Image

യൂറോ കറന്‍സിയുടെ ശില്പി അന്തരിച്ചു

Published on 30 December, 2016
യൂറോ കറന്‍സിയുടെ ശില്പി അന്തരിച്ചു


      ബര്‍ലിന്‍: ജര്‍മന്‍ സെന്‍ട്രല്‍ ബാങ്കിന്റെ മുന്‍ പ്രസിഡന്റും യൂറോ പൊതു കറന്‍സിയുടെ പ്രധാന ശില്പികളില്‍ ഒരാളുമായ ഹാന്‍സ് ടിറ്റ്‌മെയര്‍ അന്തരിച്ചു. 85 വയസായിരുന്നു.

1993 മുതല്‍ 1999 വരെ സെന്‍ട്രല്‍ ബാങ്കിനെ നയിച്ചത് ടിറ്റ്‌മെയറാണ്. ജര്‍മന്‍ പുനരേകീകരണത്തിനു ശേഷമുള്ള കാലയളവും യൂറോ രൂപീകരണത്തിന്റെ കാലഘട്ടവുമായിരുന്നു അത്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് രൂപീകരിച്ചതും അതേ സമയത്താണ്.

സെന്‍ട്രല്‍ ബാങ്കുകളുടെ സ്വാതന്ത്ര്യത്തിനായി ശക്തമായി വാദിച്ചിരുന്ന ആളാണ് അദ്ദേഹം. ജര്‍മന്‍ സെന്‍ട്രല്‍ ബാങ്കിന്റെ മാതൃകയിലാണ് അദ്ദേഹം യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് രൂപകല്പന ചെയ്തത്. രണ്ടിനും ആസ്ഥാനം ഫ്രാങ്ക്ഫര്‍ട്ടായി നിശ്ചയിക്കുകയും ചെയ്തു.

പൊതു കറന്‍സി ഏര്‍പ്പെടുത്തുമ്പോള്‍ വരാന്‍ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ചും മുന്നറിയിപ്പു നല്‍കിയിരുന്ന അദ്ദേഹം മനസിലുള്ളതു തുറന്നു പറയുന്നതു വഴിയും ശ്രദ്ധേയനായിരുന്നു.

ജര്‍മനിയുടെ മുന്‍ നാണയമായ മാര്‍ക്ക് പിന്‍വലിച്ച് യൂറോ പ്രാബല്യത്തിലാക്കിയതിന് യാതൊരുവിധ തടസങ്ങളും ഉണ്ടായില്ലെന്നതും ഇദ്ദേഹത്തിന്റെ കഴിവാണ്. 1999 ജനുവരി ഒന്നു മുതലാണ് യൂറോ പ്രാബല്യത്തിലാക്കിയതെങ്കിലും (ബാങ്ക് ഇടപാടുകളില്‍ മാത്രം) 2002 ജനുവരി ഒന്നു മുതലാണ് യൂറോ കമ്പോളങ്ങളില്‍ വിനിമയം ആരംഭിച്ചത്. മുന്‍ ചാന്‍സലര്‍ ഹെല്‍മുട്ട് കോളിന്റെ വിശ്വസ്തനായിരുന്നു ടിറ്റ്‌മെയര്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക