Image

അന്ത്യ അത്താഴ ചിത്രവിവാദം: സഭയുടെ പ്രതിഷേധാഗ്നിയില്‍ മലയാള മനോരമ (എ.എസ് ശ്രീകുമാര്‍)

Published on 19 December, 2016
അന്ത്യ അത്താഴ ചിത്രവിവാദം: സഭയുടെ പ്രതിഷേധാഗ്നിയില്‍ മലയാള മനോരമ (എ.എസ് ശ്രീകുമാര്‍)
പതിനഞ്ചാം നൂറ്റാണ്ടില്‍ ലിയനാഡോ ഡാവിഞ്ചി വരച്ച, ലോകത്തിന്റെ കാഴ്ചപ്പെരുമ നേടിയ വിഖ്യാതമായ അന്ത്യത്താഴ ചിത്രത്തോട് സാദൃശ്യമുള്ള ചിത്രം പ്രസിദ്ധീകരിച്ചതിനെ ചൊല്ലി മലയാള മനോരമയ്‌ക്കെതിരെ ഉയരുന്ന പ്രതിഷേധം ശക്തമാകുന്നു. തീവ്ര വിശ്വാസവും ആവിഷ്‌കാര സ്വാതന്ത്ര്യവും സര്‍വോപരി കച്ചവട താത്പര്യങ്ങളുമൊക്കെ ഈ വിവാദത്തിന്റെ എരിതീയില്‍ ആവോളം എണ്ണ പകരുന്നുണ്ട്. ക്രൈസ്തവ സഭയുടെ ആത്മീയ നേതാക്കളും അവരുടെ ആഹ്വാനങ്ങളില്‍ കുപിതരായ അജഗണങ്ങളും കടുത്ത വാദമുഖങ്ങള്‍ ഉയര്‍ത്തുമ്പോള്‍ പ്രതിസ്ഥാനത്തു തന്നെയാണ് ഇപ്പോഴും പ്രതിരോധം തീര്‍ത്തുകൊണ്ട് മനോരമ. അതേസമയം ആവിഷ്‌കാര സ്വാതന്ത്ര്യം ഒരിടത്തും ഒരിക്കലും പണയം വയ്ക്കരുതെന്ന് കലാ-സാംസ്‌കാരിക അപ്പസ്‌തോലന്മാര്‍ നിലപാടെടുക്കവെ മുട്ടനാടുകളെ തമ്മില്‍ കൂട്ടി ഇടിപ്പിച്ച് ചോര കുടിക്കാനായി തത്പര കക്ഷികളും മുതലെടുപ്പിനായി തക്കം പാര്‍ത്തിരിപ്പുണ്ടെന്നതാണ് ശ്രദ്ധേയം. 

മലയാള മനോരമയുടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള സാഹിത്യ സാംസ്‌കാരിക മാസികയായ 'ഭാഷാപോഷിണി'യുടെ ഈ ഡിസംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ടോം വട്ടക്കുഴി എന്ന ആര്‍ട്ടിസ്റ്റിന്റെ ചിത്രമാണ് വിശ്വാസികളുടെ പ്രതിഷേധത്തിനിടയാക്കിയത്. വിഷയത്തിലേക്ക് കടക്കും മുമ്പ് മാതാ ഹരിയെ പറ്റി ഒന്നോര്‍ക്കാം. സുന്ദരിയായ ഡച്ച് നര്‍ത്തകിയും അഭിസാരികയുമായിരുന്നു മാര്‍ഗറീത്ത ഗീര്‍ട്രൂയിഡ മക് ലിയോഡ് എന്ന മാതാ ഹരി. ഒന്നാം ലോകമഹായുദ്ധകാലത്ത് ജര്‍മനിക്കു വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഫ്രഞ്ച് പട്ടാളം മാതാഹരിയെ പിടിക്കുകയും വെടിവച്ചു കൊല്ലുകയുമായിരുന്നു. മലയാളത്തിന്റെ പ്രിയകവി വൈലോപ്പള്ളി ശ്രീധര മേനോന്‍ 'നര്‍ത്തകി' എന്ന പേരില്‍ മാതാഹരിയുടെ ജീവിതത്തെക്കുറിച്ച് ശ്രദ്ധേയമായ ഒരു കവിത എഴുതിയിട്ടുണ്ട്. വെടിവച്ച് കൊല്ലുംമുമ്പ് മാതാഹരി ഒരു കന്യാസ്ത്രീ മഠത്തിലെത്തി അവസാന ആഗ്രഹമെന്നോണം അന്ത്യനൃത്തം ചെയ്തിരുന്നു. ഈ നിര്‍ണായക നിമിഷങ്ങളാണ് വൈലോപ്പള്ളി മനോഹരമായ കാവ്യശില്പമാക്കി മാറ്റിയത്. (മാതാഹരി മാഹിയിലാണ് ജനിച്ചതെന്ന്  എസ് .കെ. പൊറ്റക്കാട് എഴുതിയതും ഓർക്കുക)

ലോകപ്രശസ്തനായ നോവലിസ്റ്റ് പൗലോ കൊയ്‌ലോ മാതാഹരിയെക്കുറിച്ച് എഴുതിയ 'ദ സ്‌പൈ' എന്ന നോവല്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. ഫ്രഞ്ച് പട്ടാളം മാതാഹരിയെ പിടികൂടി വെടിവച്ചു കൊന്നു എന്ന വാദത്തെ ഖണ്ഡിച്ചു കൊണ്ടാണ് പൗലോ കൊയ്‌ലോ നോവലെഴുതിയത്. ഈ നോവലില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ട്, 'ഇയോബിന്റെ പുസ്തകം' എന്ന സിനിമയുടെ തിരക്കഥാകൃത്ത് സി ഗോപന്‍ എഴുതിയ 'മൃദ്വംഗിയുടെ ദുര്‍മൃത്യു' എന്ന നാടകത്തിനു വേണ്ടി വരച്ച ചിത്രമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഭാഷാപോഷിണിയുടെ ഡിസംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച പ്രസ്തുത നാടകത്തിന് ഇല്ലസ്‌ട്രേഷനായി ഈ ചിത്രവുമുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലും മറ്റും, ന്യൂജനറേഷന്‍ ഭാഷയില്‍ പറഞ്ഞാല്‍ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രം പലരും കണ്ടിരിക്കാം. എങ്കിലും അതേപറ്റി അല്പം പറയാം. 

യേശു ക്രിസ്തുവും പന്ത്രണ്ട് ശിഷ്യന്മാരും അവസാനത്തെ അത്താഴം കഴിക്കുന്നതാണ് ഡാവിഞ്ചിയുടെ പുകള്‍പെറ്റ പെയിന്റിംഗ്. എന്നാല്‍ ടോം വട്ടക്കുഴിയുടെ ചിത്രം മറ്റൊന്നാണ്. അന്ത്യത്താഴ മേശയുടെ നടുക്ക് ക്രിസ്തുവിന് പകരം ചുവന്ന മേല്‍ക്കുപ്പായമണിഞ്ഞ മാതാഹരിയുടെ മാറു തുറന്നിരിക്കുന്ന അര്‍ധനഗ്ന രൂപമാണുള്ളത്. ഇവരുടെ ഇടതും വലതുമായി ആറു കന്യാസ്ത്രീകള്‍ വീതം ഇരിക്കുന്നു. മാതാഹരിയുടെ മുഖത്ത് ക്രിസ്തുവിന്റെ അതേ ഭാവമാണ് വരുത്തിയിട്ടുള്ളത്. അതുപോലെ തന്നെ കന്യാസ്ത്രീകളുടെ ഭാവങ്ങളും ക്രിസ്തുശിഷ്യരുടേതിന് തുല്യമാണ്. ഡാവിഞ്ചിയുടെ അന്ത്യത്താഴ ചിത്രത്തിലെ മേശയിന്മേല്‍ അപ്പവും വീഞ്ഞും മീനുമൊക്കെയാണെങ്കില്‍ ഇവിടെ വെള്ളം നിറച്ച ഗ്ലാസുകളും അപ്പവും ആപ്പിളുമൊക്കെ കാണാം. ഏദന്‍ തോട്ടത്തില്‍ വച്ച് ഹൗവ്വ ആദത്തിനു നല്‍കിയ ആപ്പിളിനെ അനുസ്മരിപ്പിക്കാനാണ് ഈ പടത്തില്‍ ആപ്പിള്‍ വരച്ചതെന്നും വിമര്‍ശിക്കപ്പെടുന്നു. ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ പട്ടാളക്കാര്‍ തോക്കേന്തി നില്പുണ്ട്. 

ഈ ചിത്രം ഏതെങ്കിലും തരത്തിലുള്ള മതവികാരം ഉയര്‍ത്തുവാന്‍ മലയാള മനോരമ മനഃപ്പൂര്‍വം അച്ചടിച്ചതാണെന്ന് വിശ്വസിക്കുക പ്രയാസം. കാരണം മനോരമയുടെ വായനക്കാരില്‍ ഏറിയ പങ്കും ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ പെട്ടവരാണെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. വളരെ സെന്‍സിറ്റീവായ ഇത്തരം മതാതിഷ്ഠിത വിഷയങ്ങളില്‍ മനോരമയെ പോലൊരു പ്രസിദ്ധീകരണം ഒരിക്കലും ആത്മഹത്യാപരമായ നിലപാട് എടുക്കുകയുമില്ല എന്നാണ് കരുതേണ്ടത്. ഭാഷാപോഷിണിയുടെ സബ്‌സ്‌ക്രൈബേഴ്‌സിനാണ് ആദ്യം തപാലിലൂടെ കോപ്പികള്‍ അയച്ചത്. ഇത് പുറത്തു വന്ന ഉടന്‍ തന്നെ വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടു. അതിനാല്‍ പിന്നീട് വിപണിയില്‍ ഇറങ്ങിയ കോപ്പികള്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പിന്‍വലിച്ചു. ക്രൈസ്തവ സമൂഹത്തോട് കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്ന പ്രസിദ്ധീകരണം എന്ന നിലയില്‍ തന്നെയാണ് വിവാദ കോപ്പികള്‍ അടിയന്തിരമായി പിന്‍വലിച്ചതും, മലയാള മനോരമ പത്രത്തില്‍ ക്ഷമാപണ കുറിപ്പ് പ്രസിദ്ധീകരിച്ചതും. തെറ്റു തിരുത്തിയ പുതിയ ലക്കം ന്യൂസ് സ്റ്റാന്‍ഡില്‍ ഇറക്കിയിട്ടുണ്ടെന്ന് സര്‍ക്കുലേഷന്‍ വിഭാഗം അറിയിക്കുകയും ചെയ്തു. 

എന്നാല്‍ ഖേദപ്രകടനവും പിന്‍വലിക്കല്‍ നടപടികളും കൊണ്ട് പ്രശ്‌നം ഒത്തുതീര്‍ന്നില്ല. അത് കൂടുതല്‍ വഷളാവുകയാണ് ചെയ്തത്. ഭാഷാപോഷിണിയില്‍ വന്ന ചിത്രം ക്രൈസ്തവ വിശ്വാസികളെയെല്ലാം വല്ലാതെ വേദനിപ്പിച്ചുവെന്നും ക്രൈസ്തവ സന്ന്യാസിനിമാരെ ചിത്രീകരിച്ചതിലൂടെ ലക്ഷക്കണക്കിനുള്ള സമര്‍പ്പിതരെയും അപമാനിച്ചുവെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കഴിഞ്ഞ ദിവസം ശക്തമായ ഭാഷയില്‍ അപലപിച്ചിരുന്നു. ഇതോടെ വിശ്വാസികള്‍ വ്യാപകമായി പ്രതിഷേധ പ്രകടനങ്ങളിലേക്ക് എടുത്തു ചാടി. സംഭവവുമായി ബന്ധപ്പെട്ട് കെ.സി.ബി.സി മനോരമയ്ക്ക് പ്രതിഷേധ കത്ത് അയയ്ക്കുകയും ചെയ്തു. ടോം വട്ടക്കുഴിയുടെ ചിത്രം ക്രൈസ്തവരെ ആകമാനം അവഹേളിക്കുന്നതാണ് എന്ന് ആരോപിച്ച് കേരളത്തിന്റെ ഹൈറേഞ്ച് മേഖലകളിലും എതിര്‍പ്പുകള്‍ കൊഴുക്കുകയാണ്. വിശ്വാസികള്‍ തെരുവില്‍ ഇറങ്ങി മനോരമ പ്രസിദ്ധീകരണങ്ങള്‍ കീറിയെറിഞ്ഞും കത്തിച്ചും യോഗങ്ങള്‍ സംഘടിപ്പിച്ചും തങ്ങളുടെ ആത്മരോഷം അറിയിക്കുകയാണ്. 

പല രൂപതകളിലും പള്ളികളിലും മനോരമ പ്രസിദ്ധീകരണങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനങ്ങളും ഉയര്‍ന്നിട്ടുണ്ടത്രേ. വന്‍കിട ചെറുകിട ഏജന്റുമാര്‍ മനോരമ പ്രസിദ്ധീകരണങ്ങള്‍ ബഹിഷ്‌കരിക്കുന്നുണ്ട്. മനോരമയ്‌ക്കെതിരെ വ്യാപകമായി ലഘുലേഖകളും പ്രചരിക്കുന്നു. കെ.സി.ബി.സിയുടെ മാധ്യമ വിഭാഗത്തിന്റെ മുന്‍ മേധാവിയും ഇടുക്കി രൂപതയിലെ മുതിര്‍ന്ന വൈദികനുമായ ഫാ. ജോസ് പ്ലാച്ചിക്കല്‍, ഫാ. തോമസ് കാഞ്ഞിരം കുന്നേല്‍ എന്നിവരുടെ പേരില്‍ പുറത്തിറങ്ങിയ ലഘുലേഖയില്‍, മനോരമയുടേത് സാത്താന്‍ സേവയാണെന്നും അനുദിനം പരസ്യങ്ങളിലൂടെ കോടികള്‍ സമ്പാദിക്കുന്ന പത്രമുതലാളിയുടെ ധാര്‍ഷ്ഠ്യവും എന്തുമാവാം എന്ന ഭാവവുമാണ് ഈ ക്രൂര വിനോദത്തിന് പച്ചക്കൊടി കാണിക്കാന്‍ അവരെ പ്രേരിപ്പിച്ചതെന്നും ആക്ഷേപിക്കുന്നു.

''ചിത്രത്തിന് ഇതോടൊപ്പമുള്ള ലേഖനവുമായി പുലബന്ധം പോലുമില്ല. ക്രിസ്തുവിനെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നവരെ ബോധപൂര്‍വം അവഹേളിക്കുക, പ്രകോപനമാര്‍ഗത്തിലൂടെ പ്രചാരണം നേടുക എന്നതു മാത്രമാണോ ഈ ദുഷ്‌കര്‍മത്തിനു പിന്നിലെ ബുദ്ധി. െ്രെകസ്തവ വിശ്വാസത്തിന്റെ ആധാരശിലകളിലൊന്നായ പെസഹാനുഭവത്തെയും അതുവഴി വിശുദ്ധ കുര്‍ബാനയെയും അതിലുപരി െ്രെകസ്തവരുടെ ആദ്ധ്യാമിക അടിത്തറയെത്തന്നെയും വികലവും വിരൂപവുമാക്കി അവതരിപ്പിച്ച് അപമാനിച്ചു രസിക്കുവാനും മറ്റു ചില താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നവരുടെ പിന്തുണ നേടിയെടുക്കാനുമുള്ള ഹീനശ്രമം എതിര്‍ക്കപ്പെടേണ്ടതാണ്. 'സാത്താന്‍ സേവ' എന്ന പൈശാചിക ആരാധനാ ഭീകരത വളര്‍ത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും ചിലര്‍ നടത്തുന്ന ശ്രമങ്ങളെയും അതിന് പ്രചുര പ്രചാരം നല്‍കുന്ന മാദ്ധ്യമങ്ങളെയും കണ്ടില്ലെന്നു നടിക്കാനാകില്ല. സ്ത്രീയുടെ നഗ്‌നമേനിയില്‍ ആരാധന നടത്തുന്ന ഇക്കൂട്ടരുടെ മസ്തിഷ്‌കത്തില്‍നിന്നും ഉരുത്തിരിഞ്ഞു വന്നതുതന്നെയാകണം ഈ ചിത്രത്തിന്റെ ഭാവനയും...'' ആരോപണങ്ങള്‍ ഇങ്ങനെ പോകുന്നു.

ഡാവിഞ്ചിയുടെ ചിത്രത്തെ ക്രിസ്തീയ സഭാവിഭാഗങ്ങളെല്ലാം നിറമനസ്സോടെയാണ് സ്വീകരിച്ചിരിക്കുന്നത്. അന്ത്യഅത്താഴചിത്രത്തിന്റെ അതേ മാതൃകയില്‍ മറ്റൊരു കലാകാരന്‍ ഒരു ചിത്രം വരച്ചപ്പോള്‍ ആ ഭാവനയെ അംഗീകരിക്കുവാന്‍ എന്തുകൊണ്ട് സഭയും വിശ്വാസികളും തയ്യാറാകുന്നില്ല എന്ന ചോദ്യവുമുണ്ട്. നഗ്നതാ വിവാദത്തില്‍ കഴമ്പില്ലെന്നും പല അനശ്വര കലാസൃഷ്ടികളും നഗ്നതയാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നതെന്നും നമുക്ക് മനസ്സിലാക്കാം. വിശ്വപ്രസിദ്ധ ചിതത്രകാരനായ മൈക്കല്‍ ആഞ്ചലോയുടെ ചാപ്പല്‍ പെയിന്റിംഗുകളെല്ലാം ഉദാഹരണമാണ്. എന്നാല്‍ ഒരു ചിത്രത്തിന്റെ പേരില്‍ പ്രശസ്തമായ, മൂല്യവത്തായ പാരമ്പര്യമുള്ള ഒരു സാഹിത്യ മാസികയുടെ ലക്കം മുഴുവനായി പിന്‍വലിച്ച മനോരമ മാനേജ്‌മെന്റിന്റെ നടപടിയില്‍ സാഹിത്യ-സാംസ്‌കാരിക ലോകം അതൃപ്തിയും അമര്‍ഷവും അറിയിക്കുകയുണ്ടായി. ഫെയ്‌സ്ബുക്കില്‍ വന്ന ഒരു കമന്റ് അവസരോചിതം ഇവിടെ ചേര്‍ക്കുന്നു.

''ഭാവിയില്‍ വ്യാജ ഉപദേഷ്ടാക്കളും വ്യാജ പ്രവാചകന്‍മാരും സഭയില്‍ കടന്നു കൂടുമെന്ന് യേശുവും അപ്പോസ്‌തോലാന്‍മാരും തന്ന മുന്നറിയിപ്പുകള്‍ ബൈബിളില്‍ ഉണ്ട്. സാത്താന്‍ സഭക്കാരായ, ബ്ലാക്ക് മാസ്സ് നടത്തുന്ന പല ബിഷപ്പുമാരും വൈദീകരും സന്ന്യസ്തരും സഭയില്‍ കടന്നു കൂടിയതായി വായിച്ചു. പണവും ആഡംബരവുമാണ് ഇവര്‍ക്ക് പ്രധാനം. ഏതു ക്രിമിനല്‍ കേസില്‍ പെട്ടാലും അന്ധകാരതിന്റെ ശക്തികള്‍ ഇവരെ രക്ഷിക്കുന്നു. പാവപ്പെട്ടവരോട് കരുണ കാണിക്കാതെ സമ്പന്നരോടും സ്വാധീനം ഉള്ളവരോടും മാത്രം ഇവര്‍ ചങ്ങാത്തം പുലര്‍ത്തുന്നു. വിശ്വാസികളെ തങ്ങളുടെ രാഷ്ട്രീയ താല്പര്യത്തിനായി ഇവര്‍ ഉപയോഗിക്കുന്നു. ഇവരെ എങ്ങനെ തിരിച്ചറിയാം എന്നും യേശുവും ശിഷ്യന്മാരും പറഞ്ഞിട്ടുണ്ട്. ഫലത്തില്‍ നിന്നും വൃക്ഷത്തെ തിരിച്ചറിയാം. അത്മാവിന്റെ ഫലങ്ങള്‍ ഇല്ലാതെ സഭയെ നയിക്കുന്നവര്‍ ആട്ടിന്‍ തോലണിഞ്ഞ ചെന്നയ്ക്കളാണ്...''

അന്ത്യത്താഴത്തെ അനുസ്മരിപ്പിക്കുന്ന ഒരു ചിത്രം പ്രസിദ്ധീകരിച്ചതിലൂടെ അതിന്റെ സെന്‍സേഷണല്‍ മെരിറ്റും റീഡബിലിറ്റിയും ബിസിനസ് താത്പര്യവുമൊക്കെ മനോരമ എന്ന വലിയ ബൃഹത്തായ വിജയ പ്രസ്ഥാനം ലക്ഷ്യം വച്ചിരിക്കാം. എന്നാല്‍ മനോരമയെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്നതിലൂടെ ക്ഷയിച്ചു കിടക്കുന്ന ദീപിക പ്രസ്ഥാനത്തിന് ജീവവായു നല്‍കുകയാണ് കത്തോലിക്കാ സഭയുടെ ഉന്നം എന്നും ബഹിഷ്‌കരണത്തിലൂടെയും കടുത്ത പ്രതിഷേധങ്ങളിലൂടെയുമൊക്കെ ക്ഷമയുടെ ഏതു മാതൃകയാണ് ക്രിസ്തുവിന്റെ പാത പിന്തുടരുന്നവര്‍ എന്നവകാശപ്പെടുന്ന വിഭാഗക്കാര്‍ കാട്ടുന്നത് എന്നുമുള്ള പ്രസക്തമായ ചോദ്യങ്ങളും ഈ പശ്ചാത്തലത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നു. 

വിവാദ ചിത്രം അച്ചടിച്ചു വന്ന അതേ ലക്കത്തിന്റെ കവര്‍ പേജിലെ ചിത്രത്തിലൂടെയും മനോരമ പുലിവാലു പിടിച്ചു. കൊച്ചി മുസിരിസ് ബിനാലെയുടെ ആദ്യ ക്യൂറേറ്ററും സ്ഥാപക ഡയറക്ടറുമായ റിയാസ് കോമു പതിനൊന്നു വര്‍ഷം മുമ്പ് മെനഞ്ഞെടുത്ത ശില്പത്തിന്റെ ചിത്രമാണ് അച്ചടിച്ചു വന്നത്. ശ്രീനാരായണ ഗുരുവിന്റെ ശില്പമാണിത്. ശില്പം പൊട്ടലുകളും അഴുക്കുകളുമൊക്കെയായി വികൃതമാണ്. റിയാസ് കോമുവിന്റെ കലാ സപര്യയുടെ ഭാഗമായുള്ള 'ഗുരുചിന്തന ഒരു മുഖവുര' എന്ന പുസ്തകത്തിലെ 'നിര്‍ബാദ്ധ്യത' എന്ന അദ്ധ്യായമാണ് ഡിസംബര്‍ ലക്കം ഭാഷാപോഷിണിയില്‍ അച്ചടിച്ചത്. ഇതോടൊപ്പം ചേര്‍ത്ത ഗുരുശില്പത്തിന്റെ ഫോട്ടോയാണ് കവര്‍പേജായും വന്നത്. പ്രസ്തുത പുസ്തകം ഡി.സി ബുക്‌സാണ് പുറത്തിറക്കിയത്. ഈ ചിത്രം ഗുരുവിനെ അപമാനിക്കുന്നതാണെന്നാണ് പ്രചാരണം. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും അവരുടെ രാഷ്ട്രീയ സംഘടനയായ ബി.ഡി.ജെ.എസും സംഭവത്തെ രാഷ്ട്രീയവല്‍ക്കരിച്ചതിനെ തുടര്‍ന്ന് മനോരമ മറ്റൊരു ക്ഷമാപണവും നടത്തി പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയായിരുന്നു. പക്ഷേ, പുസ്തകവും ചിത്രവുമൊന്നും പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രസാധകരായ ഡി.സി ബുക്‌സ്. 

മാതൃഭൂമി പത്രവും സമാനമായ ഒരു വിഷയത്തില്‍ അകപ്പെടുകയുണ്ടായി. പത്രത്തിന്റെ 'നഗരം' എന്ന സ്‌പെഷല്‍ പേജില്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ഒരു റിപ്പോര്‍ട്ട് വരികയും അത് മുസ്ലീം സമുദായങ്ങള്‍ക്കിടയില്‍ വിവാദ കോഹാഹലങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. സംഭവത്തിന്റെ പേരില്‍ ആയിരക്കണക്കിന് മുസ്ലീങ്ങള്‍ പത്രം ബഹിഷ്‌കരിക്കുകയുണ്ടായി.  അന്തരിച്ച വിശ്വവിഖ്യാതനായ ഇന്ത്യക്കാരന്‍ എം.എഫ് ഹുസൈന്റെ ഒട്ടുമിക്ക സൃഷ്ടികളും പ്രതിഷേധങ്ങളും വധഭീഷണിയും വരെ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. ഭരതാംബയുടെയും സരസ്വതിയുടെയും പാര്‍വതി ദേവിയുടെയും നഗ്നചിത്രങ്ങള്‍, ഗണപതിയുടെ തലയില്‍ നഗ്നയായി ഇരിക്കുന്ന ലക്ഷ്മീദേവി, മുസ്ലീം സുല്‍ത്താനോടൊപ്പം നഗ്നനായി നില്‍ക്കുന്ന ബ്രാഹ്മണന്‍, രാവണന്റെ തുടയില്‍ നഗ്നയായി ഇരിക്കുന്ന സീത, നഗ്നനായ ഹിറ്റ്‌ലര്‍ക്കൊപ്പം നില്‍ക്കുന്ന തലയില്ലാത്ത ഗാന്ധിച്ചിത്രം, ദുര്‍ഗാ ദേവിയും കടുവയും തമ്മിലുള്ള ലൈംഗിക വൈകൃതം തുടങ്ങിയവ ഇതില്‍ പെടുന്നു. ഇവയും കാലാകാലങ്ങളില്‍ വിവാദം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും പതുക്കെ വിസ്മൃതിയിലാവുകയായിരുന്നു. 

മനോരമയിലെ ചിത്രവിവാദത്തെ പറ്റി പ്രമുഖ സാഹിത്യകാരന്‍ ബെന്ന്യാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റോടെ പക്ഷം പിടിക്കാത്ത പക്ഷെ, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പക്ഷാഘാതം ഉണ്ടാക്കല്ലേ എന്ന അപേക്ഷയോടെ ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ...''മാതാഹരി എന്ന നര്‍ത്തകി അവരുടെ അന്ത്യകാലത്ത് ഒരു കന്യാസ്ത്രീ മഠത്തിലെത്തി നൃത്തം ചെയ്തതായി ഒരു കഥയുണ്ട്. അതിനെ ആസ്പദമാക്കിയാണ് ടോം വട്ടക്കുഴി ഒരു ചിത്രം വരച്ചത്. അതില്‍ ഒരു സ്ത്രീയുടെ മാറിടം കണ്ടപ്പോഴേയ്ക്കും  വികാരം പൊട്ടിയൊലിച്ച് തെരുവിലിറങ്ങിയ അച്ചന്മാര്‍ക്കും വിശ്വാസികള്‍ക്കും അരമനയില്‍ നിന്നും കൊടുക്കുന്ന കടുക്ക വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഭയോട് അഭ്യര്‍ത്ഥിക്കുന്നു. ഇതേ പുരോഹിതന്മാര്‍ പീഡിപ്പിക്കുന്ന പെണ്‍കുട്ടികള്‍ക്കു വേണ്ടി എത്ര വിശ്വാസികള്‍ എത്ര വട്ടം തെരുവിലിറങ്ങി എന്ന് ആരായുമ്പോഴാണ് ഇവന്റെയൊക്കെ കാപട്യം പുറത്തു വരിക. വിശ്വാസകളാണത്രേ. കഷ്ടം...''

ഹിന്ദു മുസ്ലീം ക്രിസ്റ്റ്യന്‍ വിഭാഗങ്ങള്‍ ഏകോദര സഹോദരങ്ങളായി ജീവിച്ചിരുന്ന ഒരു കാലഘട്ടം ഇന്ന് നമ്മുടെ ഓര്‍മച്ചെപ്പില്‍ മാത്രമാണുള്ളത്. 2011ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ 54.73 ശതമാനം ഹിന്ദുക്കളും 26.56 ശതമാനം മുസ്ലീങ്ങളും 18.38 ശതമാനം ക്രിസ്ത്യാനികളും ജീവിക്കുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മത വികാരങ്ങളെ അടിസ്ഥാനമാക്കിയുള്ള ചെറുതും വലുതുമായ അക്രമ സംഭവങ്ങളും വര്‍ഗീയ കൊപാതകങ്ങളും ഒക്കെ സഹിഷ്ണുതയ്ക്ക് പേരു കേട്ട ഈ നാട്ടില്‍ അരങ്ങേറുന്നു. അസഹിഷ്ണുതയുടെ മറ്റൊരു ലേറ്റസ്റ്റ് ഉദാഹരണമായി അന്ത്യത്താഴ ചിത്ര വിവാദം വിലയിരുത്തപ്പെടുന്നു.

അന്ത്യ അത്താഴ ചിത്രവിവാദം: സഭയുടെ പ്രതിഷേധാഗ്നിയില്‍ മലയാള മനോരമ (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക