Image

രാഹുലിന്റെ ചീറ്റിയ ഭൂകമ്പം മോഡിയെ മിണ്ടിച്ചു (എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 23 December, 2016
രാഹുലിന്റെ ചീറ്റിയ ഭൂകമ്പം മോഡിയെ മിണ്ടിച്ചു (എ.എസ് ശ്രീകുമാര്‍)
ഇന്ത്യക്കാര്‍ കുറച്ചു ദിവസമായി സ്വന്തം ജീവന്‍ കൈയില്‍ പിടിച്ചുകൊണ്ടിരിക്കുകയായിരുന്നു. രാജ്യത്ത് വലിയൊരു ഭുകമ്പം ഉണ്ടാവാന്‍ പോകുന്നുവെന്ന, ഭൗമശാസ്ത്രജ്ഞരെ പോലും കടത്തിവെട്ടുന്ന പ്രവചനത്തിന്റെ പേരിലാണ് ജനം കിടുകിടുങ്ങിയത്. പക്ഷേ, കൊട്ടിഗ്‌ഘോഷിച്ച് പൊക്കിക്കൊണ്ടുവന്ന ഈ രാഷ്ട്രീയ ഭൂകമ്പം നനഞ്ഞ ഈര്‍ക്കിലി പടക്കം പോലെ ചീറ്റിപ്പോയി. വ്യാജ ഭൂകമ്പത്തിന്റെ എപ്പിസെന്റര്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെന്ന അമൂല്‍ ബേബിയുടെ നാവാണ്. ഭൂകമ്പം ഉണ്ടായിരുന്നുവെങ്കില്‍ ''നിന്റെ നാവ് പൊന്നാവട്ടെ...'' എന്ന് പറഞ്ഞ് ഒരു എളിയ ആശംസകന്‍ ആവാമായിരുന്നു. നടന്നില്ല, രാഹുലാന്‍ വല്ലാതെ കൊതിപ്പിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഴിമതി നടത്തിയിട്ടുണ്ടെന്നും താന്‍ അത് വെളിപ്പെടുത്തിയാല്‍ രാജ്യത്ത് ഭൂകമ്പമുണ്ടാവുമെന്നുമാണ് രാഹുല്‍ ആദ്യം പറഞ്ഞത്. പാര്‍ലമെന്റി ഇക്കാര്യം പൊട്ടിക്കുമെന്ന് പറഞ്ഞെങ്കിലും ശീതകാല സമ്മേളനം അവസാനിച്ചതിനാല്‍ പണി നടന്നില്ല. നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തിലാണ് മോഡിക്കെതിരെ അഴിമതി ആരോപണവുമായി രാഹുല്‍ ആക്രോശിച്ചത്.

ഭൂകമ്പം ജനത്തിനെ പേടിപ്പെടുത്തുന്ന പ്രതിഭാസമാണെങ്കിലും രാഹുലിന്റെ വായില്‍നിന്നത് കേള്‍ക്കാന്‍ ബി.ജെ.പിക്കാരുള്‍പ്പെടെ അക്ഷമരായി കാത്തിരുന്നു. എന്നാല്‍ രാഹുല്‍ മിണ്ടിയില്ല. ഒടുവില്‍ സംഗതി തിരിഞ്ഞു കൊത്തുമെന്ന അവസ്ഥ വന്നപ്പോള്‍ നാവുവളച്ചു. നരേന്ദ്ര മോഡി സഹാറ, ബിര്‍ള ഗ്രൂപ്പ് കമ്പനികളില്‍ നിന്ന് കോടികള്‍ കോഴ വാങ്ങിയെന്ന് ഗുജറാത്തിലെ മേഹ്സാനയില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് റാലിയില്‍ അദ്ദേഹം പറഞ്ഞു. 2013 ഒക്ടോബറിനും 2014 ഫെബ്രുവരിക്കുമിടയില്‍ മോഡി, സഹാറ ഗ്രൂപ്പില്‍ നിന്ന് ഒമ്പതുതവണയായി 40 കോടി രൂപ കോഴ വാങ്ങിയതായി ആദായനികുതി വകുപ്പിന്റെ പക്കല്‍ രേഖകളുണ്ട്. കൂടാതെ ബിര്‍ള ഗ്രൂപ്പില്‍ നിന്നു 12 കോടി രൂപയും വാങ്ങി. കിറുകൃത്യമായ കോഴക്കണക്കും ഡേറ്റും ദേ പിടിച്ചോ...സഹാറാ ഗ്രൂപ്പില്‍ നിന്നും മോഡി കൈപ്പറ്റിയ തുകയുടെ തിയ്യതി തിരിച്ചുള്ള കണക്കും തുകയും രാഹുല്‍  പുറത്തുവിട്ടു. 2013 ഒക്ടോബര്‍ 30 മുതല്‍ 2014 ഫെബ്രുവരി 22 വരെ മോഡി സ്വീകരിച്ച കോടികളുടെ കണക്കാണതത്രേ. 2013 ഒക്ടോബര്‍ 30ന്  2.5 കോടി വാങ്ങിയ ശേഷം പിന്നീട് എട്ടു പ്രാവശ്യം കൂടി മോഡി കോഴ വാങ്ങിയെന്നാണ് രാഹുല്‍ പറയുന്നത്. 2013 നവംബര്‍ 12ന് 5.1 കോടി, 2013 നവംബര്‍ 27ന് 2.5 കോടി. 2013 നവംബര്‍ 29ന് 5 കോടി, 2013 നവംബര്‍ 6ന് 5 കോടി, 2013 നവംബര്‍ 19ന് 5 കോടി, 2014 ജനുവരി 13ന് 5 കോടി, 2014 ജനുവരി 28ന് 5 കോടി, 2014 ഫെബ്രുവരി 22ന് 5 കോടി. 

ഇതു കേട്ടാല്‍ മോഡി മിണ്ടാതിരിക്കുമോ...? പൊതു ജനത്തിന്റെ ജീവിതം ചവുട്ടിമെതിച്ച് വഴിയാധാരമാക്കിയ നോട്ട് വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഏഴയലത്തുപോലും വരാതിരുന്ന പ്രധാനമന്ത്രി മോഡിയുടെ വായ പിളര്‍ന്ന് നോക്കണമായിരുന്നു അതിനകത്ത് നാവ് എന്നൊരു അവയവം ഉണ്ടോ എന്നറിയാന്‍. എന്നാല്‍ പാര്‍ലമെന്റിനും പുറത്തും 'മൗനി'മോഡി കളിച്ച പ്രധാനമന്ത്രിയെ മിണ്ടിക്കുന്നതില്‍ രാഹുല്‍ വിജയിച്ചു. പക്ഷേ അത് രാഹുലാന് റിവേഴ്‌സ് പാരയായി എന്നതാണ് ദുഖകരം. രാഹുലിന്റെ പേരെടുത്ത് പറയാതെയുള്ള മോഡിയുടെ വാചക പീഡനമിങ്ങനെ...''അവര്‍ക്ക് ഒരു യുവ നേതാവുണ്ട്. അദ്ദേഹം പ്രസംഗിക്കാന്‍ പഠിച്ചു. അദ്ദേഹം പ്രസംഗിക്കാന്‍ പഠിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. അദ്ദേഹം സംസാരിച്ചില്ലായിരുന്നെങ്കില്‍ ഒരു ഭൂമികുലുക്കമുണ്ടായേനെ. എന്നാല്‍ അദ്ദേഹം സംസാരിക്കാന്‍ തുടങ്ങിയതിനാല്‍ ഇനിയൊരു ഭൂമികുലുക്കത്തിനുള്ള സാധ്യതയില്ല. രാജ്യത്ത് ഒരു ഭൂകമ്പം ഉണ്ടാകാത്തതില്‍ സന്തോഷമുണ്ട്. 2009ല്‍ രാഹുല്‍ വന്നതു മുതല്‍ ഈ പൊതിയില്‍ എന്താണെന്നറിയാന്‍ ജനങ്ങള്‍ കാത്തിരുന്നു. ഇപ്പോള്‍ എന്തെന്ന് മനസിലായി...'' സ്വന്തം മണ്ഡലമായ വാരണാസിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മോഡി രാഹുലിനെ പരിഹസിക്കുന്ന രീതിയിലുള്ള പരാമര്‍ശം നടത്തിയത്. നോട്ട് നിരോധനത്തിനു ശേഷം മോഡി ആദ്യമായാണ് വാരണാസിയിലെത്തുന്നത്. ഇത് തിണ്ണമിടുക്കേയല്ല.

രാഹുലിന് അമളി പിണഞ്ഞെന്നാണ് മനസിലാക്കുന്നത്. മോഡിയെ ചൊറിയാന്‍ കാട്ടിയ ശുഷ്‌കാന്തിയും തിടുക്കവും ആക്രാന്തവുമാണ് ഭൂകമ്പം ചീറ്റിപ്പോകാന്‍ കാരണം. മോഡിക്കെതിരെ സന്നദ്ധ സംഘടനയായ 'കോമണ്‍ കോസ്' അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിരുന്നു. മോഡി സഹാറ-ബിര്‍ള ഗ്രൂപ്പില്‍ നിന്ന് ഗുജറാത്ത് ഭരണകാലത്ത് പണം വാങ്ങി എന്ന് ആരോപിച്ചാണ് പ്രശാന്ത് ഭൂഷണ്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ അഴിമതിക്ക് തെളിവല്ലെന്ന് പറഞ്ഞ് കോടതി കയ്യോടെ ഇത് തള്ളുകയായിരുന്നു. രാഹുലിന്റെ ആരോപണങ്ങള്‍ വ്യാജമാണെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ മാത്രം മോഡിക്കെതിരെ കേസെടുക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇത്തരം കേസുകള്‍ പരിഗണിക്കാന്‍ കോടതിക്ക് യാതൊരു മടിയുമില്ലെന്നും എന്നാല്‍ വ്യക്തമായ തെളിവ് ഉണ്ടാകണമെന്നും കോടതി വ്യക്തമാക്കി. നിലവില്‍ പ്രശാന്ത് ഭൂഷണ്‍ നല്‍കിയ തെളിവുകള്‍ പൂര്‍ണമല്ലെന്നും കോടതി. കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ കോടതി ഡിസംബര്‍ 14 വരെ പ്രശാന്ത് ഭൂഷണിന് സമയം അനുവദിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഇതില്‍ പരാജയപ്പെട്ടിരിക്കുകയാണ്. പ്രശാന്ത് ഭൂഷണ്‍ കോടതിയോട് കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബര്‍ 16ന് വീണ്ടും കേസ് പരിഗണിച്ച കോടതി ജനുവരി 11 ലേക്ക് കേസ് മാറ്റിയിട്ടുണ്ട്.

സുപ്രീംകോടതി നിരാകരിച്ച ഒരു കാര്യം തെളിവായി വിളിച്ചുകൂവുന്ന രാഹുലിന്റെ തലയില്‍ കളിമണ്ണാണോ എന്ന് ചോദിക്കുന്നവരുണ്ട്. രാഹുലിന്റെ കുടുംബം അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി കേസില്‍ ആരോപണവിധേയരാണ്. അത് മറയ്ക്കാനുള്ള വൃഥാശ്രമമായിരുന്നു മോഡിക്കെതിരെ അഴിമതിയാരോപണമെന്ന് ബി.ജെ.പിക്കാര്‍ പറഞ്ഞു പരത്തി കോലം തുള്ളുകയും ചെയ്യുന്നു. അതേസമയം നോട്ട് നിരോധനം ശുദ്ധീകരണ പ്രവര്‍ത്തനമാണെന്നും ജനങ്ങള്‍ ഇതിനെ പിന്തുണയ്ക്കുകയാണെന്നും എന്നാല്‍ പ്രതിപക്ഷം അഴിമതിക്കാരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും മോഡി പറയുന്നു. പാകിസ്ഥാന്‍ ഭീകരരെ സംരക്ഷിക്കുന്നതു പോലെയാണ് അഴിമതിക്കാരെ പ്രതിപക്ഷം സംരക്ഷിക്കുന്നാണ് മോഡിയുടെ നവ സിദ്ധാന്തം. എന്നാല്‍ നോട്ട് അസാധുവാക്കിക്കൊണ്ട് മോഡി പറഞ്ഞ മൂന്നു കാര്യങ്ങള്‍ മറക്കാത്ത ഒരാളും ഇന്ത്യയിലുണ്ടാവില്ല. വ്യാജ നോട്ടുകള്‍ പിടികൂടല്‍, കള്ളപ്പണം പുറത്തുകൊണ്ടുവരല്‍, തീവ്രവാദ-ഭീകര സംഘങ്ങളുടെ ധനസ്രോതസ്സ് തടയല്‍ എന്നിവയായിരുന്നു അവ.

 ദുരിതക്കയത്തിലായ ജനങ്ങളെ ആശങ്കയിലും അനിശ്ചിതത്വത്തിലും കുരുക്കിയിടുന്ന തിരുത്തലുകളും വിശദീകരണങ്ങളും വാഗ്ദാനങ്ങളുമാണ് ദിവസവും വന്നുകൊണ്ടിരിക്കുന്നത്. നോട്ട് നിരോധനം വന്ന ശേഷം 60 തവണയാണ് റിസര്‍വ് ബാങ്ക് ഉത്തരവുകള്‍ ഭേദഗതി ചെയ്തത്. 50 ദിവസംകൊണ്ട് എല്ലാം ശരിയാവുമെന്ന മോഡിയുടെ സുഖിപ്പിക്കലില്‍ ആശ്വാസം കണ്ടത്തെിയവര്‍പോലും ഇപ്പോള്‍ അങ്കലാപ്പിലായിരിക്കുകയാണ്. അതുപോകട്ടെ, നമ്മുടെ വിധിയെന്നു പറഞ്ഞ് സമാധാനിക്കാം. കള്ളപ്പണവേട്ട എത്രത്തോളം സഫലമായി എന്ന് നോക്കേണ്ടതാണല്ലോ. നവംബര്‍ എട്ടിനുശേഷം ഇന്നുവരെ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 4200 കോടിയിലേറെ രൂപയുടെ കള്ളപ്പണമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കണ്ടെടുക്കാന്‍ കഴിഞ്ഞിരിക്കുന്നത്. അതില്‍ ഏറിയപങ്കും പുതിയ കറന്‍സി നോട്ടുകളാണ്. എന്നുവെച്ചാല്‍, ദിവസങ്ങള്‍കൊണ്ടുതന്നെ കള്ളപ്പണ ലോബി തിരിച്ചടിയെ അതിജീവിക്കാന്‍ പഠിച്ചു എന്നര്‍ഥം. നിത്യേന കള്ളപ്പണവേട്ടയുടെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുമ്പോള്‍ ഈ ധാരണ ശക്തിപ്പെടുന്നു. ഇപ്പോള്‍ കണ്ടത്തെിയതായി പറയുന്ന കോടികളാവട്ടെ, ഇന്ത്യയില്‍  പ്രചാരത്തിലുള്ള കരിമ്പണത്തിന്റെ ചെറിയ തുമ്പ് മാത്രമാണ്. ടിപ്പ് ഓഫ് ആന്‍ ഐസ്ബര്‍ഗ്... 2012ല്‍ സി.ബി.ഐ ഡയറക്ടറുടെ വെളിപ്പെടുത്തല്‍ പ്രകാരം നികുതി വെട്ടിപ്പുകാരുടെ നിക്ഷേപം വിദേശ സുരക്ഷിത ബാങ്കുകളില്‍ 5000 മില്യണ്‍ അമേരിക്കന്‍ ഡോളറുണ്ട്. നാലുവര്‍ഷം കഴിഞ്ഞപ്പോള്‍ സംഖ്യ എവിടെയത്തെിയിരിക്കുമെന്ന് ഊഹിക്കാന്‍പോലുമാവില്ല.

രാഹുലിന്റെ ചീറ്റിയ ഭൂകമ്പം മോഡിയെ മിണ്ടിച്ചു (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക