Image

മിനിക്കുട്ടിയെന്ന സൂസമ്മ (നീണ്ടകഥ: അദ്ധ്യായം - 18: സരോജാ വര്‍ഗീസ്, ന്യൂയോര്‍ക്ക്)

Published on 21 December, 2016
മിനിക്കുട്ടിയെന്ന സൂസമ്മ (നീണ്ടകഥ: അദ്ധ്യായം - 18: സരോജാ വര്‍ഗീസ്, ന്യൂയോര്‍ക്ക്)
തിരിച്ചു കാഷ്മീരിലെത്തിയ സൂസമ്മയ്ക്ക് സ്‌നേഹോഷ്മളമായ സ്വീകരണമാണ് ഉദയവര്‍മ്മയും രാജശ്രീയും നല്കിയത്. സൂസമ്മയ്ക്കും, താന്‍ ഏറ്റം സ്‌നേഹിക്കുന്ന, തന്നെ ഏറ്റം കരുതുന്ന ഒരു ചേച്ചിയുടെ അടുക്കല്‍ തിരിച്ചെത്തിയ പ്രതീതി ആയിരുന്നു. ചായ കുടിക്കുന്നതിനിടയില്‍ മിനിക്കുട്ടിയുടെ വീട്ടിലെ സ്ഥിതിഗതികള്‍, മാതാപിതാക്കളുടെ ആരോഗ്യം, മേരിയുടെ ഭാവി പരിപാടികള്‍ എല്ലാം സംസാരവിഷയങ്ങള്‍ ആയി. അജിത്തിന്റെ പിതാവിനെയും കുടുംബത്തെയും പറ്റി അന്വേഷണം ഉണ്ടാകാതിരുന്നില്ല.

അന്നു വൈകുന്നേരം രാജശ്രീ, മിനിക്കുട്ടിയെയും കൂട്ടി പുറത്തുള്ള ഉദ്യാനത്തില്‍ ഉലാത്താനിറങ്ങി. ഉദയവര്‍മ്മയും രാജശ്രീയും ചേര്‍ന്ന് വിദഗ്ദനായ ഒരു ഡോക്ടരുമായി സംസാരിച്ച കാര്യം രാജശ്രീ സംസാരിച്ചുതുടങ്ങി. കൃത്രിമസന്താനോല്പാദനത്തിനായി (അൃശേളശരമഹ കിശൊശിമശേീി) ഒരു യുവതി തയ്യാറാകുമ്പോള്‍ കൈക്കൊള്ളേണ്ട നിയമനടപടികളെക്കുറിച്ച് ഡോക്ടറില്‍ നിന്നും ലഭിച്ച വിശദവിവരങ്ങള്‍ അവര്‍ മിനിക്കുട്ടിയെ അറിയിച്ചു. മൗനമായി, എന്നാല്‍ പൂര്‍ണ്ണമനസ്സോടെ അവള്‍ എല്ലാം കേട്ടു മനസ്സിലാക്കി. അവസരപൂര്‍വ്വം ചില സംശയങ്ങള്‍ ഉന്നയിക്കുകയും തന്റെ ആത്മാര്‍ത്ഥത വെളിവാക്കുകയും ചെയ്തു. ഒപ്പം തന്നെ, തന്റെ ചില ആവശ്യങ്ങള്‍ അവള്‍ രാജശ്രീയുമായി തുറന്നു സംസാരിച്ചു. വൃദ്ധരായ തന്റെ മാതാപിതാക്കള്‍ക്കും വിവാഹപ്രായമെത്തിയ തന്റെ സഹോദരിക്കും വേണ്ടി അല്പം വസ്തുവാങ്ങി ഒരു ചെറിയ വീടുപണിയണം. പള്ളിവക വസ്തുവില്‍ നിന്നു മാറിയിട്ടു വേണം മേരിയുടെ വിവാഹത്തെപ്പറ്റി ചിന്തിച്ചു തുടങ്ങേണ്ടത്.

മിനിക്കുട്ടിയുടെ തുറന്ന സംസാരം രാജശ്രീക്കു വളരെ ഇഷ്ടപ്പെട്ടു. മാത്രമല്ല, അതിന്റെ പ്രാധാന്യവും അവര്‍ക്കു പൂര്‍ണ്ണബോധ്യമുണ്ട്. തന്റെ ഭര്‍ത്താവുമായി സംസാരിച്ച്, എത്രയും വേഗം മിനിക്കുട്ടിയുടെ ആവശ്യങ്ങള്‍ നിറവേറ്റുമെന്ന് അവര്‍ വാക്കുകൊടുത്തു. അന്നുരാത്രി തന്നെ, അവള്‍ തന്റെ മാതാപിതാക്കള്‍ക്കു കത്തെഴുതി:-
""ഇപ്പോള്‍ താമസിക്കുന്ന ഭാഗത്തുനിന്നും അധികം ദൂരത്തില്‍ അല്ലാതെ പത്തു സെന്റ് പുരയിടം വാങ്ങണം. ഒരു ചെറിയ വീടുകൂടി ഉള്ളതായാല്‍ നന്ന്. ഇച്ചാച്ചന്റെ ഇന്നത്തെ അവസ്ഥയില്‍ ഒരു പുതിയ വീട് പണിയിക്കാനും അതിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കാനും ആരോഗ്യമില്ല. ഏതെങ്കിലും ദല്ലാളുമായി സംസാരിച്ചു എത്രയും വേഗം വീടും പുരയിടവും വാങ്ങണം. അതുകഴിഞ്ഞാല്‍ നമുക്ക് മേരിയുടെ വിവാഹക്കാര്യം ആലോചന തുടങ്ങാം.''

അടുത്ത പ്രഭാതം പൊട്ടിവിടര്‍ന്നു. ഉദയസൂര്യന്റെ തങ്കക്കതിരുകള്‍ ജനാല വിരികളില്‍ക്കൂടി നുഴഞ്ഞുകയറി മിനിക്കുട്ടിയെ തലോടിത്തുടങ്ങി. അവള്‍ ഉണര്‍ന്നുകിടക്കുകയാണ്, ചിന്തകളുടെ ലോകത്തിലാണെന്നു മാത്രം. ""തന്റെ ഗര്‍ഭപാത്രം തന്റെ അനുവാദമില്ലാതെ ഒരിക്കല്‍ ഉപയോഗിക്കപ്പെട്ടു. ഇന്നിതാ, തന്റെ കുടുംബത്തിന്റെ സാമ്പത്തിക ഉന്നതിക്കും, മറ്റൊരു കുടുംബത്തിന്റെ സന്തോഷത്തിനും വേണ്ടി തന്റെ പൂര്‍ണ്ണസമ്മതത്തോടെ അതു ചെയ്യുന്നു. ദൈവമെ, എനിക്കു തുണയായിരിക്കണെ.''
ജനാലയില്‍ക്കൂടി പുറത്തേയ്ക്കു നോക്കിക്കിടന്ന അവള്‍ ചിന്തകള്‍ക്കും വിരാമം ഇട്ട് ക്ലോക്കിലേക്കു നോക്കി. മണി എട്ട്. ഇനി എഴുന്നേല്ക്കണം. ""രാജശ്രീ മിക്കവാറും അടുത്തുള്ള ഒരു ക്ഷേത്രത്തില്‍ നടത്താറുണ്ട്. ഇപ്പോള്‍ അദ്ദേഹവും ജോലിക്കു പോയിരിക്കണം.'' ചിന്തകള്‍ വീണ്ടും തന്റെ ജീവിതത്തിനു ഒരു പുതിയ മാനം നല്കിയ ആ ദമ്പതികളിലേക്കു തിരിഞ്ഞു. ""കുളിച്ചു ഈറന്‍തലമുടിയും നിവര്‍ത്തിയിട്ട്, നെറ്റിയില്‍ ചന്ദനക്കുറിയും തൊട്ട്, പട്ടുസാരി അണിഞ്ഞു നില്ക്കുന്ന രാജശ്രീ ഒരു ഐശ്വര്യദേവതയാണ്. അവരുടെ സംസാരത്തിലും പെരുമാറ്റത്തിലും കുലീനത നിറഞ്ഞു നില്ക്കുന്നു. താന്‍ അവരെ കണ്ടുമുട്ടിയത് ദൈവനിയോഗം ആയിരിക്കാം.''

എല്ലാ ചിന്തകള്‍ക്കും അവധി കൊടുത്തുകൊണ്ട് അവള്‍ കട്ടിലില്‍ നിന്നും എഴുന്നേറ്റു. പ്രഭാതകൃത്യങ്ങള്‍ എല്ലാം കഴിഞ്ഞ് പുറത്തുവന്ന മിനിക്കുട്ടിയേയും കാത്തു നിറഞ്ഞ പുഞ്ചിരിയുമായി രാജശ്രീ കാത്തുനിന്നിരുന്നു. ഇരുവരും ചേര്‍ന്ന് ഊണുമുറിയിലേക്കു നടന്നു. പ്രഭാതഭക്ഷണം ആസ്വദിക്കുന്നതിനിടയില്‍ രാജശ്രീ സംസാരിച്ചു തുടങ്ങി:-
""മിനിക്കുട്ടി നാട്ടിലേക്ക് എഴുതിയോ?''
മിനി:- ""എഴുതി, ചേച്ചീ, ഇവിടെ സാര്‍ എന്തു പറഞ്ഞു.''

രാജശ്രീ:- ""മിനിക്കുട്ടിക്കു ആവശ്യമായ പണം എത്ര ആണെന്നു പറഞ്ഞാല്‍ മതി. തക്കസമയത്തു നമുക്കുതു നാട്ടിലെത്തിക്കാം.''

മിനിക്കുട്ടിയുടെ ഹൃദയത്തില്‍ എന്തെന്നില്ലാത്ത ഒരു സന്തോഷം, ഒരാശ്വാസം. ""തന്റെ കുടുംബത്തിനുവേണ്ടി ഇത്രയെങ്കിലും ചെയ്യാന്‍ കഴിയുന്നല്ലോ. അന്നു ആത്മഹത്യ ചെയ്തിരുന്നു. എങ്കില്‍. ഓ, ഇനി ആ ചിന്തകര്‍ക്കൊന്നും മനസ്സില്‍ സ്ഥാനമില്ല. ഇന്നു ഞാന്‍ കാരണം രണ്ടു കുടുംബങ്ങളില്‍ സന്തോഷം ഉണ്ടാകുന്നു.''
അന്നുച്ച കഴിഞ്ഞാണ് ഡോക്ടറെ കാണാനുള്ള സമയം. രാജശ്രീയും മിനിക്കുട്ടിയും തയ്യാറായിക്കഴിഞ്ഞു. ഉദയവര്‍മ്മ ജോലിയില്‍ നിന്നും വിളിച്ചു. കാറുമായി ഡ്രൈവര്‍ വീട്ടിലേക്കു പുറപ്പെട്ടിട്ടുണ്ട്.
രാജശ്രീയും മിനിക്കുട്ടിയും ഡോക്ടറെക്കണ്ടു തിരിച്ചെത്തിയപ്പോഴേയ്ക്കും ഉദയവര്‍മ്മയും വീട്ടിലെത്തിക്കഴിഞ്ഞിരുന്നു. രാജശ്രീയോടായി അദ്ദേഹം ചോദിച്ചു:-

""ഡോക്ടര്‍ എന്തു പറയുന്നു,''
രാജശ്രീ:- ""മിനിക്കുട്ടി ഒരുത്തമ്മ കാന്‍ഡിഡേറ്റ് തന്നെ.''
ഡോക്ടറുടെ നിഗമനം അദ്ദേഹത്തിനു സന്തോഷവും ആശ്വാസവും പകര്‍ന്നു:
""ഇനി ബാക്കിക്കാര്യങ്ങളുമായി ശ്രദ്ധാപൂര്‍വ്വം മുന്നോട്ടുപോകാം.''

നാട്ടില്‍നിന്നും മിനിക്കുട്ടിയുടെ ഇച്ചാച്ചന്റെ മറുപടി കത്തുവന്നു. ഒരു ചെറിയ വീടും പുരയിടവും ഒത്തുവന്നിട്ടുണ്ട്. ഒപ്പം തന്നെ, മേരിക്ക് ഒരു വിവാഹാലോചനയും പുരോഗമിക്കുന്നു.
ആവശ്യമായ പണം യഥാസമയം നാട്ടിലെത്തിക്കാന്‍ ഉദയവര്‍മ്മ വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. മത്തായിച്ചേട്ടനും സാറാച്ചേടത്തിയും മേരിയും പുതിയ വീട്ടിലേക്കു താമസം മാറി. മേരിയുടെ വിവാഹക്കാര്യം ഏകദേശം ഒരു ഒത്തുതീര്‍പ്പിലായി ചെറുക്കന്‍ വിദേശത്താണ്.

മിനിക്കുട്ടി ഇന്നു ഗര്‍ഭിണിയാണ്. അവള്‍ക്കു വേണ്ട പരിചരണങ്ങള്‍ നല്‍കുന്നതില്‍ രാജശ്രീ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഗര്‍ഭകാലത്തു സ്ത്രീകള്‍ കൂടുതല്‍ സുന്ദരികളാകുമെന്നു പറയുന്നതു ശരിയാണ്. മിനിക്കുട്ടി ഇപ്പോള്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു. ഇടയ്ക്കിടെ രാജശ്രീയുമൊത്ത് ഡോക്ടറെ സന്ദര്‍ശിക്കുന്നു. ആശുപത്രിയില്‍ പ്രസവശേഷമുള്ള മുറിയും മറ്റു കാര്യങ്ങളും കാലേക്കൂട്ടി ക്രമീകരിച്ചിരിക്കുന്നു. വീട്ടില്‍, കുഞ്ഞിനുവേണ്ടി പ്രത്യേക മുറി സജ്ജമായിക്കൊണ്ടിരിക്കുന്നു. പ്രസവം കഴിഞ്ഞുവരുന്ന അമ്മയേയും കുഞ്ഞിനെയും പരിചരിക്കുന്നതിനുവേണ്ടി ഒരു നേഴ്‌സിനെ നിയോഗിച്ചുകഴിഞ്ഞു.

ഉദയവര്‍മ്മയുടെ അനുവാദത്തോടെ, അജിത് രണ്ടു തവണ മിനിക്കുട്ടിയെ സന്ദര്‍ശിച്ചു. അവള്‍ നാട്ടില്‍ പോകുന്നതിനുമുമ്പും ഗര്‍ഭിണി ആയ ശേഷവും. ഈ നാട്ടില്‍ അവള്‍ക്കു ആകെ പരിചയമുള്ള ഏകവ്യക്തി അജിത്താണ്. രാജശ്രീയുടെ അനുമതിയോടുകൂടി മിനിക്കുട്ടി തന്റെ പദ്ധതികള്‍ അയാളുമായി പങ്കുവച്ചു. ആ രഹസ്യം അജിത്തില്‍ ഭദ്രമായിരിക്കുമെന്ന് അവര്‍ക്കു വിശ്വാസമുണ്ട്. ഉദയവര്‍മ്മയ്ക്കും അജിത്തിനെ വിശ്വാസം ആണ്. അജിത്ത് നാട്ടിലേക്ക് എഴുതുമ്പോള്‍, അയല്‍ക്കാരിയായ സൂസമ്മയെ കണ്ടുമുട്ടിയ വിവരങ്ങളൊന്നും അറിയിച്ചിരുന്നില്ല. ഇരുവരും തല്ക്കാലം അതൊരു രഹസ്യമായിത്തന്നെ സൂക്ഷിച്ചു. അവളുടെ വീട്ടുകാര്‍ ഇന്നു സന്തോഷത്തിലാണ്. മകളുടെ കത്തുകള്‍ വരുന്നു. സാമ്പത്തികബുദ്ധിമുട്ടുകള്‍ ഒന്നും ഇല്ലാതെ വീട്ടുകാര്യങ്ങള്‍ നടക്കുന്നു. മത്തായിച്ചേട്ടനും സാറാമ്മച്ചേടത്തിയും ഇപ്പോള്‍ കൂലിപ്പണിക്കു പോകുന്നില്ല. മേരിയുടെ ഭാവി ഏകദേശം നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നു. സൂസമ്മ അടുത്ത പ്രാവശ്യം നാട്ടില്‍ വരുമ്പോള്‍ മേരിയുടെ വിവാഹം നടത്താനാണ് പ്ലാന്‍.
മിനിക്കുട്ടി തന്റെ ഉള്ളില്‍ രൂപം പ്രാപിച്ചു വരുന്ന ആ പുതുജീവനെ താലോലിച്ചു ദിവസം തള്ളി നീക്കുന്നു. പ്രസവത്തിനുള്ള ദിവസം അടുത്തു വരുന്തോറും ഉള്ളില്‍ ഭീതിയും അസ്വസ്ഥഥയും വര്‍ദ്ധിച്ചു വരുന്നതുപോലെ. തന്റെ സകല ആകുലതകളും ദൈവമുമ്പാകെ സമര്‍പ്പിച്ചുകൊണ്ട് അവള്‍ പ്രസന്നവതിയായി ദിവസങ്ങള്‍ തള്ളി നീക്കി.

(തുടരും)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക