Image

പുതുവത്സരാഘോഷം: യുറോപ്പിലെങ്ങും കോണ്‍ക്രീറ്റ്‌ബ്ലോക്കുകള്‍ നിരത്തുകള്‍ കൈയടക്കി

Published on 30 December, 2016
പുതുവത്സരാഘോഷം: യുറോപ്പിലെങ്ങും കോണ്‍ക്രീറ്റ്‌ബ്ലോക്കുകള്‍ നിരത്തുകള്‍ കൈയടക്കി

 
സൂറിച്ച്: യൂറോപ്പിലെമ്പാടും ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പൊതുനിരത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്ന വസ്തു ഏതെന്നു ചോദിച്ചാല്‍, കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ എന്നാവും ഉത്തരം. ന്യൂ ഇയര്‍ ആഘോഷത്തിനായി ആളുകള്‍ തടിച്ചുകൂടുന്ന ഇടങ്ങളിലേക്ക് ട്രക്ക് ഓടിച്ചു കയറ്റിയുള്ള ഭീകരാക്രമണ സാധ്യത മുന്നില്‍കണ്ടുള്ള സുരക്ഷാനടപടിയുടെ ഭാഗമാണിത്.

പാരീസ്, നിസ, ബെര്‍ലിന്‍ എന്നിവിടങ്ങളില്‍ ഈ രീതിയില്‍ ഉണ്ടായ ആക്രമണങ്ങളില്‍ ഒട്ടേറെ പേര്‍ക്ക് ജീവന്‍ നഷ്ടമായതോടെ, കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ കൂടുതലായി നിരത്തി, ന്യൂ ഇയര്‍ ആഘോഷങ്ങളെ സംരക്ഷിക്കാനാണ് ഇപ്പോഴത്തെ നീക്കം. ഭീകരാക്രമണങ്ങള്‍ക്കെതിരെയുള്ള യൂറോപ്യന്‍ യൂണിയന്റെ സുരക്ഷാ ഏജന്‍സിയായ യൂറോപോളിന്റെ സുരക്ഷാ കാറ്റലോഗില്‍ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ നേരത്തെ സ്ഥാനം പിടിച്ചതാണെങ്കിലും ബെര്‍ലിന്‍ ക്രിസ്മസ് മാര്‍ക്കറ്റിലെ ട്രക്ക് ഇടിച്ചു കയറ്റിയുള്ള ആക്രമണത്തോടെ, വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലെ സുരക്ഷാ വിദഗ്ധര്‍ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ കൂടുതലായി നിരത്താന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

ഉദ്ദേശം 150 ടണ്ണാണ് ഒരു കോണ്‍ക്രീറ്റ് ബ്ലോക്കിന്റെ ഭാരം. യൂറോപ്പില്‍ പൊതുവെയും കൂടാതെ അതാതു പ്രദേശങ്ങളില്‍ പ്രാദേശികമായി ആള്‍ കൂടുന്ന ആഘോഷങ്ങളുടെയും ലിസ്റ്റ് എടുത്താണ് ഈ രീതിയിലുള്ള നീക്കം. സ്ഥിരം ആഘോഷ സ്ഥലങ്ങളില്‍ കോണ്‍ക്രീറ്റുബ്ലോക്കുകള്‍ സ്ഥിരമായി നിലനിര്‍ത്തുമ്പോള്‍, മറ്റിടങ്ങളില്‍ ആഘോഷങ്ങള്‍ക്കു ശേഷം ഇവ മാറ്റും. ആവശ്യത്തിന് കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ തികയാത്ത സാഹചര്യത്തില്‍, ഹൈവേകളില്‍ ഡിവൈഡര്‍ ആയി ഉപയോഗിക്കുന്ന ബ്ലോക്കുകള്‍ എടുത്താണ് ക്ഷാമത്തിന് പരിഹാരം കാണുന്നത്. ഭാവിയില്‍ ഇത്തരം താത്കാലിക സംവിധാനം കണക്കിലെടുത്ത്, ബ്ലോക്കുകള്‍ ചലിപ്പിക്കാനുള്ള സൗകര്യാര്‍ഥം ഇരുവശത്തും പിടികള്‍ നിര്‍മിച്ചാണ് നിര്‍മാണം.

അതേസമയം കടുത്ത സംരക്ഷണത്തില്‍ കോണ്‍ക്രീറ്റ് ബ്ലോക്കുകളുടെ സുരക്ഷയില്‍ നടക്കേണ്ടതല്ല ആഘോഷങ്ങള്‍ എന്ന് ഈ നീക്കത്തിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. ലോക മഹായുദ്ധങ്ങളുടെ കാലത്തു ശത്രുവിനെ വീഴ്ത്താനും രക്ഷ നേടാനും കുഴിബോംബുകള്‍ നിരത്തിയ യൂറോപ്പ്, ആധുനിക കാലത്തു കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ നിരത്തി ചാവേര്‍ ആക്രമണങ്ങള്‍ക്കെതിരെ രക്ഷനേടുന്ന കാഴ്ചയാണെങ്ങും.

റിപ്പോര്‍ട്ട്: ടിജി മറ്റം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക