Image

ജീവനു വേണ്ടിയുള്ള ഫാ. ടോം ഉഴുന്നാലിലിന്റെ യാചന ഹൃദയഭേദകം (എ. എസ് ശ്രീകുമാര്‍)

Published on 26 December, 2016
ജീവനു വേണ്ടിയുള്ള ഫാ. ടോം ഉഴുന്നാലിലിന്റെ യാചന ഹൃദയഭേദകം (എ. എസ് ശ്രീകുമാര്‍)
sign the change.org petition



കഴിഞ്ഞ ഒന്‍പത് മാസമായി ഐ.എസ് ഭീകരര്‍ എന്ന് സംശയിക്കപ്പെടുന്നവര്‍ തട്ടിക്കൊണ്ടു പോയി യമനിലെ അജ്ഞാത കേന്ദ്രത്തില്‍ പീഡിപ്പിച്ച് പാര്‍പ്പിച്ചിരിക്കുന്ന മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിലിന്റെ ഏറ്റവും പുതിയ വീഡിയോ കാണുന്നവരുടെ മനഃസാക്ഷി മരവിച്ചു പോകും. ഇന്നാണ് (ഡിസംബര്‍ 26) ഫാ. ഉഴുന്നാലിലിന്റെ ക്ഷീണിച്ച മുഖവും വേദനിപ്പിക്കുന്ന യാചനകളുമൊക്കെയായി യുട്യൂബില്‍ ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. അദ്ദേഹം തന്റെ ജീവനു വേണ്ടി യാചിക്കുകയാണ്. താന്‍ ക്ഷീണിതനും നിരാശനുമാണെന്നും അടിയന്തിരമായി വൈദ്യ സഹായം ലഭ്യമാക്കണമെന്നുമാണ് അദ്ദേഹത്തിന്റെ അപേക്ഷ. ഇന്ത്യക്കാരനായതു കൊണ്ടാണ് തനിക്കീ അവസ്ഥ ഉണ്ടായതെന്നും ഒരു യൂറോപ്യന്‍ ആയിരുന്നെങ്കില്‍ പണ്ടേ മോചിപ്പിക്കപ്പെട്ടേനെ എന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പയോടും ക്രൈസ്തവ സഭകളോടും ഇന്ത്യന്‍ പ്രസിഡന്റിനോടും പ്രധാനമന്ത്രിയോടുമൊക്കെ ഫാ. ഉഴുന്നാലില്‍ കഠിന വേദനയുള്ളിലൊതുക്കി പറയുന്നു. ഇന്ത്യന്‍ ദേശീയ മാധ്യമങ്ങളും ലോകമാധ്യമങ്ങളും ചര്‍ച്ചയ്‌ക്കെടുക്കേണ്ട ഈ വിഷയം എപ്രകാരം ഫലപ്രാപ്തിയിലെത്തുമെന്ന ആശങ്കയുണ്ട്, അങ്കലാപ്പുണ്ട്.

യെമനില്‍ പത്തു വര്‍ഷത്തോളമായി പൗരോഹിത്യത്തിലേര്‍പ്പെട്ടിരുന്ന പാലാ, രാമപുരം സ്വദേശിയായ ഫാ. ഉഴുന്നാലിലിനെ ഏദനിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഓള്‍ഡ് ഏജ് ഹോമില്‍ നിന്ന് മാര്‍ച്ച് നാലിനാണ് തട്ടിക്കൊണ്ടു പോയത്. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന നാല് ഇന്ത്യന്‍ കന്യാസ്ത്രികള്‍ ഉള്‍പ്പെടെ പതിനാറ് പേരെ തീവ്രവാദികള്‍ കൊലപ്പെടുത്തുകയുണ്ടായി. തുടര്‍ന്ന് കേന്ദ്ര ഗവണ്‍മെന്റ് നടത്തിയ മോചനശ്രമങ്ങള്‍ വിജയിച്ചില്ല. തട്ടിക്കൊണ്ടു പോകുന്നവരെ ഐ.എസ് ഭീകരര്‍ പ്രാകൃതമായ രീതിയില്‍ വധിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഫാ. ടോമിനെ തട്ടിക്കൊണ്ടു പോയത് ഐ.എസ് ഭീകരരാണോ, അല്‍ ഖ്വയ്ദയാണോ എന്ന് വ്യക്തത വരുത്താന്‍ കേന്ദ്ര സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നുള്ളത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. കഴിഞ്ഞ ജൂലൈ മാസത്തില്‍, ഫാ. ടോം ജീവിച്ചിരിപ്പുണ്ടെന്നും അദ്ദേഹത്തെ മോചിപ്പിക്കുവാന്‍ എല്ലാവിധ ശ്രമങ്ങളും നടത്തി വരികയാണെന്നും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കിയിരുന്നു. അതിനു ശേഷം യാതൊരു പുരോഗതിയും ഉണ്ടായില്ല എന്നത് ബന്ധപ്പെട്ടവരുടെ കുറ്റകരമായ അനാസ്തയെ സൂചിപ്പിക്കുന്നു. സുഷമയുടേത് വെറും ആശ്വാസ വാക്കുകള്‍ മാത്രമായിരുന്നോ എന്നാണ് സംശയം. കാരണം ഫാ. ടോമിനെ മോചിപ്പിക്കുന്നത് സംബന്ധിച്ച് ക്രിയാത്മകമായ എന്തൊക്കെ നടപടികള്‍ എടുത്തു എന്ന് പറയാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. 

ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ ഉള്‍പ്പെട്ട മൂന്നു പേരെ അറസ്റ്റു ചെയ്തു എന്ന വാര്‍ത്ത ജൂലായ് മാസത്തില്‍ പുറത്തു വന്നെങ്കിലും ഇത് സംബന്ധിച്ച സ്ഥിരീകരണമൊന്നുമില്ല. ഇതേ മാസം തന്നെ ഫാ. ഉഴുന്നാലിലിനെ ഭീകരര്‍ മര്‍ദിക്കുന്ന, ഞെട്ടലുളവാക്കുന്ന ഒരു വീഡിയോയും പുറത്ത് വിട്ടിരുന്നു. താടിയും മുടിയും വളര്‍ന്ന് തികച്ചും ക്ഷീണിതനും ദുര്‍ബലനുമായാണ് അദ്ദേഹത്തെ അന്ന് കാണപ്പെട്ടത്. ഇപ്പോള്‍ പുറത്തു വിട്ട വീഡിയോയിലും ആരോഗ്യം ക്ഷയിച്ച അവസ്ഥയിലാണ് അദ്ദേഹത്തിന്റെ ഭാവങ്ങള്‍. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ഫാ. ടോമിനെ തൂക്കിലേറ്റി എന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. ഫാ.  ടോമിന്റെ മോചനത്തിന് കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ഒരു ദൗത്യ സംഘത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലേക്ക് അയച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗങ്ങള്‍ മന്ത്രി സുഷമാ സ്വരാജുമായി അടിയന്തിര ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. ജോസ് കെ മാണി എം.പി ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിക്കുകയും ചെയ്തു. പക്ഷേ, ഗുണപരമായ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നതാണ് ദുഃഖകരം. 

യമനിലെ ആഭ്യന്തര കലാപത്തിന് യാതൊരു അറുതിയും വന്നിട്ടില്ല. 2015ല്‍ യെമനില്‍ കുടുങ്ങിപ്പോയ മലയാളി നേഴ്‌സുമാര്‍ അടക്കമുള്ളവരെ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവന്നിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നേരിട്ട് ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്. അത്തരത്തിലൊരു കാര്യക്ഷമമായ ഇടപെടല്‍ ഫാ. ടോമിന്റെ വിഷയത്തില്‍ കേന്ദ്രഗവണ്‍മെന്റിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്നത് പ്രതിഷേധാര്‍ഹമാണ്. രാജ്യം ഭരിക്കുന്ന ബി.ജെ.പിയുടെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട ഒരു പുരോഹിതനാണ് ഫാ. ടോം ഉഴുന്നാലില്‍. നിസ്വാര്‍ത്ഥനും ജീവകാരുണ്യ പ്രവര്‍ത്തകനും അവശത അനുഭവിക്കുന്നവര്‍ക്ക് സ്‌നേഹ സാന്ത്വനമേകുന്ന വ്യക്തിയുമായ ഈ സാധു പുരോഹിതനെ രക്ഷിക്കാന്‍ അടിയന്തിരമായി ഇടപെടുന്നില്ലെങ്കില്‍ ഇന്ത്യ ലോകത്തിനു മുമ്പില്‍ നാണംകെടേണ്ടി വരുമെന്ന് തീര്‍ച്ച. 

ഇക്കാര്യത്തില്‍ ക്രൈസ്തവ സഭകളുടെ നിലപാട് ശ്രദ്ധേയമാണ്. ബന്ധപ്പെട്ടവരില്‍ വേണ്ടവിധം സമ്മര്‍ദ്ദം ചെലുത്താന്‍ സഭകള്‍ക്ക് കഴിയാത്തത് ഒരു വീഴ്ച തന്നെയാണ്. നിസ്സഹായനായ ഒരു മനുഷ്യന്‍ ജീവനു വേണ്ടി, കഴുത്തറുക്കാന്‍ ആയുധം മൂര്‍ച്ച കൂട്ടുന്ന ഒരു സംഘം കാപാലികരുടെ, പിതൃശൂന്യരുടെ നടുവിലിരുന്ന് ജീവനു വേണ്ടി യാചിക്കുകയാണ്. അദ്ദേഹം തന്റെ ജന്മരാജ്യത്തോട് കേണപേക്ഷിക്കുകയാണ്. ഈ വിലാപം കേട്ടില്ലെന്ന് നടിക്കാനാവില്ല. മോചന ദ്രവ്യം നേടാനുള്ള ശ്രമത്തിന്റെ ഭാഗമായി ഭീകരര്‍ തന്നെ ഫാ. ടോമിനെ കൊണ്ട് സംസാരിപ്പിച്ച് ഇത്തരത്തിലൊരു വീഡിയോ പുറത്തുവിട്ടതായിരിക്കാം. എന്തായാലും വളരെ ഗുരുതരമായ ഈ പ്രശ്‌നത്തിന്, ഒരു നിരപരാധിയുടെ ജീവനു വേണ്ടി വിലപേശുന്ന ഈ കുടിലതയ്ക്ക് അവസാനം കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഈ നിമിഷം തന്നെ ഇറങ്ങിപ്പുറപ്പെട്ടേ തീരൂ. ഫാ. ടോമിനെ രക്ഷിക്കാന്‍ എന്തു നടപടികളാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത് എന്നറിയാന്‍, ആശങ്കയിലായ വിശ്വാസികള്‍ക്കും, മനസാക്ഷിയുള്ള സഹജനങ്ങള്‍ക്കും അവകാശമുണ്ട്. 

ഫാ. ടോമിന്റെ വീഡിയോ ലോകം കണ്ടിരിക്കെ ഇതൊരു അന്താരാഷ്ട്ര വിഷയമായി തന്നെ പരിഗണിക്കപ്പെടേണ്ടതാണ്. ജീവന്റേയും മരണത്തിന്റെയും നൂല്‍പ്പാലത്തില്‍ പെട്ട ഫാ. ടോമിനെ രക്ഷിക്കാന്‍ ഉത്തരവാദിത്വ ബോധത്തോടു കൂടി കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടിട്ടില്ല എന്ന വിമര്‍ശനം അനുദിനം ശക്തമാവുകയാണ്. നയതന്ത്ര ബന്ധങ്ങളും അതിനപ്പുറത്തെ അനൗപചാരികമായ ബന്ധങ്ങളും ഒക്കെ ഉപയോഗപ്പെടുത്തി ഇക്കാര്യത്തില്‍ പ്രകാശവേഗത്തില്‍ തന്നെ പോസിറ്റീവായ ഇടപെടല്‍ ആവശ്യമാണ്. കാരണം ഫാ. ടോമിന്റെ ശാരീരികവും മാനസികവുമായ അവസ്ഥ ഗുരുതരമായി തുടരുകയാണ്. ഈ സന്നിഗ്ദ ഘട്ടത്തെ മറികടക്കാനുള്ള ഇച്ഛാശക്തിയും നയതന്ത്ര മികവും രാജ്യത്തിന്റെ ബലവും ആണ് പുറത്തെടുക്കേണ്ടത്. സഹിഷ്ണുകതയുടെ പര്യായമായ ഇന്ത്യ എന്ന രാജ്യത്തിന് ഒരിന്ത്യാക്കാരന്റെ ജീവനേക്കാള്‍ വലുതല്ല മറ്റൊന്നും. 

see Youtube link below

ജീവനു വേണ്ടിയുള്ള ഫാ. ടോം ഉഴുന്നാലിലിന്റെ യാചന ഹൃദയഭേദകം (എ. എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക