Image

അടിയന്തര ഘട്ടങ്ങളിലും, ഇമിഗ്രേഷനും നിയമോപദേശവുമായി ഫോമാ ലീഗല്‍ ഫോറം

ബിന്ദു ടിജി, ഫോമാ ന്യൂസ് ടീം. Published on 28 December, 2016
അടിയന്തര ഘട്ടങ്ങളിലും, ഇമിഗ്രേഷനും  നിയമോപദേശവുമായി ഫോമാ ലീഗല്‍ ഫോറം
ചിക്കാഗോ: നോര്‍ത്ത് അമേരിക്കയിലേക്ക് കുടിയേറി പാര്‍ത്ത മലയാളികളുടെ അടിയന്തര നിയമ പ്രതിസന്ധികളിലെ അനിശ്ചിതത്വം നീക്കി അംഗങ്ങളില്‍ പ്രതീക്ഷയുടെ തിരി തെളിച്ചു കൊണ്ട്, ഫോമായുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) പുതുവത്സര സമ്മാനമായി, ഫോമാ ലീഗല്‍ അഡൈ്വസറി ഫോറം നിലവില്‍ വന്നു. ഫോമായുടെ മുതിര്‍ന്ന നേതാവും ഇപ്പോഴത്തെ നാഷണല്‍ കമ്മിറ്റി മെമ്പറുമായ രാജ് കുറുപ്പാണ് ഫോറത്തിന്റെ ചെയര്‍മാന്‍.

നിര്‍ഭാഗ്യകരമായ സാഹചര്യങ്ങളില്‍ നിയമ പ്രതിസന്ധികളില്‍ പെട്ടുഴലുന്ന അമേരിക്കന്‍ ഐക്യ നാടുകളിലെയും കാനഡയിലെയും മലയാളി സമൂഹത്തിന് സൗജന്യ മാര്‍ഗ്ഗ നിര്‍ദ്ദേശവും സഹായവും നല്‍കുക എന്നതാണ് ലീഗല്‍ അഡൈ്വസറി ഫോറത്തിന്റെ ചുമതല.

ഈ രാജ്യത്തിന്റെ നിയമ സംരക്ഷണ പരിധിക്കുള്ളില്‍ ആയിരിക്കുമ്പോഴും നിയമ പ്രതിസന്ധികളില്‍ അകപ്പെട്ടു ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശവും സഹായവും ലഭിക്കാതെ ബുദ്ധിമുട്ടനുഭവിച്ച അമേരിക്കയിലെയും കാനഡയിലെയും ഏതാനും മലയാളി കുടുംബങ്ങളുടെ വേദന തൊട്ടറിഞ്ഞതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഭാവിയില്‍ ഒരു മലയാളിക്കും ഇത്തരം ദൗര്‍ഭാഗ്യകരമായ സ്ഥിതി വിശേഷം വരരുത് എന്ന ദൃഢ നിശ്ചയത്തില്‍ നിന്നും രൂപ പ്പെട്ട ആശയം ആണ് ഈ 'നിയമോപദേശക സമിതി' .

ബെന്നി വാച്ചാച്ചിറയും, അദ്ദേഹത്തിന്റെ എക്‌സിക്യുട്ടീവ് കമ്മറ്റിയിലെ അംഗങ്ങളായ, ജിബി തോമസ്, ജോസി കുരിശിങ്കല്‍, ലാലി കളപുരയ്ക്കല്‍, വിനോദ് കൊണ്ടൂര്‍ ഡേവിഡ്, ജോമോന്‍ കുളപ്പുരയ്ക്കല്‍ എന്നിവരാണ് ഈ സംരംഭത്തിന്റെ അണിയറ ശില്‍പികള്‍. ഇവര്‍ തങ്ങളുടെ തിരഞ്ഞെടുപ്പു പ്രകടന പത്രികയിലെ ഒരു വാഗ്ദാനമായി ത്തന്നെ ഇക്കാര്യം മുന്നോട്ടു വെച്ചിരുന്നു .

ഈ സമിതിയുടെ നടത്തിപ്പിലേക്കായി അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നും കൂടുതല്‍ നിയമ പരിജ്ഞാനമുള്ള വരെ കണ്ടെത്താനുള്ള തീവ്ര ശ്രമങ്ങള്‍ നടന്നു വരുന്നു.

അമേരിക്കയിലെയും കാനഡയിലെയും മലയാളി സമൂഹത്തിനു മാത്രമായിരിക്കും ഈ സമിതി യുടെ സൗജന്യ സഹായം ലഭ്യമാക്കുക. വ്യക്തമായി വിഭാവനം ചെയ്തു ക്രമീകരിക്കപ്പെടുന്ന ഒരു 'നിയമോപദേശക സമിതി ഈ ആശയത്തിന്റെ ലക്ഷ്യപ്രാപ്തിയില്‍ നിര്‍ണ്ണായകമായ പങ്കു വഹിക്കും.

നിയമോപദേശക സമിതിയുടെ രൂപരേഖയില്‍ ബന്ധപ്പെട്ട കക്ഷികളുടെ അറിവും വൈദഗ്ദ്ധ്യവും വര്‍ദ്ധിപ്പിച്ച് സാഹചര്യങ്ങളെ ഏറെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ പ്രയോജനപ്പെടുന്ന വിധത്തില്‍ സ്പഷ്ടമായ നിയമവിജ്ഞാനവും ഈ രംഗത്ത് അതുല്യ പാടവവും ഉള്ള വ്യക്തികളുടെ ഒരു സമിതി യായിരിക്കും ഇത് .

മുഖ്യമായും രണ്ട് തരത്തിലുള്ള അംഗങ്ങളായിരിക്കും ഈ സമിതിയില്‍ ഉണ്ടാകുക 1 . അമേരിക്കയിലും കാനഡയിലും നിയമ വ്യവഹാരത്തിനു തക്കതായ യോഗ്യതയുള്ള അഭിഭാഷകര്‍ (അറ്റോര്‍ണി അറ്റ് ലോ), 2 . ഇപ്പോള്‍ സര്‍വീസില്‍ ഉള്ളവരോ മുന്‍പ് ഈ രാജ്യങ്ങളില്‍ സേവനം അനുഷ്ഠിച്ചിരുന്നവരോ ആയ മറ്റു നിയമപാലക വകുപ്പിലെ ഉദ്യോഗസ്ഥന്മാര്‍.

ബന്ധപ്പെട്ട കക്ഷികള്‍ക്ക് നേരിട്ട് നിയമ സഹായം നല്‍കുക എന്നതല്ല
ഈ സമിതിയുടെ രീതി. മറിച്ച് ആവശ്യമുള്ളവര്‍ക്ക് നിയമകാര്യങ്ങളില്‍ മാര്‍ഗ നിര്‍ദ്ദേശങ്ങളും, പ്രത്യേക പ്രശ്‌നത്തിന് സഹായകമാകുന്ന നിയമ വശങ്ങളും, അതിന്റെ വിശദാംശങ്ങളും, അറിവും നല്‍കി സഹായിക്കുക എന്നതാണ് .

നിയമ പ്രതിസന്ധികളില്‍ കുരുങ്ങുന്ന നിര്‍ണ്ണായക നിമിഷങ്ങളില്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് ഓരോ പ്രത്യേക നിയമ വിഭാഗത്തിലും അതി വൈദഗ്ദ്ധ്യ ത്തോടെ ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുവാന്‍ പ്രാപ്തരായ സമിതി അംഗങ്ങളെ കണ്ടെത്തുക, എന്നതാണ് ഈ സമിതി പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ഏറ്റവും അത്യാവശ്യമായ കാര്യം .

ഫോമാ വിഭാവനം ചെയ്ത ഈ ആശയത്തിന്റെ ഉദ്ദേശ്യവും വീക്ഷണവും ഫലപ്രാപ്തിയിലെത്തിക്കാന്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിവിധ നിയമ മേഖലകളില്‍ പ്രാവീണ്യം നേടിയവരെ ഈ സംരംഭത്തിലേക്കാവശ്യമുണ്ട്.

ഈ സമിതിയിലേക്ക് നല്‍കുന്ന സേവനം യാതൊരു പ്രതിഫലേച്ഛയും കൂടാതെയുള്ള പരിപൂര്‍ണ്ണ സന്നദ്ധ സേവനം ആയിരിക്കും.
പ്രാഥമിക നിയമോപദേശം തികച്ചും സൗജന്യമായിരിക്കും
പിന്നീട് ബന്ധപ്പെട്ട കക്ഷികളും നിയമോപദേശകനും തമ്മിലുള്ള ഏതുതരം ഇടപാടുകളും കക്ഷിയുടെയും നിയമോപദേശകന്റെയും മാത്രം ഉത്തരവാദിത്തം ആയിരിക്കും . ഇത്തരം ബന്ധങ്ങളും, ഇടപാടുകളും ഉണ്ടാക്കുന്ന യാതൊരു ബാധ്യതയും, ഉത്തരവാദിത്തവും
ഫോമാ ഏറ്റെടുക്കുന്നതല്ല.

നമുക്ക് കരങ്ങള്‍ കോര്‍ക്കാം
സമൂഹ നന്മയ്ക്കായി ഒന്നായി നിലകൊള്ളാം!

അടിയന്തര ഘട്ടങ്ങളിലും, ഇമിഗ്രേഷനും  നിയമോപദേശവുമായി ഫോമാ ലീഗല്‍ ഫോറം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക