Image

മിനിക്കുട്ടിയെന്ന സൂസമ്മ (നീണ്ടകഥ:അദ്ധ്യായം - 19- സരോജാ വര്‍ഗീസ്, ന്യൂയോര്‍ക്ക്)

Published on 29 December, 2016
മിനിക്കുട്ടിയെന്ന സൂസമ്മ (നീണ്ടകഥ:അദ്ധ്യായം - 19- സരോജാ വര്‍ഗീസ്, ന്യൂയോര്‍ക്ക്)
പ്രസവത്തിനുള്ള ദിവസങ്ങള്‍ അടുത്തുവരുന്നു. ഒപ്പം സൂസമ്മയുടെ ആകുലതകളും വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. തന്റെ ഉള്ളില്‍ ഒരു പുതുജീവന്‍ തുടിക്കുന്നു എന്ന ചിന്ത ഇടയ്ക്കിടെ അവളെ കൂടുതല്‍ വികാരവതിയാക്കുന്നു. ഒരിക്കലും ആ കുരുന്നുചുണ്ടുകള്‍ ചലിപ്പിച്ചു തന്നെ "അമ്മേ' എന്നു വിളിക്കാനിടയില്ല. താന്‍ ആര്‍ക്കോ വേണ്ടി തന്റെ ഗര്‍ഭപാത്രം വാടകയ്ക്കു കൊടുത്തിരിക്കയല്ലേ. തനിക്കതിന്മേല്‍ യാതൊരു അവകാശവുമില്ല. വിവിധ ചിന്തകളാല്‍ അവളുടെ ദിവസങ്ങള്‍ ആശങ്കാഭരിതമായിരുന്നു.

രാജശ്രീയ്ക്കു ഇപ്പോള്‍ ഉന്മേഷത്തിന്റെ ദിവസങ്ങളാണ്. അവര്‍ മിനിക്കുട്ടിയുടെ പരിചരണത്തില്‍ അത്യധികം ശ്രദ്ധാലുവാണ്. ഒപ്പംതന്നെ, മിനിക്കുട്ടിയുടെ പ്രസവാനന്തരനടപടികളെക്കുറിച്ചും പ്രിയതമനുമായി സംസാരിക്കാറുണ്ട്. ഉദയവര്‍മ്മയ്ക്ക് ചില ഉറച്ച തീരുമാനങ്ങളുണ്ട്. മിനിക്കുട്ടിയെ ഒരു തരത്തിലും വേദനിപ്പിക്കരുത്. ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധത്തില്‍ ഭാവിപരിപാടികള്‍ ആസുത്രണം ചെയ്യണം.
കാത്തിരുന്ന ആ തീയതി അടുത്തെത്തിയിരിക്കുന്നു. രണ്ടുദിവസം മുമ്പുതന്നെ, മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന പ്രത്യേക മുറിയില്‍ മിനിക്കുട്ടിയെ അഡ്മിറ്റ് ചെയ്തു. എല്ലാ സുഖസൗകര്യങ്ങളും ഉള്ള മുറി. കൂട്ടിനു രാജശ്രീ ഒപ്പമുണ്ട്. പരിചരണങ്ങള്‍ക്കായി ഒരു നേഴ്‌സും. ഡോക്ടര്‍ വളരെ സ്‌നേഹപൂര്‍വ്വം, ഒരു കുടുംബാംഗത്തോടെന്ന പോലെയാണ് മിനിക്കുട്ടിയോടു ഇടപെടുന്നത്. അവള്‍ക്കുവേണ്ട നിര്‍ദ്ദേശങ്ങളും മാനസ്സിക ധൈര്യവും പകരുന്നതില്‍ ഡോക്ടര്‍ അത്യധികം ജാഗരൂകയാണ്. ഉദയവര്‍മ്മയുടെയും രാജശ്രീയുടെയും അനുമതിയോടെ അജിത് മിനിക്കുട്ടിയെ വന്നുകണ്ടു. അജിത്തിനെ കണ്ടപ്പോള്‍ അവള്‍ക്ക് അല്പം ജാള്യത അനുഭവപ്പെടാതിരുന്നില്ല.

അഡ്മിറ്റ് ആയി മൂന്നം ദിവസം മിനിക്കുട്ടി, വലിയ ബുദ്ധിമുട്ടുകള്‍ ഒന്നുംകൂടാതെ കോമളനായ ഒരു കുഞ്ഞിന് ജന്മം നല്‍കി. ആദ്യമായി ആ കുഞ്ഞിനെ ഒന്നു മാറോടണയ്ക്കാന്‍, നിര്‍വൃതി കൊള്ളാന്‍ ആ മാതൃഹൃദയം വെമ്പി. എന്നാല്‍ അവള്‍ക്കതിനു ഭാഗ്യം ഉണ്ടായില്ല. വേഗം കുഞ്ഞിനെ നേഴ്‌സറിയിലേക്ക് മാറ്റേണ്ടി വന്നു എന്ന് അടുത്തുനിന്ന നേഴ്‌സ് അവളെ അറിയിച്ചു. പ്രസവാനന്തരശുശ്രൂഷകള്‍ക്കായി മിനിക്കുട്ടിയെ അവളുടെ മുറിയിലേക്കു മാറ്റി. ഉദയവര്‍മ്മയും രാജശ്രീയും അവിടെത്തന്നെ ഉണ്ടായിരുന്നു. രാജശ്രീ മിനിക്കുട്ടിയെ ആലിംഗനം ചെയ്തു. അവളുടെ നെറുകയില്‍ ചുംബിച്ചു. ഉദയവര്‍മ്മ-രാജശ്രീ ദമ്പതികള്‍ക്ക് ഏറ്റവും ആനന്ദം നിറഞ്ഞ ദിവസം.

അടുത്ത രണ്ടു ദിവസങ്ങള്‍ മിനിക്കുട്ടിക്കു വളരെ ക്ഷീണം അനുഭവപ്പെട്ടു. അതുകൊണ്ടുതന്നെ, കുഞ്ഞിനെ മുറിയിലേക്കു കൊണ്ടുവരുന്നതു ശരിയല്ല എന്നാണ് ഡോക്ടര്‍ അഭിപ്രായപ്പെട്ടത്. മിനിക്കുട്ടിയുടെ ഭക്ഷണകാര്യങ്ങളിലും മറ്റെല്ലാ ആവശ്യങ്ങളിലും രാജശ്രീയും നേഴ്‌സും വളരെ ശ്രദ്ധിച്ചു. നാലാം ദിവസം മിനിക്കുട്ടിയെ ഡിസ്ചാര്‍ജ്ജ് ചെയ്തു. എന്നാല്‍ കുഞ്ഞിന്റെ രക്തത്തില്‍ അല്പം ചില അപാകതകള്‍ കണ്ടതിനാല്‍, തല്ക്കാലം കുഞ്ഞിനെ ആശുപത്രിയില്‍ തന്നെ പരിചരിക്കന്നതാണ് എന്നവളെ അറിയിച്ചു. മിനിക്കുട്ടിയെ ശുശ്രൂഷിക്കാന്‍ നേഴ്‌സ് വീട്ടിലുള്ളതിനാല്‍ രാജശ്രീ കൂടുതല്‍ സമയം ആശുപത്രിയില്‍ ചെലവഴിച്ചു.

മിനിക്കുട്ടിയുടെ ആരോഗ്യം ക്രമേണ വീണ്ടുകിട്ടി. ഇനി അവളുടെ ഭാവികാര്യങ്ങളെപ്പറ്റി തീരുമാനിക്കേണ്ടിയിരിക്കുന്നു. നാട്ടില്‍ മേരിയുടെ വിവാഹം അടുത്തുവരുന്നു. തന്റെ വരവിനുവേണ്ടി അവര്‍ കാത്തിരിക്കയാണ്. തീര്‍ച്ചയായും അതില്‍ സംബന്ധിക്കണം. വിവാഹച്ചെലവിനുള്ള പണം നേരത്തെ തന്നെ ഇച്ചാച്ചന് അയച്ചിട്ടുണ്ട്. വിവാഹഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായി വീട്ടില്‍നിന്നും കത്തു വന്നിട്ടുണ്ട്. വിവാഹത്തിന് ഒരാഴ്ച മുമ്പെങ്കിലും വീട്ടിലെത്തണം. ആര്‍ക്കും ഒരു സംശയവും ഉണ്ടാകരുത്. ആശുപത്രിയില്‍ പോയി കുഞ്ഞിനെ ഒരു നോക്കു കാണുവാന്‍ ആ അമ്മയുടെ ഹൃദയം പിടയുന്നുണ്ടായിരുന്നു. എന്നാല്‍ അവളെ അതില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ ഉദയവര്‍മ്മയും രാജശ്രീയും പ്രത്യേകം ശ്രദ്ധിച്ചു. തന്റെ കുഞ്ഞിന്റെ മേല്‍ തനിക്കു യാതൊരു അവകാശവുമില്ല എന്ന സത്യം അവള്‍ക്കറിയാം. എങ്കിലും മാതൃസഹജമായ ഒരു വികാരം, അവളതിനെ നിയന്ത്രിക്കാന്‍ ആവുന്നവിധം ശ്രമിച്ചു.

പ്രസവം കഴിഞ്ഞിട്ട് ഒരു മാസം പിന്നിട്ടിരിക്കുന്നു. അവള്‍ നാട്ടിലേക്കു പോകുവാനുള്ള തയ്യാറെടുപ്പിലാണ്. മണവാട്ടിയാകാന്‍ പോകുന്ന മേരിക്ക് ആവശ്യമായ പല സാധനങ്ങളും വാങ്ങി. ഒപ്പം മാതാപിതാക്കള്‍ക്കും. രാജശ്രീ ഈയിടെ ആയി വളരെ തിരക്കിലാണ്. കൂടുതല്‍ സമയവും ആശുപത്രിയില്‍ കുഞ്ഞിനോടൊപ്പം. എങ്കിലും മിനിക്കുട്ടിയുടെ യാത്രയ്ക്കുവേണ്ട ക്രമീകരണങ്ങള്‍ ചെയ്യുന്നതില്‍ അവര്‍ സഹായിച്ചു. യാത്രയ്ക്കുള്ള ടിക്കറ്റ് ഉദയവര്‍മ്മ തന്നെയാണ് ബുക്ക് ചെയ്തത്. ആ നല്ല ദമ്പതികളുടെ അറിവോടും അനുവാദത്തോടും കൂടി അജിത്താണ് ഇപ്രാവശ്യം മിനിക്കുട്ടിയെ യാത്രയാക്കാന്‍ പോയത്. അജിത്തും മിനിക്കുട്ടിയും തമ്മിലുള്ള ബന്ധം അവര്‍ അംഗീകരിച്ചതുപോലെ. താന്‍ ജന്മം നല്‍കിയ കുഞ്ഞിനെപ്പറ്റി മിനിക്കുട്ടി ഒന്നും സംസാരിച്ചില്ല. അജിത് ചോദിച്ചതുമില്ല. തങ്ങള്‍ തമ്മിലുള്ള പരിചയമോ സുഹൃദ്ബന്ധമോ തല്ക്കാലം അവരുടെ വീടുകളിലോ അയല്‍പക്കത്തോ ആരും അറിയാതിരിക്കുന്നതാണ് നല്ലതെന്ന് അജിത്തും സൂസമ്മയും തീരുമാനിച്ചു. (തുടരും)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക