Image

ഈ മറുപടിക്ക് എന്നും പ്രസക്തിയുണ്ട് (ആശ പണിക്കര്‍)

ആശ പണിക്കര്‍ Published on 21 December, 2016
ഈ മറുപടിക്ക് എന്നും പ്രസക്തിയുണ്ട് (ആശ പണിക്കര്‍)
സമൂഹത്തില്‍ എന്തൊക്കെ പരിഷ്‌കാരങ്ങള്‍ ഉണ്ടായാലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങങ്ങള്‍ അതാണ് ആദ്യംഇല്ലാതാക്കേണ്ടത് എന്ന ശക്തമായ സന്ദേശമാണ് വി.എംവിനുവിന്റെ മറുപടി എന്ന ചിത്രം മുന്നോട്ടു വയക്കുന്നത്. ഒപ്പം ശിക്ഷിക്കപ്പെടുന്ന നിരപരാധികളുടെ ജീവിതത്തെയും ചിത്രം തുറന്നു കാട്ടുന്നു.

നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംവിധായകന്‍ വി.എം.വിനു തന്റെ പുതിയ ചിത്രത്തിലൂടെ പറയുന്നത് തികച്ചും സമകാലിക പ്രസക്തിയുള്ള വിഷയം തന്നെ. കൊല്‍ക്കത്തയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുളളത്. ജുലൈന അഷ്‌റഫ് എഴുതിയ തിരക്കഥയില്‍ കുടുംബബന്ധങ്ങളുടെ തീവ്രത വളരെയധികം വ്യക്തമാക്കുന്നുണ്ട്. അതോടൊപ്പം തന്നെ ചെയ്യാത്ത തെറ്റിന് ശിക്ഷിക്കപ്പെടുന്ന നിരപരാധികളുടെ ജീവിതവും അതിന്റെ നിസഹായതയും. കാണിക്കുന്നു.

ബാങ്ക് ഉദ്യോഗസ്ഥനായ എബിക്ക് കൊല്‍ക്കത്തയിലേക്ക് ട്രാന്‍സ്ഫര്‍ ലഭിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ കുടുംബവുമൊത്ത് അവിടെയെത്തുകയും ചെയ്യുന്നു. അവിടെ വച്ചുണ്ടാകുന്ന തികച്ചും ദൗര്‍ഭാഗ്യകരമായ സംഭവത്തെ തുടര്‍ന്ന് ആ കുടുംബം ജയിലിലാകുന്നു. ഇതണ് ഇതിവൃത്തം. ഭാമ എന്ന നടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും ഇതിലെ സാറ എലിസബത്ത്. കാമുകിയായും ഭാര്യയായും അമ്മായും തികഞ്ഞ തന്‍മയത്വത്തോടെ ആ കഥാപാത്രത്തെ ഭാമ അവതരിപ്പിച്ചിരിക്കുന്നു. സത്യത്തില്‍ ഈ നടിയുടെഅഭിനയശേഷി  വേണ്ട വിധം ഉപയോഗിക്കാന്‍ മലയാള സിനിമയ്ക്കു കഴിഞ്ഞിട്ടില്ല എന്ന് ഈ ചിത്രം കാണുമ്പോള്‍ മനസിലാകും.

തന്റെ യൗവനത്തില്‍ താന്‍ ഒരനാഥയാണെന്നു പറയാന്‍ സാറയെ അവളുടെ അഭിമാനം സമ്മതിക്കുന്നില്ല. പക്ഷേ വിവാഹ ശേഷം ഭര്‍ത്താവും മകളുമൊത്ത് ആ ലോകത്തില്‍ അവള്‍ തികഞ്ഞ അഭിമാനത്തോടെ ജീവിക്കുന്നു. ഒരിടവേളയ്ക്കു ശേഷം എത്തിയ റഹ്മാന്‍ മികച്ച അഭിനയം തന്നെ കാഴ്ചവച്ചു. പകഷേ കാമുകനായി അഭിനയിക്കുമ്പോള്‍ അത്ര തന്‍മയത്വം പ്രകടമായില്ല എന്നു പറയേണ്ടി വരും.

കാലികപ്രസക്തിയുള്ള ഒരു സംഭവത്തെ മികച്ച അവതരണത്തിലൂടെ പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് സംവിധായകന്റെ മിടുക്ക്. പക്ഷേ ചിലയിടത്തൊക്കെ പറഞ്ഞു പഴകിയ കാര്യങ്ങള്‍ തന്നെ ആവര്‍ത്തിച്ചിരിക്കുന്നതു കാണാം. ഇത് അല്‍പം വിരസത ഉണ്ടാക്കുന്നുണ്ട്. രണ്ടാം പകുതിയിലെത്തുമ്പോഴണ് ശരിക്കും കഥയുടെ ട്രാക്കിലേക്ക് നമ്മള്‍ കടക്കുന്നത്. അതുവരെ അതിനായുള്ള മുന്നൊരുക്കങ്ങളാണ്.എന്നിരുന്നാലും ചിത്രം കാണുന്ന പ്രേക്ഷകന് നെഞ്ചില്‍ ഒരു നീറ്റല്‍ അവശേഷിപ്പിക്കാന്‍ കഴിയുന്ന ചിത്രമാണ് മറുപടി.

ഈ മറുപടിക്ക് എന്നും പ്രസക്തിയുണ്ട് (ആശ പണിക്കര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക