Image

പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ദംഗല്‍ (ആഷ എസ് പണിക്കര്‍)

ആഷ എസ് പണിക്കര്‍ Published on 02 January, 2017
പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ദംഗല്‍ (ആഷ എസ് പണിക്കര്‍)
ആമിര്‍ഖാന്‍ എന്ന നടന്‍ എപ്പോഴും ഇങ്ങനെയാണ്‌. അസാമന്യമായ പ്രകടനം കൊണ്ട്‌ പ്രേക്ഷകനെ അമ്പരപ്പിച്ചുകളയും.

ഇന്ത്യയിലെ ഏറ്റവും മികച്ച ഗുസ്‌തിതാരം ഗീതാ ഫൊഗട്ട്‌, ബബിത കുമാരി എന്നിവരുടെയും അവരുടെ അച്ഛന്‍ മഹവീര്‍ ഫൊഗാട്ടിന്റെയും ജീവിതകഥ പറയുന്ന ദംഗല്‍ എന്ന ചിത്രം ഇന്ത്യയില്‍ തന്നെ റിലീസ്‌ ചെയ്‌തിട്ടുളള ഏറ്റവും മികച്ച സ്‌പോര്‍ട്ട്‌സ്‌ സിനിമ എന്ന വിശേഷണം സ്വന്തമാക്കിയിരിക്കുന്നു.

മഹാവീര്‍ സിങ്ങ്‌ എന്ന കഥാപാത്രമയിട്ടുള്ള അമീര്‍ഖാന്റെ അഭ്രപാളിയിലെ പ്രകടനം അമ്പരപ്പോടുകൂടി മാത്രമേ നമുക്കു കണാന്‍ കഴിയൂ. 

ഗുസ്‌തിഭ്രമം തലയ്‌ക്കു പിടിച്ച കൗമാരക്കാരന്‍ മുതല്‍ രണ്ടു പെണ്‍മക്കളുടെ വാര്‍ദ്ധക്യത്തിലെത്തിയ കര്‍ക്കശക്കാരനായ പിതാവ്‌ വരെയുള്ള ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങള്‍ അതിനനുയോജ്യമായ ശരീരഭാഷ പകര്‍ന്നു നല്‍കിക്കൊണ്ടാണ്‌ ആമിര്‍ അവതരിപ്പിച്ചിട്ടുള്ളത്‌.

റിലീസാകും മുമ്പു തന്നെ ചിത്രത്തിനു വേണ്ടി ആമിര്‍ഖാന്‍ നടത്തിയ തയ്യാറെടുപ്പുകള്‍ ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം തിയേറ്ററുകളിലെത്തിയ ചിത്രം കാണാന്‍ പ്രേക്ഷകരുടെ വന്‍തിരക്കാണ്‌. ഈ ചിത്രം കണ്ടുകഴിയുന്ന ഓരോ പ്രേക്ഷകനും അത്‌ നെഞ്ചിലേറ്റിയാണ്‌ തിരിച്ചു പോകുന്നത്‌. 

അതുകൊണ്ടു തന്നെ പല റിക്കാര്‍ഡുകളും മലര്‍ത്തിയടിച്ച വിജയവുമായാണ്‌ ദംഗല്‍ തിയേറ്ററുകളിലെ ഗോദയില്‍ മുന്നേറുന്നത്‌. തടിച്ച ശരീരവും നരച്ച കുറ്റിത്താടിയും മുടിയും കുടവയറുമായി സ്‌ക്രീനിലെത്തുന്ന ആമിറിനെ കൈയ്യടികളോടെയാണ്‌ പ്രേക്ഷകര്‍ സ്വീകരിക്കുന്നത്‌.

2010ലെ കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ ഗീതാ ഫൊഗട്ടും 2014ല്‍ ഗ്‌ളാഗോവില്‍ ബബിത കുമാരിയും സ്വര്‍ണം നേടിയപ്പോഴാണ്‌ മഹാവീര്‍ ഫൊഗാട്ട്‌ എന്ന അച്ഛന്റെയും ഗീത,ബബിത എന്ന പെണ്‍മക്കളുടെയും കഥ രാജ്യമറിഞ്ഞത്‌.

 ഹരിയാനയിലെ ഒരു കുഗ്രാമത്തില്‍ ജനിച്ച മഹാവീറിന്റ ഏറ്റവും വലിയമോഹമായിരുന്നു ഒരു ഗുസ്‌തി ചാമ്പ്യന്‍ ആവുക എന്നത്‌. തനിക്കു സാധിക്കാത്തത്‌ തന്റെ പെണ്‍മക്കളിലൂടെ മഹാവീര്‍ സാധിച്ചു.

 പെണ്‍മക്കളെ ഗുസ്‌തി പഠിപ്പിക്കുന്ന മഹാവീറിനെ ഗ്രാമവാസികള്‍ ഒന്നടങ്കം കളിയാക്കി. എന്നാല്‍ അത്‌ വകവയ്‌ക്കാതെ അവരെ നേട്ടങ്ങളുടെ നെറുകയില്‍ പ്രതിഷ്‌ഠിക്കുന്ന അച്ഛനാണ്‌ മഹാവീര്‍ ഫൊഗാട്ട്‌.

സിനിമയില്‍ മഹാവീറായി വേഷമിടുന്ന ആമീര്‍ ഒരു ഗുസ്‌തി ചാമ്പ്യനാകാന്‍ കൊതിച്ചു നടക്കുന്ന ചെറുപ്പക്കാരനാണ്‌. എന്നാല്‍ ജീവിതപ്രാരാബ്‌ധങ്ങള്‍ അയാളെ ഒരു ചെറിയ സര്‍ക്കാര്‍ ജോലിയുടെ പരിമിതമായ ചുറ്റുപാടുകളിലേക്ക്‌ തളച്ചിടുന്നു. 

തനിക്ക്‌ ഗോദയില്‍ ഒന്നും നേടാന്‍ കഴിഞ്ഞില്ലെങ്കിലും തനിക്കു ജനിക്കുന്ന ആണ്‍മക്കളിലൂടെ തന്റെ അഭിലാഷം സാധിക്കാമെന്നു അയാള്‍ വിചാരിക്കുന്നു. എന്നാല്‍ മഹാവീറിനു ജനിച്ചത്‌ രണ്ടു പെണ്‍മക്കള്‍.

തന്റെ ആഗ്രഹം ഒരിക്കലും സഫലമാകില്ല,എന്നു കരുതി ജീവിക്കുമ്പോഴാണ്‌ തികച്ചും യാദൃശ്ചികമായി തന്റെ പെണ്‍മക്കളില്‍ ഒളിഞ്ഞു കിടക്കുന്ന ഗുസ്‌തിയുടെ മികവ്‌ അയാള്‍ തിരിച്ചരിഞ്ഞത്‌. 

പിന്നീട്‌ മഹാവീര്‍ തന്റെ പെണ്‍മക്കളായ ഗീതയേയും ബബിതയേയും ഗുസ്‌തിപരിശീലിപ്പിക്കുകയാണ്‌. ഗ്രാമവാസികളും ബന്ധുക്കളും അയാളെ കളിയാക്കി. പെണ്‍മക്കളെയും കൊണ്ട്‌ ഗുസ്‌തിമത്സരത്തിനു പോകുമ്പോള്‍ പലരും പരിഹസിച്ചു. പലരും എതിരായി. 

അതൊന്നും അയാള്‍ വകവച്ചില്ല. ഒടുവില്‍ ഏറ്റവും മികച്ച നേട്ടങ്ങള്‍ പെണ്‍മക്കള്‍ക്ക്‌ ഗോദയില്‍ നിന്നും നേടിക്കൊടുക്കുന്ന അച്ഛനാവുകയാണ്‌ അയാള്‍.

കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ മാത്രം ഒതുങ്ങുന്നതല്ല, ഈ സഹോദരിമാരുടെ നേട്ടം. 2012 ലെ സ്രട്രോത്ത്‌ കോണ കൗണ്‍ടിയില്‍ നടന്ന ലോക ഗുസ്‌തി ചാമ്പ്യന്‍ഷിപ്പില്‍ 55 കിലോ വിഭാഗത്തില്‍ ഗീതയും 51 കിലോ വിഭാഗത്തില്‍ ബബിതയും വെങ്കലം നേടി രാജ്യത്തിന്റെ അഭിമാനതാരങ്ങളായിരുന്നു. 

ഹരിയാനയിലെ മണ്‍ഗോദയില്‍ നിന്നും കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ അത്യാധുനിക റിങ്ങിലേക്കെത്തുന്ന ഘട്ടത്തില്‍ ഒരിക്കല്‍ പോലും പ്രേക്ഷകന്‌ വിരസത തോന്നുന്നില്ല. 

അത്രയേറെ രസകരമായാണ്‌ ചിത്രം ഒരുക്കിയിരിക്കുന്നത്‌. ഹരിയാനയിലെ ഗ്രാമീണതയും ഗ്രാമീണജീവിതവും അകഷരാര്‍ത്ഥത്തില്‍ പറിച്ചു നട്ടിരിക്കുകയാണ്‌ സിനിമയില്‍. മക്കളോടുള്ള സ്‌നേഹം, അവരിലുള്ള അയാളുടെ പ്രതീക്ഷകള്‍ ഒരര്‍ത്ഥത്തില്‍ അയാളുടെ തന്നെ പ്രതീക്ഷകളാണ്‌. അതുകൊണ്ടാണ്‌ അയാള്‍ കര്‍ക്കശക്കാരനാകുന്നത്‌. 

`പെണ്ണുങ്ങളെ ആരും ഗുസ്‌തി പഠിപ്പിക്കാറില്ല' എന്നു പറഞ്ഞ്‌ ഗ്രാമീണര്‍ അയാളെ പരിഹസിക്കുമ്പോഴും അയാള്‍ തന്റെ തീരുമാനത്തില്‍ നിന്നു പിന്‍മാറുന്നില്ല. മകള്‍ ഗീത തന്നെയും ഒരിക്കല്‍ അയാളുടെ പരിശീലന രീതികളെ തള്ളിപ്പറയുമ്പോഴും അയാള്‍ തളര്‍ന്നു പോകുന്നില്ല.

ഏതു നിമിഷവും ഗോദയില്‍ എതിരാളിയെ മലര്‍ത്തിയടിക്കുമ്പോള്‍ ഉയരുന്ന ആരവം പോലെയാണ്‌ ഇതില്‍ വികാരതീവ്രമായ മുഹൂര്‍ത്തങ്ങള്‍ പിറക്കുന്നത്‌. 

ആമിറിനൊപ്പം ഗീത,ബബിത എന്നിവരെ അവതരിപ്പിച്ച ഫാത്തിമ സനാ ഷേഖ്‌, സൈറാ വസിം(ഗീതയുടെ ബാല്യം), സന്യ മല്‍ഹോത്ര, സുഹാനി ഭത്‌നഗര്‍(ബബിത ബാല്യം) എന്നിവര്‍ ചിത്രത്തില്‍ നന്നായി തിളങ്ങി.

 ഏതൊരു പ്രഫഷണല്‍ ഗുസ്‌തി ചാമ്പ്യനോടും കിടപിടിക്കത്തക്ക അസാമാന്യ പ്രകടമാണ്‌ ഇവര്‍ രണ്ടു പേരും റിങ്ങില്‍ പുറത്തെടുത്തത്‌. ഇത്ര മികവോടെ തങ്ങളുടെ പ്രകടനം മികച്ചതാക്കാന്‍ അവര്‍ എടുത്ത പ്രയത്‌നം ശരിക്കും അഭിനന്ദനം അര്‍ഹിക്കുന്നു. 

അഭിനയ ത്തോടൊപ്പം ഗുസ്‌തിയിലും ഒരേ പോലെ തിളങ്ങുക എന്നത്‌ തികച്ചും ശ്രമകരമാണ്‌. പ്രത്യേകിച്ചും കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ നിലവാരത്തിലുള്ള മത്സരങ്ങളില്‍ സ്വര്‍ണം നേടുന്ന പ്രകടനം. അത്‌ ഉജ്വലമായി അവതരിപ്പിച്ചിട്ടുണ്ട്‌ ആമിര്‍ കണ്ടെത്തിയ പെണ്‍കുട്ടികള്‍.

സേതു ശ്രീറാമിന്റെ ക്യാമറ, ബല്ലൂ സലൂജയുടെ എഡിറ്റിംഗ്‌ എന്നിവ മികച്ച നിലവാരം പുലര്‍ത്തി. സംവിധായകനും തിരക്കഥാകൃത്തുക്കളില്‍ ഒരാളുമായ നിതീഷ്‌ തിവാരിക്ക്‌ എക്കാലവും അഭിമാനിക്കാന്‍ ഈ ഒരൊറ്റ ചിത്രം മതി. 

ഒരുപാടു സിനിമകളൊന്നും കൈയ്യിലില്ലാത്ത നിതീഷിന്‌ ഈ ചിത്രത്തോടെ കരിയര്‍ ഗ്രാഫ്‌ ഉയരുമെന്നതും തീര്‍ച്ചയാണ്‌. 
പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ദംഗല്‍ (ആഷ എസ് പണിക്കര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക