Image

ഇന്ത്യന്‍ നഴ്‌സുമാരുടെ തൊഴില്‍ പ്രശ്‌നപരിഹാരം രാജ്യാരോഗ്യ സംരക്ഷണത്തിന്‌ അനിവാര്യം: ഡോ. സോളിമോള്‍ കുരുവിള

ജോയിച്ചന്‍ പുതുക്കുളം Published on 19 February, 2012
ഇന്ത്യന്‍ നഴ്‌സുമാരുടെ തൊഴില്‍ പ്രശ്‌നപരിഹാരം രാജ്യാരോഗ്യ സംരക്ഷണത്തിന്‌ അനിവാര്യം: ഡോ. സോളിമോള്‍ കുരുവിള
ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ ദേശീയ സംഘടനയായ NAINA (നാഷണല്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യന്‍ നഴ്‌സസ്‌ ഓഫ്‌ അമേരിക്ക) ഇന്ത്യയിലെ നഴ്‌സുമാരുടെ തൊഴില്‍ രംഗത്തെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതായും പ്രശ്‌ന പരിഹാരത്തിനായി സര്‍ക്കാര്‍ തലത്തിലും, ദേശീയ നഴ്‌സിംഗ്‌ സംഘടനാ തലത്തിലും നടത്തിവരുന്ന പരിശ്രമങ്ങള്‍ക്ക്‌ പിന്തുണ നല്‍കുന്നതായും അറിയിച്ചു.

നൈന പ്രസിഡന്റ്‌ ഡോ. സോളിമോള്‍ കുരുവിള ഇന്ത്യയിലെ നഴ്‌സുമാരുടെ ദേശീയ സംഘടനയായ ടി.എന്‍.എ.ഐ (ട്രെയിന്‍ഡ്‌ നഴസസ്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ) പ്രസിഡന്റ്‌ പ്രഫ. സിസ്റ്റര്‍ ഗില്‍ബര്‍ട്ടിനെഴുതിയ കത്തിലാണ്‌ ഈ പ്രസ്‌താവനയുണ്ടായത്‌.

നഴ്‌സുമാര്‍ നേരിടുന്ന ശോചനീയമായ തൊഴിലവസ്ഥയെ സംബന്ധിച്ച്‌ അവബോധം ഉണ്ടാക്കുവാനും ഇവ പരിഹരിച്ച്‌ അമേരിക്ക, ഇംഗ്ലണ്ട്‌ തുടങ്ങിയ രാജ്യങ്ങളിലേതുപോലെ ഉന്നതിപ്പെടുത്തി ഉദ്യോഗ പ്രതിച്ഛായ മെച്ചപ്പെടുത്തുവാനുള്ള ടി.എന്‍.എ.ഐയുടെ ശ്രമങ്ങളെ നൈന പ്രത്യേകം ശ്ശാഘിക്കുകയുണ്ടായി.

ആരോഗ്യ സംരക്ഷണ മേഖലയിലെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന നഴ്‌സുമാര്‍ക്ക്‌ അര്‍ഹിക്കുന്ന പരിഗണനയോ സേവന-വേതന വ്യവസ്ഥകളോ നിലവിലില്ലാത്ത സാഹചര്യം പലയിടത്തും നിലനില്‍ക്കുകയാണ്‌. ഇതിന്‌ സമൂലമായ മാറ്റം വരുത്തി ഏകീകൃത സമ്പ്രദായം നടപ്പിലാക്കേണ്ടത്‌ കാലത്തിന്റെ ആവശ്യകതയായി മാറിയിരിക്കുന്നു.

മാധ്യമങ്ങളിലൂടെയും വിവിധ പ്രൊഫഷണല്‍ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ വഴിയും പല തൊഴില്‍ സ്ഥാപനങ്ങളിലേയും നഴ്‌സുമാരുടെ ശോചനീയാവസ്ഥ ജനശ്രദ്ധയിലേക്ക്‌ കൊണ്ടുവരുവാന്‍ സാധിച്ചിട്ടുണ്ട്‌. പ്രശ്‌നങ്ങളുള്ള സ്ഥാപനങ്ങളിലെ ഉടമകളുമായുള്ള ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്തുവാനുള്ള ബഹുവിധ ശ്രമങ്ങള്‍ പ്രത്യേകം പ്രശംസയര്‍ഹിക്കുന്നു. കേരളാ ഗവണ്‍മെന്റ്‌ പുതുതായി നിയോഗിച്ച ബലരാമന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ വിവിധ രംഗത്തുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തി നടത്തുന്ന പഠനം അത്യന്തം ഫലപ്രദമാകും എന്ന്‌ പ്രതീക്ഷിക്കുന്നതായി ഡോ. സോളിമോള്‍ കുരുവിള അറിയിച്ചു. ടി.എന്‍.എ.ഐയുടെ ഇതിനായുള്ള അശ്രാന്ത പരിശ്രമങ്ങളെ നൈന പ്രസിഡന്റ്‌ അനുമോദിച്ചു. ഇന്ത്യയിലെ ആതുരസേവന രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന നഴ്‌സുമാര്‍ ഇന്ന്‌ അനുഭവിക്കുന്ന കഷ്‌ടതകള്‍ക്ക്‌ പരിഹാരം എത്രയും വേഗം കാണാനാകുമെന്ന്‌ പ്രത്യാശിക്കുന്നതായി നൈന പ്രസിഡന്റ്‌ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇന്ത്യന്‍ നഴ്‌സുമാരുടെ തൊഴില്‍ പ്രശ്‌നപരിഹാരം രാജ്യാരോഗ്യ സംരക്ഷണത്തിന്‌ അനിവാര്യം: ഡോ. സോളിമോള്‍ കുരുവിള
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക