Image

ഓസ്‌ക്കാറില്‍ വീരം അഭിമാനനേട്ടം കൊണ്ടുവന്നേക്കാം: ജയരാജ്

Published on 21 December, 2016
ഓസ്‌ക്കാറില്‍ വീരം അഭിമാനനേട്ടം കൊണ്ടുവന്നേക്കാം: ജയരാജ്


ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ വീരം ഇന്ത്യക്ക് അഭിമാന നേട്ടം കൊണ്ടു വന്നേക്കാമെന്ന് സംവിധായകന്‍ ജയരാജ്. 89ാമത് അക്കാദമി പുരസ്‌കാരത്തിനുള്ള മത്സരത്തിന് ജയരാജ് ചിത്രം വീരത്തിലെ ഗാനം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് വീരത്തിലെ ‘വീ വില്‍ റൈസ്’ എന്ന ഗാനത്തിന് നോമിനോഷന്‍ ലഭിച്ചത്. അമേരിക്കന്‍ സംഗീത സംവിധായകന്‍ ജെഫ് റോണയാണ് ഗാനം ചിട്ടപ്പെടുത്തിയത്.

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജയരാജും സംഗീത സംവിധായകനും വീരത്തിലെ സംഗീതത്തെക്കുറിച്ച് മനസ്സു തുറന്നത്.

“2015 ഒക്ടോബര്‍ മാസത്തില്‍ ജെഫ് റോണയുമായി ചിത്രത്തിലെ സംഗീതത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഞാന്‍ അമേരിക്കയില്‍ പോയിരുന്നു. ഈ സംഭാഷണത്തിനിടയിലാണ് വീരത്തിന് ഒരു തീം സോങ് വേണമെന്ന ജെഫ് നിര്‍ദ്ദേശം വയ്ക്കുന്നത്. ഹോളിവുഡ് ലോകം സിനിമകളുടെ ആത്മാവായാണ് ഇത്തരം തീം സോങ്ങുകളെ കണക്കാക്കുന്നത്”ജയരാജ് പറഞ്ഞു.

ചിത്രത്തിന്റെ വികാരത്തെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന വിധത്തിലാണ് ഞാന്‍ തീം സോങ് തയ്യാറാക്കിയത്. അതില്‍ കഥാപാത്രങ്ങളെക്കുറിച്ച് മാത്രമല്ല അവരുടെ സംഘര്‍ഷങ്ങളും സ്പര്‍ധയുമെല്ലാം വിഷയമായി വരുന്നുണ്ട് ജെഫ് പറഞ്ഞു.

മാക്ബത്തിന്റെ ആവിഷ്‌കാരമായതിനാല്‍ തീം സോങ് രചിക്കുകയെന്നത് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്നും എന്നാല്‍ കരി കിമ്മേല്‍ എഴുതിയ വരികള്‍ ഏറെ മനോഹരമായി തീര്‍ന്നെന്നും ജയരാജ് കൂട്ടിച്ചേര്‍ത്തു.

ലോകമെമ്ബാടുമുള്ള 91 ഗാനങ്ങളാണ് ഓസ്‌ക്കറിന്റെ ആദ്യ ചുരുക്കപ്പട്ടികയിലുള്ളത്. ഇതില്‍ നിന്ന് തിരഞ്ഞെടുത്ത അഞ്ച് ഗാനങ്ങളുടെ ചുരുക്കപ്പട്ടിക ജനുവരി 24ന് പ്രഖ്യാപിക്കും. ഫെബ്രുവരി 26 നാണ് ഓസ്‌കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക