Image

പതിനെട്ടാംപടിയില്‍ സംയമനത്തിന്റെ മൂര്‍ത്തീഭാവങ്ങളായി പൊലീസ് അയ്യപ്പന്‍മാര്‍

അനില്‍ പെണ്ണുക്കര Published on 22 December, 2016
പതിനെട്ടാംപടിയില്‍ സംയമനത്തിന്റെ മൂര്‍ത്തീഭാവങ്ങളായി പൊലീസ് അയ്യപ്പന്‍മാര്‍
അയ്യപ്പന്റെ തിരുസന്നിധിയില്‍ ചിലപ്പോള്‍ അന്തംകിട്ടാതെ നീളുന്ന ക്യൂ. പമ്പയില്‍ നിന്നുള്ള പ്രവേശനം പോലും നിയന്ത്രിക്കപ്പെടേണ്ട സാഹചര്യം. അപ്പോഴെല്ലാം സമ്മര്‍ദ്ദത്തിലാകുന്ന ഒരുവിഭാഗമുണ്ട്, പതിനെട്ടാംപടിയില്‍ ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെടുന്ന പൊലീസ് അയ്യപ്പന്‍മാരാണിവര്‍. ഇടവേളകളില്‍ കിട്ടുന്ന അല്പം വിശ്രമസമയമൊഴികെ എല്ലായ്‌പ്പോഴും അയ്യപ്പന്‍മാരെ പതിനെട്ടാംപടി കടത്തിവിടേണ്ടവരാണിവര്‍. മികച്ച ശാരീരികക്ഷമത ഉള്ളവര്‍ക്ക് മാത്രം ചെയ്യാവുന്ന ജോലിയാണിത്. എങ്കിലും അയ്യപ്പ സന്നിധിയിലെ ജോലി കഠിനമായി ഇവരില്‍ പലര്‍ക്കും അനുഭവപ്പെടുന്നില്ല. പതിനെട്ടാംപടിയിലെ ഡ്യൂട്ടിയ്ക്ക് ഒരു നിശ്ചിതസമയത്തേക്ക് 30 പേരെയാണ് നിയമിച്ചിട്ടുള്ളത്. ഇത്തരത്തില്‍ മൂന്നു വേളകളിലായിട്ടാണ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കുക. ഒരു വേളയിലുള്ള 10 പേരെ 20 മിനിറ്റ് വച്ച് മാറ്റിക്കൊണ്ടിരിക്കും.

പത്ത് പേര്‍ ഒരു സമയത്ത് ജോലി നോക്കുമ്പോള്‍ മറ്റ് പത്ത് പേര്‍ ഇവരെ സഹായിക്കാന്‍ കൂടെയുണ്ടാകും. സന്നിധാനത്തേക്കുള്ള ക്യൂവിന്റെ നീളം വര്‍ധിക്കുന്തോറും ഇവരുടെ മേല്‍ സമ്മര്‍ദം വര്‍ധിക്കും. നല്ല തിരക്കുള്ള സമയത്ത് ഒരുമിനുട്ടില്‍ 70 മുതല്‍ 75 അയ്യപ്പന്‍മാരെ വരെ കയറ്റിവിടാനാണ് ഇവര്‍ നിരന്തരം ശ്രമിക്കുന്നത്. ഇത് ചിലപ്പോള്‍ 80 വരെയായിട്ടുണ്ടെന്ന് പതിനെട്ടാം പടിയിലെ ഭക്തരുടെ നീക്കം നിയന്ത്രിക്കുന്ന കെ.എ.പി സി.ഐ. സി. ശ്രീകുമാര്‍ പറഞ്ഞു. തിരുവനന്തപുരം റൂറല്‍ ഡിവൈ.എസ്.പി. സുഗതനാണ് പതിനെട്ടാംപടിയുടെ ചുമതല നല്‍കിയിട്ടുള്ളത്. എല്ലാവരുടെയും സഹകരണത്തോടെ വളരെ വേഗം ഭക്തരെ ഒരിടത്ത് നിര്‍ത്താതെ താങ്ങിയെടുത്ത് മുന്നോട്ട് വിടുകയാണ് ചെയ്യുന്നത്. വികലാംഗരായ അയ്യപ്പന്‍മാരോ പ്രായമായവരോ എത്തുമ്പോള്‍ വിചാരിക്കുന്ന വേഗത്തിലുള്ള നീക്കത്തിന് സാധിക്കാറില്ലെന്ന് പൊലീസ് വ്യക്തമാക്കി.
ഇവരെയും കുട്ടുകളെയും ക്ഷതമേല്‍ക്കാതെ സുരക്ഷിതമായി സന്നിധാനത്തെത്തിക്കുക എന്ന ദൗത്യത്തില്‍ മുഴുവന്‍ സമയവും വ്യാപൃതരാണ് ഇവര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക