Image

തേടിയെന്‍ ഓര്‍മ്മകള്‍ (കവിത)

സി.ജി.പണിക്കര്‍, കുണ്ടറ Published on 21 December, 2016
തേടിയെന്‍ ഓര്‍മ്മകള്‍ (കവിത)
തേടിയെന്നോര്‍മ്മകള്‍ കൂട്ടിവച്ച കിളിക്കൂട്ടിലിരുന്നൊരു നാള്‍
ഓര്‍മ്മകള്‍ ഓടിക്കിതച്ചെത്തി ആ കിളിക്കൂടിന്റെ മുറ്റത്ത് വീണ്ടും
ചിക്കിചികഞ്ഞു ഞാന്‍ വേറിട്ടെടുത്തൊരു വെള്ളിടിപൊട്ടിത്തെറിച്ചു
കൂടിന്നഴികള്‍ തകര്‍ന്നു, ഓര്‍മ്മകള്‍ കൂടുവിട്ടോടിപ്പറന്നു.......

ഏറെവസന്തം പിറകോട്ട് ഞാനെന്റെ തേരിന്റെ ചക്രം തിരിച്ചുവിട്ടു
വഴിയോരക്കാഴ്ചകള്‍ വീണ്ടും മനസ്സിന് വേദന സമ്മാനമായി നല്‍കി
പണ്ടെന്റെ മോഹത്തിന്‍ മുത്തുകിലുങ്ങിയ കൊച്ചുകുടിലിന്റെ മുന്നിലെത്തി
എന്നില്‍ കിളിര്‍ത്തൊരു മോഹത്തിന്‍ നാമ്പിലായാരോ മെതിച്ചു കടന്നുപോയി
ആരോ മെതിച്ചു കടന്നുപോയി

ജീവിതം പച്ചപിടിപ്പിക്കാനായവന്‍ പച്ചക്കുപ്പായം ധരിച്ചു പിന്നെ 
ജീവന്റെ ജീവനാം അമ്മക്കും, അമ്മയാം ഭാരതാമ്മയെ സേവിച്ചു പോന്നവന്‍
കൂട്ടുകാര്‍ ചൊല്ലി ഇവനൊരീറ്റപ്പുലി, തോക്കിന്‍ കുഴലാല്‍ ഒരര്‍ജ്ജുനനും
കാര്‍ഗില്‍ യുദ്ധത്തില്‍ ധീരമായ് പോരാടി കാലുകള്‍ അറ്റുവീഴുന്നവരെ
കാലുകള്‍ അറ്റുവീഴുന്നവരെ.....

കാലം തന്‍ ചക്രം ചവിട്ടിക്കളിച്ചപ്പോള്‍ മാഞ്ഞുപോയ് സ്മൃതികളില്‍ ആ
വീരഗാഥകള്‍ പാറുന്നുണ്ടൊരു കൊടി ഇന്നും ആ കാര്‍ഗലില്‍ അമ്മതന്‍
നെറുകില്‍ വീശും വിശറിപോല്‍
തൂലികത്തുമ്പിലൂടിറ്റിറ്റുവീണു ആ തുടിക്കും ഹൃദയത്തിന്‍ നൊമ്പരങ്ങള്‍ 
തൂവെള്ളക്കടലാസ്സതൊപ്പിയെടുത്തപ്പോള്‍ തേടിവന്നൊരു തങ്കപ്പതക്കം
തേടിവന്നൊരു തങ്കപ്പതക്കം

ആരോ തീയിട്ടകന്നൊരു പൊയ്കയില്‍ നീറിയൊതുങ്ങിക്കഴിഞ്ഞു ഞാന്‍
അന്യന്റെ ഭാര്യാപഥത്തിലെത്തി പിന്നെ അസ്ഥികള്‍ പൂത്തൊടിഞ്ഞു
കരളില്‍ കരിങ്കല്ലെറിയാനെടുത്താലും, കരയാത്ത പൈങ്കിളി ഞാന്‍
കിനാവില്‍ ഞാന്‍ കണ്ട നിഴലല്ലോ നീ, എങ്കിലും ആ തങ്കപ്പത-
ക്കത്തിനെന്റെ മുത്തം
ആ..... തങ്കപ്പതക്കത്തിനെന്റെ മുത്തം


സി.ജി.പണിക്കര്‍, കുണ്ടറ


തേടിയെന്‍ ഓര്‍മ്മകള്‍ (കവിത)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക