Image

ചിക്കാഗോയിലെ ഓക്ക് മരങ്ങള്‍ എന്നോട് പറഞ്ഞത് (രതീദേവി)

Published on 27 December, 2016
ചിക്കാഗോയിലെ ഓക്ക് മരങ്ങള്‍ എന്നോട് പറഞ്ഞത് (രതീദേവി)
മഞ്ഞുകാലം അമേരിക്കയിലെല്ലാം നിര്‍ജീവമായ മരവിച്ച കാലമാണ്.മിക്കപ്പോഴും മൈനസ്
പൂജ്യത്തിന് താഴെ വരെ തണുപ്പുവരും snow bite  കാരണം ചിലരുടെ വിരലുകള്‍ മരവിച്ച് അടര്‍ന്നുപോകാറുണ്ട് എന്ന്‌കേട്ടിട്ടുണ്ട്. കഴിഞ്ഞവര്‍ഷം വീടിന്‍റെ മുറ്റത്ത്‌ നിന്നും മഞ്ഞുനീക്കാന്‍ ഇറങ്ങിയ 8 പേര്‍ ഹൃദയസ്തംഭനം മൂലം ചിക്കാഗോയില്‍ മരിച്ചു. ഒരുഗ്ലാസില്‍ വെള്ളം പുറത്ത് വച്ച് 3 മിനിട്ട് കഴിയുമ്പോള്‍ അത് ഐസ്ആയിമാറും. രക്തം പെട്ടന്നു കട്ടപിടിച്ചാണ് ഹൃദയസ്തംഭനം സംഭവിക്കുന്നത്. 2010 ലെ വലിയ മഞ്ഞു കാലത്ത് 10അടി ഉയരത്തില്‍ മഞ്ഞു വന്നപ്പോള്‍ ഞങ്ങള്‍ വല്ലാതെ ഭയന്നു . പിന്നെ കാര്‍ പുറത്ത് എടുക്കാന്‍ വാതിലിനടുത്തു തുരങ്കം പോലെ ഉണ്ടാക്കി.

കൂടാതെ മഞ്ഞുകാലം ഡിപ്രഷന്റെകാലം കൂടിയാണ്. അമേരിക്കയില് ആത്മഹത്യയുടെ നിരക്ക് ഈ സമയത്ത് കൂടുതലാണ്. മഞ്ഞുകാലത്ത് സൂര്യന്‍ ഇല്ലാത്തതുകൊണ്ട്‌ സൂര്യനില്‍ നിന്നും കിട്ടുന്ന വിറ്റാമിന്‍ ഡി യുടെ കുറവാണ്ഒരു പരിധി വരെ ഇതിനു കാരണം.
''കാണെ കാണെ കുന്നുകളായി മഞ്ഞു പെയ്തിറങ്ങുന്നു. വിന്‍റെര്‍ കോട്ടുമിട്ട് ലക്ഷ്മി, വിറക്കുന്ന തണുപ്പില്‍ വിദുരതയിലേക്ക് നോക്കിനിന്നു  .പ്രകാശത്തീരം തേടി പറന്നകലുന്ന പെലിക്കന്‍ പക്ഷികള്‍,  ഈ മരവിക്കുന്ന ഭുമിയില്‍നിന്നും പറന്നകലുവാന്‍ എന്‍റെ ഹൃദയത്തിന്‍റെ കോണില്‍പോലും ഒരു പ്രകാശതീരം ഇല്ലല്ലോ!''
(...പെണ്‍സുവിശേഷം നോവലില്‍ നിന്ന് )

വിന്‍റ്രര്‍  ഏറെകുറെ അവസാനിച്ചിരിക്കുന്ന ഒരു മദ്ധ്യാഹ്നം ആകാശത്തിലേക്ക് കൈകള്‍ ഉയര്‍ത്തി നിലവിളിച്ചു നില്‍ക്കുന്ന ഓക്ക്മരങ്ങളെ തലോടി നടക്കുമ്പോള്‍ നിത്യന്‍ മോന്‍ പറഞ്ഞു. നമുക്ക്  McDonalds-ൽ  പോയി അമ്മക്ക് ഒരു കോഫിയും എനിക്ക് ഒരു pumpkin pie  യും  കഴിക്കാം'' ഓക്ക്മരങ്ങള്‍ക്കിടയിലൂടെ നടന്നുവന്ന് 

ക്യുവില്‍ ഇടംപിടിച്ചു . ലഞ്ച് സമയമായതിനാല്‍ നല്ല തിരക്ക് . മോന്‍ ഡിസ്‌പ്ലേയില്‍ എഴുതി വരുന്നത് ഒരു 8 വയസുകാരന്‍റെ ജിജ്ഞസയോടെ വായിക്കുന്നു.'' ഒരോ ദിവസവും ലോകത്ത്എമ്പാടും 69  million McDonalds customers ഉണ്ട് .1940 ല്‍ Archie-P- Mcdonald ചിക്കാഗോയില്‍ തുടങ്ങിയ ചെറിയ കാപ്പികട.''

മോന്‍ ഇത് ഉറക്കെ വായിക്കുമ്പോള്‍ ക്യുവില്‍ നില്ക്കുന്നവര്‍ ചിരിക്കുന്നു, അവര്‍ മോനെ സപ്പോര്‍ട്ട് ചെയ്ത് കമന്റ് പറയുന്നു. അപ്പോള്‍ 18 വയസുളള അതി സുന്ദരിയായ ഒരു അമേരിക്കന്‍ പെണ്‍കുട്ടി എന്‍റെ തോളത്ത് മൃദുവായി ഒന്ന് തൊട്ടു അടുത്തുള്ള stroller  ചൂണ്ടിക്കാട്ടി. അതില്‍ ഒരു ചോരകുഞ്ഞു കിടന്നുറങ്ങുന്നു
.'' എനിക്ക് ഒരു hamburger  വാങ്ങിത്തരുമോ? വല്ലാതെ
വിശക്കുന്നു. ജോലി നഷ്ടപെട്ടു. ഇന്നലെയാണ് ഞാന്‍ പ്രസവിച്ചത്.അഡ്രെസ്സ് തരു , ജോലി കിട്ടുമ്പോള്‍ കാശു മടക്കിതരാം.''
Hamburger നു ഒരു ഡോളറാണ്.

ഞാനാ പെണ്‍കുട്ടിക്ക് 20 ഡോളര്‍ കൊടുത്തു എന്നിട്ട് പറഞ്ഞു. ''ഇന്നത്തെ ലഞ്ചിനു ഇഷ്ടമുള്ളത് വാങ്ങി കഴിക്കു. എനിക്ക് ഡോളര്‍ മടക്കി തരേണ്ട, പകരം കാശുണ്ടാകുമ്പോള്‍ എന്നെ ഓര്‍ക്കുകയാനെങ്കില്‍ വേരെയോരാള്‍ക്ക് ഒരു hamburger   വാങ്ങി കൊടുക്കൂ ''
ആ പെണ്‍കുട്ടി ഞെട്ടിപോയി. അവള്‍ ഒരു ഡോളറാണ് ചോദിച്ചത്. (അമേരിക്കയിലെ സാധാരണക്കാര്‍ അവരുടെ കുട്ടികളുടെ കൂട്ട്കാരുടെ പിറന്നാളിന് 10 ഡോളറില്‍ കൂടുതല്‍ വിലയുള്ള സമ്മാനങ്ങള്‍ കൊടുക്കാറില്ല. ഇന്ത്യാകാര്‍ കുറഞ്ഞത് 100 ഡോളര്‍ കൊടുക്കും).

നോറ ലഞ്ചു വാങ്ങി എന്‍റെ ടേബിളില്‍ വന്നിരുന്നു. എന്‍റെമോനെ അടുത്ത ടേബിളിലേക്ക് മാറ്റിയിരുത്താമോ? അവള്‍ ചോദിച്ചു

നോറക്ക് അവളുടെ ജീവിതത്തെകുറിച്ച് പറയണം എന്ന് പറഞ്ഞു.
ഞാന്‍ പറഞ്ഞു ''എന്റെ മോനിപ്പോള്‍ 8 വയസുണ്ട് ഈ ലോകത്തിലെ സന്തോഷപരവും സങ്കടകരവുമായ വര്‍ത്തമാനങ്ങള്‍ മോനുംകൂടി കേള്‍ക്കുന്നതില്‍ എനിക്ക് വിഷമം ഒന്നുമില്ലായെന്നു പറഞ്ഞു.''

അവള്‍ രണ്ട് മണിക്കൂര്‍ എടുത്തു കഥ പറഞ്ഞു അവസാനിപ്പിച്ചു. നല്ല ഒഴുക്കുള്ള കഥപറച്ചില്‍ .അമേരിക്കയില്‍ കവികളും പാട്ടുകാരും  അപൂര്‍വ്വമായെ ഉള്ളു. അവര്‍ ഞാന്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ എഴുത്തുകാരെ പോലെ സ്വപ്നജീവികള്‍ അല്ല. പ്രത്യയശാസ്ത്ര വിലങ്ങുകള്‍ ഒന്നുമില്ലാത്തതിനാല്‍ പ്രണയിക്കണം എന്ന് തോന്നുമ്പോള്‍ പ്രേമിക്കും. കാമിക്കണം എന്ന്‌തോന്നുമ്പോള്‍ കാമിക്കും.

''പെണ്ണായി ജനിച്ച അന്ന് മുതല്‍ പാവകുട്ടികളെ വല്ലാത്ത ഇഷ്ടമാണ് (ഞാന്‍ ഓര്‍ത്തത് പണ്ട് വായിച്ച ഗ്രേസ്സിയുടെ ഒരു കഥ ആണ്. പാവകുട്ടികളെ ഇഷ്ടമുള്ള ഒരു പെണ്‍കുട്ടിയോട്‌ കൈയില്‍ അടുക്കി പിടിച്ചിരിക്കുന്നപോലെ ഒരു പാവകുഞ്ഞിനെ ഉണ്ടാക്കിതരാം എന്നുപറഞ്ഞു പ്രലോപിപ്പിച്ച ഒരു ചെറുപ്പകാരന്‍റെ കൂടെ കുഞ്ഞിനെ ഉണ്ടാക്കാന്‍ പോയ കൌമാരകാരിയുടെ കഥയാണ്)

ഹൈസ്കൂള്‍ കഴിഞ്ഞ ഉടനെ നോറ  ഒരു തൊഴില്‍ കണ്ട്പിടിച്ചു.
കൂടെ അതേ ക്ലാസ്സില്‍പഠിച്ച ചെക്കന്‍ ബോയ്ഫ്രണ്ട് ആയിരുന്നു . അവനോട് പറഞ്ഞു നമുക്ക് ഒരു കുഞ്ഞിനെ ഉണ്ടാക്കാം .''

എന്നോട്കാര്യം പറയുന്നതിനിടയില്‍ ആ കുട്ടിഒരു നൂറുതവണ കുഞ്ഞിനു ഉമ്മ കൊടുക്കുന്നുണ്ട്. അവളിലെ ശക്തമായ ആ മാതൃഭാവം കണ്ട് എന്‍റെ കണ്ണുകള്‍ ഈറനണിഞ്ഞു. ഇതു വായികുമ്പോള്‍ ഇന്ത്യന്‍ ചുറ്റുപാടില്‍ജീവിക്കുന്ന ഒരാള്‍ക്ക് ഈ കുട്ടിക്കു അച്ഛനും അമ്മയും കുടുംബവും ഒന്നുമില്ലേ? എന്ന് ചിന്തിച്ചു പോകും.

അതിനുത്തരം പറയുന്നതിനു മുന്‍പ് നോറ പറഞ്ഞ ഒരു കാര്യംകൂടി പറയട്ടെ.
ക്യുവില്‍ 15 ഓളം ആള്‍ക്കാര്‍ ഉണ്ടായിരുന്നു ഞാന്‍ ഒഴികെ ബാക്കിയുള്ളവരെല്ലാം അമേരിക്കകാര്‍ ആയിരുന്നു. വെള്ളക്കാരി ആയ നോറ , ആ നില്‍ക്കുന്ന സ്വന്തം ആള്‍ക്കരോട് ചോദിക്കാതെ എന്നോട്‌ സഹായം ചോദിച്ചത് ഞാന്‍ ഇന്ത്യക്കാരി ആയതു കൊണ്ടാണെന്നും, മറ്റു രാജ്യകാരെക്കാള്‍ കുടുതല്‍ ഇന്ത്യക്കാര്‍ക്കാണ് കാരുണ്യമുള്ളതെന്നും ,കൂടാതെ, എന്നെ കണ്ടാല്‍ കൂട്ടുകരോട് പറയും പോലെ എന്ത്‌ സങ്കടങ്ങളുംപറയാന്‍ തോന്നുന്ന മുഖമാണെന്നും അവള്‍ പറഞ്ഞപ്പോള്‍ എന്‍റെ മോന്‍ എന്നെ നോക്കി തലയാട്ടി, കാരണം മറ്റുള്ളവരുടെ ദുഃഖങ്ങള്‍ കേട്ടിട്ട് ഞാന്‍ ചിലപ്പോള്‍ വിതുമ്പി കരയുന്നത് മോന്‍ കാണാറുള്ളതാണ്.
പെട്ടെന്ന് ഒരു ഇന്ത്യാകാരിയുടെ തവിട്ടുനിറത്തില്‍ ഒരഭിമാനംതോന്നി.

(ഏഴു ബില്ല്യന്‍ വരുന്ന ലോകജനസംഖ്യയില്‍ മുന്ന് ബില്ല്യനോളം വരുന്ന മനുഷര്‍ ഈ തവിട്ടു നിറമുള്ള ഒരുഏഷ്യക്കാന്‍റെ കാരുണ്യം ഉള്ള മുഖത്തിനുമുന്നില്‍ മുട്ടുകുത്തി , ചര്‍ച്ചുകളില്‍ രാവും പകലും നില്‍ക്കുന്നതോത്തപ്പോള്‍ ഈ നിറത്തില്‍ പുളകിതയായി. മഗ്ദലീനയുടെ പെണ്‌സുവിശേഷം എഴുതുമ്പോള്‍ ഈ ഒരഭിമാനവും, തവിട്ടു നിറത്തിന്‍റെ രാഷ്ട്രീയവും ചെറുതായി ഒന്ന് മിക്‌സ് ചെയ്തിരുന്നു.)

ഞാന്‍ നോറയുടെ കൈകള്‍ എന്റെ കൈയില്‍ ഒതുക്കി. വിളറി വെളുത്തു ക്ഷീണിച്ച, തലേദിവസം പ്രസവിച്ച ആ പാവം പെണ്‍കുട്ടിക്ക്‌ ചെയറില്‍ ഇരിക്കാന്‍കൂടി ശക്തി ഇല്ലായിരുന്നു.. അവളെ ഞാന്‍ അപ്പാര്‍ട്ട്‌മേന്ടില്‍ കൊണ്ട് വിട്ടു.

എന്‍റെ വില്ലേജ്ആയ ഓക്ക്‌ഫോറസ്റ്റില്‍ താമസിക്കുന്ന ഭുരിഭാഗം പേരും ഐറിഷുകാരും അമേരിക്കകാരുമാണ് . കറുത്തവര്‍ കുറവാണ്. വെളുത്തവര്‍ താമസിക്കുന്നിടത്തേക്ക് കറുത്തവര്‍ താമസംമാറി വന്നാല്‍ എത്ര ഡിമാന്‍റെ ഉള്ള സ്ഥലം ആണെങ്കിലും പെട്ടന്ന് വിലഇടിയും. ലോകത്തിലെ പട്ടിണിക്കാരെ സഹായിക്കാറുള്ള അമേരിക്കകാരായ സ്വന്തക്കാരെ തഴഞ്ഞിട്ടു ആ പെണ്‍കുട്ടി എന്‍റെടുത്തുവന്നതില്‍ എന്നെ തിരിച്ചറിഞ്ഞതില്‍ സന്തോഷം തോന്നി.

അമേരിക്കയിലെ മിക്ക വീടുകളിലും ഞാന്‍ കണ്ട രണ്ട് നന്മയുള്ള കാര്യങ്ങള്‍
1, വീട്ടില്‍ റഫ്രിജറേറ്ററിന്‍റെ പുറത്ത് ഒരു ആഫ്രിക്കന്‍ കുട്ടി ഒരു നായയോ പൂച്ചയോ പിടിച്ചുകൊണ്ട്‌നില്‍ക്കുന്ന ഒരു ഫോട്ടോ ഉണ്ടാകും. വീട്ടില്‍വരുന്നവര്‍ക്കു ആഫ്രിക്കയിലെ ഏതോ ഉള്‍ഗ്രാമത്തിലുള്ള ആ കുട്ടികളെകുറിച്ചുള്ള വാര്‍ത്തകള്‍ പറയും. കുറഞ്ഞത് രണ്ട്കുട്ടികളുടെ പഠന ചിലവെങ്കിലും അവരെടുക്കും.
അയലത്തെ എന്‍റെ സുന്ദരിയായ ഐറിഷ്കുട്ടുകാരി പരിചയപ്പെടുത്തിയ പത്തും പതിമൂന്നു വയസുള്ള രണ്ട്ആഫ്രിക്കന്‍ പെണ്കുഞ്ഞുങ്ങള്‍ എനിക്കുമുണ്ട്.

2. പ്രായമായവരുടെ മക്കള്‍ ദൂരെ ആയിരിക്കും . അപ്പോള്‍ അവര്‍ ഒരുകൂട്ടിനായി അനാഥ ശാലയില്‍നിന്നും നാല് വയസിനും 12വയസിനുംഇടക്ക്പ്രായമുള്ള കുട്ടികളെ വീട്ടില്‍ വളര്‍ത്തും, മക്കളെ പോലെ. വീട്ടില്‍ വളര്‍ത്തുന്നതിനു മാസം ഒരു ചെറിയ തുക ഗവന്‍മെന്‍റ വീടുകാര്‍ക്ക്‌ കൊടുക്കുന്നുണ്ട്. ദത്തു എടുക്കലല്ല. കുറെനാള്‍ കഴിഞ്ഞു അവര്‍ക്ക് നോക്കാന്‍ കഴിയില്ലെങ്കില്‍ തിരിച്ചു കൊടുക്കാം.
ഇന്ത്യകാര്‍കൂടി ഇങ്ങനെ ഒരെറ്റെടുക്കല്‍ നടത്തിയിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു!!

നോറയുടെ കാര്യംപറഞ്ഞപ്പോള്‍  ഈ കുട്ടിക്ക് അച്ഛനുംഅമ്മയും ഒന്നുമില്ലേ?കല്യാണം കഴിക്കാതെ പ്രസവിക്കാമോ? പ്രസവിച്ച ഉടനെ തന്നെ കുട്ടിയെയുമെടുത്തു ഇങ്ങനെ നടക്കാമോ? 
എന്നെല്ലാം ഒരു സാധാരണ ഇന്ത്യക്കാര്‍ക്ക് ഉണ്ടാകാവുന്ന സംശയമാണ്.

ഇതിനുത്തരം മറ്റൊരു കഥയിലുടെ പറയാം

മറ്റൊരു അയല്കാരി ആണ് പേട്രീഷ്യ. ഞങ്ങള്‍ പാറ്റ് എന്ന് വിളിക്കുന്നു. ഹൈസ്കൂള്‍ ടീച്ചര്‍ ആണ്.
അവര്‍ക്ക് ഒരു മോള്‍ ഉണ്ട്. ഈ സംഭവം നടക്കുന്നത്പത്തുവര്‍ഷം മുന്‍പ്പ്. അന്നവള്‍ക്ക് പതിനേഴു വയസു പ്രായം. എന്‍റെ കൂട്ടുകാരിയാണ് മകള്‍ എലിസ .മെലിഞ്ഞു സൂപ്പര്‍ മോഡല്‍ പോലെ സുന്ദരി.

എലിസയും ഞാനും

ഞാന്‍ നാട്ടില്‍ വേക്കേഷനു പോയത്ജൂലൈ യില്‍ ആയിരുന്നു . മടങ്ങിവന്നത് നവംബറില്‍. മഞ്ഞു നിന്നു പെയ്തതിനാല്‍ അയല്ക്കരുമായി ഒരു സഹകരണവും ഇല്ലായിരുന്നു. എങ്കിലും ജാലകത്തിലൂടെ പുറത്തേക്കു നോക്കുമ്പോള്‍, എലിസ ഒരു കാറില്‍ കയറി പോകുന്നത് കാണാം. എലിസ എവിടെ പോയി ...? ചിന്തിച്ചു, അങ്ങനെ ആറുമാസത്തെ മഞ്ഞിനുശേഷം എലിസയുടെ അമ്മ എന്‍റെ വാതിലില്‍ വന്നു മുട്ടി ഞാന്‍ വാതില്‍തുറന്നു .കെട്ടിപിടിച്ചു. ഇന്ത്യയിലെ വിശേഷംപറഞ്ഞു. വാങ്ങിയ കുര്‍ത്ത കൊടുത്തു. അപ്പോള്‍ ഞാന്‍ ചോദിച്ചു

''അവിടെ താമസിക്കുന്ന ആ പുതിയ സ്ത്രീ ആരാണ്. എലിസ എവിടെ?''
മറുപടി പറഞ്ഞത് കേട്ട് ഞാന്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടി പോയി!
''അത് എലിസയാണ്, ഇപ്പോള്‍ അവള്‍ 9 മാസം ഗര്‍ഭിണിയാണ്.''

പതിനേഴ് വയസുള്ള എലിസ ഹൈസ്കൂളില്‍ പഠിക്കുകയാണ് എന്നറിയാം.
അവിവാഹിതയായ മകള്‍ ഗര്‍ഭിണിയാണെന്ന് ആ അമ്മ സന്തോഷത്തോടെ പറഞ്ഞത് കൊണ്ട് എന്‍റെ ഞെട്ടല്‍ മറച്ചു വച്ചിട്ട് ഞാന്‍  wow, congratulations എന്ന് പറഞ്ഞു.

''എലിസക്ക് വയറുവേദന വന്നപ്പോള്‍ ഡോക്ടന്‍റെ അടുത്തു കൊണ്ടുപോയി പരിശോധിച്ച്, ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ , അമ്മയായ ഞാന്‍ ഞെട്ടിപോയി. കുട്ടികാലത്ത് പ്രസവിച്ചാല്‍ ഉണ്ടാകുന്ന ദോഷത്തെകുറിച്ചും അബോര്‍ഷന്‍ ചെയ്താല്‍ സംഭവിക്കുന്ന പാര്‍ശ്വഫലങ്ങളെ കുറിച്ചും ഡോക്ടര്‍ പറഞ്ഞിരുന്നു . അബോര്‍ഷന്‍ ചെയ്യുന്നതാണ് ഒരമ്മ എന്ന നിലയില്‍ തന്‍റെ തീരുമാനമെന്ന് പാറ്റ് ഡോക്ടറോട് പറഞ്ഞപ്പോള്‍, ഡോക്ടര്‍ അത് എലിസയോടെ പറഞ്ഞു, അപ്പോള്‍ അവള്‍ കരയാന്‍ തുടങ്ങി. എലിസയുടെ അതെ ക്ലാസ്സില്‍ പഠിക്കുന്ന ആണ്‍കുട്ടിയാണ് അവളുടെ ബോയ്‌ഫ്രെണ്ട്.

(അമേരിക്കയിലെ ചിലകുട്ടികള്‍ ഹൈസ്കൂള്‍കഴിയുമ്പോള്‍ പഠനം നിര്‍ത്തിട്ടു ഒന്നുരണ്ട് വര്‍ഷം റസ്റ്റ് എടുത്ത് എന്തെങ്കിലും ജോലി ചെയ്യും. പിന്നെ ആ കാശു കൊണ്ട് പഠനം തുടരും. ഒബാമയുടെ മകള്‍ ഒരു വര്‍ഷത്തേക്ക് ഹാര്‍വാര്‍ഡില്‍ നിന്നും  break എടുത്തു എന്ന് കേട്ടു)

രണ്ട് വര്‍ഷം ബ്രേക്ക്എടുത്തു വീട്ടിലിരുന്നു കുഞ്ഞിനെ നോക്കിട്ട് പഠനം തുടരാം എന്ന് എലിസ വാശിപിടിച്ചപ്പോള്‍ അമ്മയായ പാറ്റ് അവരു ജോലി ചെയ്യുന്ന സ്കൂളിലെ സഹഅധ്യാപകരോടെ ഈ കാര്യം ചര്‍ച്ച ചെയ്തു. അവരെല്ലാം എലിസയുടെ അമ്മ ആകുവാന്‍ ഉള്ള മോഹത്തെ പിന്താങ്ങി. കുടാതെ താന്‍ പഠിപ്പിക്കുന്ന ഹൈസ്കൂള്‍ കുട്ടികളോട് ഒരു ചര്‍ച്ചക്ക് ഈ വിഷയം വച്ചു . അവരെല്ലാം എലിസയെ സപ്പോര്‍ട്ട് ചെയ്തപ്പോള്‍ ആ അമ്മ തിരുമാനിച്ചു, എലിസ പ്രസവിക്കട്ടെയെന്നു.

ഒരു വേള അബോര്‍ഷന് അമ്മ നിര്‍ബന്ധിച്ചു എന്ന് മകള്‍ പരാതി കൊടുത്താല്‍ അമ്മ ജയിലില്‍ ആകും.

ഭരണകൂട വിരുദ്ധമല്ലാത്ത എല്ലാ പ്രവര്‍ത്തികള്‍ക്കും അമേരിക്കയില്‍ സ്വാതന്ത്ര്യമുണ്ട്.
അമേരിക്കയില്‍ ഒരു കുട്ടിയുടെ പോലും മൌലിക അവകാശം ധ്വംസിക്കപെടുന്നില്ല. ബുര്‍ഷ ജനാധിപത്യ സമുഹത്തില്‍ മാത്രമേ , കലയും സാഹിത്യവും ധിഷണയുമെല്ലാം ഒരുപരിധിവരെ വളരുകയുള്ളുവെന്നത്ഞാന്‍ ഇവിടെ അനുഭവിച്ചറിയുന്നു.

നാട്ടില്‍ നിന്നുമുള്ള പത്രത്തില്‍ ഇന്നലെ ഒരു വാര്‍ത്ത! വായിച്ചു. ഗര്‍ഭിണിയായ പതിനാറു വയസു കാരിയെ അമ്മയും സഹോദരനുംകൂടി തലയ്ക്കു അടിച്ചു കൊന്നുവെന്ന് . അല്ലെങ്കില്‍ നാട്ടിലെ ഇന്നത്തെ സാഹചര്യത്തില്‍ അപവാദം സഹിക്കാതെ ആ പെണ്‍കുട്ടി ആത്മഹത്യ ചെയ്യും. അതുമല്ലെങ്കില്‍ ആ വീട്ടുകാര്‍ ഒന്നിച്ചു ആത്മഹത്യ ചെയ്യും. ഇതൊന്നും നടന്നില്ലെങ്കില്‍ നാട്ടിലെ സദാചാര പോലീസ് ഓടിച്ച്പിടിച്ച്‌ കൊല്ലും.

ഇതിനെയെല്ലാം അതിജീവിച്ചാല്‍ ആ കുഞ്ഞിനും അമ്മയ്ക്കും സമൂഹം ഒരു മാന്യതയും കൊടുക്കില്ല.

ആ കുട്ടി വളര്‍ന്നു വന്നാല്‍ തന്തയില്ലത്തവന്‍ എന്ന വിളികേട്ടു കേട്ട് ആ കുട്ടി അമ്മയെ ശപിക്കാന്‍ തുടങ്ങും. ഇതിനെ അവിഹിത ഗര്‍ഭം എന്നാണല്ലോ വാക്ക്. ഈ ഒരു ഗര്‍ഭത്തോട്കൂടി ആ പെണ്‍കുട്ടിയുടെ ലൈംഗികജീവിതം അവസാനിച്ചിരിക്കും .പാവം പെണ്‍കുട്ടികള്‍ !!

(ഡാര്‍വിന്‍റെ പരിണാമ സിദ്ധാന്തത്തെ ഗേറ്റിനു പുറത്തുവച്ചിട്ട് ശാസ്ത്രം പഠിപ്പിക്കുന്ന സ്കൂള്‍ മുതല്‍, പുത്രകാമേഷ്ടിയാഗം നടത്തി ഉണ്ടാക്കിയ ശ്രീരാമന്‍, ദിവ്യഗര്‍ഭത്തില്‍ ഉണ്ടായ ജീസസ്....ഇത്തരം ശാസ്ത്രവിരുദ്ധതയെ കുറിച്ച് എന്‍റെ നോവലില്‍ സുചിപ്പിക്കുന്നുണ്ട്.കുടാതെ ഒരു ആണ്‍കുഞ്ഞിന്‍റെ അച്ഛനെതേടിയുള്ള അന്വേഷണം നോവലില്‍ ഉണ്ട്

''കളിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ കളികൂട്ടുകാര്‍ക്കിടയില്‍ ചില്ലറ സ്വന്ദര്യ പിണക്കം വന്നാലുടന്‍ അവര്‍ കുട്ടിയായ ജിസസിനെ തന്തയില്ലാത്തവന്‍ എന്ന് വിളിക്കും.
പിണങ്ങികൊണ്ട് മറുപടി പറയും ,എനിക്ക് അപ്പനുണ്ട്''
വീണ്ടും കുട്ടുകാര്‍ കളിയാക്കും
'' എടാ മണ്ട, അത് നിന്‍റെ അപ്പനല്ല വളര്‍ത്തപ്പനാണ്.
ഇതുകേട്ടിട്ട് ജീസസ് മേരിയമ്മയുടെ അടുത്തുവന്നു കരയും..

എന്‍റെ അപ്പന്‍ എവിടെ ആണ് എന്ന്പറയ്, എനിക്ക് അവിടെ പോകണം''
വളര്‍ന്നു വന്നപ്പോള്‍, അപ്പന്‍ ആരാണ് എന്ന ചോദ്യം കനമുള്ള ശബ്ദമായി മാറി. മൌനമായി നിന്ന മേരിഅമ്മയോട് വെറുപ്പ് തോന്നി തുടങ്ങിയ നാളുകള്‍.........'')

എലിസയുടെ അമ്മ അന്ന് ഒരു കാര്യം എന്നോട് പറഞ്ഞു '' എലിസ കല്യാണം കഴിക്കാത്തതു കൊണ്ട് അവള്‍ക്കു ഒരിക്കലും വിവാഹമോചനം നടക്കുമെന്നു ഭയക്കണ്ടല്ലോ എന്ന്!!"

എലിസ പ്രസവിച്ചു . പിന്നെ അവള്‍ പഠിക്കാന്‍ പോയി. ബോയ് ഫ്രെണ്ടും എലിസയും കൂടി ഒരു വീട് വാങ്ങി. ഇപ്പോളവര്‍ ഒന്നിച്ചു സുഖമായി ജീവിക്കുന്നു. പത്തുവയസുളള ''ഈറ്റന്‍'' , എന്‍റെ മോന്‍റെ നല്ല കൂട്ടുകാരനാണ്.


ഇന്ത്യയിലും കല്യാണം കഴിക്കാതെ ഒന്നിച്ചു ജീവിക്കുവാനുള്ള cohabitation നിയമം നിലവില്‍ വന്നിട്ടുണ്ട് .അവരുടെ മക്കള്‍ക്ക് പിതാവിന്‍റെ സ്വത്തില്‍ അവകാശവും ഉണ്ട്. അമേരിക്കയില്‍ ഹോസ്റ്റലുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒന്നിച്ചു താമസിക്കാന്‍ അനുവാദമുണ്ട്.

എന്‍റെ വീട്ടിലെ ഒരു തമാശകൂടി എഴുതി നിര്‍ത്തട്ടെ.
എന്‍റെ നാട്ടില്‍ ദിവ്യ ഗര്‍ഭം ഉണ്ടായി , മക്കളെ പ്രസവിച്ച് അനാഥരെ പോലെ ആയ യുവതികള്‍ എന്‍റെ അമ്മയെ സഹായിക്കാന്‍ വീട്ടില്‍ വരുമായിരുന്നു. വില്ലേജുകളില്‍ ഇപ്പോഴും ഇതെല്ലാം ഉണ്ടല്ലോ.

അവരുടെ മക്കളെല്ലാം വീട്ടില്‍ നിന്നു പഠിച്ചിട്ടും ഉണ്ട്. ഈ മക്കളുടെ കല്യാണത്തിനു അച്ചന്‍റെ സ്ഥാനത്ത് നില്‍ക്കുന്നത് എന്‍റെ അച്ഛന്‍ ആണ്. എന്‍റെ അച്ഛ ന്‍ ഈ ജോലി നല്ല ആഹ്ലദത്തോടെ ആണ് ചെയിതിരുന്നത്. ബാര്‍ബര്‍ ഷോപ്പില്‍ പോയി ഷേവ് ചെയ്തു വരുമ്പോള്‍ അമ്മ ചോദിക്കും'' ഇന്നും ദിവ്യ ഗര്‍ഭത്തിന്‍റെ പിതൃസ്ഥാനാരോഹണം ഉണ്ടെന്നു തോന്നുന്നുവല്ലോ എന്ന്''

അപ്പോള്‍ അച്ഛന്‍ ചിരിച്ചോണ്ട് പറയും 'എന്‍റെ ലക്ഷ്മികുട്ടി . നീ പറഞ്ഞിട്ടാണ് ഞാനീ കര്‍മ്മം ഏറ്റെടുത്തത്. സന്തോഷത്തോടെ അത് നടത്തി വരട്ടെ എന്ന്''

ഞാന്‍ പറഞ്ഞു തുടങ്ങിയ നോറയുടെ കഥയില്‍ നിന്നും ബഹുദൂരം പോയി. എങ്കിലും എല്ലാം എങ്ങനെയോ ഒറ്റ ആയി പോയ മനുഷ്യരുടെ കഥയാണല്ലോ.

നിര്‍ത്തട്ടെ . പുറത്തു മഞ്ഞ് അല്ല മഴ പെയ്തു തുടങ്ങി.

ഓക്ക് മരത്തിന്‍റെ ഇലയെ മഴതുള്ളി പ്രണയിക്കുന്നത്തിന്‍റെ
മര്‍മ്മരങ്ങള്‍ക്ക് ഞാന്‍ കാതോര്‍ക്കുന്നു.

''I know a place not very far,
I'm going to sit under a big oakt ree,
I'll attach the birds as they fly free,
While I lie and sleep under the oakt ree,
I'll relax and dream of what I'll be.''

രതീദേവി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക