Image

ക്യാപ്റ്റന്‍ അമേരിക്ക (പകല്‍ക്കിനാവ്-32: ജോര്‍ജ് തുമ്പയില്‍)

Published on 02 January, 2017
ക്യാപ്റ്റന്‍ അമേരിക്ക (പകല്‍ക്കിനാവ്-32: ജോര്‍ജ് തുമ്പയില്‍)
ലോകമെല്ലായിടത്തും ഇപ്പോള്‍ കണക്കെടുപ്പ് കാലമാണ്. അത് പണക്കാരുടെ കാര്യത്തിലും പോപ്പ് സംഗീതത്തിന്റെ കാര്യത്തിലും എന്തിന് സിനിമയുടെ കാര്യത്തില്‍ പോലും അങ്ങനെ തന്നെ. അങ്ങനെയിരിക്കെയാണ് കൗതുകകരമായ ഒരു സംഗതി ശ്രദ്ധിച്ചത്. കേരളത്തില്‍ ഒരു ചിത്രം ഇതാദ്യമായി 100 കോടി രൂപ കളക്ഷന്‍ നേടിയിരിക്കുന്നുവത്രേ. മോഹന്‍ലാലിന്റെ പുലിമുരുകനാണ് പ്രസ്തുത സിനിമ. കേരളത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു സംഭവം. അപ്പോള്‍ അറിയാതെ ഹോളിവുഡിലേക്ക് ഒന്നു ശ്രദ്ധിച്ചു പോയാല്‍ കുറ്റം പറയാനൊക്കില്ലല്ലോ. അമേരിക്കയിലെ സിനിമകളുടെ കാര്യത്തില്‍ കോടിക്ക് ഒന്നും പ്രത്യേകിച്ച് ഒരു പ്രസക്തിയുമില്ല. കാരണം, ഇവിടെ 100 കോടി രൂപയ്ക്കു മുകളിലാണ് മുതല്‍മുടക്കു തന്നെ. അപ്പോള്‍ പിന്നെ അതൊക്കെ തിരിച്ചു പിടിക്കുക തന്നെ മിക്ക സിനിമകളും പ്രാഥമികമായി തന്നെ നിര്‍വ്വഹിക്കും. കേരളത്തില്‍ ഒരു സിനിമ നൂറു കോടി നേടിയെങ്കില്‍ ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ ഈ വര്‍ഷം കാശുണ്ടാക്കിയ സിനിമ നേടിയത് ഇന്ത്യന്‍ രൂപ കണക്കില്‍ 7860 കോടി രൂപയാണ്. എത്രയോ ഇരട്ടി? എന്തൊരു വ്യത്യാസം അല്ലേ...? ഇത്രയും കോടി രൂപ വാരിയെടുത്ത സിനിമയുടെ പേര് "ക്യാപ്റ്റന്‍ അമേരിക്ക: സിവില്‍ വാര്‍'. ഈ പേരില്‍ മുന്‍പിറങ്ങിയ സിനിമകളുടെ തുടര്‍ച്ചയാണിത്. പത്രമാധ്യമങ്ങളെല്ലാം തന്നെ ചിത്രത്തെ പുകഴ്ത്തിയിരുന്നതു കൊണ്ട് കഴിഞ്ഞ ഓണക്കാലത്ത് ഞാന്‍ ചിത്രം കണ്ടിരുന്നു. പോസ്റ്റ് പ്രൊഡക്ഷനും വെര്‍ച്വല്‍ ഇഫക്ട്‌സും ഈ സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന്റെ മികവായി അന്നു തോന്നിയിരുന്നു. എന്നാല്‍ ചിത്രം ഇത്രമാത്രം പണം വാരി പടമായി മാറുമെന്നു കരുതിയില്ല.

ഈ ചിത്രത്തിന്റെ വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷന്‍ എന്നത് 1,153,304,495 ഡോളറാണ്. 7860 കോടിക്കു മുകളില്‍. കേരളത്തിലെ ഒരു ചിത്രവുമായി ഇതിനെ താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെങ്കിലും രണ്ടു തമ്മിലുള്ളസാമ്പത്തികമായ വ്യത്യാസമാണ് ഇവിടെ വിവക്ഷിക്കുന്നത്. മേല്‍പ്പറഞ്ഞത്, 2016 ക്രിസ്മസ് കാലത്തെ കണക്കാണിത്. ലോകസിനിമയുടെ ചരിത്രം പരിശോധിച്ചാല്‍ ഈ സിനിമ പക്ഷേ, ഇപ്പോഴും കളക്ഷന്റെ കാര്യത്തില്‍ പന്ത്രണ്ടാം സ്ഥാനത്താണ്. ഏറ്റവും കൂടുതല്‍ പണം നേടിയ ചിത്രം 2009-ല്‍ പുറത്തിറങ്ങിയ അവതാര്‍ ആണ്. അത് 2,787,965,087 ഡോളര്‍ നേടി. (190,013,760,504 ഇന്ത്യന്‍ രൂപ).

രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് എക്കാലത്തെയും പ്രണയചിത്രങ്ങളിലൊന്നായ ടൈറ്റാനിക്കാണ്. അത് നേടിയത് 2,186,772,302 ഡോളര്‍. 1997-ലാണ് ടൈറ്റാനിക്ക് പുറത്തിറങ്ങിയത്. മൂന്നാം സ്ഥാനത്ത് സ്റ്റാര്‍ വാഴ്‌സ് (2015) നേടിയത് 2,068,223,624 ഡോളര്‍. 2015-ല്‍ ഇറങ്ങിയ ജുറാസിക്ക് വേള്‍ഡ് എന്ന ചിത്രവും 1,670,400,637 ഡോളര്‍ നേടി. അഞ്ചാം സ്ഥാനത്ത് അവഞ്ചേഴ്‌സ് എന്ന 2012-ല്‍ റിലീസ് ചെയ്ത ചിത്രമാണ്. ഫ്യുരിയസ് 7, അവഞ്ചേഴ്‌സ്: ഏജ് ഓഫ് അള്‍ട്രോണ്‍, ഹാരി പോട്ടര്‍, ഫ്രോസണ്‍, അയണ്‍ മാന്‍ 3, മിനിയോണ്‍സ് എന്നിവയാണ് യഥാക്രമം ക്യാപ്റ്റന്‍ അമേരിക്കയ്ക്ക് മുന്നിലുള്ളത്.

ക്യാപ്റ്റന്‍ അമേരിക്കയ്ക്ക് പുറമേ, ഹോളിവുഡില്‍ നിന്ന് കളക്ഷന്‍ ഹിറ്റിലേക്ക് പറന്ന ഫൈന്‍ഡിങ് ഡോറി, സൂട്ടോപ്പിയ, ദി ജംഗിള്‍ ബുക്ക്, ദി സീക്രട്ട് ലൈഫ് ഓഫ് പെറ്റ്‌സ് എന്നിവയെല്ലാം തന്നെ അയ്യായിരം കോടി രൂപയ്ക്ക് മുകളില്‍ ഇതുവരെ നേടിക്കഴിഞ്ഞു. ഇവയില്‍ പലതും ഇപ്പോഴും പ്രദര്‍ശനം തുടരുകയും ചെയ്യുന്നു.

ജോ സിമോണ്‍, ജാക്ക് കിര്‍ബി എന്നിവര്‍ ചേര്‍ന്നെഴുതിയ നോവലില്‍ നിന്നാണ് സംവിധായകന്മാരായ അന്റണി റൂസോ, ജോ റൂസോ എന്നിവര്‍ സിവില്‍ വാര്‍ രൂപപ്പെടുത്തിയത്. മാര്‍വല്‍ സ്റ്റുഡിയോസിനു വേണ്ടി കെവിന്‍ ഫീഗായിരുന്നു നിര്‍മ്മാതാവ്. 250 മില്യണ്‍ ഡോളര്‍ മുടക്കി 1300 ബില്യണ്‍ ഡോളര്‍ കീശയിലാക്കിയാണ് സിവില്‍ വാര്‍ ഇപ്പോഴും കാശുവാരി പടമായി തീയേറ്ററുകള്‍ നിറയ്ക്കുന്നത്. ക്രിസ് ഇവാന്‍സ്, റോബര്‍ട്ട് ഡൗണി, സ്കാര്‍ലറ്റ് ജോണ്‍സണ്‍, സെബാസ്റ്റിയന്‍ സ്റ്റാന്‍, എലിസബത്ത് ഓള്‍സെന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ വേഷമിട്ടത്. ക്യാപ്റ്റന്‍ അമേരിക്ക എന്ന ടൈറ്റില്‍ കഥാപാത്രമായി ക്രിസ് ഇവാന്‍സ് എത്തി. വാള്‍ട്ട് ഡിസ്‌നി സ്റ്റുഡിയോസ് മോഷന്‍ പിക്‌ചേഴ്‌സായിരുന്നു ചിത്രത്തിന്റെ വിതരണക്കാര്‍. 147 മിനിറ്റുകള്‍ ദൈര്‍ഘ്യമുള്ള ചിത്രം മെയ് ആറിനാണ് റിലീസ് ചെയ്തത്. ക്യാപ്റ്റന്‍ അമേരിക്ക എന്ന പേരില്‍ ഇതിനു മുന്‍പ് രണ്ടു ചിത്രങ്ങള്‍ കൂടി വന്നിട്ടുണ്ട്. 2011-ലായിരുന്നു ആദ്യത്തേത്. ക്യാപ്റ്റന്‍ അമേരിക്ക: ദി ഫസ്റ്റ് അവഞ്ചര്‍ എന്നായിരുന്നു അതിന്റെ പേര്. പിന്നീട് 2014-ല്‍ ക്യാപ്റ്റന്‍ അമേരിക്ക; ദി വിന്റര്‍ സോള്‍ജിയര്‍ എന്ന പേരിലും. റിലീസ് മുതല്‍ തന്നെ ക്യാപ്റ്റന്‍ അമേരിക്ക ഹിറ്റ്ചാര്‍ട്ടില്‍ മുന്നില്‍ തന്നെയായിരുന്നു. ടീന്‍ ചോയ്‌സ് അവാര്‍ഡ്, ക്രിട്ടിക്‌സ് ചോയിസ് അവാര്‍ഡ്, പീപ്പിള്‍ ചോയ്‌സ് അവാര്‍ഡ്, സ്ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡ് അവാര്‍ഡുകള്‍ എല്ലാം വാരിക്കൂട്ടി ചിത്രം പുതിയ വര്‍ഷത്തിലും ചരിത്രമെഴുതാനൊരുങ്ങുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക