Image

തോഴി പിന്‍ഗാമിയായി, ജയയുടെ മരണത്തില്‍ കോടതിക്കും സംശയം

Published on 29 December, 2016
തോഴി പിന്‍ഗാമിയായി, ജയയുടെ മരണത്തില്‍ കോടതിക്കും സംശയം
ചെന്നൈ: ജയലളിതയുടെ പിന്‍ഗാമിയായി തോഴി ശശികല ശശികലാ നടരാജനെ ഏകകണ്ഠമായി തിരഞ്ഞെടുത്ത ദിവസം തന്നെ ജയയുടെ മരണത്തില്‍ മദ്രാസ് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിരിക്കുന്നു. മാധ്യമങ്ങള്‍ ഒരുപാട് സംശയങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. അതുപോലെ തങ്ങള്‍ക്കും സംശയം ഉണ്ടെന്നാണ് ഹൈക്കോടതി പറഞ്ഞത്. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വൈദ്യലിംഗമാണ് തനിക്കും സംശയങ്ങളുണ്ടെന്നു പറഞ്ഞത്. കേസില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും ചെന്നൈയിലെ അപ്പോളോ ആശുപത്രിക്കും കോടതി നോട്ടീസ് അയച്ചു. ഇതോടെ മരണത്തിലെ ദുരൂഹത നീക്കാന്‍ സര്‍ക്കാരും ആശുപത്രിയും നിര്‍ബന്ധിതമാകും. സ്വകാര്യ വിവരമെന്ന് പറഞ്ഞ് ഇത് മൂടി വയ്ക്കാന്‍ അഴിയുകയുമില്ല. ജയലളിതയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചാല്‍ എല്ലാം വ്യക്തമാവില്ലേ എന്ന നിര്‍ണായക ചോദ്യവും കോടതി ചോദിച്ചു.  അതേസമയം ഇന്ന് (ഡിസംബര്‍ 29) ചേര്‍ന്ന അണ്ണാ ഡി.എം.കെ എക്‌സിക്യൂട്ടിവ്ജനറല്‍ കൗണ്‍സില്‍ യോഗമാണ് പാര്‍ട്ടിയുടെ  പുതിയ ജനറല്‍ സെക്രട്ടറിയായി ശശികലയെ തെരഞ്ഞെടുത്തത്. യോഗത്തില്‍ ഇതുസംബന്ധിച്ച പ്രമേയം പാസാക്കി. പാര്‍ട്ടി ഭരണഘടനാ ഭേദഗതിക്ക് ജനറല്‍ കൗണ്‍സിലില്‍ അംഗീകാരം വാങ്ങുന്നത് വരെ താല്‍ക്കാലിക നിയമനമാണ് ശശികലയുടേത്. 

ജയലളിതയുടെ മരണത്തോടെ ഒഴിവ് വന്ന ജനറല്‍ സെക്രട്ടറി പദവിയിലേക്ക് ശശികലയെ അവരോധിക്കാന്‍ പാര്‍ട്ടിയിലെ തന്നെ മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടി ഭരണഘടനയനുസരിച്ച് ശശികലക്ക് എ.ഐ.എ.ഡി.എം.കെയില്‍ പദവികളൊന്നും സ്വീകരിക്കാന്‍ കഴിയില്ല. തുടര്‍ച്ചയായി അഞ്ചു വര്‍ഷം സജീവാംഗമായിരിക്കുന്ന ഒരാള്‍ക്ക് മാത്രമെ പാര്‍ട്ടി ഭാരവാഹിയാകാന്‍ കഴിയൂവെന്നാണ് ഭരണഘടന പറയുന്നത്.  ശശികലക്കായി ഭരണഘടന ഭേദഗതി ചെയ്യാന്‍ പോവുകയാണ്. ജയലളിതയുടെ നിഴലായി പോയ്‌സ് ഗാര്‍ഡനില്‍ എത്തിയ ശശികലയെയും കുടുംബാംഗങ്ങളെയും 2011 ഡിസംബര്‍ 19ന് പാര്‍ട്ടിയില്‍ നിന്നും പോയ്‌സ് ഗാര്‍ഡനില്‍ നിന്നും ജയലളിത പുറത്താക്കിയിരുന്നു. തുടര്‍ന്ന് 2012 ഏപ്രില്‍ ഒന്നിന് ശശികലയെ മാത്രം തിരിച്ചെടുത്തു. ഭര്‍ത്താവും ബന്ധുക്കളും അടക്കമുള്ളവര്‍ ഇപ്പോഴും പാര്‍ട്ടിക്കും പോയസ് ഗാര്‍ഡനും പുറത്ത്. 2012ല്‍ പാര്‍ട്ടിയില്‍ തിരിച്ചത്തെിയ ശശികല, ജയയുടെ മരണത്തെ തുടര്‍ന്നാണ് അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് എത്തിയതും ചിന്നമ്മയായി മാറിയതും ഇപ്പോള്‍ പാര്‍ട്ടിയുടെ സര്‍വവുമായതും.

പക്ഷേ ദുരൂഹത അവസാനിക്കുന്നില്ലെന്ന് മാത്രമല്ല, ദിവസങ്ങള്‍ കഴിയുന്തോറും ഇതിക്തി വര്‍ധിക്കുകയും ചെയ്യുന്നു. കോടതി തന്നെ ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ക്കുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ല. രണ്ട് മാസത്തിലേറെ ആശുപത്രിയില്‍ കിടന്ന ജയലളിത എങ്ങനെയാണ് മരിച്ചത് എന്ന ചോദ്യം ഇപ്പോഴും ഉയരുകയാണ്. ജയലളിതയുടെ മരണത്തില്‍ മാദ്ധ്യമങ്ങള്‍ നിരവധി സംശയങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് വൈദ്യലിംഗം പറഞ്ഞു. തനിക്കും സംശയങ്ങളുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനുശേഷം അവര്‍ക്ക് ശരിയായ ഭക്ഷണ ക്രമീകരണം അല്ല നല്‍കിയിരുന്നതെന്നാണ് കേട്ടിരിക്കുന്നത്. ഇപ്പോള്‍ അവരുടെ മരണത്തിനുശേഷമെങ്കിലും സത്യം പുറത്തുവരണം. ജയലളിതയുടെ രോഗവിവരവും മരണകാരണവും എന്തുകൊണ്ടാണ് പുറത്തുവിടാത്തതെന്നും കോടതി ആരാഞ്ഞു. അണ്ണാ ഡി.എം.കെ പ്രവര്‍ത്തകന്‍ നല്കിയ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി കേന്ദ്രത്തിനും സംസ്ഥാനത്തിനും ആശുപത്രിക്കും നോട്ടീസ് അയച്ചിരിക്കുന്നത്. ജയലളിതയുടെ മൃതദേഹം ആര്‍ഡിഒ പോലും പരിശോധിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു. ഒരു മെഡിക്കല്‍ രേഖകളും പുറത്ത് വിട്ടിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

ജയലളിതയുടെ രോഗ വിവരങ്ങള്‍ പുറത്ത് വിടുന്ന കാര്യത്തില്‍ വലിയ ദുരൂഹത ആദ്യം മുതലേ നിലനില്‍ക്കുന്നുണ്ടായിരുന്നു. പ്രമുഖ വ്യക്തികളെ പോലും ജയലളിതയെ കാണാന്‍ അനുവദിച്ചിരുന്നില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം ജയലളിതയെ നേരിട്ട് കണ്ടിട്ടുള്ളത് ആരൊക്കെയാണ് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ശശികലയും മുന്‍ ചീഫ് സെക്രട്ടറി ഷീല ബാലകൃഷ്ണനും മാത്രമേ ജയലളിതയെ കണ്ടിരുന്നുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. മുമ്പ് എം.ജി.ആര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന സമയത്ത് അദ്ദേഹത്തിന്റെ വീഡിയോ സര്‍ക്കാര്‍ പുറത്ത് വിട്ടിരുന്നു. 1980ല്‍ ചെന്നൈയിലും അമേരിക്കയിലും ചികിത്സയില്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു ഇത്. ഇത്‌പോലെ ഒന്ന് ജയലളിതയുടെ കാര്യത്തില്‍ ഉണ്ടായില്ല എന്ന അരോപണമുണ്ട്. ജയലളിതയുടെ മൃതദേഹം എന്തുകൊണ്ട് ദഹിപ്പിച്ചില്ല എന്ന ചോദ്യവും കോടതി ഉയര്‍ത്തിയിട്ടുണ്ട്. മൃതദേഹം വീണ്ടും പരിശോധിക്കുന്ന സാഹചര്യം ഉണ്ടായാല്‍ അതിനെ ജയലളിതയുടെ ആരാധകര്‍ ആത്മ സംയമനത്തോടെ സമീപിക്കുമോ എന്നതും വലിയ വൈകാരികമായ ചോദ്യമാണ്.

സെപ്റ്റംബര്‍ 22നാണ് ജയയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 75 ദിവസങ്ങള്‍ക്ക് ശേഷം ഡിസംബര്‍ അഞ്ചിനാണ് ജയലളിത അന്തരിച്ചത്. പനിയും നിര്‍ജലീകരണവും കാരണം അവരുടെ അവസ്ഥ പലതവണ മോശമായിരുന്നു. പിന്നീട് ജീവിതത്തിലേക്കു തിരിച്ചുവരുന്നതിന്റെ സൂചനകള്‍ കാണിച്ചതിനു പിന്നാലെ ഉണ്ടായ ഹൃദയാഘാതമാണ് ജീവന്‍ അപഹരിച്ചത്. ചികില്‍സയെ സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 2001ല്‍ ജയലളിതയെ വിഷം കൊടുത്തുകൊല്ലാന്‍ ശ്രമിച്ചതും ചര്‍ച്ചയായി. ഇതിനിടെ ജയലളിതയുടെ മൃതദേഹം എംബാം ചെയ്തതും മുഖത്ത് കാണപ്പെട്ട മുറിവുമെല്ലാം സാമൂഹിക മാദ്ധ്യമങ്ങള്‍ ഏറ്റെടുത്തു. ഇത് നിഷേധിക്കാനോ സ്ഥിരീകരിക്കാനോ ആരും തയ്യാറായില്ല. മരണത്തിലെ ദുരൂഹത മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവുമായി ചലചിത്ര നടി ഗൗതമി പ്രധാനമന്ത്രിക്ക് കത്ത് അയയ്ക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടു വരുന്നത്.

ശശികലയെ പുറത്താക്കുകയും പിന്നീട് മാപ്പ് കൊടുത്ത് ഒപ്പം കൂട്ടുകയും ചെയ്ത സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് തെഹല്‍ക നടത്തിയ വെളിപ്പെടുത്തല്‍ സജീവ ചര്‍ച്ചയാവുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇടപെടലായിരുന്നു ജയയേയും ശശികലയേയും തെറ്റിച്ചതെന്നും തെഹല്‍ക്ക വെളിപ്പെടുത്തിയിരുന്നു. ഇതിനൊപ്പം ജയയുടെ മരണത്തില്‍ വിഷത്തിന്റെ സാന്നിധ്യവും വിശകലനം ചെയ്യപ്പെടുകയാണ്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബെംഗളൂരുവിലെ പ്രത്യേക കോടതി ഇരുവര്‍ക്കും നാല് വര്‍ഷത്തെ തടവ് വിധിക്കുകയുണ്ടായല്ലോ. ജയലളിതയോട് 100 കോടി പിഴയടയക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ ഹൈക്കോടതി ഇവരെ കുറ്റവിമുക്തരാക്കിയപ്പോഴായിരുന്നു ഇത്. അതിന് ശേഷം ശശികല ജയയുടെ വീട്ടിലെത്തി.

ജയില്‍ മോചിതയായ ശേഷവും ജയയ്ക്ക് ഇത്രയധികം അസുഖമുണ്ടെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ ജയ പതിയെ കിടപ്പിലായി. കുറ്റവിമുക്തയാക്കപ്പെട്ട് മുഖ്യമന്ത്രിയായപ്പോഴും ജയ മിക്കപ്പോഴും ഓഫീസില്‍ എത്താറില്ലായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് പൂര്‍ണ്ണമായും ആരോഗ്യം നഷ്ടമായി. എവിടെ വേണമെങ്കിലും എത്തിച്ച് ജയയെ ചികില്‍സിപ്പിക്കാമായിരുന്നു. അതിനും ശ്രമിച്ചില്ല. അവയവങ്ങളെ ഓരോന്നോരാന്നായി തളര്‍ത്തുന്ന വിഷം ജയയുടെ ശരീരത്തില്‍ ചെന്നിരിക്കാമെന്നാണ് ആരോപണം. 2012ലെ തെഹല്‍ക്കാ റിപ്പോര്‍ട്ട് കൂടിയാകുമ്പോള്‍ ഇതിന് സാധ്യത ഏറെയാണെന്നും വിലയിരുത്തുന്നു. 2011ല്‍ മുഖ്യമന്ത്രിയാകാനുള്ള ശശികലയുടെ ശ്രമം തടഞ്ഞത് തെഹല്‍ക്ക വിശദമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മലയാള മാദ്ധ്യമ പ്രവര്‍ത്തകനായ ജീമോന്‍ ജേക്കബായിരുന്നു ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇത് മനസ്സിലാക്കിയാണ് ശശികലയെ ജയ പുറത്താക്കിയത്. അതിന് കാരണക്കാരന്‍ മോഡിയും. എന്നാല്‍ ജയയുടെ സംസ്‌കാര ചടങ്ങിനെത്തിയ മോഡി ശശികലയെ തലയില്‍ കൈവച്ച് ആശ്വസിപ്പിക്കുന്ന കാഴ്ചയാണ് ജനം കണ്ടത്.

ജയലളിതയുമായി ബന്ധപ്പെട്ട് പുറത്തുവന്ന അഴിമതികളെല്ലാം ചുറ്റിപ്പറ്റി നിന്നത് ശശികലയിലേക്കും ബന്ധുക്കളിലേക്കുമായിരുന്നുവെന്ന ആരോപണവുമായി തമിഴ് സിനിമാ പ്രവര്‍ത്തകന്‍ ഗംഗൈ അമരനും രംഗത്ത് വന്നു. തന്റെ ജീവിതത്തിന്റെ മുഴുവന്‍ സമ്പാദ്യവുമെടുത്തു നിര്‍മ്മിച്ച ഫാം ഹൗസ് ഭീഷണിപ്പെടുത്തിയും മാനസികമായി പീഡിപ്പിച്ചും ചുളുവിലയ്ക്ക് ഇവര്‍ സ്വന്തമാക്കിയെന്നാണ് അദ്ദേഹം പറയുന്നത്. സംഗീത സംവിധായകന്‍ ഇളയരാജയുടെ ജ്യേഷ്ഠനും കൂടിയാണ് ഗംഗൈ അമരന്‍. ഓള്‍ഡ് മഹാബലിപുരം റോഡിലുള്ള പൈനൂരില്‍ 22 ഏക്കറിലായി ഗംഗൈ അമരന്‍ പണികഴിപ്പിച്ചതായിരുന്നു ഫാം ഹൗസ്. എഴുത്തു ജീവിതം അവിടെ തുടരണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഗംഗൈ അമരന്റെ സ്വപ്നം തന്നെയായിരുന്നു അത്. ശശികല നിയോഗിച്ച കുറേ പേര്‍ പോയസ് ഗാര്‍ഡനിലുള്ള അവരുടെ വസതിയിലേക്ക് ബലംപ്രയോഗിച്ചു തന്നെ കൊണ്ടുപോയി നിര്‍ബന്ധിച്ച് രേഖകളില്‍ ഒപ്പുവയ്പ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അരപ്പൂര്‍ ഇയക്കം എന്ന എന്‍.ജി.ഒ ഇക്കാര്യങ്ങള്‍ സ്ഥീരികരിക്കുന്ന വിഡിയോയും പുറത്തുവിട്ടു. കോടികള്‍ വിലമതിക്കുന്ന വസ്തുവും കെട്ടിടവും വെറും പതിമ്മൂന്ന് ലക്ഷത്തിനാണ്  സ്വന്തമാക്കിയതെന്നാണ് ആരോപണം. അതുകൊണ്ട് തന്നെയാണ് ജയലളിതയുടെ മരണത്തിലെ ദുരൂഹതയുടെ പ്രസക്തി കൂടുന്നതും.

തോഴി പിന്‍ഗാമിയായി, ജയയുടെ മരണത്തില്‍ കോടതിക്കും സംശയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക