Image

ഷാര്‍ജ ഭരണാധികാരി ഷേഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് സെപ്റ്റംബറില്‍ കേരളം സന്ദര്‍ശിക്കും

Published on 23 December, 2016
ഷാര്‍ജ ഭരണാധികാരി ഷേഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് സെപ്റ്റംബറില്‍ കേരളം സന്ദര്‍ശിക്കും


      ദുബായ്: യുഎഇ സന്ദര്‍ശനത്തിനിടയില്‍ ഷാര്‍ജ ഭരണാധികാരി ഷേഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ഷാര്‍ജ ഭരണാധികാരി ഷേഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി സെപ്റ്റംബറില്‍ കേരളത്തിലെത്തുമെന്ന് ഉറപ്പു നല്‍കിയതായി കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി അറിയിച്ചു. കേരളത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ചില വന്‍ പദ്ധതികള്‍ അന്നു പ്രഖ്യാപിക്കുമെന്നാണു കേരളത്തിന്റെ പ്രതീക്ഷ. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ കെ. മുരളീധരന്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഷാര്‍ജയിലെ ഇന്ത്യന്‍ സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. തുടര്‍ന്നു ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടന്ന സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു.

പ്രവാസികളുടെ നിക്ഷേപത്തിനു സംസ്ഥാന സര്‍ക്കാര്‍ ഗാരന്റി നല്‍കുമെന്ന് എമിറേറ്റ്‌സ് ടവറില്‍ ദുബായ് സ്മാര്‍ട്ട് സിറ്റി നടത്തിയ ബിസിനസുകാരുടെ സംഗമത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കവേ മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ വികസനത്തിനു വന്‍ തോതില്‍ സംഭാവന നല്‍കിയതു പ്രവാസികളാണ്. സംസ്ഥാനെത്ത എതു മേഖലയിലും അവര്‍ക്കു നിക്ഷേപിക്കാനുള്ള സാഹചര്യം നിലവിലുണ്ട്. പ്രവാസികളുടെ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവാസി നിക്ഷേപ സഹായ സെല്ലും പ്രമുഖ വ്യവസായികളെ ഉള്‍പ്പെടുത്തി പ്രവാസി നിക്ഷേപ കൗണ്‍സിലും രൂപീകരിക്കും. സര്‍ക്കാരിന്റെ പുതിയ വ്യവസായ നയം ഉടന്‍ പ്രഖ്യാപിക്കും. എകജാലക സംവിധാനം നടപ്പാക്കുന്നതു വഴി വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാനാവുമെന്നും പിണറായി പറഞ്ഞു.

മുഖ്യമന്ത്രിയായ ശേഷം ഗള്‍ഫിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനു വന്‍ വരവേല്‍പാണു ലഭിച്ചത്. അല്‍ഖൂസിലെ ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ച മുഖ്യമന്ത്രി തൊഴിലാളികളുടെ താമസ സ്ഥലങ്ങളും ഭക്ഷണശാലയുമെല്ലാം ചുറ്റിനടന്നു കണ്ട ശേഷമാണ് ക്യാമ്പിലെ ഓഡിറ്റോറിയത്തില്‍ തൊഴിലാളികളെ അഭിസംബോധന ചെയ്തത്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക