Image

കാലഗണനയുടെ കലണ്ടര്‍ ചരിത്രം (എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 28 December, 2016
കാലഗണനയുടെ കലണ്ടര്‍ ചരിത്രം (എ.എസ് ശ്രീകുമാര്‍)
ഒരു വര്‍ഷം കൂടി പെയ്ത് തീരുകയാണ്. വിടര്‍ന്ന പുഷ്പങ്ങളെല്ലാം കൊഴിഞ്ഞു. ചില്ലകളില്‍ ചേക്കേറിയ പക്ഷികളെല്ലാം പുതിയൊരു പ്രഭാതത്തിലേയ്ക്ക് പറന്നു തുടങ്ങുകയായി...ഗുണ-ദോഷ സമ്മിശ്രമായ 2016 പിന്നിട്ട് സന്തോഷം നിറയുന്ന നാളെകള്‍ക്കായി പുതുവര്‍ഷത്തെ വരവേല്‍ക്കുകയാണ് ലോകം. പിന്നിട്ട വേദനകളുടെയും വിഷമങ്ങളുടെയും ചുമടിറക്കാനും പുത്തന്‍ പ്രതീക്ഷകള്‍ക്ക് തിരി തെളിക്കാനുമുള്ളതാണ് പുതുവത്സരാഘോഷം. ശാന്തിയും സമാധാനവും പുലരുന്ന ഭാവിയെക്കുറിച്ചുള്ള പ്രത്യാശയാണ് പുതുവത്സരാഘോഷങ്ങളെ എന്നും പൊലിമയുള്ളതാക്കുന്നത്. സംഭവിച്ച വീഴ്ചകള്‍ തിരുത്തി നന്മയുടെ പുതിയ അധ്യായം തുറക്കാനുള്ള നേരമാണിത്. ആഘോഷങ്ങളുടെ നിറപ്പകിട്ടും ദീപാലങ്കാരങ്ങളുമായി 2017 കടന്നുവന്നിരികയാണ്. പോയ വര്‍ഷത്തെ വിഷമങ്ങളും വീഴ്ചകളും മറന്ന് മുന്നോട്ടു പോകാനുള്ള വേള. ലോകത്തെങ്ങും എല്ലാവരും ആഘോഷങ്ങളില്‍ പങ്കുചേരുകയാണ്. ജീവിതം ഉത്സവത്തിമിര്‍പ്പില്‍ പ്രതീക്ഷയോടെ മുന്നോട്ടു പോകുന്നു...

പുതുവര്‍ഷം പുതിയ തുടക്കത്തിന്റെ ശുഭസൂചകമാണ്. പോയ സംവല്‍സരദിനങ്ങളിലെ പ്രയാസങ്ങളും സംഘര്‍ഷങ്ങളും തെറ്റുകളുമൊക്കെ തള്ളിക്കളഞ്ഞ് കുറ്റമറ്റ ജിവിതത്തിലേയ്ക്ക് പ്രവേശിക്കാന്‍ പ്രതിജ്ഞയെടുക്കുന്നതാണ് ഓരോ നവവര്‍ഷ രാവുകളും. ഇന്നത്തെ പുതുവല്‍സരാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത് എവിടെ നിന്ന്...? എപ്പോള്‍...? എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ സഹസ്രാബദങ്ങള്‍ പിറകോട്ട് സഞ്ചരിക്കണം. നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തെക്കന്‍ മെസൊപൊട്ടേമിയയിലെ (ഇന്നത്തെ ഇറാക്ക്) പുരാതന രാജ്യമായിരുന്ന ബാബിലോണിയയിലാണ് ഈ ആഘോഷത്തിന് തിരികൊളുത്തിയത്. വസന്തകാലത്തെ അമാവാസി കഴിഞ്ഞ് ആകാശത്ത് ചന്ദ്രക്കല ദൃശ്യമാകുന്ന മാര്‍ച്ച് മാസത്തിലെ ദിവസമായിരുന്നു ബാബിലോണിയക്കാര്‍ പുതുവര്‍ഷത്തുടക്കമായി വിളംബരം ചെയ്തിരുന്നത്. അതായത് രാത്രിയും പകലും തുല്യസമയം പാലിക്കുന്ന ഒരു ദിവസം. 'അകിതു' എന്ന ഉല്‍സവത്തോടെയായിരുന്നു അവര്‍ പുതുവര്‍ഷാരംഭത്തെ വരവേറ്റിരുന്നത്. ബാര്‍ളിയുടെ സുമേറിയന്‍ പദത്തില്‍ നിന്നാണ് അകിതു ഉത്ഭവിച്ചത്. ബാര്‍ളിയുടെ വിളവെടുപ്പ് വസന്തകാലത്തായിരുന്നു.

ബാബിലോണിയക്കാരുടെ ആകാശദേവനായ മാര്‍ഡുക്ക്, കടലിലെ ദുഷ്ട ദേവതയായ തിയാമത്തിനെ തോല്‍പ്പിച്ച ഐതീഹ്യത്തിലധിഷ്ഠിതമായാണ് പതിനൊന്നു ദിവസത്തെ ഉല്‍സവം കൊണ്ടാടിയിരുന്നത്. ഈ സമയത്താണ് അവിടെ പുതിയ രാജാവിന്റെ കിരീടധാരണമോ നിലവിലുള്ള പ്രജാപതിയുടെ ദൈവദത്തമായ ഭരണ കാലാവധി നീട്ടിക്കൊടുക്കുന്നതോ ആയ പ്രതീകാത്മക ചടങ്ങുകള്‍ നടന്നിരുന്നത്. പ്രാചീനകാലം മുതല്‍ക്കേ വിവിധ മനുഷ്യ സംസ്‌കാരങ്ങള്‍ കാലഗണനയ്ക്കായി കലണ്ടറുകള്‍ തയ്യാറാക്കിയിരുന്നു. കാര്‍ഷിക സംബന്ധമോ ജ്യോതിശാസ്ത്രപരമോ ആയ, നിര്‍ണായക പ്രാധാന്യമുള്ള ഒരു സംഭവമാണ് വര്‍ഷാരംഭമായി അന്ന് കണക്കാക്കിയിരുന്നത്. ഉദാഹരണമായി ഈജിപ്റ്റില്‍ നൈല്‍ നദിയിലെ വാര്‍ഷിക പ്രളയവും ചോതി നക്ഷത്രത്തിന്റെ (ടശൃശൗ)െ ഉദയവും ഒന്നാവുന്ന ദിവസമായിരുന്നു പുതുവര്‍ഷാരംഭം. ശിശിരകാല സംക്രാന്തിക്കു ശേഷമുള്ള രണ്ടാമത്തെ അമാവാസിക്ക് പിറ്റേന്നായിരുന്നു ചൈനക്കാരുടെ പുതുവല്‍സര ദിനം.

റോമക്കാരുടെ ആദിമ കലണ്ടറില്‍ പത്ത് മാസവും 304 ദിവസവുമാണുണ്ടായിരുന്നത്. സൂര്യന്‍ ഭൂമധ്യരേഖയുടെ നേരേ മുകളില്‍ വരുന്ന ദിവസമായിരുന്നു പുതുവര്‍ഷാരംഭം. ക്രിസ്തുവിന് മുമ്പ് എട്ടാം നൂറ്റാണ്ടില്‍ റോമിന്റെ സ്ഥാപകനായ റോമുലസാണ് ഈ കണ്ടറിന്റെ സ്രഷ്ടാവ്. പിന്നീട് അധികാരമേറ്റെടുത്ത നുമ പോംപീലിയസ് പത്തുമാസ കലണ്ടറിലേയ്ക്ക് 'ജനുവാരിയസ്', 'ഫെബ്രുവാരിയസ്' എന്നീ രണ്ടുമാസങ്ങളും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സൂര്യനുമായി ഈ കലണ്ടര്‍ കണക്കിന് ചേര്‍ച്ചയില്ലായിരുന്നു. ഈ പ്രശ്‌നം പരിഷ്‌കരിക്കപ്പെട്ടത് അനേക നൂറ്റാണ്ടുകള്‍ക്ക് ശേഷം 46 ബി.സിയിലാണ്. റോമാ ചക്രവര്‍ത്തിയായ ജൂലിയസ് സീസര്‍ ഗണിത ശാസ്ത്രജ്ഞന്‍മാരുമായി ചര്‍ച്ച നടത്തിയ ശേഷം ജൂലിയന്‍ കലണ്ടര്‍ അവതരിപ്പിക്കുകയും പ്രയോഗത്തില്‍ കൊണ്ടുവരികയും ചെയ്തു. നിലവില്‍ നാം ഉപയോഗിക്കുന്ന ഗ്രിഗോറിയന്‍ കലണ്ടറുമായി ഇതിന് ചില കാര്യങ്ങളില്‍ സാമ്യമുണ്ടായിരുന്നു.

കലണ്ടര്‍ പരിഷ്‌കരണത്തിന്റെ ഭാഗമായി സീസര്‍ പുതുവര്‍ഷത്തിന്റെ ആദ്യ ദിനമായി ഒന്നാം തീയതിയാണെന്ന് പ്രഖ്യാപിച്ചു.  ജനുവരി എന്ന പേര് അന്വര്‍ത്ഥമാക്കാനായിരുന്നു ഇത്. തുടക്കത്തിന്റെയും കവാടത്തിന്റെയും റോമന്‍ ദേവനാണല്ലോ 'ജാനസ്'.  രണ്ട് തലകളുള്ള ജാനസ് മുന്നോട്ടും പിന്നോട്ടുമാണ് നോക്കുന്നത്. അതായത് ഭാവിയിലേയ്ക്കും ഭുതകാലത്തിലേയ്ക്കും.   അങ്ങനെ വര്‍ഷത്തിന്റെ ഗേറ്റ് വേ ആയി ജനുവരി. ഗലീലിയിലെ വിപ്ലവകാരികളായ യഹൂദരെ തുടച്ചു നീക്കാന്‍ കല്‍പ്പിച്ചുകൊണ്ടാണ് സീസര്‍ ജനുവരി ഒന്നാം തീയതിയെന്ന ആദ്യത്തെ പുതുവല്‍സര ദിനം ആഘോഷിച്ചത്. അന്ന് തെരുവുകളില്‍ ചോരപ്പുഴയൊഴുകി. വര്‍ഷങ്ങള്‍ക്കു ശേഷം മതവിശ്വാസികളല്ലാത്ത റോമക്കാര്‍ ലഹരിയില്‍ കൂത്താടിയാണ് ന്യൂ ഇയര്‍ ആഘോഷിച്ചിരുന്നത്. പോയ കാല കലാപദിനങ്ങളുടെ പ്രതീകാത്മകമായ പുനസ്ഥാപനമായിരുന്നു ഈ ആഘോഷമെന്ന് ചരിത്രം പറയുന്നു.

ക്രൈസ്തവ മതം വ്യാപിച്ചതോടെ അവിശ്വാസികളുടെ ഹോളിഡേകള്‍ ക്രിസ്ത്യന്‍ കലണ്ടറില്‍ നിന്ന് ഒഴിവാക്കി. മധ്യകാലഘട്ടത്തിന്റെ തുടക്കനാളുകളില്‍ യൂറോപ്പിലെ ക്രിസ്ത്യാനികള്‍ മാര്‍ച്ച് 25-ാം തീയതി വര്‍ഷത്തിന്റെ തുടക്കമായി പരിഗണിച്ചു. ബൈബിള്‍ സംബന്ധമായി ഏറെ പ്രത്യേകതകളുള്ള ദിവസമാണ് മാര്‍ച്ച് 25. പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭം ധരിച്ച്  കന്യകാ മറിയം യേശുവിന്റെ അമ്മയായി തീരുമെന്ന് ഗബ്രിയേല്‍ മാലാഘ അരുളിച്ചെയ്ത വിശുദ്ധ ദിവസമാണിത്. ഇതിനിടെ വില്യം രാജാവ് 1066 ഡിസംബര്‍ 25ന് ഇംഗ്ലണ്ടിന്റെ ഭരണാധിപനായി ചുമതലയേറ്റു. ക്രിസ്തുവിന്റെ ജന്മദിനമാണല്ലോ ഡിസംബര്‍ 25. തന്റെ കിരീടധാരണവും ക്രിസ്തുവിന്റെ ജന്മദിനവും ഒരേ ദിവസമായതിനാല്‍, യേശുവിന്റെ പരിഛേദന ദിനമായ ജനുവരി ഒന്ന് പുതുവര്‍ഷാരംഭ ദിനമാക്കി വില്യം രാജാവ് ഉത്തരവിറക്കി. ദൈവവും അബ്രഹാത്തിന്റെ സന്തതികളുമായുള്ള ഉടമ്പടിയുടെ പ്രതിബിംബമാണ് പരിഛേദനം. ആണ്‍കുട്ടി ജനിച്ചതിന് എട്ടാം ദിവസമാണ് ഈ ചടങ്ങ് നടത്തിയിരുന്നത്. പുതിയ നിയമത്തിലെ മാമ്മോദീസയ്ക്ക് മുന്നോടിയായുള്ള കര്‍മമാണ് ശരീരത്തില്‍ ഒരു മുറിവുണ്ടാക്കി ആത്മാവിനെ വിശുദ്ധീകരിക്കുന്ന പരിഛേദനകര്‍മം. 

വില്യം രാജാവിന്റെ കലണ്ടര്‍ പുതുക്കല്‍ പിന്നീട് തള്ളപ്പെട്ടു. ഇംഗ്ലണ്ടും ഇതര ക്രൈസ്തവ ലോകവും മാര്‍ച്ച് 25 പുതുവല്‍സരദിനമായി തുടര്‍ന്നും ആഘോഷിച്ചു. അഞ്ഞൂറു വര്‍ഷങ്ങള്‍ക്കു ശേഷം 1582ല്‍ ഗ്രിഗറി പതിമൂന്നാമന്‍ മാര്‍പ്പാപ്പ, പരമ്പരാഗതമായ ജൂലിയന്‍ കലണ്ടര്‍ ഉപേക്ഷിക്കുകയും ജനുവരി ഒന്ന് പുതുവര്‍ഷദിനാരംഭമായി പുനസ്ഥാപിക്കുകയും ചെയ്തു. ജൂലിയന്‍ കലണ്ടറില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ഗ്രിഗോറിയന്‍ കലണ്ടര്‍ വികസിപ്പിച്ചത്. ഗ്രിഗോറിയന്‍ കലണ്ടര്‍ സൂര്യനെ അടിസ്ഥാനമാക്കിയുള്ള കാലഗണനാരീതിയാണ്. ഇതില്‍ ദിവസമാണ് സമയത്തിന്റെ അടിസ്ഥാന ഘടകം. സാധാരണ രീതിയില്‍ 365 ദിവസങ്ങളും, അധിവര്‍ഷങ്ങളില്‍ 366 ദിവസങ്ങളും ആണ് ഒരു വര്‍ഷമായി കണക്കാക്കുന്നത്. ഓരോ ഗ്രിഗോറിയന്‍ വര്‍ഷവും പന്ത്രണ്ട് മാസങ്ങളായി വിഭജിച്ചിട്ടുണ്ട്, ഓരോ മാസങ്ങളിലും ഉള്ള ദിവസങ്ങളുടെ എണ്ണം വ്യത്യസ്തമാണല്ലോ.

ജൂലിയന്‍ കാലഗണനാരീതി 1500 വര്‍ഷത്തോളം യൂറോപ്പില്‍ നിലവിലുണ്ടായിരുന്നു. ജൂലിയസ് സീസര്‍ അലക്‌സാണ്ട്രിയയിലെ സോസിജെനസിന്റെ ഉപദേശപ്രകാരം സൂര്യനെ അടിസ്ഥാനമാക്കിയാണല്ലോ നിര്‍മ്മിച്ചത്. ഇതില്‍ ഒരു വര്‍ഷം കൃത്യമായും 365 ദിവസത്തില്‍നിന്നും ഒരല്പം, അതായത് അഞ്ച് മണിക്കൂര്‍ 48 മിനിറ്റ് 46 സെക്കന്റ്, കുറവുണ്ടായിരുന്നു. ഓരോ നാലു വര്‍ഷം കൂടുമ്പോള്‍ രണ്ടാം മാസമായ ഫെബ്രുവരിക്ക് ഒരു ദിവസം കൂടി (അധിവര്‍ഷം) നല്‍കിയാണ് ഈ കുറവ് പരിഹരിച്ചത്. പക്ഷേ നാല് വര്‍ഷം കൂടുമ്പോള്‍ അധികദിവസം കണക്കാക്കുമ്പോള്‍ കുറവുള്ള അഞ്ച് മണിക്കൂര്‍ 48 മിനിറ്റ് 46 സെക്കന്റിനു പകരം ഓരോവര്‍ഷത്തിനും ആറ് മണിക്കൂര്‍ വീതം ലഭിക്കും. ഇങ്ങനെ വരുമ്പോള്‍ ഓരോ 365 ദിവസ വര്‍ഷത്തിനും 11 മിനിറ്റ് 14 സെക്കന്റ് കൂടുതലാകുന്നു. ഇപ്രകാരം കണക്കുകൂട്ടിയാല്‍ ഓരോ 134 വര്‍ഷം കൂടുമ്പോള്‍ ഒരു ദിവസം അധികമായി ഉണ്ടാവുന്നു. ഇങ്ങനെ ജൂലിയന്‍ കലണ്ടര്‍ പ്രകാരം അബദ്ധത്തില്‍ ഓരോ വര്‍ഷത്തിന്റെയും കൂടെ അധികമായി വന്ന സമയം മൂലം പതിനാറാം നൂറ്റാണ്ടോടു കൂടി ഈ കാലഗണനാരീതി 10 ദിവസം വ്യത്യാസം കാണിച്ചുതുടങ്ങി.

ഈ തെറ്റിനു പരിഹാരമായാണ് ഗ്രിഗറി പതിമൂന്നാമന്‍ മാര്‍പ്പാപ്പ 1582 ഒക്ടോബര്‍ നാലാം തീയതി ചൊവ്വാഴ്ചയ്ക്കു ശേഷം അടുത്തദിവസമായി ഒക്ടോബര്‍ 15 വെള്ളിയാഴ്ച എന്ന മാറ്റം വരുത്തി കൂടുതലായി വന്ന ദിവസങ്ങള്‍ കുറച്ചത്. ഭാവിയില്‍ ഈ തെറ്റു വരാതിരിക്കാനായി ഓരോ 400 വര്‍ഷത്തിലും മൂന്ന് ജൂലിയന്‍ അധിക ദിവസങ്ങള്‍ ഒഴിവാക്കുകയും ചെയ്തു. ഗ്രിഗോറിയന്‍ കലണ്ടറില്‍ നാല് കൊണ്ട് പൂര്‍ണ്ണമായി ഭാഗിക്കുവാന്‍ പറ്റുന്ന എല്ലാവര്‍ഷങ്ങളും അധിവര്‍ഷങ്ങളാണ്. പക്ഷേ 100 കൊണ്ട് പൂര്‍ണ്ണമായി ഭാഗിക്കുവാന്‍ പറ്റുന്ന എന്നാല്‍ 400 കൊണ്ട് ഇത് സാധിക്കാത്ത എല്ലാ വര്‍ഷങ്ങളേയും സാധാരണ വര്‍ഷങ്ങളായാണ് കണക്കാക്കുന്നത്. അധിവര്‍ഷങ്ങളില്‍ 366 ദിവസങ്ങളുണ്ടാവും, സാധാരണ 28 ദിവസങ്ങളുള്ള ഫെബ്രുവരി മാസത്തിന് 29 ദിവസങ്ങളുണ്ടാവും അധിവര്‍ഷങ്ങളില്‍.

കാലഗണനയുടെ കലണ്ടര്‍ ചരിത്രം (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
Thinktank 2016-12-28 06:28:23

B.C and A. D why ? Omitting that important fact seems to be intentional. Please email answer to me: tomabrahamoc@gmail.com



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക