Image

വിസാനിയമക്കുരുക്കുകളില്‍ കുടുങ്ങിയ തമിഴ്‌നാട്ടുകാരി, സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

Published on 19 December, 2016
വിസാനിയമക്കുരുക്കുകളില്‍ കുടുങ്ങിയ തമിഴ്‌നാട്ടുകാരി, സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.
ദമ്മാം: വിസാനിയമക്കുരുക്കുകളില്‍ കുടുങ്ങി ദീര്‍ഘകാലമായി നാട്ടില്‍ പോകാനാകാതെ കഴിയേണ്ടി വന്ന വീട്ടുജോലിക്കാരി, നവയുഗം സാംസ്‌കാരികവേദിയുടെയും, ഇന്ത്യന്‍ എംബസ്സിയുടെയും സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

തമിഴ്‌നാട് ചെന്നൈ സ്വദേശിനിയായ ജന്‍ബീബെ മൂന്നു വര്‍ഷത്തോളമായി സൗദി അറേബ്യയില്‍ ജോലിയ്‌ക്കെത്തിയിട്ട്. തമിഴ്‌നാട്ടുകാരനായ ഒരു വിസ ഏജന്റ് വന്‍തുക സര്‍വ്വീസ് ചാര്‍ജ്ജും വാങ്ങി, ഹൗസ്‌മൈഡ് വിസ എന്ന് പറഞ്ഞ് , അവര്‍ക്ക് നല്‍കിയത് വിസിറ്റിങ് വിസ ആയിരുന്നു. സൗദിയില്‍ എത്തി സ്‌പോണ്‍സറുടെ വീട്ടില്‍ ജോലി തുടങ്ങി രണ്ടു മാസം കഴിഞ്ഞാണ് ജന്‍ബീബെ ഇത് മനസ്സിലാക്കുന്നത്. അപ്പോഴേയ്ക്കും സമയപരിധിയ്ക്കുള്ളില്‍ പുതുക്കാത്തതിനാല്‍ വിസിറ്റിങ് വിസയുടെ  കാലാവധി കഴിഞ്ഞ് പോയിരുന്നു. അതോടെ ഫൈനും ബാനും കിട്ടാതെ തിരികെ പോകാനാകാതെയും, നിയമപ്രകാരം തങ്ങാനുമാകാതെയുള്ള അവസ്ഥയിലായി അവര്‍. സ്‌പോണ്‍സര്‍ ഇതൊന്നും കാര്യമായി എടുത്തില്ലെന്ന് മാത്രമല്ല, അവരെക്കൊണ്ട് രാപകല്‍ ജോലി ചെയ്യിയ്ക്കുകയും, ശമ്പളം നല്‍കാതിരിയ്ക്കുകയും ചെയ്തു.

സ്വന്തം കുടുംബത്തിന്റെ ദയനീയമായ സാമ്പത്തികഅവസ്ഥയോര്‍ത്തും, വിസയ്ക്കായി പലരില്‍ നിന്നും കടം വാങ്ങിയ പണം തിരികെ നല്‍കാതെ  നാട്ടിലെയ്ക്ക് മടങ്ങിയാലുള്ള അവസ്ഥയുമോര്‍ത്ത്, സൗദിയില്‍  എങ്ങനെയും പിടിച്ചു നില്‍ക്കാനായിരുന്നു ജന്‍ബീബെയുടെ ശ്രമം. എന്നാല്‍ നിലവിലെ സ്‌പോണ്‍സറുടെ വീട്ടിലെ ജോലി ദുരിതമയമായതോടെ, അവര്‍ ചില സുഹൃത്തുക്കളുടെ സഹായത്തോടെ അവിടെ നിന്ന് പുറത്തു കടക്കുകയും, മറ്റൊരു സൗദി പൗരന്റെ വീട്ടില്‍ ജോലിയ്ക്ക് ചേരുകയും ചെയ്തു. ജോലി വലിയ കുഴപ്പമില്ലാത്തതിനാലും, ശമ്പളം കൃത്യമായി കിട്ടിയതിനാലും ആ വീട്ടില്‍ രണ്ടു വര്‍ഷത്തോളം ജോലി ചെയ്തു.

ജന്‍ബീബെയുടെ സ്‌പോണ്‍സര്‍ഷിപ്പ്  നിയമപ്രകാരം തന്റെ പേരിലേയ്ക്ക് മാറ്റാന്‍ പുതിയ സ്‌പോണ്‍സര്‍ ആഗ്രഹിച്ചെങ്കിലും, വിസിറ്റിങ് വിസ ആയതിനാല്‍ അതിന് കഴിഞ്ഞില്ല. നിതാഖത്തിന്റെ നിയമങ്ങള്‍ കുടുക്ക് മുറുക്കി വരുന്ന സാഹചര്യത്തില്‍, പുതിയ സ്‌പോണ്‍സര്‍ ജന്‍ബീബെയോട് നാട്ടിലേയ്ക്ക് തിരികെ പോകാന്‍ പറഞ്ഞു. അയാള്‍ തന്നെ അവരെ ദമ്മാമിലെ വനിത അഭയകേന്ദ്രത്തില്‍ കൊണ്ടു ചെന്നാക്കി. നിയമക്കുരുക്കുകള്‍ മൂലം നാല് മാസത്തോളം  നാട്ടില്‍ പോകാനാകാതെ ജന്‍ബീബെ അവിടെ കഴിഞ്ഞു.

വനിതാ അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനെ നേരിട്ട് കണ്ട ജന്‍ബീബെ, നാട്ടിലേയ്ക്ക് മടങ്ങാന്‍ സഹായിയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. മഞ്ജു മണിക്കുട്ടന്‍ ഇന്ത്യന്‍ എംബസ്സിയുടെയും, സൗദി അധികൃതരുടെയും സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി ജന്‍ബീബെയുടെ യാത്രാരേഖകള്‍ ശരിയാക്കി കൊടുത്തു.

നവയുഗത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച്, ദമ്മാം ഇന്ത്യന്‍ എംബസ്സി ഹെല്‍പ്പ്‌ഡെസ്‌ക്ക്  വോളന്റീര്‍വിഭാഗം കണ്‍വീനറും, ഹൈദ്രാബാദ് അസോഷിയേഷന്‍ ഭാരവാഹിയുമായ മിര്‍സ ബൈഗ്, ജന്‍ബീബെയ്ക്ക് വിമാനടിക്കറ്റ് നല്‍കി.

തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ജന്‍ബീബെ നാട്ടിലേയ്ക്ക് മടങ്ങി.


ഫോട്ടോ:
ജന്‍ബീബെയ്ക്ക് മിര്‍സ ബൈഗും, മഞ്ജു മണിക്കുട്ടനും ചേര്‍ന്ന് യാത്രാരേഖകളും, വിമാനടിക്കറ്റും കൈമാറുന്നു.

വിസാനിയമക്കുരുക്കുകളില്‍ കുടുങ്ങിയ തമിഴ്‌നാട്ടുകാരി, സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക