Image

ഖത്തറില്‍ മലയാളം ഫിലിം സൊസൈറ്റി രൂപീകരണം ആലോചനയില്‍: ചന്ദ്രമോഹന്‍ പിള്ള

Published on 30 December, 2016
ഖത്തറില്‍ മലയാളം ഫിലിം സൊസൈറ്റി രൂപീകരണം ആലോചനയില്‍: ചന്ദ്രമോഹന്‍ പിള്ള

ദോഹ: ഖത്തറിലെ കലാകാരന്മാരെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചലചിത്ര സംവിധായകരായ ലാല്‍ ജോസ്, ജയരാജ്, ഷാജി കൈലാസ് തുടങ്ങിയവരുടെ സഹകരണത്തോടെ ദോഹയില്‍ ഒരു ഫിലിം സൊസൈറ്റി രൂപീകരിക്കാന്‍ ആലോചനയുണ്ടെന്ന് വീരത്തിന്റെ നിര്‍മാതാവ് ചന്ദ്രമോഹന്‍പിളള. ഖത്തറിലെ കലാകാരന്മാരുടെ പങ്കാളിത്തത്തോടെ ബന്ന ചേന്ദമംഗല്ലൂര്‍ അണിയിച്ചൊരുക്കിയ നിനച്ചിരിക്കാതെ എന്ന ഹോം സിനിമയുടെ പ്രദര്‍ശനോദ്ഘാടനം ഫ്രന്റ്‌സ് കള്‍ചറല്‍ സെന്ററില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയുമായി ബന്ധപ്പെട്ട പരിശീലന കളരികളും ചര്‍ച്ചകളുമൊക്കെ സംഘടിപ്പിക്കുന്ന സൊസൈറ്റിയില്‍ താത്പര്യമുള്ളവര്‍ക്ക് അഭിനയം, കാമറ, മറ്റു സാങ്കേതിക വിദ്യകള്‍ മുതലായവ പരിചയപ്പെടുത്തുവാനും സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഖത്തറില്‍ നിന്നുള്ള കൂടുതല്‍ കലാകാരന്മാരെ ഉള്‍പ്പെടുത്തി പുതിയ മലയാള ചിത്രം നിര്‍മിക്കുന്നത് സംബന്ധിച്ച് ആലോചനയിലാണ്. നല്ല കഴിവുള്ള കുറേ കലാകാരന്മാര്‍ ഖത്തറിലുണ്ട്. പലരേയും വീരത്തില്‍ ഉള്‍പ്പെടുത്തണമെന്നാഗ്രഹിച്ചിരുന്നു. നീണ്ട ഷ്യൂട്ടിംഗ് ഷെഡ്യൂളുകളും ലൊക്കേഷനുകളും പ്രവാസികള്‍ക്ക് പങ്കെടുക്കുവാന്‍ ബുദ്ധിമുട്ടായതുകൊണ്ടാണ് പലരേയും പരിഗണിക്കുവാന്‍ കഴിയാതെ വന്നത്. എന്നാല്‍ പുതിയ ചിത്രം പ്രവാസികള്‍ക്കുകൂടി അഭിനയിക്കുവാന്‍ സൗകര്യപ്പെടുന്ന രീതിയിലാണ് ആസൂത്രണം ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. 

മീഡിയ പ്‌ളസ് സിഇഒ അമാനുള്ള വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. സൗദിയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എന്‍.കെ.എം. മുസ്തഫ, അക്കോണ്‍ ഗ്രൂപ്പ് വെന്‍ച്വാര്‍സ് ചെയര്‍മാന്‍ ഷുക്കൂര്‍ കിനാലൂര്‍, സി.കെ. റാഹേല്‍ എന്നിവര്‍ സംസാരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക