Image

പണം കൊടുക്കാം, വാങ്ങാം- ഭാഗം 2: കോര്‍, നെറ്റ് (ലേഖനം: സുനില്‍ എം എസ്, മൂത്തകുന്നം)

Published on 19 December, 2016
പണം കൊടുക്കാം, വാങ്ങാം- ഭാഗം 2: കോര്‍, നെറ്റ് (ലേഖനം: സുനില്‍ എം എസ്, മൂത്തകുന്നം)
റിസര്‍വ് ബാങ്കോ കേന്ദ്രസര്‍ക്കാരോ വലുത്?

യാതൊരു സംശയവും വേണ്ടാ, കേന്ദ്രസര്‍ക്കാര്‍ തന്നെ. രണ്ടു തെളിവുകളിതാ: ഒന്ന്, റിസര്‍വ് ബാങ്കിന്റെ തലവനായ ഗവര്‍ണറെ നിയമിയ്ക്കുന്നതു കേന്ദ്രസര്‍ക്കാരാണ്. രണ്ട്, കറന്‍സി നോട്ടുകളില്‍ ഒപ്പിട്ടിരിയ്ക്കുന്നതു റിസര്‍വ് ബാങ്ക് ഗവര്‍ണറാണെങ്കിലും, അവയുടെയെല്ലാം മുകളില്‍ വലിയ അക്ഷരങ്ങളില്‍ അച്ചടിച്ചു വച്ചിരിയ്ക്കുന്നത് ഇതാണ്: "ഗാരന്റീഡ് ബൈ ദ സെന്‍ട്രല്‍ ഗവണ്മെന്റ്": 'നോട്ടിന്റെ പണം റിസര്‍വ് ബാങ്കു തന്നില്ലെങ്കില്‍ ഞങ്ങള്‍ തന്നോളാം' എന്ന്. കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പിന്റെ ബലമാണു നോട്ടുകളുടെ ബലം.

പരമാധികാരമുള്ള കേന്ദ്രസര്‍ക്കാര്‍ ഒരു നോട്ടിവിടെ അച്ചടിച്ചിറക്കുന്നുണ്ട്: ഒരുരൂപാ നോട്ട്. ശക്തി കുറഞ്ഞ റിസര്‍വ് ബാങ്ക് രണ്ടായിരത്തിന്റെ നോട്ടുകള്‍ പോലും അച്ചടിച്ചിറക്കുമ്പോള്‍, ശക്തി കൂടിയ കേന്ദ്രസര്‍ക്കാരിറക്കുന്നതു വെറും ഒരുരൂപാനോട്ട്! വിരോധാഭാസമാണിത്. പക്ഷേ, സംഗതി വാസ്തവം. രണ്ടായിരത്തിന്റെ നോട്ടു കിട്ടാന്‍ ഇപ്പോള്‍ വിഷമമില്ലെങ്കിലും ഒരുരൂപാനോട്ടു കണി കാണാന്‍ പോലും കിട്ടാറില്ല; പുതിയതായാലും പഴയതായാലും. എങ്കിലും, പതിനായിരം ഒരുരൂപാനോട്ടുകളുമായി അക്കൗണ്ടില്‍ അടയ്ക്കാന്‍ വേണ്ടി നാം ബാങ്കില്‍ ചെന്നുകയറുന്നു എന്നു കരുതുക. ഒരുരൂപാ നോട്ടുകളുടെ കെട്ടുകള്‍ കാണുമ്പോഴേയ്ക്കു ക്യാഷ്യറുടെ മുഖം ഇരുളും: "അതെണ്ണിയെടുക്കാന്‍ ഇവിടെയാളില്ല" എന്നു പറഞ്ഞ് സാക്ഷാല്‍ കേന്ദ്രസര്‍ക്കാരിന്റെ തന്നെ നോട്ടുകെട്ടുകളെ തിരസ്കരിയ്ക്കാനാണിട.

ആളുകളല്ല, യന്ത്രങ്ങളാണിപ്പോള്‍ നോട്ടെണ്ണാറ്. എത്ര നോട്ടു വേണമെങ്കിലും യന്ത്രം എണ്ണിത്തരും. മിക്ക യന്ത്രങ്ങളും ഒരു മിനിറ്റുകൊണ്ട് ആയിരം നോട്ട് എണ്ണിത്തീര്‍ക്കും. പതിനായിരം നോട്ടെണ്ണാന്‍ പത്തു മിനിറ്റേ വേണ്ടൂ. ഇത്തരം വാദങ്ങളൊന്നും അവിടെ വിലപ്പോകാനിടയില്ല. യന്ത്രം പത്തു മിനിറ്റെടുത്തു പതിനായിരം ഒരുരൂപാ നോട്ടെണ്ണിയാല്‍ ബാങ്കിനു കിട്ടാന്‍ പോകുന്ന നിക്ഷേപം പതിനായിരം രൂപാ മാത്രം. എന്നാല്‍, എണ്ണുന്നത് ഒരുരൂപാനോട്ടല്ല, രണ്ടായിരത്തിന്റെ പതിനായിരം നോട്ടുകളാണെങ്കിലോ! ബാങ്കിനു പത്തുമിനിറ്റു കൊണ്ടു രണ്ടു കോടി രൂപയുടെ നിക്ഷേപം സ്വീകരിയ്ക്കാനാകും. ബാങ്കുകള്‍ക്കു നിക്ഷേപങ്ങള്‍ അത്യാവശ്യമാണ്. കുറഞ്ഞ സമയം കൊണ്ടു കൂടുതല്‍ നിക്ഷേപമുണ്ടാക്കാനായാല്‍ അത്രയും നല്ലത്. സ്വാഭാവികമായും വലിയ നോട്ടുകളോടായിരിയ്ക്കും അവര്‍ക്കു പ്രതിപത്തി. ഒരുരൂപാനോട്ടിനെ തിരസ്കരിയ്ക്കുന്ന കാഷ്യര്‍ തന്നെ ആദരവോടെ എഴുന്നേറ്റു നിന്നായിരിയ്ക്കും രണ്ടായിരത്തിന്റെ പതിനായിരം രൂപാനോട്ടുകള്‍ സ്വീകരിയ്ക്കുന്നത്!

സര്‍ക്കാരുജോലിയില്‍ നിന്നല്പം വിഭിന്നമാണു ബാങ്കുജോലി. ഓരോ വര്‍ഷം കഴിയുമ്പോഴും ഓരോ ബാങ്കും ജീവനക്കാരുടെ പ്രതിശീര്‍ഷഇടപാടും പ്രതിശീര്‍ഷലാഭവും കണക്കാക്കും. 201213ലെ ദേശീയശരാശരികള്‍ യഥാക്രമം 12.1 കോടിയും 8.3 ലക്ഷവുമായിരുന്നു. ഈ സൂചികകളില്‍ മുന്‍നിരയിലെത്താന്‍ വേണ്ടി ബാങ്കുകളും ബാങ്കുജീവനക്കാരും വലിയ തുകകള്‍ക്കു മുന്‍ഗണന നല്‍കിപ്പോകുന്നതു സ്വാഭാവികമാണ്. അതുകൊണ്ട് ഒരുരൂപാനോട്ടുകളെടുക്കാന്‍ കാഷ്യര്‍മാര്‍ വൈമുഖ്യം കാണിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല.

നോട്ടിനേക്കാള്‍ പണി കുറഞ്ഞ പണരൂപങ്ങള്‍ ഇന്നുണ്ട്. ചെക്കു തന്നെ ഒരുദാഹരണം. വാസ്തവത്തില്‍ ചെക്കിനോളം പ്രസിദ്ധിയാര്‍ജിച്ച മറ്റൊരു പണരൂപമില്ല. ഏഷ്യാനെറ്റിന്റെ 'നിങ്ങള്‍ക്കുമാകാം കോടീശ്വരനി'ലെ ജേതാവായ സനൂജ രാജനു സമ്മാനത്തുകയായ ഒരു കോടി രൂപ സുരേഷ് ഗോപി കൈമാറിയതു ചെക്കിന്റെ രൂപത്തിലായിരുന്നു. 'കോന്‍ ബനേഗാ കരോഡ്പതി'യില്‍ അചിന്‍ നരുലയും സര്‍ത്തക്ക് നരുലയും വിജയിച്ചപ്പോള്‍ അമിതാഭ് ബച്ചന്‍ അവര്‍ക്കു സമ്മാനിച്ചത് ഏഴു കോടി രൂപയുടെ ചെക്ക്. ഇക്കഴിഞ്ഞ യൂ എസ് ഓപ്പന്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ കപ്പു നേടിയ സ്റ്റാനിസ്‌ലാസ് വാവ്‌റിങ്കയ്ക്കു കിട്ടിയത് ഇരുപത്തിമൂന്നു കോടി രൂപയ്ക്കു തുല്യമായ ഡോളര്‍ ചെക്കായിരുന്നു. കേവലം ഒമ്പതര ഇഞ്ചു നീളവും മൂന്നര ഇഞ്ചു വീതിയും മാത്രമുള്ള ചെക്ക് എന്നു വിളിയ്ക്കപ്പെടുന്ന ചെറു കടലാസ്സുകഷണത്തിന്റെ വില ഇരുപത്തിമൂന്നു കോടി രൂപയേക്കാളേറെയുമാകാം. ചെക്കിലെഴുതാവുന്ന തുകയ്ക്ക് ഒരേയൊരു പരിധിയേ ഉള്ളൂ: അക്കൗണ്ടിലെ നിക്ഷേപം. അക്കൗണ്ടില്‍ പണമില്ലാതെ ചെക്കെഴുതിയാല്‍ രണ്ടുവര്‍ഷത്തെ ജയില്‍ വാസം പ്രതീക്ഷിയ്ക്കാം; ചെക്കിന്റെ തുകയുടെ ഇരട്ടി പിഴയും.

ചെക്കിനിപ്പോഴും സമ്മാനദാനച്ചടങ്ങുകളില്‍ സ്ഥാനമുണ്ടെങ്കിലും, നോട്ടിതരപണരൂപങ്ങളില്‍ മുഖ്യമായത് എന്ന സ്ഥാനം കഴിഞ്ഞ പതിറ്റാണ്ടിനിടയില്‍ അതിനു നഷ്ടമായിരിയ്ക്കുന്നു. ഇന്റര്‍നെറ്റിന്റെ സര്‍വവും കീഴടക്കിക്കൊണ്ടുള്ള വരവാണ് അതിനു കാരണമായത്.

കൊല്ലത്തെ കശുവണ്ടിമുതലാളിയായ തങ്കപ്പന്‍ പിള്ളയില്‍ നിന്നു തൃശൂരിലെ മൊത്തവ്യാപാരിയായ ദേവസ്സി പതിവായി കശുവണ്ടി വാങ്ങാറുണ്ട്. ദേവസ്സിയുടെ പക്കല്‍ നിന്ന് പൊന്നാനിയിലെ കച്ചവടക്കാരനായ കാദറുകുട്ടി കശുവണ്ടി വാങ്ങാറുണ്ട്. കാദറുകുട്ടി ദേവസ്സിയ്ക്കും ദേവസ്സി തങ്കപ്പന്‍ പിള്ളയ്ക്കും പണം കൊടുക്കുന്നതു പതിവാണ്. നോട്ടും ചെക്കുമില്ലാതെ ആധുനികരീതിയില്‍ ഇതെങ്ങനെ സാധിയ്ക്കുമെന്നു നോക്കാം.

ദേവസ്സിയ്ക്കു കാനറാബാങ്കിന്റെ തൃശൂര്‍ ശാഖയിലും കാദറുകുട്ടിയ്ക്കു കാനറാബാങ്കിന്റെ തന്നെ പൊന്നാനി ശാഖയിലുമാണ് അക്കൗണ്ട് എന്നു കരുതുക. കാദറുകുട്ടി തനിയ്ക്കാവശ്യമുള്ള കശുവണ്ടിയുടെ അളവെത്രയെന്നു ഫോണിലൂടെ ദേവസ്സിയെ അറിയിയ്ക്കുന്നു, ദേവസ്സി അതു പൊന്നാനിയിലേയ്ക്കു കൊടുത്തയയ്ക്കുന്നു. അതു കിട്ടിയ ഉടന്‍ അതിന്റെ വിലയായ മുന്നൂറു രൂപ ദേവസ്സിയുടെ അക്കൗണ്ടിലേയ്ക്കയയ്ക്കാന്‍ കാനറാബാങ്കിന്റെ പൊന്നാനി ശാഖയിലേയ്ക്കു കാദറുകുട്ടി ചെല്ലുന്നു, ഒരു പേഇന്‍സ്ലിപ്പെടുത്ത് ദേവസ്സിയുടെ പേരും അക്കൗണ്ട് നമ്പറുമെഴുതുന്നു, സ്ലിപ്പും മുന്നൂറു രൂപയും കൂടി കാഷ്യര്‍ക്കു കൊടുക്കുന്നു, കാഷ്യര്‍ തുക സ്വീകരിയ്ക്കുന്നു.

ദേവസ്സിയുടെ അക്കൗണ്ട് തൃശൂര്‍ ശാഖയിലാണെങ്കിലും, പൊന്നാനി ശാഖക്കാര്‍ക്ക് അവരുടെ കമ്പ്യൂട്ടറില്‍ ദേവസ്സിയുടെ അക്കൗണ്ടെടുത്തു തുറന്ന്, കാദറുകുട്ടി അടച്ചിരിയ്ക്കുന്ന മുന്നൂറു രൂപ അതില്‍ അനായാസം വരവു വെയ്ക്കാനാകും. അവരതു ചെയ്തയുടന്‍ ദേവസ്സിയ്ക്കു കാനറാബാങ്കിന്റെ എസ് എം എസ്സ് കിട്ടുന്നു: 'സന്തോഷവാര്‍ത്ത! നിങ്ങളുടെ അക്കൗണ്ടില്‍ മുന്നൂറു രൂപ വന്നിരിയ്ക്കുന്നു.' അതിനിടയില്‍ പണമടച്ച കാര്യം കാദറുകുട്ടി ദേവസ്സിയെ വിളിച്ചറിയിച്ചിട്ടുമുണ്ടാകും.

കശുവണ്ടി വാങ്ങിയ വകയില്‍ ദേവസ്സി തങ്കപ്പന്‍ പിള്ളയ്ക്കു ആയിരം രൂപ കൊടുക്കാനുണ്ടെന്നും തങ്കപ്പന്‍ പിള്ളയുടെ അക്കൗണ്ട് സിന്‍ഡിക്കേറ്റ് ബാങ്കിന്റെ കൊല്ലം ശാഖയിലാണെന്നും കരുതുക. ദേവസ്സി സിന്‍ഡിക്കേറ്റ് ബാങ്കിന്റെ തൃശൂര്‍ ശാഖയില്‍ ചെല്ലുന്നു. പേഇന്‍സ്ലിപ്പെടുത്ത് തങ്കപ്പന്‍ പിള്ളയുടെ പേരും അക്കൗണ്ട് നമ്പറും തുകയുമെഴുതി, തുകയോടൊപ്പം കാഷ്യര്‍ക്കു കൊടുക്കുന്നു. കാഷ്യര്‍ പണം സ്വീകരിച്ചയുടന്‍ ശാഖയിലെ മറ്റാരെങ്കിലും കമ്പ്യൂട്ടറില്‍ തങ്കപ്പന്‍ പിള്ളയ്ക്കു കൊല്ലം ശാഖയിലുള്ള അക്കൗണ്ടെടുത്തു തുറന്ന്, ദേവസ്സിയടച്ച ആയിരം രൂപ അതില്‍ വരവു വെയ്ക്കുന്നു. തങ്കപ്പന്‍ പിള്ളയ്ക്കും കിട്ടും, ഒരെസ്സെമ്മെസ്സ്: 'സന്തോഷവാര്‍ത്ത! അക്കൗണ്ടില്‍ ആയിരം രൂപ വന്നിരിയ്ക്കുന്നു.'

തങ്കപ്പന്‍ പിള്ള കാസര്‍ഗോഡ് സന്ദര്‍ശിയ്ക്കുന്നതിനിടയില്‍ പലരില്‍ നിന്നായി രണ്ടുലക്ഷം രൂപയ്ക്കു തോട്ടണ്ടി വാങ്ങിയെന്നു കരുതുക. പണം ഉടന്‍ നോട്ടായി കൊടുക്കണം. തങ്കപ്പന്‍ പിള്ളയുടെ പക്കല്‍ അത്രയും പണമില്ല. അക്കൗണ്ടിലുണ്ട്, കൈവശം ചെക്കുബുക്കുമുണ്ട്. സിന്‍ഡിക്കേറ്റ് ബാങ്കിനു കാസര്‍ഗോഡ് ശാഖയുണ്ട്. തങ്കപ്പന്‍ പിള്ള അവിടേയ്ക്കു ചെല്ലുന്നു, രണ്ടുലക്ഷം രൂപയുടെ ചെക്കെഴുതിക്കൊടുക്കുന്നു, അതിന്റെ പണം നോട്ടുരൂപത്തില്‍ ആവശ്യപ്പെടുന്നു. കാസര്‍ഗോഡ് ശാഖയിലുള്ളവര്‍ക്കു തങ്കപ്പന്‍ പിള്ളയെ തീരെ പരിചയമില്ല. പക്ഷേ, കുഴപ്പമില്ല, അവര്‍ക്കു തങ്കപ്പന്‍ പിള്ളയുടെ ചിത്രവും ഒപ്പിന്റെ മാതൃകയും ചെക്കു നമ്പറും മറ്റെല്ലാ വിവരങ്ങളും കമ്പ്യൂട്ടറില്‍ കാണാം. അതെല്ലാം പരിശോധിച്ച്, ആളിതു തന്നെയെന്നു ബോദ്ധ്യപ്പെട്ട ശേഷം ശാഖ ചെക്കു പാസ്സാക്കുന്നു, തങ്കപ്പന്‍ പിള്ളയ്ക്കു പണം കൊടുക്കുന്നു.

ഇതില്‍ നിന്നു ചില കാര്യങ്ങള്‍ വ്യക്തമാകുന്നുണ്ട്. ഒരു ബാങ്കിന്റെ ഒരു ശാഖയിലുള്ള അക്കൗണ്ടില്‍ പണമടയ്ക്കാന്‍ ആ ബാങ്കിന്റെ മറ്റേതു ശാഖയില്‍ ചെന്നാലും മതി. ഒരു ബാങ്കിന്റെ ഒരു ശാഖയിലുള്ള അക്കൗണ്ടില്‍ നിന്നു പണമെടുക്കാന്‍ ആ ബാങ്കിന്റെ മറ്റേതു ശാഖയില്‍ ചെന്നാലും മതി. ചില നിയന്ത്രണങ്ങളുണ്ടാകാം. രണ്ടുലക്ഷം രൂപ പിന്‍വലിയ്ക്കാന്‍ ചെക്കുമായി തങ്കപ്പന്‍ പിള്ള ചെല്ലുന്നതു കാസര്‍ഗോഡ് ജില്ലയില്‍പ്പെട്ട ബദിയഡ്ക്ക ശാഖയിലാണെന്നും, ബദിയഡ്ക്ക ശാഖ വളരെച്ചെറിയ ശാഖയാണെന്നും കരുതുക. ചെറുശാഖയായതുകൊണ്ടു പെട്ടെന്നു രണ്ടുലക്ഷം രൂപ കൊടുക്കാന്‍ അവരുടെ പക്കലുണ്ടായെന്നു വരില്ല. ഇത്തരം അവസ്ഥയുണ്ടാകാതിരിയ്ക്കാന്‍ വേണ്ടി പല ശാഖകളിലും അന്യശാഖാചെക്കുകളിന്മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു വരാം.

പണം പിന്‍വലിയ്ക്കലിന്മേല്‍ മാത്രമല്ല, പണമടവിന്മേലും നിയന്ത്രണങ്ങളുണ്ടാകാം. തങ്കപ്പന്‍ പിള്ളയ്ക്കു സിന്‍ഡിക്കേറ്റ് ബാങ്കിന്റെ കൊല്ലം ശാഖയിലുള്ള അക്കൗണ്ടിലടയ്ക്കാന്‍ വേണ്ടി ദേവസ്സി തൃശൂര്‍ ശാഖയിലേയ്ക്കു കൊണ്ടു ചെല്ലുന്നത് ആയിരം രൂപയല്ല, പത്തുലക്ഷം രൂപയാണ് എന്നു സങ്കല്പിയ്ക്കുക. 'ഇതെന്താണു സംഭവം' എന്നു ശാഖക്കാര്‍ ദേവസ്സിയോടു ചോദിച്ചെന്നു വരാം. കള്ളപ്പണമിടപാടൊന്നുമല്ലല്ലോ എന്നു ബോദ്ധ്യം വരുത്താന്‍ വേണ്ടിയായിരിയ്ക്കും ചോദ്യങ്ങള്‍. ചോദ്യങ്ങള്‍ പലതു ചോദിച്ചാലും പണം സ്വീകരിയ്ക്കാതെ ശാഖ മടക്കിവിടുകയില്ല. നിക്ഷേപങ്ങള്‍ക്കായി ബാങ്കുകാര്‍ നെട്ടോട്ടമോടാറുണ്ട്. അതുകൊണ്ട്, തനിയേ വന്നുകയറിയ നിക്ഷേപത്തെ അവരൊരിയ്ക്കലും തിരസ്കരിയ്ക്കില്ല.

രണ്ടായിരാമാണ്ടിനു തൊട്ടു മുന്‍പും പിന്‍പുമുള്ള പതിറ്റാണ്ടുകളില്‍ വിവരസാങ്കേതികവിദ്യയിലുണ്ടായ മുന്നേറ്റം ഇന്ത്യയില്‍ വലിയ മാറ്റങ്ങളുണ്ടാക്കി. കമ്പ്യൂട്ടറുകളും ഇന്റര്‍നെറ്റും പ്രചാരത്തിലായി. ഇവ രണ്ടും ബാങ്കിംഗ് മേഖലയെ അടിമുടി മാറ്റി മറിച്ചു. അതിനു മുമ്പ്, ലെഡ്ജറുകള്‍ എന്നറിയപ്പെട്ടിരുന്ന ബൈന്റു ചെയ്ത, ഭാരിച്ച അക്കൗണ്ടുപുസ്തകങ്ങള്‍ ബാങ്കുശാഖകളിലെ സ്ഥിരം കാഴ്ചയായിരുന്നു. ഇടപാടുകാരുടെ അക്കൗണ്ടുകള്‍ ലെഡ്ജറുകളിലാണുണ്ടായിരുന്നത്. അയ്യായിരം അക്കൗണ്ടുകളുള്ളൊരു ശാഖയില്‍ ഇത്തരം മുപ്പതുനാല്പതു ലെഡ്ജറുകളെങ്കിലും ഉണ്ടാകുമായിരുന്നു. കമ്പ്യൂട്ടറുകള്‍ ലെഡ്ജറുകളെ സ്ഥാനഭ്രഷ്ടരാക്കി.

രണ്ടായിരം മുതല്‍ രണ്ടായിരത്തിപ്പത്തു വരെയുള്ള ദശാബ്ദത്തില്‍ ബാങ്കുശാഖകള്‍ അവയുടെ മുഖ്യകേന്ദ്രവുമായി ഇന്റര്‍നെറ്റിലൂടെ ബന്ധപ്പെടുത്തപ്പെട്ടു; ബാങ്കുകള്‍ റിസര്‍വ് ബാങ്കുമായും ബന്ധപ്പെടുത്തപ്പെട്ടു. ബാങ്കിംഗ് മേഖലയെ ഒന്നാകെ സംയോജിപ്പിച്ചുകൊണ്ട് കോര്‍ബാങ്കിംഗ് എന്നൊരു സംവിധാനം നിലവില്‍ വന്നു. സെന്‍ട്രലൈസ്ഡ് ഓണ്‍ലൈന്‍ റിയല്‍ ടൈം എക്‌സ്‌ചേഞ്ച് എന്നതിന്റെ ചുരുക്കപ്പേരാണു കോര്‍. ഓരോ ബാങ്കുശാഖയ്ക്കും ഇന്ത്യന്‍ ഫൈനാന്‍ഷ്യല്‍ സിസ്റ്റം കോഡ് എന്ന ഐ എഫ് എസ് കോഡ് ലഭിച്ചു. അക്കൗണ്ട് നമ്പറിലെ അക്കങ്ങളുടെ എണ്ണം കൂടി.

കോര്‍ ബാങ്കിംഗ് സിസ്റ്റം വരുന്നതിനു മുമ്പ് ഒരു ശാഖയിലെ കസ്റ്റമര്‍ ആ ശാഖയുടെ മാത്രം കസ്റ്റമറായിരുന്നു; ഒരു കസ്റ്റമറുടെ അക്കൗണ്ട് ഒരു ശാഖയിലെ പുസ്തകങ്ങളില്‍ മാത്രമാണുണ്ടായിരുന്നത്. അക്കൗണ്ടില്‍ പണമടയ്ക്കണമെങ്കിലും അതില്‍ നിന്നു പണമെടുക്കണമെങ്കിലും കസ്റ്റമര്‍ക്ക് തന്റെ ശാഖയില്‍ത്തന്നെ ചെല്ലേണ്ടിവന്നിരുന്നു. കോര്‍ ബാങ്കിംഗ് സംവിധാനം വന്നപ്പോള്‍ അക്കൗണ്ടുകള്‍ ശാഖകളിലെ വലിപ്പവും കനവുമുള്ള ലെഡ്ജറുകളില്‍ നിന്നു ബാങ്കുകളുടെ ആസ്ഥാനങ്ങളിലുള്ള കേന്ദ്രസെര്‍വറുകളിലേയ്ക്കു കുടിയേറി. കസ്റ്റമര്‍ ഏതെങ്കിലുമൊരു ശാഖയുടെ മാത്രമല്ല, ബാങ്കിന്റെ ഒന്നാകെയുള്ള കസ്റ്റമറായിത്തീര്‍ന്നു. 'എനിവെയര്‍ ബാങ്കിംഗ്' സാദ്ധ്യവുമായി.

സെര്‍വര്‍ എന്താണെന്നു കൂടി ഇവിടെ സൂചിപ്പിയ്ക്കാം. ഒന്നിലേറെ കമ്പ്യൂട്ടറുകളെ നിയന്ത്രിയ്ക്കുന്നൊരു കമ്പ്യൂട്ടറാണു സെര്‍വര്‍. വീടുകളിലുപയോഗിയ്ക്കുന്ന കമ്പ്യൂട്ടറുകള്‍ പൊതുവില്‍ ഡെസ്ക് ടോപ്പുകള്‍ എന്നറിയപ്പെടുന്നു. ഡെസ്കിന്റെ മുകളിലുള്ള കമ്പ്യൂട്ടറുകള്‍ ഡെസ്ക് ടോപ്പ് കമ്പ്യൂട്ടറുകള്‍. ഡെസ്ക് ടോപ്പുകളുമായി സെര്‍വറിനു യാതൊരു സാമ്യവുമുണ്ടായെന്നു വരില്ല. അടുപ്പിച്ചടുപ്പിച്ചു വെച്ചിരിയ്ക്കുന്ന അലമാരകളോടായിരിയ്ക്കും വലിയ സെര്‍വറുകള്‍ക്കു സാമ്യം. അവയിരിയ്ക്കുന്ന മുറികള്‍ ശീതീകരിച്ചിട്ടുണ്ടാകും, അവയ്ക്കടുത്തേയ്ക്കുള്ള പ്രവേശനം നിയന്ത്രിതവുമായിരിയ്ക്കും. അടുത്തും അകലേയുമുള്ള അനേകം ഡെസ്ക് ടോപ്പ് കമ്പ്യൂട്ടറുകള്‍ സെര്‍വറുമായി ബന്ധിപ്പിച്ചിട്ടുണ്ടാകും; സെര്‍വറുടെ നിയന്ത്രണത്തിലായിരിയ്ക്കും അവ പ്രവര്‍ത്തിയ്ക്കുന്നതും. സെര്‍വറുകള്‍ നിയന്ത്രിയ്ക്കുന്ന, പ്രത്യേകജോലികള്‍ നിര്‍വഹിയ്ക്കുന്ന ഡെസ്ക് ടോപ്പ് കമ്പ്യൂട്ടറുകള്‍ വര്‍ക്ക്‌സ്‌റ്റേഷനുകള്‍ എന്ന പേരിലും അറിയപ്പെടാറുണ്ട്. ബാങ്കിന്റെ കൗണ്ടറുകളില്‍ നാം കാണുന്ന കമ്പ്യൂട്ടറുകളില്‍ മിക്കതും വര്‍ക്ക് സ്‌റ്റേഷനുകളായിരിയ്ക്കും.

ഇന്ത്യയില്‍ ചെക്ക് ഉപയോഗത്തില്‍ വന്നിട്ട് ഒന്നര നൂറ്റാണ്ടോളം ആയെങ്കിലും, രണ്ടു പതിറ്റാണ്ടു മുമ്പു വരെ പണത്തിന്റെ മുഖ്യമായ രൂപം നോട്ടു തന്നെയായിരുന്നു. ചെക്ക് ട്രങ്കേഷന്‍ (ഇതേപ്പറ്റി ഈ ലേഖനത്തിന്റെ ഒന്നാം ഭാഗത്തില്‍ വിവരിച്ചിട്ടുണ്ട്) എന്ന സാങ്കേതികവിദ്യ നടപ്പില്‍ വന്നപ്പോള്‍ ചെക്കു മാറിക്കിട്ടാനുള്ള കാലതാമസം ഗണ്യമായി കുറയുകയും, ചെക്കുകള്‍ കൂടുതല്‍ പ്രചാരം നേടുകയും ചെയ്തു. ഇതു ബാങ്കിംഗ് മേഖലയില്‍ നോട്ടുകളുടെ പ്രസക്തി കുറച്ചു. ഇന്റര്‍നെറ്റും കോര്‍ബാങ്കിംഗും വന്നപ്പോള്‍ ചെക്കിന്റെ പ്രസക്തിയ്ക്കും ഇടിവു തട്ടി. ഇരുപതു വര്‍ഷത്തിനപ്പുറം ചെക്കു നിലവിലുണ്ടാകുമോയെന്നു കണ്ടറിയണം. ചെക്കിനു വംശനാശം സംഭവിയ്ക്കുന്നെങ്കില്‍ അതിനുള്ള മുഖ്യകാരണം നെറ്റ് ബാങ്കിംഗ്, ഓണ്‍ലൈന്‍ ബാങ്കിംഗ്, സൈബര്‍ ബാങ്കിംഗ്, ഈബാങ്കിംഗ്, വെബ് ബാങ്കിംഗ് എന്നെല്ലാമറിയപ്പെടുന്ന ഇന്റര്‍നെറ്റ് ബാങ്കിംഗായിരിയ്ക്കും.

നെറ്റ് ബാങ്കിംഗ് പണം കൊടുക്കല്‍വാങ്ങലിനെ അനായാസമാക്കിയിരിയ്ക്കുന്നു. സിന്‍ഡിക്കേറ്റ് ബാങ്കിന്റെ കൊല്ലം ശാഖയില്‍ തങ്കപ്പന്‍ പിള്ളയ്ക്കുള്ള അക്കൗണ്ടിലേയ്ക്കു പണമയയ്ക്കാന്‍ ദേവസ്സി ബാങ്കിന്റെ തൃശൂര്‍ ശാഖയിലേയ്ക്കു ചെല്ലേണ്ടതില്ല. സ്വന്തം വീട്ടിലോ കടയിലോ സുഖമായിരുന്നുകൊണ്ട്, ഇന്റര്‍നെറ്റുള്ളൊരു കമ്പ്യൂട്ടറുപയോഗിച്ച് തങ്കപ്പന്‍ പിള്ളയ്ക്കു പണമയയ്ക്കാന്‍ ദേവസ്സിയ്ക്കിന്നു സാധിയ്ക്കും. നെറ്റ് ബാങ്കിംഗിലൂടെ തന്റെ അക്കൗണ്ടില്‍ ഇടപാടുകള്‍ നടത്താന്‍ വേണ്ടി അതിനുള്ള യൂസര്‍ നെയിമും പാസ്‌വേര്‍ഡുകളും ആദ്യം തന്നെ ദേവസ്സി കാനറാബാങ്കിന്റെ തൃശൂര്‍ ശാഖയില്‍ നിന്നു വാങ്ങുന്നു. ബാങ്കിന്റെ വെബ്‌സൈറ്റില്‍ അവയുപയോഗിച്ചു ദേവസ്സി ലോഗിന്‍ ചെയ്യുന്നു, തന്റെ അക്കൗണ്ടെടുത്തു തുറന്ന്, പണമയയ്ക്കലിനുള്ള ലിങ്കു ക്ലിക്കു ചെയ്യുന്നു.

തങ്കപ്പന്‍ പിള്ളയ്ക്കു പണമയയ്ക്കാനാകും മുന്‍പ്, ദേവസ്സി തങ്കപ്പന്‍ പിള്ളയെ ഗുണഭോക്താവ് അഥവാ ബെനിഫിഷ്യറി ആയി കാനറാബാങ്കിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഗുണഭോക്താവിന്റെ പേര്, ബാങ്കിന്റെ പേര്, ബാങ്കിന്റെ ശാഖയുടെ പേര്, ശാഖയുടെ ഐ എഫ് എസ് കോഡ് എന്നീ നാലു വിവരങ്ങളാണ് ഇതിനാവശ്യം. ഈ വിവരങ്ങള്‍ യഥാവിധി നല്‍കിയ ശേഷവും, ഗുണഭോക്താവിന്റെ പേരു രജിസ്റ്റര്‍ ചെയ്തു കിട്ടാന്‍ അല്പസമയം എടുത്തെന്നു വരാം. ഈ പ്രക്രിയയ്ക്കു സ്‌റ്റേറ്റ് ബാങ്ക് നാലു മണിക്കൂര്‍ എടുക്കുന്നു. എച്ച് ഡി എഫ് സി ബാങ്കാകട്ടെ, മുപ്പതു മിനിറ്റു മാത്രവും. ബാങ്കുശാഖകളുടെ ഐ എഫ് എസ് കോഡുകള്‍ അതതു ബാങ്കുകളുടെ വെബ്‌സൈറ്റുകളില്‍ അനായാസം കണ്ടെത്താനാകും. മറ്റു പല വെബ്‌സൈറ്റുകളിലും ഐ എഫ് എസ് കോഡുകള്‍ കാണാം. പുതിയ പാസ്സ്ബുക്കുകളിലും അവയുണ്ട്.

ഏതാനും മണിക്കൂറിനുള്ളില്‍ തങ്കപ്പന്‍ പിള്ളയെ ഗുണഭോക്താവായി രജിസ്റ്റര്‍ ചെയ്തതായുള്ള സന്ദേശം ദേവസ്സിയുടെ മൊബൈല്‍ ഫോണിലെത്തും. തുടര്‍ന്നു പണമയയ്ക്കാം. പണമയയ്ക്കാനായി കാനറാബാങ്കിന്റെ വെബ്‌സൈറ്റിലുള്ള അക്കൗണ്ട്‌പേജ് ദേവസ്സി വീണ്ടും തുറക്കുന്നു. പണമയയ്ക്കലിനുള്ള ലിങ്കില്‍ ക്ലിക്കു ചെയ്യുന്നു. ഗുണഭോക്താക്കളുടെ ലിസ്റ്റ് എടുക്കുന്നു. ലിസ്റ്റില്‍ തങ്കപ്പന്‍ പിള്ളയുടെ പേരുണ്ട്, അതില്‍ ക്ലിക്കു ചെയ്യുന്നു. 'മേക്ക് എ ട്രാന്‍സാക്ഷന്‍' എന്ന ലിങ്ക് എടുക്കുന്നു, തുകയെഴുതാനുള്ള കളത്തില്‍ ആയിരം രൂപയെന്നു രേഖപ്പെടുത്തുന്നു, ഇടപാടുകള്‍ക്കു പ്രത്യേകമായുള്ള പാസ്‌വേര്‍ഡ് രേഖപ്പെടുത്തുന്നു, എസ്സ് എം എസ്സിലൂടെ കിട്ടുന്ന ഒറ്റത്തവണപ്പാസ്‌വേര്‍ഡ് രേഖപ്പെടുത്തുന്നു, സബ്മിറ്റ് അല്ലെങ്കില്‍ സമാനമായ ബട്ടണില്‍ ക്ലിക്കു ചെയ്യുന്നു, പണമയയ്ക്കല്‍ പ്രക്രിയ വിജയകരമായെന്ന സന്ദേശം സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നു.

മുകളില്‍ വിവരിച്ചിരിയ്ക്കുന്ന പ്രക്രിയ താത്വികമായി മാത്രം ശരിയാണ്; പ്രാവര്‍ത്തികതലത്തില്‍, വിഭിന്ന ബാങ്കുകളില്‍ വ്യത്യാസങ്ങളുണ്ടാകാം. പക്ഷേ, പണമയയ്ക്കല്‍ അനായാസം നടക്കും. ബാങ്ക് അക്കൗണ്ടുകളില്‍ നിന്നു പണമയയ്ക്കുന്നതു വിശദീകരിയ്ക്കുന്ന വീഡിയോകള്‍ യൂട്യൂബിലുണ്ട്. അവയില്‍ ഒന്നോ രണ്ടോ എണ്ണം ഒന്നു രണ്ടു തവണ കണ്ടാല്‍ പണമയയ്ക്കല്‍ അനായാസം നടത്താനാകും. അതുകൊണ്ട് അത്തരം പ്രാവര്‍ത്തികതലങ്ങളിലേയ്ക്ക് ഈ ലേഖനം കടക്കുന്നില്ല. പണമയയ്ക്കലുകളെത്തുടര്‍ന്ന്, അണിയറയ്ക്കു പിന്നില്‍ നടക്കുന്ന പ്രക്രിയകള്‍ വിവരിയ്ക്കുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.

ദേവസ്സി തന്റെ അക്കൗണ്ടില്‍ നിന്നു തങ്കപ്പന്‍ പിള്ളയുടെ അക്കൗണ്ടിലേയ്ക്കു നെറ്റ് ബാങ്കിംഗിലൂടെ പണമയച്ചുകഴിഞ്ഞു എന്നു കരുതുക. കാനറാബാങ്കിന്റെ തൃശൂര്‍ ശാഖയില്‍ ദേവസ്സിയ്ക്കുള്ള അക്കൗണ്ടില്‍ നിന്നു പണം സിന്‍ഡിക്കേറ്റ് ബാങ്കിന്റെ കൊല്ലം ശാഖയില്‍ തങ്കപ്പന്‍ പിള്ളയ്ക്കുള്ള അക്കൗണ്ടിലേയ്ക്ക് എങ്ങനെ ചെന്നെത്തുന്നു? ദേവസ്സി അയച്ച പണം നേരേ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ കൊല്ലം ശാഖയിലേയ്ക്കു പോകുന്നില്ല. അല്പം വളഞ്ഞ വഴിയിലൂടെയാണു പണത്തിന്റെ സഞ്ചാരം. അതു ചുരുക്കി വിവരിയ്ക്കാം.

ബാങ്കുകള്‍ക്കെല്ലാം റിസര്‍വ് ബാങ്കില്‍ അക്കൗണ്ടുകളുണ്ട്, ആ അക്കൗണ്ടുകളില്‍ കുറേയേറെ പണം ബാങ്കുകള്‍ നിക്ഷേപിച്ചു വെച്ചിട്ടുമുണ്ട്. ദേവസ്സി പണമയയ്ക്കാനുള്ള നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞ ഉടന്‍ കാനറാബാങ്കിന്റെ ബന്ധപ്പെട്ട കേന്ദ്രം ദേവസ്സിയുടെ അക്കൗണ്ടില്‍ ആയിരം രൂപ കുറവു ചെയ്യുന്നു. തുടര്‍ന്നവര്‍ റിസര്‍വ് ബാങ്കിലേയ്‌ക്കൊരു സന്ദേശമയയ്ക്കുന്നു: 'ഞങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ആയിരം രൂപയെടുത്ത് സിന്‍ഡിക്കേറ്റ് ബാങ്കിനു കൊടുക്കുക; അതവരുടെ കൊല്ലം ശാഖയില്‍ തങ്കപ്പന്‍ പിള്ളയ്ക്കുള്ള ഇത്രാമതു നമ്പര്‍ അക്കൗണ്ടില്‍ വരവു വെയ്ക്കാന്‍ നിര്‍ദ്ദേശിയ്ക്കുക.' സന്ദേശം ഹ്രസ്വമായിരിയ്ക്കും; അതില്‍ ഐ എഫ് എസ് കോഡ്, അക്കൗണ്ട് നമ്പര്‍ മുതലായ വിവരങ്ങള്‍ അടങ്ങിയിരിയ്ക്കും.

കാനറാബാങ്കില്‍ നിന്നു നിര്‍ദ്ദേശം കിട്ടിയ ഉടന്‍ റിസര്‍വ് ബാങ്ക് കാനറാബാങ്കിന്റെ അക്കൗണ്ടില്‍ നിന്ന് ആയിരം രൂപയെടുത്ത് സിന്‍ഡിക്കേറ്റ് ബാങ്കിന്റെ അക്കൗണ്ടില്‍ വരവു വെയ്ക്കുന്നു, തുക അവരുടെ കൊല്ലം ശാഖയില്‍ തങ്കപ്പന്‍ പിള്ളയ്ക്കുള്ള അക്കൗണ്ടില്‍ വരവു വെയ്ക്കണമെന്നു നിര്‍ദ്ദേശിയ്ക്കുകയും ചെയ്യുന്നു. സിന്‍ഡിക്കേറ്റ് ബാങ്ക് അതനുസരിച്ചു പ്രവര്‍ത്തിയ്ക്കുന്നു. ഐ എഫ് എസ് കോഡും അക്കൗണ്ട് നമ്പറുമുള്ളതുകൊണ്ട്, തുക തങ്കപ്പന്‍ പിള്ളയുടെ അക്കൗണ്ടില്‍ത്തന്നെ വരവു വെച്ചു കിട്ടുന്നു.

ഇത്തരത്തില്‍ ബാങ്കുകള്‍ വഴി പണമയയ്ക്കാന്‍ ഇന്നു ചില സംവിധാനങ്ങളുണ്ട്: അവ താഴെ കൊടുക്കുന്നു:

നാഷണല്‍ ഇലക്‌ട്രോണിക്ക് ഫണ്ട്‌സ് ട്രാന്‍സ്ഫര്‍ (എന്‍ ഇ എഫ് ടി അഥവാ നെഫ്റ്റ്)

റിയല്‍ ടൈം ഗ്രോസ്സ് സെറ്റില്‍മെന്റ് (ആര്‍ റ്റി ജി എസ്)

ഇവയില്‍ നിന്നു വ്യത്യസ്തമായ ഒരു സംവിധാനം കൂടിയുണ്ട്: ഇമ്മീഡിയറ്റ് പേയ്‌മെന്റ് സിസ്റ്റം (ഐ എം പി എസ്).

നെഫ്റ്റ്, ആര്‍ റ്റി ജി എസ് എന്നിവയിലൂടെ റിസര്‍വ് ബാങ്കിന്റെ പ്രവൃത്തിദിനങ്ങളില്‍ മാത്രമേ, പണമയയ്ക്കാനാകൂ. പ്രവൃത്തിദിനങ്ങളില്‍ത്തന്നെ, രാവിലെ എട്ടു മുതല്‍ വൈകുന്നേരം ഏഴു മണി വരെ മാത്രമേ നെഫ്റ്റു വഴിയുള്ള പണമയയ്ക്കല്‍ നടക്കുകയുള്ളൂ; ശനിയാഴ്ചകള്‍ പ്രവൃത്തിദിനങ്ങളും അവധിദിനങ്ങളും ആകാറുണ്ട്. പ്രവൃത്തിദിനങ്ങളായ ശനിയാഴ്ചകളില്‍ രാവിലെ എട്ടു മുതല്‍ ഒരു മണി വരെയാണു നെഫ്റ്റു വഴിയുള്ള പണമയയ്ക്കല്‍ നടക്കുന്നത്. ആര്‍ റ്റി ജി എസ്സിലൂടെയുള്ള പണമയയ്ക്കല്‍ സാധാരണ പ്രവൃത്തിദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലര വരേയും, പ്രവൃത്തിദിനങ്ങളായ ശനിയാഴ്ചകളില്‍ ഒമ്പതു മുതല്‍ രണ്ടു വരേയും നടക്കുന്നു.

പ്രവൃത്തിദിനങ്ങളായ ശനിയാഴ്ചകളിലെ പ്രവര്‍ത്തനസമയം മറ്റു പ്രവൃത്തിദിനങ്ങളിലേതിനു തുല്യമാകയാല്‍, നെഫ്റ്റ്, ആര്‍ റ്റി ജി എസ്സ് എന്നിവയില്‍ ശനിയാഴ്ചകളിലും മറ്റു പ്രവൃത്തിദിനങ്ങളിലെ സമയക്രമം തന്നെ പിന്തുടരാന്‍ റിസര്‍വ് ബാങ്കിനെ നിര്‍ബന്ധിയ്‌ക്കേണ്ടിയിരിയ്ക്കുന്നു.

മുകളില്‍ സൂചിപ്പിച്ച സമയങ്ങള്‍ റിസര്‍വ് ബാങ്കിന്റേതാണ്. ഈ സംവിധാനങ്ങളുപയോഗിച്ചു പണമയയ്ക്കുന്ന ബാങ്കുകളുടെ സമയനിഷ്കര്‍ഷകള്‍ വ്യത്യസ്തമായിരിയ്ക്കും. ഉദാഹരണത്തിന്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് ഏഴു മണി വരെ നെഫ്റ്റ് അയയ്ക്കാമെങ്കില്‍ ആറര മണി വരെ മാത്രമേ ഐസിഐസിഐ ബാങ്കില്‍ നെഫ്റ്റയയ്ക്കാനാകൂ. എച്ച് ഡി എഫ് സി ബാങ്കിലാകട്ടെ, ആറു മണി വരെ മാത്രവും.

ഐ എം പി എസ്സിനു സമയപരിധികളില്ല; അവധിദിനങ്ങളില്‍പ്പോലും ഐ എം പി എസ് വഴിയുള്ള പണമയയ്ക്കല്‍ നിര്‍ബാധം നടക്കും.

നെഫ്റ്റിലൂടെ അയയ്ക്കുന്ന പണം ഗുണഭോക്താവിന്റെ അക്കൗണ്ടില്‍ വരവു വെച്ചു കിട്ടാന്‍ രണ്ടോ മൂന്നോ മണിക്കൂറെടുത്തെന്നു വരാം. നെഫ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നൊരു ശാഖ ഓരോ ബാങ്കിനും മുംബൈയിലുണ്ട്; നെഫ്റ്റ് പൂളിംഗ് സെന്റര്‍ എന്ന് ആ ശാഖ അറിയപ്പെടുന്നു. ദേവസ്സിയുടെ സന്ദേശം കിട്ടിയ ഉടന്‍ കാനറാബാങ്കിന്റെ മുംബൈയിലുള്ള നെഫ്റ്റ് പൂളിംഗ് സെന്ററാണു ദേവസ്സിയുടെ അക്കൗണ്ടില്‍ നിന്ന് ആയിരം രൂപ കുറവു ചെയ്യുന്നതും റിസര്‍വ് ബാങ്കിനു ബന്ധപ്പെട്ട സന്ദേശമയയ്ക്കുന്നതും.

നെഫ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടി മുംബൈയില്‍ റിസര്‍വ് ബാങ്കിനുമുണ്ടൊരു പ്രത്യേക കേന്ദ്രം. അതു നെഫ്റ്റ് ക്ലിയറിംഗ് സെന്റര്‍ എന്നറിയപ്പെടുന്നു. ദേവസ്സിയുടെ പണമയയ്ക്കലിടപാടില്‍ കാനറാബാങ്കിന്റെ നെഫ്റ്റ് പൂളിംഗ് ശാഖ റിസര്‍വ് ബാങ്കിന്റെ നെഫ്റ്റ് ക്ലിയറിംഗ് സെന്ററിനാണു സന്ദേശമയയ്ക്കുന്നത്.

'ഞങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ആയിരം രൂപയെടുത്ത് സിന്‍ഡിക്കേറ്റ് ബാങ്കിനു കൊടുക്കുക; അതവരുടെ കൊല്ലം ശാഖയില്‍ തങ്കപ്പന്‍ പിള്ളയ്ക്കുള്ള ഇത്രാമതു നമ്പര്‍ അക്കൗണ്ടില്‍ വരവു വെയ്ക്കാന്‍ നിര്‍ദ്ദേശിയ്ക്കുക' എന്ന സന്ദേശം കാനറാബാങ്കിന്റെ നെഫ്റ്റ് പൂളിംഗ് ശാഖയില്‍ നിന്നു കിട്ടിയ ഉടന്‍ റിസര്‍വ് ബാങ്കിന്റെ നെഫ്റ്റ് ക്ലിയറിംഗ് കേന്ദ്രം കാനറാബാങ്കിനു റിസര്‍വ് ബാങ്കിലുള്ള അക്കൗണ്ടില്‍ നിന്ന് ആയിരം രൂപയെടുത്ത്, സിന്‍ഡിക്കേറ്റ് ബാങ്കിന്റെ അക്കൗണ്ടില്‍ വരവു വെയ്ക്കുന്നു; അതോടൊപ്പം കാനറാബാങ്കിന്റെ നിര്‍ദ്ദേശം സിന്‍ഡിക്കേറ്റ് ബാങ്കിന്റെ നെഫ്റ്റ് പൂളിംഗ് സെന്ററിനു കൈമാറുകയും ചെയ്യുന്നു.

റിസര്‍വ് ബാങ്കു നിര്‍വഹിയ്ക്കുന്ന ഈ ജോലിയ്ക്കു നെഫ്റ്റ് സെറ്റില്‍മെന്റ് എന്നു പറയുന്നു. ഇത് ഒരു മണിക്കൂര്‍ ഇടവിട്ടു മാത്രമാണു റിസര്‍വ് ബാങ്കു ചെയ്യുന്നത്. ഒന്നാമത്തെ നെഫ്റ്റ് സെറ്റില്‍മെന്റ് എട്ടുമണിയ്ക്കു നടക്കുന്നു. രണ്ടാമത്തേത് ഒമ്പതുമണിയ്ക്ക്. പന്ത്രണ്ടാമത്തേതു വൈകുന്നേരം ഏഴുമണിയ്ക്കു നടക്കുന്നതോടെ ഒരു സാധാരണ പ്രവൃത്തിദിനത്തിലെ നെഫ്റ്റ് സെറ്റില്‍മെന്റുകള്‍ സമാപിയ്ക്കുന്നു.

റിസര്‍വ് ബാങ്കിന്റെ നെഫ്റ്റ് ക്ലിയറിംഗ് സെന്ററില്‍ നിന്ന് ഒരു ബാങ്കിന്റെ നെഫ്റ്റ് പൂളിംഗ് ശാഖയ്ക്കു പണം കിട്ടിക്കഴിഞ്ഞാല്‍, അതു പരമാവധി രണ്ടു മണിക്കൂറിനകം ഗുണഭോക്താവിന്റെ അക്കൗണ്ടില്‍ തുക വരവു വെച്ചിരിയ്ക്കണം എന്നാണു നിബന്ധന. ദേവസ്സി രാവിലെ അയച്ച പണം റിസര്‍വ് ബാങ്കിന്റെ പതിനൊന്നു മണിയ്ക്കുള്ള സെറ്റില്‍മെന്റിലൂടെ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ നെഫ്റ്റ് പൂളിംഗ് ശാഖയ്ക്കു കിട്ടിക്കഴിഞ്ഞാല്‍, ഒരു മണിയ്ക്കുള്ളില്‍ സിന്‍ഡിക്കേറ്റ് ബാങ്ക് തങ്കപ്പന്‍ പിള്ളയുടെ അക്കൗണ്ടില്‍ പണം വരവു വെച്ചിരിയ്ക്കണം എന്നര്‍ത്ഥം.

നെഫ്റ്റിലൂടെ അയച്ചുകഴിഞ്ഞ പണം ഗുണഭോക്താവിന്റെ അക്കൗണ്ടില്‍ വരവു വെച്ചുകിട്ടാന്‍ മൂന്നു മണിക്കൂറോ അതിലധികമോ വേണ്ടി വരാമെങ്കിലും, പ്രായേണ ഒന്നൊന്നര മണിക്കൂര്‍ മതിയാകാറുണ്ട്. ചെക്കു മാറിക്കിട്ടാനുണ്ടായിരുന്ന എട്ടുപത്തു ദിവസത്തെ കാലതാമസവുമായി താരതമ്യം ചെയ്യുമ്പോള്‍ നെഫ്റ്റ് എടുക്കുന്ന മൂന്നു മണിക്കൂര്‍ സമയം ഒരു താമസമേയല്ല എന്നു തോന്നാമെങ്കിലും, പണമയയ്ക്കുന്നയാള്‍ അതയച്ച നിമിഷം തന്നെ ഗുണഭോക്താവിനു പണം കിട്ടുകയാണു വേണ്ടത്. ഒരു മിനിറ്റു പോലും താമസമുണ്ടാകാതെ തന്നെ അതു സാദ്ധ്യമാക്കുന്ന സാങ്കേതികവിദ്യ ഇന്നു ലഭ്യമായതിനാല്‍, അതുപയോഗിച്ച് നെഫ്റ്റിനെ ഒരു തത്സമയസേവനമാക്കി പരിഷ്കരിയ്ക്കാവുന്നതേയുള്ളൂ. കാലക്രമേണ റിസര്‍വ് ബാങ്ക് ഇതു നടപ്പില്‍ വരുത്തുമെന്നു പ്രതീക്ഷിയ്ക്കാം.

നെഫ്റ്റ് സെറ്റില്‍മെന്റുകള്‍ ഓരോ മണിക്കൂറിടവിട്ടു മാത്രം നടക്കുമ്പോള്‍ ആര്‍ റ്റി ജി എസ്സില്‍ ഓരോ നിമിഷവും സെറ്റില്‍മെന്റു നടക്കുന്നു. സന്ദേശം കിട്ടിയയുടന്‍ റിസര്‍വ് ബാങ്ക് പണമയച്ചയാളുടെ ബാങ്കിന്റെ അക്കൗണ്ടില്‍ നിന്നു പണമെടുത്ത് ഗുണഭോക്താവിന്റെ ബാങ്കിന്റെ അക്കൗണ്ടില്‍ വരവു വെയ്ക്കുന്നു. തുടര്‍ന്നുള്ള അരമണിക്കൂറിനുള്ളില്‍ ഗുണഭോക്താവിന്റെ ബാങ്ക് ഗുണഭോക്താവിന്റെ അക്കൗണ്ടില്‍ തുക വരവുവെച്ചിരിയ്ക്കണം എന്നാണു റിസര്‍വ് ബാങ്കിന്റെ നിബന്ധന. നെഫ്റ്റിന്റെ സെറ്റില്‍മെന്റുകള്‍ രാവിലെ എട്ടു മുതല്‍ വൈകുന്നേരം ഏഴു വരെ, ആകെ പതിനൊന്നു മണിക്കൂര്‍ നടക്കുമ്പോള്‍ ആര്‍ റ്റി ജി എസ്സിന്റേത് എഴര മണിക്കൂര്‍ മാത്രം നടക്കുന്നു. ശനിയാഴ്ചകളില്‍ നെഫ്റ്റും ആര്‍ റ്റി ജി എസ്സും അഞ്ചു മണിക്കൂര്‍ വീതം നടക്കുന്നു; ഇതും മറ്റു പ്രവൃത്തിദിനങ്ങളിലേതിനോടു തുല്യമാക്കാനുണ്ട്.

ഒരു രൂപ മുതലുള്ള ഏതു തുക വേണമെങ്കിലും നെഫ്റ്റു വഴി അയയ്ക്കാന്‍ റിസര്‍വ് ബാങ്ക് അനുവദിച്ചിട്ടുണ്ടെങ്കിലും, വ്യത്യസ്തബാങ്കുകള്‍ അതിനു പരിധികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കുകളായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഐസിഐസിഐ ബാങ്കും എച്ച് ഡി എഫ് സി ബാങ്കും നെഫ്റ്റു വഴിയുള്ള പണമയയ്ക്കലിന് ഏര്‍പ്പെടുത്തിയിരിയ്ക്കുന്ന പരിധി പത്തു ലക്ഷമാണ്. ആര്‍ റ്റി ജി എസ്സ് വഴിയുള്ള പണമയയ്ക്കലിന് അവര്‍ മൂവരും ഏര്‍പ്പെടുത്തിയിരിയ്ക്കുന്ന പരിധിയും പത്തുലക്ഷം തന്നെ. സ്‌റ്റേറ്റ് ബാങ്കില്‍ വ്യാപാര്‍, വിസ്താര്‍ എന്നു പേരുള്ള ചില അക്കൗണ്ടുകളുണ്ട്. വ്യാപാര്‍ അക്കൗണ്ടുകളില്‍ നിന്നു നെഫ്റ്റും ആര്‍ റ്റി ജി എസ്സും വഴി അമ്പതു ലക്ഷം വരെ ട്രാന്‍സ്ഫര്‍ ചെയ്യാവുന്നതാണ്. വിസ്താര്‍ അക്കൗണ്ടുകളില്‍ നിന്ന് അഞ്ഞൂറു ലക്ഷം വരേയും. ഇവ രണ്ടും കോര്‍പ്പറെറ്റ് അക്കൗണ്ടുകളാണ്. ആര്‍ റ്റി ജി എസ്സില്‍ രണ്ടു ലക്ഷം രൂപയേക്കാള്‍ കുറഞ്ഞ തുകകളുടെ ട്രാന്‍സ്ഫര്‍ അനുവദിച്ചിട്ടില്ല.

മറ്റന്നാള്‍ പ്രവൃത്തിദിനമാണെന്നും അന്ന് ആയിരം രൂപയുടെ ട്രാന്‍സ്ഫര്‍ നടക്കണമെന്നു ദേവസ്സി ആഗ്രഹിയ്ക്കുന്നുണ്ടെന്നും കരുതുക; അതിനുള്ള നിര്‍ദ്ദേശം ഓണ്‍ലൈനായി ഇന്നു തന്നെ കൊടുത്തുവെയ്ക്കാവുന്നതാണ്. അതിനുള്ള തുക അക്കൗണ്ടില്‍ ഒരുക്കി വെച്ചിരിയ്ക്കണം എന്നു മാത്രം. മറ്റന്നാള്‍ തന്നെ ബാങ്ക് പണം അയച്ചിരിയ്ക്കും. ഒരു സമീപഭാവിതീയതിയില്‍ നടക്കേണ്ടുന്ന പണമയയ്ക്കല്‍ ഇപ്പോള്‍ത്തന്നെ ഏര്‍പ്പാടാക്കി വെയ്ക്കാനാകും എന്നു ചുരുക്കം.

കോര്‍ബാങ്കിംഗില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ ബാങ്കുശാഖകള്‍ക്കും പ്രത്യേകം നമ്പറുകളുണ്ട്. അവയ്ക്കാണ് ഐ എഫ് എസ് കോഡുകള്‍ എന്നു പറയുന്നത്. പതിനൊന്ന് അക്കങ്ങളോ അക്ഷരങ്ങളോ ചേര്‍ന്നൊരു നമ്പറാണ് ഐ എഫ് എസ് കോഡ്. അതിന്റെ ഇടതറ്റത്തുള്ള നാലക്കങ്ങള്‍ അക്ഷരത്തിലുള്ളവയായിരിയ്ക്കും; അവ ബാങ്കിനെ സൂചിപ്പിയ്ക്കുന്നു. വലതറ്റത്തുള്ള ആറെണ്ണം ബാങ്കുശാഖയെ സൂചിപ്പിയ്ക്കുന്നു. ഇവയ്ക്കിടയിലുള്ള പൂജ്യം ഭാവിഉപയോഗത്തിനുള്ളതാണ്.

ഒരു ശാഖയുടെ ഐ എഫ് എസ് കോഡ് മറ്റൊരു ശാഖയ്ക്കുണ്ടാവില്ല. ഐ എഫ് എസ് കോഡും അക്കൗണ്ട് നമ്പറും ശരിയാണെങ്കില്‍ തുക വഴിതെറ്റിപ്പോകുകയില്ല; പണം ഉദ്ദിഷ്ട അക്കൗണ്ടില്‍ത്തന്നെ, കൃത്യമായി എത്തിച്ചേരുന്നു. നെഫ്റ്റു വഴി അയച്ച പണം എന്തെങ്കിലും കാരണത്താല്‍ ഗുണഭോക്താവിന്റെ അക്കൗണ്ടില്‍ വരവുവെയ്ക്കാനാകാതെ വന്നാല്‍, ഗുണഭോക്താവിന്റെ ബാങ്ക് രണ്ടു മണിക്കൂറിനകം തുക തിരിച്ചയച്ചിരിയ്ക്കണം എന്നാണു നിലവിലുള്ള നിര്‍ദ്ദേശം; തുക അയച്ചയാളുടെ അക്കൗണ്ടിലേയ്ക്ക് അന്നു തന്നെ അതു മടങ്ങിച്ചെല്ലും. ഇതൊക്കെയാണെങ്കിലും, നെഫ്റ്റിലൂടെ അയച്ച തുക പലപ്പോഴും ദിവസങ്ങളോളം അക്കൗണ്ടില്‍ വരവു വെയ്ക്കാതെയോ തിരികെപ്പോകാതെയോ ഇരുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ആര്‍ റ്റി ജി എസ്സു വഴി അയച്ച പണം ഗുണഭോക്താവിന്റെ അക്കൗണ്ടില്‍ വരവു വെയ്ക്കാനാകുന്നില്ലെങ്കില്‍, അത് ഒരു മണിക്കൂറിനുള്ളില്‍ പണമയച്ചയാളുടെ അക്കൗണ്ടില്‍ തിരികെയെത്തണമെന്നു റിസര്‍വ് ബാങ്ക് നിഷ്കര്‍ഷിയ്ക്കുന്നു.

സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട്, കറന്റ് അക്കൗണ്ട് എന്നിവയിലേയ്ക്കു മാത്രമല്ല, ലോണ്‍ അക്കൗണ്ടുകളിലേയ്ക്കും പണമയയ്ക്കാനാകും. അയയ്ക്കുന്ന തുക ലോണ്‍ അക്കൗണ്ടില്‍ ശേഷിപ്പുള്ള തുകയേക്കാള്‍ കൂടുതലാകരുത്. ലോണ്‍ അക്കൗണ്ടിലെ ബാലന്‍സിനേക്കാള്‍ ഉയര്‍ന്ന തുക അയച്ചുപോയാല്‍ അതു മടങ്ങിപ്പോകും.

ദേവസ്സിയ്ക്കു കാനറാബാങ്കിന്റെ തൃശൂര്‍ ശാഖയിലുള്ള അക്കൗണ്ടില്‍ മുന്നൂറു രൂപ അടയ്ക്കാന്‍ വേണ്ടി കാദറുകുട്ടി കാനറാബാങ്കിന്റെ പൊന്നാനി ശാഖയില്‍ ചെന്നാല്‍ മതിയെന്നു മുകളിലെ ഒരു ഖണ്ഡികയില്‍ സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍, സ്വന്തം വീട്ടിലോ കടയിലോ ഇരുന്നുകൊണ്ടു തന്നെ നെറ്റ് ബാങ്കിംഗുപയോഗിച്ച്, സ്വന്തം അക്കൗണ്ടില്‍ നിന്നു ദേവസ്സിയുടെ അക്കൗണ്ടിലേയ്ക്ക് അനായാസം പണമയയ്ക്കാന്‍ കാദറുകുട്ടിയ്ക്കാകും. കാനറാബാങ്കില്‍ നിന്നു പണം മറ്റൊരു ബാങ്കിലേയ്ക്കു പോകേണ്ടതില്ലാത്തതുകൊണ്ട് നെഫ്റ്റ്, ആര്‍ റ്റി ജി എസ്സ് എന്നിവയുടേയും ഐ എഫ് എസ് കോഡിന്റേയും ആവശ്യം ഇത്തരം പണമയയ്ക്കലുകള്‍ക്കില്ല. ഓരോ ബാങ്കും അതിന്റെ ഓരോ ശാഖയ്ക്കും ഐ എഫ് എസ് കോഡല്ലാത്തൊരു കോഡ് നല്‍കിയിട്ടുണ്ട്; അതിനു ശാഖാ കോഡ് എന്നു പറയുന്നു. ബാങ്കില്‍ നിന്നു പുറത്തുപോകേണ്ടതില്ലാത്ത പണമയയ്ക്കലുകള്‍ക്കു ശാഖാ കോഡ്, ഗുണഭോക്താവിന്റെ പേര്, ഗുണഭോക്താവിന്റെ അക്കൗണ്ട് നമ്പര്‍ എന്നിവ മാത്രം മതിയാകും. പണമയച്ചയുടന്‍ ഗുണഭോക്താവിന്റെ അക്കൗണ്ടില്‍ വരവു വെച്ചു കിട്ടുകയും ചെയ്യും. പ്രവര്‍ത്തനസമയങ്ങളില്‍ മാത്രമേ ഇതു നടക്കൂ എന്നൊരു പരിമിതിയുണ്ട്.

നെഫ്റ്റും ആര്‍ റ്റി ജി എസ്സും വഴിയുള്ള പണമയയ്ക്കലുകള്‍ നിശ്ചിതദിവസങ്ങളിലും നിശ്ചിതസമയങ്ങളിലും മാത്രമേ നടക്കുകയുള്ളൂ എന്നു മുകളില്‍ സൂചിപ്പിച്ചു. ഗുണഭോക്താവിന്റെ അക്കൗണ്ടില്‍ പണം വരവു വെച്ചു കിട്ടാന്‍ രണ്ടു മൂന്നു മണിക്കൂറോളം താമസവുമുണ്ടാകും. ഇതരസമയങ്ങളിലും ഇതരദിവസങ്ങളിലും അവ നടക്കുകയില്ല. ഇയ്യിടെ കേരളത്തിലെ ബാങ്കുകള്‍ക്ക് അഞ്ചവധിദിനങ്ങള്‍ തുടരെത്തുടരെ കിട്ടി. ബാങ്കവധിദിനങ്ങളില്‍ നെഫ്റ്റും ആര്‍ റ്റി ജി എസ്സും പ്രവര്‍ത്തിയ്ക്കുകയില്ല, അവ വഴി പണമയയ്ക്കാനൊരു മാര്‍ഗവുമില്ല.

ഇവയില്‍ നിന്നു വ്യത്യസ്തമാണ് ഐ എം പി എസ്സ് എന്ന പണമയയ്ക്കല്‍ സംവിധാനം. പ്രവൃത്തിദിനമെന്നോ അവധിദിനമെന്നോ, പകലെന്നോ രാവെന്നോ നോക്കാതെ, ഇരുപത്തിനാലു മണിക്കൂറും പണം അയയ്ക്കാനും സ്വീകരിയ്ക്കാനും ഈ സംവിധാനം സജ്ജമാണ്. അയച്ച ഉടന്‍ പണം ഗുണഭോക്താവിന്റെ അക്കൗണ്ടില്‍ വരവു വെച്ചു കിട്ടുകയും ചെയ്യുന്നു. ചില ബാങ്കുകളില്‍ ഐ എം പി എസ്സിനു സമയപരിധികളുണ്ട്. ഉദാഹരണത്തിന്, രാവിലെ എട്ടു മുതല്‍ വൈകീട്ട് എട്ടു വരെ മാത്രമേ ഐ എം പി എസ്സിലൂടെ പണമയയ്ക്കാനാകൂ എന്നു സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിഷ്കര്‍ഷിയ്ക്കുന്നു. ഇത്തരം നിഷ്കര്‍ഷകള്‍ ഐസിഐസിഐ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക് എന്നിവയ്ക്കില്ല; ഐ എം പി എസ്സു വഴി എന്നും എപ്പോഴും പണമയയ്ക്കാമെന്ന് അവര്‍ പറയുന്നു.

നെഫ്റ്റും ആര്‍ റ്റി ജി എസ്സും റിസര്‍വ് ബാങ്കിന്റെ സംവിധാനങ്ങളാണെങ്കില്‍, ഐ എം പി എസ്സ് എന്ന പണമയയ്ക്കല്‍ സംവിധാനം നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍ പി സി ഐ എന്നു ചുരുക്കപ്പേര്‍) എന്നൊരു സ്ഥാപനത്തിന്റേതാണ്. റിസര്‍വ് ബാങ്കു തന്നെ ജന്മം നല്‍കിയിരിയ്ക്കുന്ന, ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിയ്ക്കുന്നൊരു സ്ഥാപനമാണ് എന്‍ പി സി ഐ.

ഒഴിവുദിനമായാല്‍പ്പോലും ഇരുപത്തിനാലു മണിക്കൂറും പണമയയ്ക്കാമെന്നുള്ളത് ഐ എം പി എസ്സിന്റെ വലിയൊരു വൈശിഷ്ട്യമാണെങ്കിലും, അതിലൂടെ അയയ്ക്കാവുന്ന പണത്തിനുള്ള പരിധികള്‍ താരതമ്യേന താഴ്ന്നതാണ്. ഐ എം പി എസ്സിലൂടെ മൂന്നു തരത്തില്‍ പണമയയ്ക്കാം:

(1) ഗുണഭോക്താവിന്റെ അക്കൗണ്ട് നമ്പറും ബാങ്കുശാഖയുടെ ഐ എഫ് എസ് കോഡും ഉപയോഗിച്ച്. ഇതു നെഫ്റ്റിനു സമാനമാണ്.

(2) മൊബൈല്‍ നമ്പറും മൊബൈല്‍ മണി ഐഡന്റിഫൈയര്‍ (എം എം ഐ ഡി) എന്നൊരു ഐഡിയുമുപയോഗിച്ച്.

(3) ആധാര്‍ നമ്പറുപയോഗിച്ച്.

ഐ എം പി എസ്സിലൂടെ മൊബൈല്‍ നമ്പറും എം എം ഐ ഡിയും ഉപയോഗിച്ച് അയയ്ക്കുന്നതിനേക്കാള്‍ വലിയ തുകകള്‍ അക്കൗണ്ട് നമ്പറും ഐ എഫ് എസ് കോഡുമുപയോഗിച്ച് അയയ്ക്കാന്‍ ബാങ്കുകള്‍ അനുവദിയ്ക്കുന്നു. അക്കൗണ്ട് നമ്പറും ഐ എഫ് എസ് കോഡുമുപയോഗിച്ച് ഐ എം പി എസ്സിലൂടെ രണ്ടു ലക്ഷം വരെ അയയ്ക്കാന്‍ ഐ സി ഐ സി ഐ ബാങ്കും എച്ച്ഡിഎഫ്‌സി ബാങ്കും അനുവദിയ്ക്കുമ്പോള്‍ സ്‌റ്റേറ്റ് ബാങ്ക് അമ്പതിനായിരം രൂപ വരെ മാത്രം അനുവദിയ്ക്കുന്നു. മൊബൈല്‍ ഫോണ്‍ നമ്പറും എം എം ഐ ഡിയുമുപയോഗിച്ചു പണമയയ്ക്കുമ്പോഴുള്ള പരിധികള്‍ ഇതിലേറെ താഴ്ന്നവയാണ്: ഐസിഐസിഐ ബാങ്കു പതിനായിരം രൂപയും, എച്ച് ഡി എഫ് സി ബാങ്ക് അയ്യായിരം രൂപയും അനുവദിയ്ക്കുന്നു. ഇക്കാര്യത്തില്‍ അല്പം കൂടി ഉദാരമാണു സ്‌റ്റേറ്റ് ബാങ്കിന്റെ നയം: തുടക്കത്തിലുള്ള പതിനായിരമെന്ന നിബന്ധനയ്ക്കു ശേഷം അമ്പതിനായിരം രൂപ വരെ അനുവദിയ്ക്കുന്നു. ഐ എം പി എസ്സിനു വ്യത്യസ്തബാങ്കുകള്‍ വ്യത്യസ്തപരിധികള്‍ നിശ്ചയിയ്ക്കുന്നെന്നു വ്യക്തം.

നെഫ്റ്റ്, ആര്‍ റ്റി ജി എസ്സ് എന്നിവയുപയോഗിച്ചുള്ള പണമയയ്ക്കല്‍ ബാങ്കുകളുടെ ഒഴിവുദിനങ്ങളില്‍ സാദ്ധ്യമല്ലെന്നിരിയ്‌ക്കെ, ഐ എം പി എസ്സില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കുമ്പോള്‍ പോലും ഗുണഭോക്താവിന്റെ അക്കൗണ്ടില്‍ പണം വരവു വെച്ചുകിട്ടുന്നതെങ്ങനെ? അതും നിമിഷാര്‍ദ്ധത്തിനുള്ളില്‍!

നെഫ്റ്റ്, ആര്‍ റ്റി ജി എസ്സ് എന്നിവയുടെ സെറ്റില്‍മെന്റുകള്‍ റിസര്‍വ് ബാങ്കു നടത്തുന്നു എന്നു മുകളില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഐ എം പി എസ്സിലെ സെറ്റില്‍മെന്റുകള്‍ നടത്തുന്നതു നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷനാണ്. അതെങ്ങനെയെന്നു നോക്കാം.

കാനറാബാങ്കിന്റെ തൃശൂര്‍ ശാഖയില്‍ തനിയ്ക്കുള്ള അക്കൗണ്ടില്‍ നിന്നു ദേവസ്സി സിന്‍ഡിക്കേറ്റ് ബാങ്കിന്റെ കൊല്ലം ശാഖയില്‍ തങ്കപ്പന്‍ പിള്ളയ്ക്കുള്ള അക്കൗണ്ടിലേയ്ക്ക് ഐ എം പി എസ്സു വഴി, നെറ്റ് ബാങ്കിംഗുപയോഗിച്ച് ഒരു ഞായറാഴ്ച ആയിരം രൂപ അയയ്ക്കുന്നു എന്നു കരുതുക. ഐ എം പി എസ്സ് സംവിധാനം സദാ സേവനനിരതരാണ്, ജാഗരൂകരാണ്. അതുകൊണ്ട്, ഞായറാഴ്ചയാണെങ്കിലും, ദേവസ്സിയുടെ സന്ദേശം കിട്ടുന്ന മാത്രയില്‍ ഐ എം പി എസ്സ് സംവിധാനം ദേവസ്സിയുടെ അക്കൗണ്ടില്‍ നിന്ന് ആയിരം രൂപയെടുക്കുകയും തങ്കപ്പന്‍ പിള്ളയുടെ അക്കൗണ്ടില്‍ വരവു വെയ്ക്കുകയും ചെയ്യുന്നു. നെറ്റ് ബാങ്കിംഗുപയോഗിച്ച് ഐ എം പി എസ്സിലൂടെ പണമയയ്ക്കാനുള്ള നടപടിക്രമങ്ങള്‍ നെഫ്റ്റിലൂടെയുള്ള പണമയയ്ക്കലിനു സമാനം തന്നെ.

ഇവിടെയൊരു വൈചിത്ര്യമുണ്ട്: ദേവസ്സിയുടെ അക്കൗണ്ടില്‍ നിന്ന് ആയിരം രൂപ പോകുകയും, തങ്കപ്പന്‍ പിള്ളയുടെ അക്കൗണ്ടില്‍ തുക വരവു വെച്ചു കിട്ടുകയും ചെയ്‌തെങ്കിലും, കാനറാബാങ്കില്‍ നിന്നു പണം സിന്‍ഡിക്കേറ്റ് ബാങ്കിലേയ്ക്കു പോയിട്ടുണ്ടാവില്ല. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണു കാനറാബാങ്കില്‍ നിന്നു തുക സിന്‍ഡിക്കേറ്റ് ബാങ്കിലേയ്ക്കു പോകുക. അതു പോകുന്നതു റിസര്‍വ് ബാങ്കിന്റെ ആര്‍ റ്റി ജി എസ്സ് വഴിയുമായിരിയ്ക്കും. ആര്‍ റ്റി ജി എസ്സിലൂടെയുള്ള സെറ്റില്‍മെന്റു നടക്കുന്നതു വരെ എന്‍ പി സി ഐയുടെ ഭാഗം സംരക്ഷിയ്ക്കാന്‍ വേണ്ടി ബാങ്കുകള്‍ എന്‍ പി സി ഐയ്ക്കു മുന്‍കൂട്ടി നിക്ഷേപം നല്‍കേണ്ടതുണ്ട്.

ആര്‍ റ്റി ജി എസ്സില്‍ ബാങ്കുകളുടെ അക്കൗണ്ടുകളില്‍ നിന്നു തുകകളെടുത്തു മറ്റു ബാങ്കുകളുടെ അക്കൗണ്ടുകളില്‍ വരവു വെയ്ക്കുന്നതു റിസര്‍വ് ബാങ്കാണ്. ബാങ്കുകളോടൊപ്പം എന്‍ പി സി ഐയും ആര്‍ റ്റി ജി എസ്സില്‍ ഭാഗഭാക്കാണ്. ഐ എം പി എസ്സില്‍ നടന്ന ഇടപാടുകളനുസരിച്ചു ബാങ്കുകളില്‍ നിന്നെടുക്കുകയും ബാങ്കുകള്‍ക്കു കൊടുക്കുകയും ചെയ്യേണ്ട തുകകളുടെ കണക്കുകള്‍ എന്‍ പി സി ഐ റിസര്‍വ് ബാങ്കിനു കൈമാറുന്നു. ഉടന്‍ അവയനുസരിച്ചു റിസര്‍വ് ബാങ്ക് ആര്‍ റ്റി ജി എസ്സിലൂടെ, പണമെടുക്കാനുള്ള ബാങ്കുകളില്‍ നിന്നു പണമെടുക്കുകയും, പണം കൊടുക്കാനുള്ള ബാങ്കുകള്‍ക്കു പണം കൊടുക്കുകയും ചെയ്യുന്നു.

സാധാരണ പ്രവൃത്തിദിനങ്ങളില്‍ ഇത്തരം സെറ്റില്‍മെന്റുകള്‍ മൂന്നു തവണയും, ശനിയാഴ്ച രണ്ടു തവണയും നടക്കുന്നു. ഞായറാഴ്ച നടന്ന പണമയയ്ക്കലുകളുടെ വിവരങ്ങള്‍ തിങ്കളാഴ്ചയാണ് എന്‍ പി സി ഐ റിസര്‍വ് ബാങ്കിനു കൊടുക്കുന്നതും സെറ്റില്‍ ചെയ്യുന്നതും. ബന്ധപ്പെട്ട സെറ്റില്‍മെന്റു നടക്കുന്നതിനു മുമ്പു തന്നെ, ഗുണഭോക്താവിന്റെ അക്കൗണ്ടില്‍ തുക വരവു വെച്ചു കിട്ടുന്നെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. അയച്ച പണം നിമിഷനേരം കൊണ്ടു വരവു വെച്ചുകിട്ടുന്നത് ഐ എം പി എസ്സിനു മാത്രമുള്ളൊരു വൈശിഷ്ട്യമാണ്. അതിനു വേണ്ടി സൃഷ്ടിയ്ക്കപ്പെട്ടിരിയ്ക്കുന്നതാണ് എന്‍ പി സി ഐ. മൊബൈല്‍ ഫോണ്‍ നമ്പറുപയോഗിച്ച് ഐ എം പി എസ്സിലൂടെ പണമയയ്ക്കുന്നതു ലേഖനത്തിന്റെ ഈ ഭാഗത്തില്‍ പരാമര്‍ശവിഷയമാക്കിയിട്ടില്ല.

മുകളില്‍ സൂചിപ്പിച്ച സംവിധാനങ്ങളുപയോഗിച്ചു പണമയയ്ക്കുമ്പോള്‍ നോട്ടിന്റെ രൂപത്തിലുള്ള പണം സഞ്ചരിയ്ക്കുന്നില്ല. സഞ്ചരിയ്ക്കുന്നതു സന്ദേശം മാത്രം. ഇലക്‌ട്രോണിയ്ക്കലായാണു സന്ദേശങ്ങളുടെ സഞ്ചാരം: അതായത്, ഡിജിറ്റല്‍ രൂപത്തില്‍. അറിയപ്പെട്ടിട്ടുള്ളതില്‍ ഏറ്റവുമുയര്‍ന്ന വേഗം പ്രകാശത്തിന്റേതാണ്. ഡിജിറ്റല്‍ രൂപത്തിലുള്ള സന്ദേശങ്ങള്‍ക്ക് ഇന്റര്‍നെറ്റിന്റെ കേബിളുകളിലൂടെ പ്രകാശവേഗത്തോട് ഏകദേശമടുത്ത വേഗത്തില്‍ സഞ്ചരിയ്ക്കാനാകുമത്രേ!

ഭൂഗോളത്തിന്റെ മറുവശത്തുള്ള അമേരിക്കയില്‍ നിന്നൊരു ഈമെയില്‍ ഇന്ത്യയിലെത്താന്‍ സെക്കന്റുകള്‍ മതിയെന്നിരിയ്‌ക്കെ, തൃശൂരുള്ള കാനറാബാങ്കില്‍ നിന്നൊരു സന്ദേശം എന്‍ പി സി ഐ വഴി കൊല്ലത്തുള്ള സിന്‍ഡിക്കേറ്റ് ബാങ്കിലെത്താന്‍ നിമിഷാര്‍ദ്ധം മതിയാകണം. ഇന്റര്‍നെറ്റിന്റെ വേഗം ഇനിയും പല മടങ്ങു വര്‍ദ്ധിപ്പിയ്ക്കാനുള്ള മാര്‍ഗം ബ്രിട്ടനിലെ വിദഗ്ദ്ധര്‍ കണ്ടുപിടിച്ചെന്ന വാര്‍ത്ത ഈയിടെ വായിച്ചിരുന്നു. നെഫ്റ്റ് ഇപ്പോഴെടുക്കുന്ന മൂന്നു മണിക്കൂറും, ആര്‍ റ്റി ജി എസ് എടുക്കുന്ന അര മണിക്കൂറുമെല്ലാം കേവലം സെക്കന്റുകള്‍ മാത്രമായി കുറയാന്‍ അധികകാലം വേണ്ടിവരില്ല.

നെഫ്റ്റും ആര്‍ റ്റി ജി എസ്സും ഐ എം പി എസ്സുമൊന്നും സൗജന്യസേവനങ്ങളല്ല. അവയ്ക്കു ബാങ്കുകള്‍ കമ്മീഷന്‍ ഈടാക്കുന്നുണ്ട്. പണം അക്കൗണ്ടില്‍ ഏറ്റവും വേഗം വരവു വെച്ചു കിട്ടുന്ന ഐ എം പി എസ്സിന്റെ കമ്മീഷന്‍ താരതമ്യേന ഉയര്‍ന്നതാണ്. മുന്‍കാലങ്ങളില്‍ ചെക്കു മാറിവരാനുണ്ടായിരുന്ന കാലതാമസമത്രയും പണം നിഷ്ക്രിയമായിക്കിടക്കുമായിരുന്നു. അക്കാര്യമോര്‍ത്താല്‍, ഐ എം പി എസ്സിന് ഈടാക്കുന്ന ഉയര്‍ന്ന കമ്മീഷനെപ്പറ്റി പരാതിയ്ക്കിടമില്ല.

ബാങ്ക് ഒരാള്‍ക്കു വായ്പ നല്‍കുമ്പോള്‍ അതു തിരിച്ചുകിട്ടുമെന്നു ബാങ്കിന് ഉറപ്പില്ല. കുറേയേറെ വായ്പകള്‍ കിട്ടാക്കടങ്ങളായിത്തീര്‍ന്നു ബാങ്കുകള്‍ക്കു നഷ്ടം വരുന്നുമുണ്ട്. ഇത്തരം ആപത്തുകള്‍ ബാങ്കുകള്‍ക്കു പണമയയ്ക്കല്‍ രംഗത്തില്ല. പണമയയ്ക്കുമ്പോള്‍, കസ്റ്റമര്‍ സ്വന്തം പണമാണു മറ്റൊരാള്‍ക്കു കൈമാറാന്‍ വേണ്ടി ബാങ്കിനെ ഏല്പിയ്ക്കുന്നത്. കസ്റ്റമറുടെ അക്കൗണ്ടില്‍ നിന്നു പണമെടുത്ത ശേഷം മാത്രമേ, ഗുണഭോക്താവിനു ബാങ്കു കൈമാറുന്നുള്ളൂ. വായ്പാരംഗത്ത് അഭിമുഖീകരിയ്‌ക്കേണ്ടി വരുന്ന വിവിധ തരം ആപത്തുകളിലൊന്നു പോലും ബാങ്കുകള്‍ക്കു പണമയയ്ക്കല്‍ രംഗത്തു നേരിടേണ്ടി വരുന്നില്ലെന്ന വസ്തുത കണക്കിലെടുത്ത്, കൂടുതല്‍ കാര്യക്ഷമമായ സേവനം ബാങ്കുകള്‍ ഈ രംഗത്ത് ഇടപാടുകാര്‍ക്കു നല്‍കേണ്ടിയിരിയ്ക്കുന്നു.

പണമയയ്ക്കലിനു മുന്‍കാലങ്ങളില്‍ എട്ടും പത്തും ദിവസം വേണ്ടിവന്നിരുന്ന സ്ഥാനത്തിപ്പോള്‍ നിമിഷങ്ങള്‍ മാത്രം മതി. അതു സാദ്ധ്യമാക്കിയിരിയ്ക്കുന്നതു നെറ്റ് ബാങ്കിംഗാണ്. നെറ്റ് ബാങ്കിംഗിന്റെ ഉപയുക്തത വലുതാണെങ്കിലും അതിനുള്ളിലും ആപത്തു പതിയിരിപ്പുണ്ട്. പണം അക്കൗണ്ടുകളില്‍ നിന്നു പണം നഷ്ടപ്പെട്ടതായുള്ള വാര്‍ത്തകള്‍ പത്രങ്ങളില്‍ ഇടയ്ക്കിടെ കാണാറുണ്ട്. പണം സുരക്ഷിതമെന്നു കരുതപ്പെടുന്ന ബാങ്ക് വോള്‍ട്ടിലിരുന്നാലും വീട്ടിലെ സ്റ്റീല്‍ അലമാരയിലിരുന്നാലും മോഷണം പോകും. നെറ്റ് ബാങ്കിംഗും മോഷണത്തിന് അതീതമല്ല. സൂക്ഷിച്ചാല്‍ ദുഃഖിയ്‌ക്കേണ്ട എന്ന ചൊല്ല് ഇവിടെ പ്രസക്തമാണ്. നെറ്റ് ബാങ്കിംഗ് സുരക്ഷിതമാകാന്‍ ഒട്ടേറെ മുന്‍കരുതലുകള്‍ ആവശ്യമാണ്. അവയില്‍ച്ചിലതു മാത്രം താഴെ കൊടുക്കുന്നു:

നെറ്റ് ബാങ്കിംഗില്‍ യൂസര്‍ നെയിമിനു പുറമേ, മൂന്നു പാസ്‌വേര്‍ഡുകളുടെ ആവശ്യം വരാറുണ്ട്: ഒന്നാമത്തെ പാസ്‌വേര്‍ഡ് ലോഗിന്‍ ചെയ്യാനും മറ്റു രണ്ടെണ്ണം പണമിടപാടുകള്‍ നടത്താനും. ഇവയില്‍ മൂന്നാമത്തേത് പണമിടപാടു നടത്തുമ്പോള്‍ മാത്രം എസ് എം എസ്സിലൂടെ ലഭ്യമാകുന്ന, ഓ ടി പി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വണ്‍ ടൈം പാസ്‌വേര്‍ഡ് അഥവാ ഒറ്റത്തവണപ്പാസ്‌വേര്‍ഡ് ആണ്. ആദ്യത്തെ രണ്ടെണ്ണം ഹൃദിസ്ഥമാക്കുകയും രഹസ്യമായി സൂക്ഷിയ്ക്കുകയും ഇടയ്ക്കിടെ മാറ്റുകയും വേണം. മാസത്തിലൊരിയ്ക്കല്‍ മാറ്റിയാല്‍ മതിയെന്നു ചിലയിടങ്ങളില്‍ എഴുതിക്കാണാറുണ്ട്. അക്കൗണ്ടിലുള്ള പണം നമുക്കെത്രത്തോളം വിലപ്പെട്ടതാണെന്നതിന്റെ അടിസ്ഥാനത്തില്‍ വേണം പാസ്‌വേര്‍ഡ് മാറ്റത്തിന്റെ ആവര്‍ത്തനം. അതിസമ്പന്നനായ മുകേഷ് അംബാനിയ്ക്ക് ഒരു കോടി രൂപ പോലും നിസ്സാരമായിരിയ്ക്കാം. പക്ഷേ, സാധാരണക്കാരായ നമുക്കു പതിനായിരം രൂപ പോലും വലുതാണ്, വിലപ്പെട്ടതാണ്. അക്കൗണ്ടിലുള്ള തുക നമുക്കു വിലപ്പെട്ടതാകുമ്പോള്‍ നമ്മുടെ പാസ്‌വേര്‍ഡ് മാറ്റത്തിനു വേഗം കൂടണം.

ഓരോ തവണ പാസ്‌വേര്‍ഡ് അടിച്ചുകഴിയുമ്പോഴും 'പാസ്‌വേര്‍ഡ് ഓര്‍ത്തുവെയ്ക്കട്ടേ' എന്നു ബ്രൗസര്‍ നമ്മോടു ചോദിയ്ക്കും. നമ്മുടെ മറുപടി വേണ്ട എന്നു തന്നെയായിരിയ്ക്കണം. ബ്രൗസര്‍ അത്തരം ചോദ്യങ്ങള്‍ ചോദിയ്ക്കാതിരിയ്ക്കാനും, ബ്രൗസര്‍ നമ്മുടെ പാസ്‌വേര്‍ഡുകള്‍ ഓര്‍ത്തുവെയ്ക്കാതിരിയ്ക്കാനുമുള്ള ഓപ്ഷന്‍ ബ്രൗസറുകളില്‍ത്തന്നെയുണ്ട്; നാം അവയുപയോഗിയ്ക്കണം. നാമുപയോഗിയ്ക്കുന്ന കമ്പ്യൂട്ടര്‍ സ്വന്തമാണെങ്കിലും അല്ലെങ്കിലും, നെറ്റ് ബാങ്കിംഗിന്റെ പാസ്‌വേര്‍ഡുകള്‍ നമ്മുടെ ഓര്‍മ്മയില്‍ മാത്രമേ ഉണ്ടാകാവൂ, ബ്രൗസറിന്റെ ഓര്‍മ്മയിലുണ്ടാകരുത്.

നെറ്റ് ബാങ്കിംഗ് നടത്തണമെങ്കില്‍ ഈമെയില്‍ ഐഡിയുണ്ടാകണം, ഈമെയില്‍ ഐഡിയെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തുകയും വേണം. ബാങ്കില്‍ നിന്ന് ഇടയ്ക്കിടെ ഈമെയിലുകള്‍ ഈ ഈമെയില്‍ ഐഡിയിലേയ്ക്കു വന്നുകൊണ്ടിരിയ്ക്കും. ബാങ്കുമായി ബന്ധപ്പെടുത്തിയിരിയ്ക്കുന്ന ഈമെയില്‍ ഐഡി ബാങ്ക് അക്കൗണ്ടിനോളം തന്നെ ശ്രദ്ധയര്‍ഹിയ്ക്കുന്നു.

ഈമെയിലുകള്‍ പൊതുവില്‍ സുരക്ഷിതമല്ല. ഈമെയില്‍ എന്ന സാങ്കേതികവിദ്യ കണ്ടെത്തിയ ശിവ അയ്യാദുരൈ ഇന്ത്യന്‍ വംശജനായിരുന്നെങ്കിലും, അദ്ദേഹം അമേരിക്കയില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരിയ്‌ക്കെയാണതു സാധിച്ചത്. അങ്ങനെ, ഈമെയില്‍ ജന്മമെടുത്തത് അമേരിക്കയിലാണെങ്കിലും, അമേരിക്കക്കാരുടെ ഈമെയിലുകള്‍ പോലും 'ഹാക്ക്' ചെയ്യപ്പെടുന്ന ഇക്കാലത്തു സാധാരണക്കാരായ നമ്മുടെ ഈമെയിലിന്റെ സുരക്ഷിതത്വം എത്രത്തോളമുണ്ടാകുമെന്ന് ഊഹിയ്ക്കാവുന്നതേയുള്ളൂ.

എങ്കിലും ഈമെയിലിന്റെ സുരക്ഷയ്ക്കായി നമുക്കു ചെയ്യാനാകുന്നതൊക്കെ ചെയ്യുക. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഈമെയിലിന്റെ പാസ്‌വേര്‍ഡ് രഹസ്യമായി സൂക്ഷിയ്ക്കുകയും ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിയ്ക്കുകയും വേണം. ബാങ്കുമായുള്ള കത്തിടപാടുകള്‍ക്ക് ഈമെയില്‍ ഉപയോഗിയ്ക്കുന്നതിനു പകരം, ബാങ്കിന്റെ വെബ്‌സൈറ്റില്‍ സ്വന്തം അക്കൗണ്ട്‌പേജിലുള്ള മെസ്സേജ് ബോക്‌സ് ഉപയോഗിയ്ക്കുന്നതാണു കൂടുതല്‍ സുരക്ഷിതം.

കമ്പ്യൂട്ടര്‍ സ്വന്തമാണെങ്കിലും അല്ലെങ്കിലും നെറ്റ് ബാങ്കിംഗ് ഇടപാടുകള്‍ നടത്തുന്നത് ബ്രൗസറിന്റെ 'െ്രെപവറ്റ് വിന്‍ഡോ' ഉപയോഗിച്ചുകൊണ്ടായിരിയ്ക്കണം. ന്യൂ ഇന്‍െ്രെപവറ്റ് വിന്‍ഡോ, ന്യൂ ഇന്‍കോഗ്‌നിറ്റോ വിന്‍ഡോ എന്നുമെല്ലാം ഇതറിയപ്പെടാറുണ്ട്. നെറ്റ് ബാങ്കിംഗിന് െ്രെപവറ്റ് വിന്‍ഡോ ഉപയോഗിയ്ക്കുമ്പോള്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട യൂ ആര്‍ എല്ലുകള്‍ ബ്രൗസറില്‍ 'ഹിസ്റ്ററിയുടെ' രൂപത്തില്‍ ശേഖരിയ്ക്കപ്പെടുകയില്ല. അതുകൊണ്ടവ മറ്റുള്ളവര്‍ക്കു കണ്ടെത്താനുമാവില്ല.

നെറ്റ് ബാങ്കിംഗ് ഇടപാടുകള്‍ക്കായി നാം െ്രെപവറ്റ് വിന്‍ഡോ ഉപയോഗിയ്ക്കാന്‍ മറന്നുപോയെന്നു കരുതുക. െ്രെപവറ്റല്ലാത്ത വിന്‍ഡോ ഉപയോഗിച്ചുപോയെങ്കില്‍ നെറ്റ് ബാങ്കിംഗ് ഇടപടുകള്‍ നടത്തിക്കഴിഞ്ഞയുടന്‍ 'കണ്‍ട്രോള്‍ ഷിഫ്റ്റ് ഡിലീറ്റ്' എന്ന കീ കമാന്റുപയോഗിച്ച് 'ഹിസ്റ്ററി' മുഴുവന്‍ നീക്കം ചെയ്യണം. ഇതു നിര്‍ബന്ധമായും ചെയ്യണം; കമ്പ്യൂട്ടര്‍ സ്വന്തമാണെങ്കിലും അല്ലെങ്കിലും.

അക്കൗണ്ടുള്ള ബാങ്കിന്റെ നെറ്റ് ബാങ്കിംഗിനുള്ള യൂ ആര്‍ എല്‍ ഓര്‍മ്മയില്‍ വെയ്ക്കണം. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേത് ഒരുദാഹരണമായിപ്പറയാം: https://www.onlinesbi.com/ ഇതില്‍ എച്ച്, ടി, ടി, പി എന്നീ അക്ഷരങ്ങള്‍ക്കു ശേഷം എസ് ഉണ്ടായേ തീരൂ. ബാങ്കുകളുടെ നെറ്റ് ബാങ്കിംഗിനുള്ള ലിങ്കുകളില്‍ ഇപ്പറഞ്ഞ എസ് ഉണ്ട്. എസ് ഉയര്‍ന്ന സുരക്ഷിതത്വത്തെ സൂചിപ്പിയ്ക്കുന്നു: 'സെക്യോര്‍ഡ്'. ബ്രൗസറിനും അതിലൂടെ നാം സന്ദര്‍ശിയ്ക്കുന്ന വെബ്‌സൈറ്റിനും ഇടയിലുള്ള സന്ദേശങ്ങള്‍ ബഹുഭൂരിപക്ഷം പേര്‍ക്കും മനസ്സിലാക്കാനാകാത്ത സൈഫര്‍ടെക്സ്റ്റ് എന്ന കോഡുഭാഷയിലേയ്ക്കു മൊഴിമാറ്റം ചെയ്യപ്പെട്ടവയായിരിയ്ക്കും എന്നാണ് എസ്സു നല്‍കുന്ന സൂചന. നമ്മുടെ പാസ്‌വേര്‍ഡ് ചോര്‍ത്തിയെടുക്കാനായി ബാങ്കിന്റേതിനു സാമ്യമുള്ള യൂ ആര്‍ എല്ലുകള്‍ പൊന്തിവന്നെന്നു വരാം. അവ ഉപയോഗിയ്ക്കരുത്. എസ് ഇല്ലാത്തവ പ്രത്യേകിച്ചും.

സ്വന്തം മൊബൈല്‍ ഫോണിനെ അക്കൗണ്ടുമായി ബന്ധിപ്പിയ്ക്കുക. അക്കൗണ്ടില്‍ നിന്നു പിന്‍വലിയ്ക്കലുണ്ടാകുമ്പോഴൊക്കെ, അത് ഏതു തരത്തിലുള്ളതുമാകട്ടെ, അതു സംബന്ധിച്ച സന്ദേശം നമ്മുടെ മൊബൈല്‍ ഫോണില്‍ ഉടന്‍ വരണം. വര്‍ഷം തോറും ഇതിനുള്ള ഫീസ് ബാങ്ക് ഈടാക്കുമെങ്കിലും, നമ്മുടെ പണത്തിന്റെ സുരക്ഷയെക്കരുതി, ആ ഫീസ് സസന്തോഷം കൊടുക്കാന്‍ തയ്യാറാകുക തന്നെ.

ഭൂരിഭാഗം പേരും നെറ്റ് ബാങ്കിംഗിലൂടെ പണമയയ്ക്കുന്നതു സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്നാണ്. തട്ടിപ്പുകള്‍ക്കു കൂടുതല്‍ ഇരയാകുന്നതും സേവിംഗ്‌സ് അക്കൗണ്ടുകള്‍ തന്നെ. സേവിംഗ്‌സ് അക്കൗണ്ടില്‍ അത്യാവശ്യത്തിനുള്ള പണം മാത്രം സൂക്ഷിയ്ക്കുന്നതാവും നല്ലത്. ഉടന്‍ ആവശ്യം വരില്ലെന്നു തോന്നുന്ന തുക വിവിധകാലയളവുകളിലേയ്ക്കുള്ള സ്ഥിരനിക്ഷേപങ്ങളായി സൂക്ഷിയ്ക്കണം. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയില്‍ ഏഴു ദിവസത്തേയ്ക്കു പോലും നിക്ഷേപം നടത്താം. ഇത്തരം നിക്ഷേപങ്ങളും നെറ്റ് ബാങ്കിംഗിലൂടെത്തന്നെ നടത്താവുന്നതാണ്. ആവശ്യം വരുമ്പോള്‍ സ്ഥിരനിക്ഷേപങ്ങള്‍ നെറ്റ് ബാങ്കിംഗിലൂടെത്തന്നെ ക്ലോസു ചെയ്യുകയും ചെയ്യാം.

'പറഞ്ഞ വാക്കും എറിഞ്ഞ കല്ലും തിരിച്ചുവിളിയ്ക്കാനാവില്ല' എന്നൊരു ചൊല്ലുണ്ട്. വാക്കും കല്ലും മാത്രമല്ല, നെഫ്റ്റ്, ആര്‍ റ്റി ജി എസ്സ്, ഐ എം പി എസ്സ് എന്നിവയിലൂടെ അയച്ചുപോയ പണവും തിരികെ വിളിയ്ക്കാനാവില്ല. സന്ദേശങ്ങള്‍ ഇലക്‌ട്രോണിക്ക് രൂപത്തില്‍ അതിവേഗം സഞ്ചരിയ്ക്കുന്നതുകൊണ്ട്, ഈ മാദ്ധ്യമങ്ങള്‍ വഴി പണം അയച്ചുപോയാല്‍, കണ്ണടച്ചുതുറക്കും മുമ്പ് അതു പൊയ്ക്കഴിഞ്ഞിരിയ്ക്കും. തിരിച്ചുവിളിയ്ക്കാനാകാത്തതുകൊണ്ട്, ഈ മാദ്ധ്യമങ്ങള്‍ വഴി പണം അയയ്ക്കുന്നതിനു മുമ്പ് ആലോചന വേണ്ടുംവണ്ണം നടത്തിയിരിയ്ക്കണം.

(തുടരും: കാര്‍ഡ്)

sunilmssunilms@rediffmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക