Image

ജര്‍മനിയില്‍ ജോലി കിട്ടിയത് 34,000 അഭയാര്‍ഥികള്‍ക്കു മാത്രം

Published on 29 December, 2016
ജര്‍മനിയില്‍ ജോലി കിട്ടിയത് 34,000 അഭയാര്‍ഥികള്‍ക്കു മാത്രം
    ബര്‍ലിന്‍: കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ജര്‍മനിയിലെത്തിയ അഭയാര്‍ഥികളുടെ എണ്ണം 12 ലക്ഷത്തോളം വരും. എന്നാല്‍, ഇതിനകം ജോലി നേടിയവര്‍ വെറും 34,000 മാത്രം. സര്‍ക്കാരിനു കീഴിലുള്ള, ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ലേബര്‍ റിസര്‍ച്ചാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.

ഇപ്പോള്‍ ജോലി കിട്ടിയവരില്‍ തന്നെ കാല്‍ ഭാഗത്തോളം പേര്‍ താത്കാലിക കരാറുകളിലാണ് ജോലി ചെയ്യുന്നത്. സിറിയ, ഇറാക്ക്, അഫ്ഗാനിസ്ഥാന്‍, എരിത്രിയ എന്നിവിടങ്ങളില്‍നിന്നാണ് കൂടുതല്‍ പേര്‍. അഭയാര്‍ഥികളില്‍ തൊഴില്‍ വിദഗ്ധര്‍ നിരവധിയാളുകള്‍ ഉണ്ടങ്കെിലും ജര്‍മന്‍ ഭാഷാപരിജ്ഞാനമില്ലാത്തത് ഇവര്‍ക്ക് ഒരു ന്യൂനതയാണ്. അഭയാര്‍ഥികളെ ജര്‍മനിയിലെ ഭാഷാ, സാംസ്‌കാരിക മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാനുള്ള നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും ഒരു പരിധിവരെ അഭയാര്‍ഥികള്‍ ഇതിനോട് മുഖതിരിച്ചുനില്‍ക്കുന്നു എന്നതാണ് പ്രധാന കാരണം.

ആകെ അഭയാര്‍ഥികളില്‍ പകുതി പേര്‍ക്കെങ്കിലും അഞ്ച് വര്‍ഷത്തേക്ക് ജീവിതചെലവ് നേരിടാന്‍ ആവശ്യമായ ജോലി കിട്ടുന്നുവെങ്കില്‍ മാത്രമേ വിജയം അവകാശപ്പെടാന്‍ സാധിക്കുകയുള്ളൂവെന്ന് ഐഎബി ഡയറക്ടര്‍ ജോവാഹിം മോളര്‍. എന്നാല്‍, ഇത്രയധികം പേര്‍ക്ക് ഉയര്‍ന്ന ശമ്പളത്തില്‍ കുറഞ്ഞ കാലയളവില്‍ ജോലി ലഭിക്കുക എന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക