Image

ഉടുമുണ്ടുരിഞ്ഞും ചീമുട്ടയെറിഞ്ഞും ഗ്രൂപ്പ്മുഷ്‌കിന്റെ ഉണ്ണിത്താന്‍ വേട്ട (എ.എസ് ശ്രീകുമാര്‍)

Published on 28 December, 2016
ഉടുമുണ്ടുരിഞ്ഞും ചീമുട്ടയെറിഞ്ഞും ഗ്രൂപ്പ്മുഷ്‌കിന്റെ ഉണ്ണിത്താന്‍ വേട്ട (എ.എസ് ശ്രീകുമാര്‍)
വാവായാലും സംക്രാന്തിയായലും ഇറച്ചിക്കോഴിക്ക് കിടക്കപ്പൊറുതിയില്ലെന്ന ദുരവസ്ഥയിലാണ് കോണ്‍ഗ്രസിന്റെ ഇടിമുഴക്കമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. രമേശ് ചെന്നിത്തലയും കെ. മുരളീധരനുമൊക്കെ നേതൃത്വം നല്‍കുന്ന വിശാല 'ഐ' ഗ്രൂപ്പിന്റെ കടുത്ത ആക്രമണത്തില്‍ പെട്ടിരിക്കുകയാണിപ്പോള്‍ ടിയാന്‍. ഒരു കാലത്ത് ലീഡര്‍ കെ. കരുണാകരന്റെ ഇഷ്ട ശിഷ്യനായിരുന്ന ഉണ്ണിത്താനെ വേട്ടയാടാന്‍ ഇറങ്ങിപ്പുറപ്പെട്ടവരില്‍ പ്രമുഖന്‍ കെ. മുരളീധരനാണെന്നത് വിധിവൈപരീത്യം. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് എല്ലാ വേലികളും പൊളിച്ച് വയ്യാവേലിയായി തെരുവിലെത്തി നില്‍ക്കുകയാണ്. ഇന്ന് (ഡിസംബര്‍ 28) കോണ്‍ഗ്രസിന്റെ ജന്മദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കാന്‍ കൊല്ലം ഡി.സി.സി ഓഫീസില്‍ എത്തിയ ഉണ്ണിത്താനെ മുരളീധരന്റെ ആള്‍ക്കാര്‍ തടയുകയും അദ്ദേഹത്തിന്റെ കാറിനു നേരെ ചീമുട്ടയെറിയുകയും ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു. കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉണ്ണിത്താനോട്, സ്ഥലത്ത് സംഘര്‍ഷ സാധ്യതയുണ്ടെന്നും യോഗത്തിലേക്ക് വരേണ്ടെന്നും  സ്‌നേഹത്തോടെ ഉപദേശിച്ചെങ്കിലും കോണ്‍ഗ്രസിലെ ഗര്‍ജിക്കുന്ന സിംഹം എന്നറിയപ്പെടുന്ന ഉണ്ണിത്താന്‍ വകവെച്ചില്ല. തന്നെ ആക്രമിച്ചത് മുരളീധരന്റെ ആള്‍ക്കാരാണെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും ഉണ്ണിത്താന്‍ എണ്ണിപ്പറഞ്ഞു. 

കഴിഞ്ഞ രണ്ട് ദിവസമായി കോണ്‍ഗ്രസില്‍ ശക്തമായ വാക്‌പോര് തുടരുകയാണ്. ഇക്കഴിഞ്ഞ ദിവസം കോഴിക്കോട്ട് സംഘടിപ്പിച്ച കെ. കരുണാകരന്‍ അനുസ്മരണ യോഗത്തില്‍ മുരളീധരന്‍ നടത്തിയ പ്രസംഗമാണ് പുതിയ കലാപത്തിന്റെ തുടക്കം. കേരളത്തില്‍ സി.പി.എം തന്നെ ഭരണപക്ഷവും പ്രതിപക്ഷവുമാകുന്ന പ്രത്യേക സ്ഥിതിവിശേഷമാണെന്നും പ്രതിപക്ഷ പ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസും യു.ഡി.എഫും പരാജയമാണെന്നുമാണ് കെ. മുരളീധരന്റെ ആത്മരോഷം. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുരളിയുടെ അഭിപ്രായത്തെ പിന്‍താങ്ങി സുഖിപ്പിച്ച് പറഞ്ഞപ്പോള്‍ മുസ്ലീംലീഗും ഓനെ സപ്പോര്‍ട്ട് ചെയ്തു. സഹിക്കവയ്യാതെ മുരളിക്ക് മറുപടിയുമായി ഉണ്ണിത്താന്‍ ചാടിവീണു. മുരളീധരന്‍ കോണ്‍ഗ്രസിനെ പൊതുജനങ്ങളുടെ മുമ്പില്‍ അവഹേളിക്കുകയാണെന്നും പാലുകൊടുത്ത കൈയ്ക്കു തന്നെ കൊത്തുകയാണെന്നും കെ. കരുണാകരന്റെ ശ്രാദ്ധത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ പങ്കെടുക്കാതെ മുരളി ദുബായില്‍ പിണറായി വിജയനോടൊപ്പം വേദി പങ്കിട്ടുവെന്നും ഉണ്ണിത്താന്‍ ആക്ഷേപിച്ചു. ഇതു കേട്ട മുരളീധരന് ഇരിക്കപ്പൊറുതിയുണ്ടായില്ല. വീട്ടുകാര്‍ സംസാരിക്കുന്നിടത്ത് കുശിനിക്കാര്‍ സംസാരിക്കേണ്ട എന്നും താന്‍ പറഞ്ഞത് പ്രവര്‍ത്തകരുടെ വികാരമാണെന്നും പാര്‍ട്ടി നയം വ്യക്തമാക്കേണ്ടത് പ്രസിഡന്റാണെന്നും മറ്റാരൊക്കെ നിന്നു കുരച്ചാലും പുച്ഛിച്ച് തള്ളുമെന്നും കലിയടങ്ങാതെ മുരളിയും കണക്കിന് താങ്ങി. 

കേരള രാഷ്ട്രീയത്തില്‍ നാവു ബലത്തില്‍ ഉണ്ണിത്താനു മുമ്പിലില്ല ആരും. ഇങ്ങേരെ തര്‍ക്കിച്ചു തോല്‍പ്പിക്കാന്‍ ഇറങ്ങിപുറപ്പെട്ടിരിക്കുന്നവര്‍ക്ക് ആയുധം വച്ച് കീഴടങ്ങേണ്ടി വരും. ഉണ്ണിത്താന്റെ മറുപടികള്‍ കുറിക്ക് കൊള്ളുന്നതും വിമര്‍ശനങ്ങള്‍ തൊലിയുരിക്കുന്നതുമാണ്. അതുകൊണ്ടു തന്നെ പലവട്ടം അദ്ദേഹം തെരുവില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. തന്റെ മൂര്‍ച്ചയുള്ള ഒരു മറുപടി ഉണ്ണിത്താന്‍ മുരളീധരന് ഇട്ടുകൊടുത്തു. മുരളീധരന്‍ കഴുത കാമം കരഞ്ഞു തീര്‍ക്കുന്നതുപോലത്തെ പ്രവൃത്തിയാണ് ചെയ്യുന്നതെന്നും അദ്ദേഹം ആണായി പിറന്നത് കേരളത്തിന്റെ ഭാഗ്യമാണെന്നും പെണ്ണായി ജനിച്ചിരുന്നെങ്കില്‍ കേരളത്തില്‍ അറിയപ്പെടുന്ന വേശ്യയായി മാറുമായിരുന്നുവെന്നും ഉണ്ണിത്താന്‍ നാക്കിനെല്ലില്ലാതെ വെച്ചലക്കി. മുരളിയെക്കുറിച്ചു പറയുകയാണെങ്കില്‍ രണ്ടാമതൊരു കാമസൂത്രം തന്നെ രചിക്കേണ്ടി വരുമെന്നും, ഉന്തിന്റെ കൂടെ ഒരു തള്ള് എന്ന രീതിയില്‍ ഉണ്ണിത്താന്‍ സൈലന്‍സറില്ലതെ പറഞ്ഞു. കാര്യങ്ങള്‍ ഇങ്ങനെ കണ്‍ട്രോള് വിട്ടു പോയതോടെ കെ. സി. ജോസഫ് എം.എല്‍.എ, കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് നല്‍കിയ കത്തില്‍ മുരളിയുടെ അഭിപ്രായം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. വക്താവ് എന്ന നിലയില്‍ എന്തും വിളിച്ചു പറയുന്ന ഉണ്ണിത്താനെതിരെ നടപടി വേണമെന്നും കത്തില്‍ പറയുന്നു. 

എന്നാല്‍ വക്താവ് എന്ന നിലയിലല്ല, വ്യക്തിപരമാണ് എന്ന ആമുഖത്തോടെ തന്റെ വീട്ടില്‍ വാര്‍ത്താ സമ്മേളനം നടത്തി ഉണ്ണിത്താനും രംഗത്ത് വന്നു. മുരളീധരന്റെ 'കുശിനിക്കാരന്‍' പ്രയോഗത്തില്‍ ഉണ്ണിത്താന്‍ പറഞ്ഞത്, പാര്‍ട്ടിക്കു വേണ്ടി കുശിനിക്കാരനാവുന്നതില്‍ അഭിമാനമേ ഉള്ളു...മുരളിയെ ശിഖണ്ഡിയാക്കി മറ്റു ചിലര്‍ കളിക്കുകയാണ് എന്നാണ്. ഈ പശ്ചാത്തലത്തില്‍ 'ഐ' ഗ്രൂപ്പിനെ ഏകോപിപ്പിക്കാന്‍ മുരളീധരന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ചെന്നിത്തല നേതൃത്വം നല്‍കുന്ന വിശാല 'ഐ' ഗ്രൂപ്പില്‍ തന്റെ ഇഷ്ടക്കാരായ നേതാക്കന്മാരുമായി മുരളീധരന്‍ സംസാരിച്ചു കഴിഞ്ഞു. 'എ' ഗ്രൂപ്പിന്റെ അനുഗ്രഹാശിസ്സുകളോടെ ഇന്ദിര, രാജീവ്, കരുണാകരന്‍ സന്നദ്ധസേവന പരിപാടി സംഘടിപ്പിച്ചുകൊണ്ട് പരമ്പരാഗത 'ഐ' ഗ്രൂപ്പ് വികാരം ആളി കത്തിക്കുകയാണ് മുരളിയുടെ ലക്ഷ്യം. ഇതിനിടെ മുരളിയുമായി നടത്തിയ വാക്ക് യുദ്ധത്തിനൊടുവില്‍ ഉണ്ണിത്താന്‍ സംസ്ഥാന കോണ്‍ഗ്രസിന്റെ വക്താവ് സ്ഥാനം രാജി വച്ച് ധൈര്യം കാട്ടിയിരുന്നു. 

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ദൗര്‍ഭാഗ്യത്തിന്റെ വക്താവായാണ് ഉണ്ണിത്താന്റെ സ്ഥാനം. നാല്പത്തിയെട്ടു കൊല്ലത്തെ രാഷ്ട്രീയ ജീവിതത്തിനിടയില്‍ ഒരു എം.എല്‍.എയോ എം.പിയോ ആകാന്‍ ഉണ്ണിത്താന് ഭാഗ്യം ഉണ്ടായിട്ടില്ല. നന്നായി സംസാരിക്കാന്‍ കഴിവുള്ള ഉണ്ണിത്താന്‍, പാര്‍ട്ടിയും മുന്നണിയുമൊക്കെ പുലിവാലു പിടിക്കുമ്പോള്‍ ചാനല്‍ ചര്‍ച്ചകളില്‍ രക്ഷാകര ദൗത്യം ഏറ്റെടുത്ത് പ്രതിരോധത്തിന്റെ കോട്ടകള്‍ കെട്ടാറുണ്ട്. എതിര്‍ വാദം ഉന്നയിക്കുന്നവര്‍ മിക്കപ്പോഴും ഉണ്ണിത്താന്റെ മുമ്പില്‍ നിഷ്പ്രഭരാകുന്നതും നാം കണ്ടിട്ടുണ്ട്. അങ്ങനെ ചാനലുകളിലും പുറത്തുമൊക്കെയായി യു.ഡി.എഫ് രാഷ്ട്രീയത്തെ സംരക്ഷിച്ചു നിര്‍ത്താന്‍ നാവെടുക്കുന്ന ഈ കോണ്‍ഗ്രസുകാരന്‍ ഇന്ന് പലരുടെയും കാഴ്ചപ്പാടില്‍ വെറുക്കപ്പെട്ടവനും നികൃഷ്ട ജീവിയുമൊക്കെയാണ്. എന്നാല്‍ ഇതൊന്നും തന്നെ അപ്രസക്തനാക്കുന്നില്ലെന്ന് പറഞ്ഞ് ഉണ്ണിത്താന്‍ കളത്തിലുണ്ട്. ഉണ്ണിത്താന്റെ ജീവിതം പലപ്പോഴും സംഘര്‍ഷഭരിതമായിട്ടുണ്ട്. ഒട്ടേറെ സംഭവ പരമ്പരകളുടെ സാക്ഷ്യമാണ് ഈ കൊല്ലംകാരന്റെ  രാഷ്ട്രീയ ജീവിതം. 

എസ്.എഫ്.ഐയുടെ ചെങ്കോട്ടയായ കൊല്ലം എസ്.എന്‍ കോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ സാക്ഷാല്‍ എം. എ ബേബിയെ തോല്പിച്ച ഉണ്ണിത്താന്‍, കെ. കരുണാകരന്റെ ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി. കോളേജ് യൂണിയന്‍ ചെയര്‍മാനായ ഉണ്ണിത്താനെ ലീഡര്‍ നോട്ടമിട്ടു. അങ്ങനെ കരുണാകരനൊപ്പം കൂടി. ലീഡറുടെ ആശ്രിത വത്സലനായി ഉണ്ണിത്താന്‍ പ്രവര്‍ത്തിച്ചു വളര്‍ന്നു. 'ഐ' ഗ്രൂപ്പിന്റെ വക്താവായി ലീഡറുടെ നല്ലകാലത്തും മോശകാലത്തും എല്ലാം ഉണ്ണിത്താന്‍ ഗ്രൂപ്പിനെ തന്റെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു. വാസ്തവത്തില്‍ തന്റെ പുത്രന്‍ കെ. മുരളീധരന്റെ രാഷ്ട്രീയ വളര്‍ച്ചയ്ക്കുള്ള വളമായാണ് ലീഡര്‍ ഉണ്ണിത്താനെ കൂടെ കൂട്ടിയതെന്ന സത്യവും ചാരം മൂടിക്കിടക്കുന്നു. ഉണ്ണിത്താന്റെ വാക്കുകളില്‍ നിന്ന് വാര്‍ത്തകള്‍ പൊട്ടിമുളയ്ക്കുന്ന കാലമായിരുന്നു അത്. എന്നാല്‍ മുരളിയുമായുള്ള ഭിന്നതയെ തുടര്‍ന്ന് ഉണ്ണിത്താന്‍ ലീഡറുമായി വല്ലാതെ അകലുകയായിരുന്നു. 

ആയിടയ്ക്കാണ് കോണ്‍ഗ്രസിന് കടുത്ത നാണക്കേടുണ്ടാക്കിയ മുണ്ടുരിയല്‍ സംഭവം അരങ്ങേറിയത്. 2004 ജൂണ്‍ 20ന് ആയിരുന്നു ആ വസ്ത്രാക്ഷേപം. ലോക്‌സഭാ ഇലക്ഷന്‍ ഫലം ചര്‍ച്ച ചെയ്യാനായി തിരുവനന്തപുരം നഗര മധ്യത്തിലെ പ്രിയദര്‍ശിനി പ്ലാനറ്റോറിയത്തില്‍ കെ.പി.സി.സി എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താനെയും ഒപ്പമുണ്ടായിരുന്ന ശരത്ചന്ദ്രപ്രസാദിനെയും കാറില്‍ നിന്ന് പിടിച്ചിറക്കി ഇവരുടെ മുണ്ടുരിയുകയും മര്‍ദ്ദിക്കുകയുമായിരുന്നു. 'ഐ' ഗ്രൂപ്പിനെതിരെ പ്രവര്‍ത്തിച്ചു എന്നതായിരുന്നു ഉണ്ണിത്താനെതിരെയുള്ള ആരോപണം. ഇരുവരെയും കെ.പി.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സംഗതി കോംപ്രമൈസ് ആവുകയും ഉണ്ണിത്താന്‍ മടങ്ങിയെത്തുകയും ചെയ്തു. കരുണാകരനുമായി തെറ്റിയതോടെ 2004 മധ്യത്തോടെ ഉണ്ണിത്താന് വനവാസകാലമായി. ആന്റണിയുടെയും ഉമ്മന്‍ ചാണ്ടിയുടെയും അതൃപ്തിക്ക് പാത്രമായി. അങ്ങനെ ക്ഷേത്രദര്‍ശനവുമായി അദ്ദേഹം ഒതുങ്ങിക്കൂടി. 

ഈ സമയത്താണ് ഉണ്ണിത്താന്റെ ജീവിതത്തിലെ മറ്റൊരു റോള്‍ കൈവെള്ളയിലെത്തിയത്. ചാനലുകളിലും സമ്മേളന വേദികളിലും പാര്‍ട്ടി മീറ്റിംഗുകളിലുമൊക്കെ ഘോരഘോരം പ്രസംഗിച്ച് കിടിലന്‍ രാഷ്ട്രീയ ഡയലോഗുകളുടെ ഉടമയായി മാറിയ ഉണ്ണിത്താന്‍ സിനിമാ നടനിലേക്ക് പരകായ പ്രവേശം ചെയ്തു. സുരേഷ് ഗോപിയുടെ ചിത്രമായ ടൈഗറില്‍ സംവിധായകന്‍ ഷാജി കൈലാസാണ് ഉണ്ണിത്താനെ നിര്‍ബന്ധിച്ച് അഭിനയിപ്പിച്ചത്. പിന്നീട് ഉപ്പുകണ്ടം ബ്രദേഴ്‌സ് രണ്ടാം ഭാഗം, ബാക്ക് ഇന്‍ ആക്ഷന്‍, കാഞ്ചീപുരത്തെ കല്ല്യാണം, ദി സ്റ്റേറ്റ്, എന്‍ട്രി, ജൂബിലി, ബല്‍റാം വേഴ്‌സസ് താരാദാസ്, വാസ്തവം തുടങ്ങി പത്തു കൊല്ലം കൊണ്ട് പതിനെട്ട് സിനിമകളില്‍ അഭിനയിച്ച് ആ രംഗത്തും താന്‍ മോശക്കാരനല്ല എന്ന് തെളിയിച്ചു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ അമരക്കാരനായി ഉണ്ണിത്താന്‍ നിയമിതനായി. പല സിനിമാക്കാരും അദ്ദേഹത്തെ വിമര്‍ശിച്ചു. അതില്‍ മുന്നില്‍ നിന്നത് ഉണ്ണിത്താനെ വെള്ളിത്തിരയിലേക്ക് കൈ പിടിച്ചു കൊണ്ടു വന്ന ഷാജി കൈലാസാണ് എന്നത് മറ്റൊരു കൗതുകം. തന്നെ വിമര്‍ശിച്ചവരെ ഗ്രഹണ സമയത്ത് തല പൊക്കുന്ന ഞാഞ്ഞൂലുകളോടും നീര്‍ക്കോലികളോടുമാണ് ഉണ്ണിത്താന്‍ ഉപമിച്ചത്. 

പിന്നെ കണ്ടത് ഉണ്ണിത്താന്റെ തിരിച്ചു വരവാണ്. എ.കെ ആന്റണിയുമായി സംസാരിച്ച് കാര്യങ്ങള്‍ സോള്‍വ് ചെയ്തു. സി.പി.എം കോട്ടയായ തലശ്ശേരി നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ ടിക്കറ്റ് കിട്ടി. എതിരാളി കോടിയേരി ബാലകൃഷ്ണനെ വിറപ്പിച്ചെങ്കിലും പരാജയപ്പെട്ടു. കൊല്ലം പാര്‍ലമെന്റ് സീറ്റില്‍ നിന്ന് മത്സരിക്കണമെന്ന് വലിയ മോഹമുണ്ടായിരുന്നു. ഈയിടെ നടന്ന ഡി.സി.സി പ്രസിഡന്റ് നിയമനത്തില്‍ കൊല്ലം ഡി.സി.സി യുടെ തലവനാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഒന്നും നടന്നില്ല. ഉണ്ണിത്താന്റെ ജീവിതത്തിലെ കറുത്ത അദ്ധ്യായമാണ് മഞ്ചേരിയിലെ പെണ്ണു കേസ്. 2010 ഡിസംബര്‍ 20നാണ് ഏറെ നാണക്കേടുണ്ടാക്കിയ ആ സംഭവം ഉണ്ടായത്. ജയലക്ഷ്മി എന്ന സേവാദള്‍ പ്രവര്‍ത്തകയോടൊപ്പം മഞ്ചേരിയിലെ ഒരു വീട്ടില്‍ നിന്ന് ഉണ്ണിത്താനെ പാതിരാത്രിയില്‍ നാട്ടുകാര്‍ പിടികൂടി. ഉണ്ണിത്താനെ കെ.പി.സി.സി സസ്‌പെന്‍ഡ് ചെയ്തു. മലബാറിലെ മുതിര്‍ന്ന  നേതാവായ കെ.പി മൊയ്തീനെ പാര്‍ട്ടി അന്വേഷണ കമ്മീഷനായി നിയമിച്ചു. ഉണ്ണിത്താനെ കരുതിക്കൂട്ടി കുടുക്കിയതാണെന്ന മൊയ്തീന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി ഉണ്ണിത്താനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. ഇമ്മോറല്‍ ട്രാഫിക്കിന്റെ പേരില്‍ അന്ന് ഉണ്ണിത്താനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പക്ഷേ പോലീസ് അന്വേഷണവും വഴി മുട്ടുകയായിരുന്നു. 

ഉണ്ണിത്താന്‍ കേരളരാഷ്ട്രീയത്തില്‍ വീണ്ടും സജീവമായി. 2011ലെ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായില്ലെങ്കിലും അദ്ദേഹം കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുകയും വക്താവ് എന്ന പദവി സ്വന്തമാക്കുകയും ചെയ്തു. ഒരുപാട് വിവാദ പ്രസ്താവനകള്‍ ഉണ്ണിത്താന്റെ ഭാഗത്തു നിന്നുമുണ്ടായി. അതെല്ലാം പാര്‍ട്ടിയെയും മുന്നണിയെയും പ്രതിരോധിക്കുന്നതിനു വേണ്ടിയായിരുന്നു. അതിലൊന്ന് ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശികല ടീച്ചര്‍ക്കെതിരെയുള്ളതായിരുന്നു. വാത രോഗം പിടിച്ചു തളര്‍ന്നു കിടക്കുന്ന ഹിന്ദു പോലും ശശികല ടീച്ചറുടെ പ്രസംഗം കേട്ടാല്‍ ചാടിയെഴുന്നേറ്റ് രാജ്യത്തെ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ഉന്മൂലനം ചെയ്യാന്‍ ഇറങ്ങുമെന്നും മദനിയെക്കാള്‍ വര്‍ഗീയ വിഷം ചീറ്റുന്നതാണ് അവരുടെ വാക്കുകളെന്നും രാജ്യത്തിന്റെ ശമ്പളം പറ്റി ഹിന്ദു രാഷ്ട്രത്തിനു വേണ്ടി വാദിക്കുന്നത് മര്യാദയല്ലെന്നും ഉണ്ണിത്താന്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ തുറന്നടിക്കുകയുണ്ടായി. ഇതിന്റെ പേരില്‍ ഉണ്ണിത്താന് വധ ഭീഷണിയും ഉണ്ടായി. 2013നു ശേഷം രാഷ്ട്രീയ തിരക്കുകള്‍ മൂലം ഉണ്ണിത്താന്‍ സിനിമയില്‍ അഭിനയിച്ചിട്ടില്ല. ഇത്രയും ദീര്‍ഘമേറിയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയില്‍ കാര്യമായ അംഗീകാരങ്ങള്‍ ഒരിക്കലും ലഭിക്കാത്ത നേതാവാണ് അദ്ദേഹം. എ.ഐ.സി.സി അംഗം എന്ന പദവിക്കപ്പുറം ഒന്നും കിട്ടിയിട്ടില്ല. ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ചെയര്‍മാനായത് മാത്രമാണ് ഉണ്ണിത്താന് രാഷ്ട്രീയം കൊണ്ട് ലഭിച്ച ഏക പദവി. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കുണ്ടറ നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും സി.പി.എമ്മിന്റെ മേഴ്‌സിക്കുട്ടിയമ്മയോട് പരാജയപ്പെടുകയാണുണ്ടായത്.

കോണ്‍ഗ്രസിലെ പുതിയ സംഭവ വികാസങ്ങള്‍ വിരല്‍ ചൂണ്ടുന്നത് ഉമ്മന്‍ ചാണ്ടിയിലേക്കാണ്. കെ. മുരളീധരന്റെ പ്രസ്താവനയെ പിന്തുണച്ച അദ്ദേഹം മുരളിയെ സ്വന്തം പാളയത്തില്‍ എത്തിക്കാന്‍ തന്ത്രങ്ങള്‍ മെനയുന്നുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ പിന്തുണ മുരളീധരന്‍ ഉറപ്പിച്ചിട്ടുണ്ട്. ആന്റണിയെയും, സുധീരനെയും, ചെന്നിത്തലയെയും ഒരുതരത്തിലും അംഗീകരിക്കാന്‍ ഉമ്മന്‍ ചാണ്ടിക്കാവില്ല. താന്‍ രാഷ്ട്രീയ പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലൊന്നും ഇവരാരും മാനസിക പിന്തുണ നല്‍കിയില്ലെന്ന കാര്യം ഉമ്മന്‍ ചാണ്ടി മറക്കുന്നില്ല. അതുകൊണ്ടാണ് ഒരു മുരളീധര സോഫ്റ്റ് കോര്‍ണര്‍ അദ്ദേഹം പ്രകടമാക്കുന്നത്.  അതിനാല്‍ തന്നെ ഉണ്ണിത്താന്‍ ആരാലും പിന്തുണയ്ക്കപ്പെടാതെ ഒറ്റപ്പെടുന്ന കാഴ്ചയാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ദൃശ്യമാകുന്നത്. 

ഉടുമുണ്ടുരിഞ്ഞും ചീമുട്ടയെറിഞ്ഞും ഗ്രൂപ്പ്മുഷ്‌കിന്റെ ഉണ്ണിത്താന്‍ വേട്ട (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക