Image

രാഹുലിന്റെ മെഹസാന വെളിപാടും മോഡിയുടെ ഗംഗാപവിത്രതയും- (ഡല്‍ഹി കത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 25 December, 2016
രാഹുലിന്റെ മെഹസാന വെളിപാടും മോഡിയുടെ ഗംഗാപവിത്രതയും- (ഡല്‍ഹി കത്ത് : പി.വി.തോമസ്)
 കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ മെഹസാന(ഗുജറാത്ത്) വെളിപാടും അതിനോടുള്ള പ്രധാനമന്ത്രിയുടെ നിന്ദാപൂര്‍വ്വമായ പ്രതികരണവും (ബനാറസ് ഹിന്ദു യൂണിവാഴ്‌സിറ്റി ഉത്തര്‍പ്രദേശ്) നിയമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ മോഡിപ്രകീര്‍ത്തനവും(ന്യൂഡല്‍ഹി) ശ്രദ്ധേയമായ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ആണ്.

ആദ്യം രാഹുലിന്റെ ആ വെളിപാട്. രാഷ്ട്രം കാത്തിരുന്ന ഒരു ഭൂകമ്പം ആയിരുന്നു അത്. അതില്‍ പുതിയതായി ഒന്നും ഇല്ല. പക്ഷേ, അതിനെ പുച്ഛിച്ച് അങ്ങനെ തള്ളുവാനും ആവുകയില്ല. കാരണം അഴിമതി ആരോപണം ഉന്നയിച്ചിരിക്കുന്നത് കോണ്‍ഗ്രസിന്റെ ഉപാദ്ധ്യക്ഷന്‍ ആണ്. ആരോപണ വിധേയന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി ആണ്. ഇതേ ആരോപണങ്ങള്‍ ത്രിണമൂല്‍ കോണ്‍ഗ്രസും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും 2014-ല്‍ ഉയര്‍ത്തിയതാണ്. അതുപോലെതന്നെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സൂപ്രീംകോടതിയില്‍ ഒരു പൊതുതാല്‍പര്യഹര്‍ജി മുഖാന്തിരം വാദിച്ചതും സുപ്രീംകോടതി കൂടുതല്‍ വിശ്വാസ്യമായ തെളിവുകള്‍ പ്രമാണ സഹിതം ആവശ്യപ്പെട്ടിട്ടുള്ളതുമാണ്. കേസ് തള്ളിയിട്ടില്ല. ഇങ്ങനെയൊക്കെയാണെങ്കില്‍ തന്നെയും രാഹുല്‍ ഗാന്ധി മോഡിക്കെതിരെ ഉന്നയിച്ച 40 കോടിരൂപയുടെ വ്യക്തിപരമായ അഴിമതി ആരോപണം ഗൗരവമേറിയതാണ്. അത് പരിസഹിക്കപ്പെടേണ്ടത് അല്ല. സുപ്രീംകോടതിയുടെ പരാമര്‍ശനങ്ങള്‍ തികച്ചും നിയമപരമാണ്. അന്ത്യമം അല്ല.

രാഹുല്‍ ഗാന്ധിയുടെ ആരോപണ പ്രകാരം മോഡി വ്യക്തിപരമായി അഴിമതിക്കാരനാണ്. ഇതിന് അദ്ദേഹം നിരത്തുന്ന രേഖകള്‍ ഇന്‍ഡ്യയുടെ ആദായനികുതി വിഭാഗത്തിന്റെ തെളിവുകള്‍ ആണ്. മോഡി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ സഹാറ-ബിര്‍ള ഗ്രൂപ്പുകളില്‍ നിന്നും കൈക്കൂലി വാങ്ങിയത്രെ. ഇതിന് തെളിവായി അദ്ദേഹം വെളിപ്പെടുത്തുന്ന രേഖകള്‍ പരിശോധിക്കാം.
രാഹുല്‍ഗാന്ധി നരേന്ദ്രമോഡിക്ക് എതിരായി ഒരു ബോംബ് തന്റെ കയ്യിലുണ്ടെന്നും അത് ബുള്ളറ്റ് പ്രൂഫ് തെളിവ് സഹിതം ആണെന്നും അത് പൊട്ടിച്ചാല്‍ ഭൂകമ്പം ഉണ്ടാകുമെന്നും മോഡി പ്രധാനമന്ത്രി പദം രാജി വയ്‌ക്കേണ്ടിവരും എന്നൊക്കെ ഭീഷണിപ്പെടുത്തിയിരുന്നു. ലോകസഭയില്‍ അത് ഉന്നയിക്കുവാനുള്ള അവസരം സ്പീക്കര്‍/ ഗവണ്‍മെന്റ് നല്‍കാത്തതും അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. വരട്ടെ ഈ അണുബോംബ് എന്നായി രാഷ്ട്രം. പക്ഷേ, എന്താണ് അദ്ദേഹം പൊട്ടിച്ച ബോംബ്?
ഇത് ഒരു പഴയ ബോംബ്/ പടക്കം ആയിപ്പോയി. ആദ്യം സൂചിപ്പിച്ചതുപോലെ കേജരിവാള്‍ ഡല്‍ഹി നിയമസഭയില്‍ പ്രസ്താവിച്ചതും പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജിപ്രകാരം ഉന്നയിച്ചതും സുപ്രീംകോടതി കാര്യമായി എടുക്കാത്തതുമായ ഒരു അഴിമതി ആരോപണം ആയിരുന്നു. പക്ഷേ, അതുകൊണ്ട് രാഹുലിന്റെ ആരോപണം ആരോപണം ആകാതാകുന്നില്ല.

എന്താണ് രാഹുലിന്റെ മെഹസാന വെളിപാട്? എന്താണ് അതിന്റെ രാഷ്ട്രീയ പ്രാധാന്യം? പരിശോധിക്കാം.

നരേന്ദ്രമോഡിയുടെ മാതൃസംസ്ഥാനമായ ഗുജറാത്തില്‍ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ(ജില്ല)മെഹസാനയില്‍ ഒരു പൊതുയോഗത്തില്‍ വച്ച് ഈ വിവരം വെളിപ്പെടുത്തുവാന്‍ രാഹുല്‍ഗാന്ധി തീരുമാനിച്ചത് തികച്ചും രാഷ്ട്രീയം ആണ്. ഒരു സിംഹത്തെ അതിന്റെ മടയില്‍ ചെന്ന് തളയ്ക്കുകയെന്ന ഇംഗ്ലീഷ് പഴമൊഴി അനുസരിച്ച്. പക്ഷേ, രാഹുലിന് അത് സാധിച്ചോ? അത് സമയം വെളിപ്പെടുത്തും. പക്ഷേ, അദ്ദേഹം അതിനുള്ള തന്റേടം കാണിച്ചുവെന്ന് മാത്രം തല്‍ക്കാലം വിലയിരുത്താം.

ആദായനികുതി ഡിപ്പാര്‍ട്ടുമെന്റിനെ ഉദ്ധരിച്ചുകൊണ്ട് രാഹുല്‍ പറഞ്ഞത് 2013 ല്‍ ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കവെ മോഡി സഹാറ-ബിര്‍ള വ്യവസായി ഗ്രൂപ്പുകളില്‍ നിന്നും 40 കോടിരൂപ പറ്റിയിട്ടുണ്ടെന്നാണ്. അതിന്റെ തീയതികളും മറ്റ് വിശദാംശങ്ങളും ആദായനികുതി രേഖകളില്‍ ഉണ്ട്. അതിന്റെ വിശദാംശങ്ങളിലേക്ക് ഇവിടെ പോകുന്നില്ല. അപ്പോള്‍ രാഹുലിന്റെ മെഹസാന വെളിപ്പാട്പ്രകാരം മോഡി വ്യക്തിപരമായി അഴിമതിക്കാരന്‍ ആണ്. അദ്ദേഹം സഹാറ-ബിര്‍ള വ്യവസായികളില്‍ നിന്നും 40 കോടിരൂപ 2013 ല്‍ ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കവെ പറ്റിയിട്ടുണ്ട്. ഇതിന്റെ തെളിവ് ആദായ നികുതി ഡിപ്പാര്‍ട്ടുമെന്റിന്റെ രേഖകള്‍ ആണ്. ഇതിനെ സഹാറയോ ബിര്‍ളയോ(ആദിത്യബിര്‍ള) നിഷേധിച്ചിട്ടില്ല. മോഡിയും നിഷേധിച്ചിട്ടില്ല.
പകരം മോഡി രാഹുലിനെ പരിഹസിക്കുകയാണ് ചെയ്തത്. രാഹുല്‍ സംസാരിക്കുവാന്‍ പഠിക്കുകയാണെന്നും അതില്‍ അദ്ദേഹത്തിന് സന്തോഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് ഇതുപോലുള്ള ഗുരുതരമായ ഒരു അഴിമതി ആരോപണത്തിനുള്ള മറുപടി അല്ല. പ്രധാനമന്ത്രി, താങ്കള്‍ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ആദായനികുതി രേഖകള്‍ പറയുന്ന മാതിരി 40 കോടിരൂപ സഹാറ-ബിര്‍ള ഗ്രൂപ്പുകളില്‍ നിന്നും പറ്റിയിരുന്നോ കൈക്കൂലിയായി? ഇതാണ് ചോദ്യം. എന്തുകൊണ്ട് താങ്കള്‍ ഇതിന് ഉത്തരം പറയാതെ കൊഞ്ഞനം കുത്തുന്നു? പറയൂ ഉവ്വോ ഇല്ലയോ എന്ന്.

മോഡിയുടെ നിയമകാര്യമന്ത്രി പറയുന്നത് പ്രധാനമന്ത്രി ഗംഗപോലെ പവിത്രം ആണെന്നാണ്. ഇതും ഒരു മറുപടി അല്ല ഒരു അഴിമതി ആരോപണത്തിന്. ഇപ്പോള്‍ ഗംഗ പോലും മലീമസമാണ് ശ്രീരവിശങ്കര്‍ പ്രസാദ്. മറുപടിക്ക് പകരം രവിശങ്കര്‍ പ്രസാദ് രാഹുല്‍ ഗാന്ധിയുടെ വ്യക്തിഹത്യക്കാണ് ശ്രമിക്കുന്നത്. അദ്ദേഹം തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാത്തതിനാല്‍ നിരാശന്‍ ആണെന്നും അതുകൊണ്ടാണ് ഈ വക ആരോപണങ്ങള്‍ പ്രധാനമന്ത്രിക്ക് എതിരായി ഉന്നയിക്കുന്നതെന്നും ആണ് പ്രസാദിന്റെ പ്രതികരണം. മാത്രവും അല്ല അഗസ്തവെസ്റ്റ് ലാന്റ് ഇടപാടില്‍ ഗാന്ധി കുടുംബത്തിന്റെ വേര് ഉള്‍പ്പെടുന്നതില്‍ നിന്നും ശ്രദ്ധതിരിക്കുവാനാണ് രാഹുലിന്റെ മോഡി വിരുദ്ധ ആരോപണം എന്നും അദ്ദേഹം പ്രതിരോധിക്കുന്നു. ഇതിലും കഴമ്പില്ല. ഒന്ന് രണ്ട് അഴിമതികേസുകള്‍ ആണ്. രണ്ട് ഒഗസ്ത വെസ്റ്റ് ലാന്റിലെ ഇടനിലക്കാരന്‍ കൃസ്ത്യനെ മിഷല്‍ അദ്ദേഹത്തിന്റെ ഡയറിയില്‍ പരാമര്‍ശിച്ച ഇന്‍ഡ്യന്‍ രാഷ്ട്രീയ കുടുംബം ഗാന്ധികുടുംബം അല്ലെന്ന് രണ്ടാഴ്ചമുമ്പ് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇത് ശരിയോ തെറ്റോ ആയിരിക്കാം. തല്‍ക്കാലം വിശ്വസിച്ചേപറ്റൂ. അല്ലെങ്കില്‍ രവിശങ്കരപ്രസാദിന്റെ ഗവണ്‍മെന്റ് അന്വേഷിച്ച് സത്യം ജനങ്ങളുടെ മുമ്പാകെ കൊണ്ടുവരട്ടെ.

 സുപ്രീം കോടതി മോഡി-ഭൂഷണ്‍ കേസ് തള്ളിയിട്ടില്ല. കൂടുതല്‍ വിശ്വാസ്യമായ തെളിവുകള്‍ ഹാജരാക്കുവാന്‍ ആണ് പ്രശാന്ത് ഭൂഷണനോട് പറഞ്ഞിട്ടുള്ളത്. കേസിന്റെ അടുത്ത അവധി ജനുവരി പതിനൊന്ന് ആണ്. പക്ഷേ സുപ്രീം കോടതിയുടെ ഡിസംബര്‍ 21-ാം തീയതിയിലെ പരാമര്‍ശനങ്ങള്‍ പ്രശാന്ത് ഭൂഷണ് എതിരും മോഡിക്ക് അനുകൂലവും ആയിരുന്നു. സുപ്രീംകോടതിയുടെ ബഞ്ച്-ജെ.എസ്.കെഹര്‍, എ.മിസ്ര-പറഞ്ഞത് ഭൂഷന്റെ തെളിവുകള്‍ക്ക് പൂജ്യത്തിന്റെ വിലയേ ഉള്ളൂ എന്നാണ്. അവ കെട്ടിച്ചമച്ചതും അധികാരമല്ലാത്തതും ആണ്. വിശ്വാസ്യമല്ല. ആര്‍ക്കും ആര്‍ക്കും എതിരായി ഇങ്ങനെ രേഖകള്‍ ചമക്കാം.

ജസ്റ്റീസ് കെഹര്‍ ഈ കേസ് വിചാരചെയ്യുന്നതില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കണമെന്ന് ഭൂഷണ്‍ ആവശ്യപ്പെട്ടു. കാരണം അദ്ദേഹം പരിചയത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഡ്യയുടെ അടുത്ത മുഖ്യന്യായാധിപന്‍ ആണ്. ജനുവരിയില്‍ നിയമനം ആണ്. ആ ഫയല്‍ പ്രധാനമന്ത്രിയുടെ പരിഗണനയിലും ആണ്. അതുകൊണ്ട് അദ്ദേഹം പക്ഷപാതം ഒന്നും കാണിക്കുവാന്‍ അനുവദിച്ചുകൂട. ഭൂഷന്റെ വാദം ആര്‍മിചീഫിന്റെ നിയമനത്തിന്റെ വെളിച്ചത്തില്‍ കാണണം. സീനിയോറിറ്റിയെ മറികടന്നാണ് പുതിയ കരസേന മേധാവിയെ മോഡിഗവണ്‍മെന്റ് നിയമിച്ചിരിക്കുന്നത്.
പക്ഷേ, രാഹുലിന്റെ മോഡി വിരുദ്ധ അഴിമതി ആരോപണത്തിന് കനത്ത ആഘാതം ഏറ്റത് മോഡിയില്‍ നിന്നോ രവിശങ്കര്‍ പ്രസാദില്‍ നിന്നോ സുപ്രീംകോടതിയില്‍ നിന്നോ അല്ല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ദല്‍ഹി മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ നെടുംനായികയുമായ ഷീല ദീഷിത്തില്‍ നിന്നും ആണ്. രേഖകള്‍ പ്രകാരം സഹാറയില്‍ നിന്നും കൈക്കൂലി വാങ്ങിയ മോഡി അടക്കമുള്ള 100 ല്‍ പരം രാഷ്ട്രീയ നേതാക്കന്മാരില്‍ ഷീലദീക്ഷിത്തും പെടും. രാഹുലിന്റെ മെഹസാന വെളിപാടിനോട് പ്രതികരിക്കവെ ഷീല ദീക്ഷിത്ത് പറഞ്ഞു ആ ആരോപണം വസ്തുനിഷ്ഠം അല്ല എന്ന്. ഷീല ദീക്ഷിത്ത് ഒരു മോടിരൂപ വാങ്ങി എന്നാണ് രേഖപ്രകാരം. ദീക്ഷിത്ത് ആ രേഖയെ അപ്പാടെ തള്ളിപ്പറയുകയും ചെയ്തു. ഇതില്‍പ്പരം ഒരു അടി രാഹുലിന് ലഭിക്കുവാന്‍ ഉണ്ടോ?

പക്ഷേ, ഇതല്ല ഇവിടെ പ്രശ്‌നം. അഴിമതി ആരോപണവിധേയര്‍ ഇങ്ങനെയൊക്കെ പറയും. പക്ഷേ, നിയമവും അന്വേഷണ ഏജന്‍സികളും സര്‍വ്വോപരി ഗവണ്‍മെന്റും സത്യം കണ്ടെത്തണം.

ആരോപണത്തിന്റെ സത്യാവസ്ഥ ജനങ്ങളെ ബോധിപ്പിക്കണം. മോഡി രാഹുലിനെ പരിഹസിക്കാതെ ആരോപണങ്ങള്‍ക്ക് ഉത്തരം പറയണം. അദ്ദേഹം സഹാറ-ബിര്‍ള വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും 40 കോടി രൂപ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ കൈക്കൂലി ആയി വാങ്ങിയോ? ഉത്തരം തരൂ പ്രധാനമന്ത്രി. സുപ്രീംകോടതി വിചാരണ അതിന്റെ മുറയ്ക്ക് നടക്കട്ടെ. പക്ഷേ, അങ്ങ് ജനസഭയില്‍ വിശ്വസിക്കുന്ന ആള്‍ അല്ലേ? ജനസമക്ഷം സത്യം ബോധിപ്പിക്കൂ.

രാഹുലിന്റെ മെഹസാന വെളിപാടും മോഡിയുടെ ഗംഗാപവിത്രതയും- (ഡല്‍ഹി കത്ത് : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക