന്നു. താങ്കൾക്കും, കുടുംബത്തിനും, എല്ലാ വായനക്കാർക്കും നമ്മുടെ
കർത്താവായ യേശുനാഥന്റെ അനുഗ്രഹം ഉണ്ടാകട്ടെ.
Sudhir Panikkaveetil 2016-12-19 16:57:58

“I truly believe that if we keep telling the Christmas story, singing the Christmas songs, and living the Christmas spirit, we can bring joy and happiness and peace to this world.” 
― Norman Vincent Peale . Good message George Sir, Merry Christmas and Happy New Year.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക