Image

ഫ്‌ളോറിഡയില്‍ കേരള സമാജം ഗാന്ധിപ്രതിമ സ്ഥാപിക്കും

ബിനോയി സെബാസ്റ്റ്യന്‍ Published on 19 February, 2012
ഫ്‌ളോറിഡയില്‍ കേരള സമാജം ഗാന്ധിപ്രതിമ സ്ഥാപിക്കും
ഡേവി(ഫ്‌ളോറിഡ): കേരള സമാജം ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡയുടെ നേതൃത്വത്തില്‍ ഡേവി നഗരത്തിലെ ഫാല്‍ക്കന്‍സ്‌ ലിയ പാര്‍ക്കില്‍ ലോകാരാദ്ധ്യനായ മഹാത്‌മാഗാന്ധിയുടെ പ്രതിമ സ്ഥപിക്കുമെന്ന്‌ സമാജം പ്രസിഡന്റ്‌ ജോയി കുറ്റിയാനി അറിയിച്ചു. എഴടി പൊക്കമുള്ള വെങ്കലത്തില്‍ തീര്‍ത്ത പ്രതിമയാണ്‌ സ്ഥാപിക്കുവാന്‍ ആഗ്രഹിക്കുന്നത്‌. ഡേവി സിറ്റി മേയര്‍ ജൂഡി പോള്‍ പ്രതിമാസ്ഥാപനത്തിനുവേണ്ടി സിറ്റി നല്‍കിയ 63 സെന്റു സ്ഥലത്തിന്റെ അധികാരപത്രം സമാജത്തിനു കൈമാറി. ഈ വര്‍ഷത്തെ ഗാന്ധിജയന്തി ദിനത്തില്‍ പ്രതിമ അനാഛാദനം ചെയ്യുവാന്‍ കഴിയുമെന്നുള്ള പ്രതീക്ഷയാണ്‌ ഇപ്പോഴുള്ളത്‌.

പ്രതിമാസ്ഥപനം യാഥാര്‍ത്‌ഥ്യമായിക്കഴിയുമ്പോള്‍ അമേരിക്കയിലെ ഗാന്ധിപ്രതിമ സ്ഥാപിക്കപ്പെട്ട ആറാമത്തെ സംസ്ഥാനമായിത്തീരും ഫ്‌ളോറിഡ. ഇപ്പോള്‍ ന്യൂയോര്‍ക്ക്‌, അറ്റ്‌ലാന്റാ, സാന്‍ഫ്രാന്‍സിസ്‌ക്കോ, ചിക്കാഗോ, വാഷിംഗ്‌ടന്‍ ഡിസി തുടങ്ങിയ സ്ഥലങ്ങളിലാണ്‌ ഗാന്ധി പ്രതിമയുള്ളത്‌. ഡേവി സിറ്റി കൗണ്‍സില്‍ പാര്‍ക്ക്‌ ആന്റ്‌ റിക്രിയേഷന്‍ അഡൈ്വസറി ബോര്‍ഡംഗമായ ജോയി കുറ്റിയാനിയുടെയും സമാജം എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയുടെയും നിരന്തരശ്രമമാണ്‌ ഇതിനു പിന്നില്‍. പ്രതിമസ്ഥാപിക്കുന്നതിനാവശ്യമായ പ്‌ളാന്‍ മലയാളി എന്‍ജിനിയറായ ബാബു വര്‍ഗീസ്‌ തയ്യാറാക്കിയിട്ടുണ്ട്‌.

പ്രതിമയുടെ സ്ഥാപനം എറ്റു നടത്തിക്കൊള്ളാമെന്ന നിര്‍ദേശവുമായി ഗുജറാത്ത്‌ അസോസിയേഷനിലെ ചില വ്യക്തികള്‍ സമീപിച്ചിട്ടുണ്ടെങ്കിലും മലയാളികളുടെ സഹകരണത്തോടെ പ്രതിമ സ്ഥാപിക്കുവാനുള്ള ശ്രമമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. കേരളീയ ശില്‌പ നിര്‍മ്മണശൈലിയില്‍ പൂര്‍ണ്ണമായും കേരളത്തില്‍ തീര്‍ത്ത ഒരു പ്രതിമ സ്ഥാപിക്കുന്നതിനായി ഏകദേശം ഇരുപത്തു ലക്ഷത്തോളം രൂപ ചിലവു വരുമെന്നാണ്‌ പ്രതിക്ഷിക്കുന്നത്‌. ഇതിനുള്ള ഫണ്ട്‌ മലയാളികള്‍ നേതൃത്വമേകുന്ന വ്യവസായശ്രംഖലകളോ , കേരളത്തിലെ ബാങ്കുകളോ തത്വല്ല്യമായ മറ്റു സ്ഥാപനങ്ങളോ സ്‌പോണ്‍സര്‍ ചെയ്യുമെന്നാണ്‌ സമാജം പ്രതീക്ഷിക്കുന്നത്‌. ഇതിനുവേണ്ടിയുള്ള കൂട്ടായ ശ്രമങ്ങള്‍ തുടരുകയാണെന്ന്‌ ജോയി കുറ്റിയാനി പറഞ്ഞു.
ഫ്‌ളോറിഡയില്‍ കേരള സമാജം ഗാന്ധിപ്രതിമ സ്ഥാപിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക