Image

ജനാധിപത്യത്തിന്റെ വായന ചര്‍ച്ച ചെയ്ത് ചില്ല സര്‍ഗസംവാദം

Published on 29 December, 2016
ജനാധിപത്യത്തിന്റെ വായന ചര്‍ച്ച ചെയ്ത് ചില്ല സര്‍ഗസംവാദം


      റിയാദ്: പുസ്തകാവതരണവും സാഹിത്യചര്‍ച്ചയുമായി ‘ചില്ല’യുടെ ഡിസംബര്‍ വായന സര്‍ഗാത്മകമായി. ’ജനാധിപത്യത്തിന്റെ വായന, വായനയുടെ ജനാധിപത്യം’ എന്ന ശീര്‍ഷകത്തില്‍ നടന്ന പരിപാടിയില്‍ വായനയും എഴുത്തും ആധിപത്യശാസനകളില്‍ പെട്ട് പരിമിതിപ്പെടുകയും, വായന സ്വതന്ത്രവും വൈവിദ്ധ്യപൂര്‍ണ്ണവുമല്ലാതാകുകയും ചെയ്യുന്ന വര്‍ത്തമാന കാലത്തിന്റെ പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്തത്. 

ജെ.ദേവികയുടെ ’കുലസ്ത്രീയും ചന്തപെണ്ണും ഉണ്ടായതെങ്ങെനെ?’ എന്ന പുസ്തകം അവതരിപ്പിച്ചുകൊണ്ട് ഷംല ചീനിക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സുനില്‍ കുമാര്‍ ഏലംകുളം (‘സാപിയന്‍സ് എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യുമന്‍ കൈന്‍ഡ്’ യുവാല് നോഹ ഹരാരി), പ്രിയ സന്തോഷ് (‘വിശുദ്ധപാപങ്ങളുടെ ഇന്ത്യ’അരുണ്‍ എഴുത്തച്ഛന്‍), ഇഖ്ബാല്‍ കൊടുങ്ങല്ലൂര്‍ (‘അലാഹയുടെ പെണ്‍മക്കള്‍’സാറാ ജോസഫ്), അനിത നസീം (‘ഹെസ്തിയ’ നാസു), ജയചന്ദ്രന്‍ നെരുവമ്പ്രം (‘നാനാര്‍ത്ഥങ്ങള്‍ സമൂഹം, ചരിത്രം, സംസ്‌കാരം’ സുനില്‍.പി.ഇളയിടം) എന്നിവര്‍ വായനാനുഭവം പങ്കിട്ടു.

തുടര്‍ന്നു നടന്ന സര്‍ഗസംവാദത്തില്‍ എം.ഫൈസല്‍ വിഷയം അവതരിപ്പിച്ചു. എഴുത്ത് എഴുത്തുകാരന്റെ പക്ഷത്തുനിന്ന് ഏകാധിപത്യപരമായ സര്‍ഗാത്മകതയാകുമ്പോള്‍ തന്നെ വായനക്കാര്‍ക്ക് അതിനെ ഭാവനാപൂര്‍വ്വം വൈവിദ്ധ്യസമ്പന്നമാക്കാനാകും എന്ന അഭിപ്രായം ഉയര്‍ന്നു. ഓരോ വായനക്കാരനും ആത്യന്തികമായി ഉള്ളില്‍ ഓരോ എഴുത്തുകാരനാണ് എന്നത് ഒരു വസ്തുതയാണ് എന്ന വീക്ഷണവും ചര്‍ച്ചചെയ്യപ്പെട്ടു. ആര്‍.മുരളീധരന്‍, ബീന, ജയചന്ദ്രന്‍ നെരുവമ്പ്രം, ആര്‍.സുരേഷ് ബാബു, ഷക്കീബ് കൊളക്കാടന്‍ എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്ത് സംസാരിച്ചു. ശമീം താളാപ്രത്ത്, അഖില്‍ ഫൈസല്‍, അബ്ദുല്‍ സലാം, നജ്മ. ഐ.കെ, നിഷാത്ത്.പി, ഫാത്തിമ സഹ്‌റ, നൗഫല്‍ പാലക്കാടന്‍, നാസര്‍ കാരന്തൂര്‍, റഫീഖ് പന്നിയങ്കര, എ.പ്രദീപ് കുമാര്‍, വിപിന്‍, സഫ്തര്‍, മുഹമ്മദ് കുഞ്ഞി ഉദിനൂര്‍,അന്‍വര്‍.പി.വി, സിറാജുദ്ദീന്‍, സമീഷ് സജീവന്‍ എന്നിവര്‍ സംബന്ധിച്ചു. ശിഫ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നൗഷാദ് കോര്‍മത്ത് മോഡറേറ്ററായിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക