Image

മോശം കമന്റിനെതിരെ തമന്ന,സംവിധായകന്‍ മാപ്പ് പറഞ്ഞു

Published on 27 December, 2016
മോശം കമന്റിനെതിരെ തമന്ന,സംവിധായകന്‍ മാപ്പ് പറഞ്ഞു

തമന്നയും വിശാലും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം കത്തി സണ്ടേയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ ചിത്രത്തിന്റെ സംവിധായകന്‍ സുരാജ് നടിമാരെ കുറിച്ച് നടത്തിയ മോശം പരാമര്‍ശത്തിനെതിരെ തമന്ന രംഗത്ത്. പരിപാടിക്കിടയില്‍ തമന്നയുടെ വേഷത്തെ കഥാപാത്രത്തെ കുറിച്ചും അവരുടെ കോസ്റ്റിയൂമിനെ കുറിച്ചുമുള്ള ചോദ്യത്തിന് സംവിധായകന്റെ മറുപടി ഇങ്ങനെയായിരുന്നു:

‘നമ്മള്‍ താഴ്ന്ന നിലവാരത്തിലുള്ള പ്രേക്ഷകരാണ്. നായകന്റെ സംഘട്ടനങ്ങളും ഒരു ഗ്ലാമറസ് നായികയെയും കാണാനാണ് ആളുകള്‍ പണം നല്‍കുന്നത്. നായിക സാരി ഉടുത്ത് എത്തുന്നതില്‍ എനിക്ക് വിശ്വാസമില്ല. ആളുകള്‍ പണം മുടക്കുന്നതല്ലേ?? ആരും സൗജന്യമായല്ല കാണുന്നത്. അവര്‍ തമന്നയെ ഗ്ലാമറസായി കാണാനാണ് പണം മുടക്കുന്നത്. അവര്‍ക്ക് അഭിനയിക്കണം എന്നാണെങ്കില്‍ അത് പ്രത്യേകം ചെയ്യാം. എന്നാല്‍ വാണിജ്യ സിനിമകളില്‍ അവര്‍ ഗ്ലാമറസായെ പറ്റു. നായികയുടെ കാല്‍മുട്ട് മറയ്ക്കുന്ന വസ്ത്രവുമായാണ് കോസ്റ്റിയൂം ഡിസൈനര്‍ എത്തുന്നതെങ്കില്‍ നീളം കുറയ്ക്കാന്‍ ഞാന്‍ ആവശ്യപ്പെടും. മാഡത്തിന് അത് ഇഷ്ടപ്പെടില്ലെന്ന് അവര്‍ നിരന്തരം പറഞ്ഞാലും ഞാന്‍ സമ്മതിക്കില്ല.’

ഇതിനെതിരെയാണ് തമന്നയുടെ പ്രതികരണം. സുരാജിന്റെ പ്രസ്താവന തനിക്ക് വിഷമവും ദേഷ്യവും ഉണ്ടാക്കിയെന്നും അതിനാല്‍ സംവിധായകന്‍ തന്നോടു മാത്രമല്ല സിനിമാ മേഖലയിലെ എല്ലാ നടിമാരോടും മാപ്പു പറയണമെന്നും തമന്ന ട്വീറ്റ് ചെയ്തു. തമന്നയ്ക്ക് പിന്തുണയുമായി നടന്‍ വിശാല്‍,? നടി നയന്‍താര എന്നിവര്‍ രംഗത്തെത്തി.

ഒടുവില്‍ തന്റെ പ്രസ്താവന ആരെയും വിഷമിപ്പിക്കാനോ അപമാനിക്കാനോ അല്ലായിരുന്നെന്നും തന്റെ പ്രസ്താവനയില്‍ തമന്നയോടും മറ്റ് നടിമാരോടും മാപ്പു ചോദിക്കുന്നതായും സംവിധായകന്‍ സുരാജ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക