Image

കന്നിക്കെട്ട് ശബരിമലയ്ക്ക് (സന്തോഷ് പിള്ള)

സന്തോഷ് പിള്ള Published on 04 January, 2017
കന്നിക്കെട്ട് ശബരിമലയ്ക്ക്  (സന്തോഷ് പിള്ള)
പുലര്‍ച്ച  ഉറക്കത്തില്‍ നിന്നും അമ്മ  പാല്  വാങ്ങിക്കാന്‍  സൊസൈറ്റിയില്‍ പോകാന്‍  വിളിച്ചെഴുന്നേല്പിക്കുമ്പോള്‍  മനസ്സില്ലാമനസ്സോടാണ്  പാല്‍പാത്രം കയ്യിലെടുക്കുന്നത് . ധനു മാസത്തിലെ    മഞ്ഞില്‍  പുതഞ്ഞു കിടക്കുന്ന പ്രഭാതത്തില്‍  നാട്ടുപാതയിലൂടെ,  മുല്ലക്കല്‍  ക്ഷേത്രത്തിലെ ചിറപ്പ്  മഹോത്സവത്തിന്  വാങ്ങിയ  'അറക്കാന്‍  വാപ്പാന്‍, ചീരാന്‍ വാപ്പനെ' ഉരുട്ടികൊണ്ടും, ഇടക്കിടെ ചൂടുള്ള നിശ്വാസ വായു ശക്തിയായി പുറത്തേക്ക്  ഊതിവിട്ട്   പുകവലയങ്ങള്‍ സൃഷ്ടിച്ചുകൊണ്ടുമായിരിന്നു പാല്‍ വാങ്ങാന്‍  പോയിരുന്നത്.  ' മാമരം കോച്ചും തണുപ്പത്ത്, താഴ്വര പൂക്കുന്ന കാലത്തു് , മൂടിപ്പുതച്ചു കിടക്കും കാറ്റേ,  മൂളിക്കുതിച്ചു പറന്നാട്ടേ'',  എന്നോ മറ്റോ  കഴിഞ്ഞാഴ്ച സ്‌കൂളില്‍ പഠിപ്പിച്ച  പദ്യം  മനഃപാഠമാക്കാന്‍   ശ്രമിച്ചുകൊണ്ട്  നടക്കുമ്പോള്‍  ചുറ്റുവട്ടത്തെ  ഒരു കൂട്ടം ചെറുപ്പക്കാര്‍  സൈക്കളില്‍  അടുത്തുള്ള  അയ്യപ്പ ക്ഷേത്ര ദര്‍ശനത്തിനു പോകുന്നു.   ഈ തണുപ്പത്തും,  അതിരാവിലെ കുളിച്ചു,  വ്രതശുദ്ധിയോട്   മലക്ക്  പോകാനൊരുങ്ങന്ന  അവരെ  അന്ന് വളരെ ആദരവോടെയാണ്  വീക്ഷിച്ചത്. കാരണം  അവരെല്ലാം  ടൂറിസ്റ്റ് ബസ്സിലാണ്  ശബരിമലക്ക്  പോകുന്നത് .

സായം  സന്ധ്യക്ക്  അടുത്തുള്ള   അമ്പലത്തിലെ  കോളാമ്പി മൈക്കിലൂടെ    ''വൃശ്ചിക പൂംപുലരി   വ്രത ശുദ്ധി തരും  പുലരി,  മുദ്ര അണിഞ്ഞവര്‍ അമ്പലമുറ്റത്തു  ഒത്തുചേരും  പുലരി '  എന്ന അയ്യപ്പ ഭക്തി ഗാനം ഒഴുകി വന്നു കഴിയുമ്പോള്‍  ശബരിമല തീര്‍ത്ഥാടനത്തിന്  പോകുന്ന  തയ്യില്‍  ട്രാവല്‍സ് എന്ന ടൂറിസ്റ്റ് ബസ്  നാല്‍ക്കവലയില്‍ എത്തിചേരും. ടൂറിസ്റ്റ് ബസിനുള്ളില്‍ പച്ചയും, മഞ്ഞയും, ചുകപ്പും നിറങ്ങളില്‍ ചതുരാകൃതിയില്‍  ഉള്ള ലൈറ്റുകള്‍  കാണാന്‍  നല്ല ശേലാണ് . സാധാരാണ  ലൈയിന്‍  ബസിലെ  ലൈറ്റുകള്‍ വലിയ ഇഡ്ഡലിയുടെ വലുപ്പത്തില്‍  ഉള്ളവയും,  അതിനുമുകളിലായി എട്ടുകാലി വലയുടെ ആകൃതിയില്‍ കമ്പിവളച്ചു വച്ച്  വികൃതമാക്കിയവയും   ആയിരുന്നു.   കല്യാണ  ഓട്ടത്തിനു  പോകുമ്പോള്‍ ഇമ്പമേറിയ സിനിമാ പാട്ടുകളും,  തീര്‍ത്ഥാടനത്തിനു  പോകുമ്പോള്‍ മേളക്കൊഴുപ്പാര്‍ന്ന  ഭക്തി ഗാനങ്ങളും  ബസിനുള്ളിലെ  സ്റ്റീരിയോ    സ്പീക്കറിലൂടെ  മുഴക്കമാര്‍ന്ന  ശബ്ദത്തില്‍ വരുന്നത്   വഴിയോരത്തുനിന്നും  കേട്ടിട്ടുണ്ട് .  കൂടെ പഠിക്കുന്ന ജോഷിയുടെ  അപ്പച്ചന്റേതാണ് തയ്യില്‍  ട്രാവല്‍സ് .  ആ വണ്ടിയില്‍ കയറി  ദീര്‍ഘ യാത്ര ചെയ്യുന്ന  കഥകളൊക്കെ പൊടിപ്പും തൊങ്ങലും വച്ച് ക്ലാസ്സില്‍ വിളമ്പാന്‍  ജോഷി  മിടുക്കനാണ് . സീറ്റിനു മുകളില്‍  തലചായ്ക്കാനായി  ഉയര്‍ത്തി  ഉരുട്ടി വച്ചിരിക്കുന്നതിനകത്തൊക്കെ  മൃദുവായ  സ്‌പോഞ്ചാണത്രേ. എന്നൊങ്കിലും  ഒരിക്കല്‍  അതിനകത്തൊന്ന്  കയറണം.   അടുത്തുള്ള  ചായക്കടയിലിരുന്ന്   ബസ്സ്  ഡ്രൈവര്‍ , കണാരന്‍  ചേട്ടന്‍ ഏത്തക്കാപ്പം അകത്താക്കുന്നു.  അടുത്തിരുന്ന് ,  ഡയറിയില്‍  യാത്രക്കാരുടെ എണ്ണം കൂട്ടിനോക്കുന്ന  ട്രാവല്‍ ഏജന്റ്  ദാസപ്പന്‍  ചേട്ടന്‍.  ശബരിമല  സീസണാകുമ്പോള്‍, ''ശബരിമല തീര്‍ഥാടനത്തിനു സമീപിക്കുക ദാസപ്പന്‍''  എന്നും,  അല്ലാത്ത സമയങ്ങളില്‍ ' ഗുരുവായൂര്‍, പഴനി, വേളാങ്കണ്ണി തീര്‍ത്ഥാടനത്തിനു സമീപിക്കുക  ദാസപ്പന്‍''  എന്നും  മാറി  മാറി നാല്‍ക്കവലയില്‍  ദാസപ്പന്‍  ചേട്ടന്റെ ബോര്‍ഡുകള്‍  കാണാം.  ശബരിമലയിലേക്ക്  പോകുന്ന  വഴിയിലെ  പ്രധാന പട്ടണങ്ങളില്‍ നിന്നുമെല്ലാം  അയ്യപ്പന്മാരെ  കയറ്റി  ബസ്സ്  നിറച്ചിട്ടാണ്  ദാസപ്പന്‍ ചേട്ടന്‍ പമ്പയില്‍ എത്തിച്ചേരുന്നത്  .

ധനു  മാസത്തിലെ   ഒരു ശനിയാഴ്ച   സന്ധ്യക്ക്  അമ്മപറഞ്ഞു,  ''വേഗം പോയി ഒന്നുകൂടി കുളിച്ചിട്ടു വാ. സന്ധ്യക്ക്  മാധവി പേരമ്മയുടെ വീട്ടില്‍  അയ്യപ്പന്‍ വിളക്കും  ആഴിയും ഒക്കെ  ഉണ്ട്'' .  അമ്മുമ്മയുടെ  പ്രായത്തിനടുത്തുള്ള  സ്ത്രീ  ജനങ്ങളെയെല്ലാം അമ്മ,  പേരമ്മ  എന്നാണ്  വിളിക്കുക.  മാധവി പേരമ്മയുടെ വീട്ടു മുറ്റത്ത്,   കുരുത്തോല തോരണങ്ങള്‍ കൊണ്ട്   അലങ്കരിച്ച  വലിയ  ഒരു പന്തല്‍.  പന്തലിനുള്ളില്‍  ശ്രീധര്‍മ്മശാസ്താവിന്റെ  ചില്ലിട്ട  ചിത്രം  അലങ്കരിച്ചു വച്ചിരിക്കുന്നു.  ചിത്രത്തിനുമുമ്പില്‍ ഫല വര്‍ഗ്ഗങ്ങള്‍  നിറച്ച  രണ്ട് കുട്ടകള്‍, വലിയ  ഒരു  ഉരുളിയില്‍ അവല്‍  നനച്ചതും,  മറ്റൊരെണ്ണത്തില്‍ ഉണ്ണിയപ്പവും വലിയൊരു  തൂശനിലകൊണ്ട്  മൂടിവച്ചിരിക്കുന്നു.  ദീപാരാധന  കഴിയുമ്പോള്‍ പ്രസാദമായി  വിതരണം  ചെയ്യാനുള്ള  ഭക്ഷണ വസ്തുക്കള്‍.  നിറക്കാനായി അടുക്കിവച്ചിരിക്കുന്ന  ഇരുമുടി സഞ്ചികള്‍,  ചകിരി നാരുകള്‍  ചീകി മിനുക്കി വൃത്തിയാക്കി വച്ചിരിക്കുന്ന നാളികേരങ്ങള്‍,  അവയില്‍  നിറക്കാനായി  ഉരുക്കി വച്ചിരിക്കുന്ന  ശുദ്ധമായ പശുവിന്‍ നെയ്യ് ,  മലര്‍ ,  കല്‍ക്കണ്ടം,  കദളിപ്പഴം, ചന്ദനത്തിരി,  കര്‍പ്പൂരം,  ഭസ്മം,  വെറ്റില,  അടക്ക,   മുതലായ പൂജാദ്രവ്യങ്ങള്‍ക്ക്  മേല്‍നോട്ടം വഹിക്കുന്നു, ഗുരുസ്വാമിയായ  രാഘവമ്മാവന്‍ .  രാഘവമ്മാവനെ  കുറിച്ചുള്ള   അനേകം  കഥകള്‍  നാട്ടില്‍  പാട്ടാണ് .  ശബരിമലക്ക്  വനത്തിലൂടെ യാത്രചെയ്യുമ്പോള്‍  നേര്‍ക്കുനേര്‍  ആക്രമിക്കാന്‍  വന്ന  പുലിയോട്  ' ഞാന്‍ ഗുരുസ്വാമിയാണ് ,  എന്നോട്  നിന്റെ കളി വേണ്ട ' എന്ന് ആക്രോശിച്ചു്  ആട്ടി ഓടിച്ചു  എന്നും,  വഴി മുടക്കി  നിന്ന കാട്ടാനയെ ' പമ്പാ ഗണപതിയെ ശരണമയ്യപ്പാ ' എന്നുറക്കെ വിളിച്ചുകൊണ്ട്  'വഴിമാറി നില്‍ക്ക് '  എന്ന്  ആജ്ഞാപിച്ച്   മാറ്റി  നിര്‍ത്തി  എന്നും  ഒരു ശ്രുതി പൊതുവെ കേള്‍ക്കുന്നുണ്ട്. നര കലര്‍ന്ന നീളന്‍ താടിയും, മുടിയും,  ദീര്‍ഘമായ  കൈകളും, മൂര്‍ച്ചയേറിയ കണ്ണുകളുമുള്ള, നല്ല ഉറച്ച ശരീരത്തിനുടമ.   പന്തലിനു  മുമ്പിലായി ഒരുക്കിനിര്‍ത്തിയിരിക്കുന്ന  വാഴത്തണ്ടില്‍,  വളയരൂപത്തില്‍ ഈര്‍ക്കില്‍ കുത്തിയിരിക്കുന്നു.  അതിനു മുകളിലായി  മരോട്ടിക്ക പിളര്‍ന്ന് കുരുകളഞ്ഞി ട്ട്, അതിനകത്ത് എണ്ണ  ഒഴിച്ച്  തിരിയിട്ട്  ദീപം കൊളുത്തി വച്ചിരിക്കുന്നു. അമ്പലത്തിനു മുമ്പിലെ കല്‍വിളക്ക് കത്തിച്ചതുപോലെ തന്നെ  തോന്നിപ്പിക്കുന്ന  വാഴവിളക്ക്.  

പന്തലിന്  മുന്നില്‍    ഇടതു വശത്തായി  മണ്ണില്‍  തടം എടുത്തു  വിറക്  തടി  കൂട്ടി  ഇട്ടിരിക്കുന്നു.  ഇരുട്ടിന് കട്ടികൂടിയപ്പോള്‍  ആരോ ചെന്ന്  വിറകുകത്തിച്ച്   ആഴി  കൂട്ടി.   അന്തരീക്ഷം  ശരണം വിളിയാല്‍ മുഖരിതമായി .  കൈമണി , ഗഞ്ചിറ എന്നിവയുടെ അകമ്പടിയോട്   അയ്യപ്പ ഭജനയും തുടങ്ങി കഴിഞ്ഞു.  ഉരുക്കിയ  നെയ്യുടെ  കൊതിപിടിപ്പിക്കുന്ന  ഗന്ധം,  ചന്ദനത്തിരിയുടെയും, കര്‍പ്പൂരത്തിന്റെയും  ഗന്ധത്തിനു  വഴിമാറി.  അയ്യപ്പന്മാരെല്ലാം ഇരുമുടികെട്ടുകള്‍  നിറക്കാന്‍ ആരംഭിച്ചു.   ഒരുനെയ്‌ത്തേങ്ങ എന്നോടും നിറക്കാന്‍  അമ്മ  ആവശ്യപെട്ടു.  ആറുമാസം മുമ്പ്  പിടിപെട്ട,  വിട്ടുമാറാത്ത  പനി  മാറാന്‍  വേണ്ടി  നേര്‍ന്നതാണ ത്രെ.   ഉരുകിയ നെയ്യ്,  തുണി കൊണ്ട്  ചുറ്റിയ സ്റ്റീല്‍ ഗ്ലാസില്‍  എടുത്ത്  ചെറിയ  സുഷിരത്തിലൂടെ തേങ്ങക്കുള്ളിലേക്കൊഴിക്കാന്‍  രാഘവമ്മാമനും സഹായിച്ചു.   വര്‍ദ്ധിച്ചു വരുന്ന തണുപ്പകറ്റാന്‍  മിക്കവരും   ആഴിക്കടുത്തേക്ക്   മാറിനില്‍ക്കുന്നു.  കെട്ടുനിറയും  ദീപാരാധനയും  കഴിഞ്ഞപ്പോഴേക്കും ആളി കത്തി നിന്നിരുന്ന  ആഴിയും അമരാന്‍  തുടങ്ങിക്കഴിഞ്ഞിരുന്നു. 

ഉറക്കെയുള്ള  ശരണം  വിളികേട്ടാണ്  ഞെട്ടി  ഉണര്‍ന്നത് . തീക്കനലിലൂടെ രാഘവമ്മാവന്‍   തലങ്ങും  വിലങ്ങും  ഓടുന്നു. പല   അയ്യപ്പന്‍ മാരുടെയും ശരീരം  പൂക്കുല  പോലെ  നിന്ന്  വിറക്കുന്നു.  എന്റെ കുട്ടപ്പാ ചാടരുത് ! ചാടരുത്!  എന്ന് മാധവി പേരമ്മ  അലറിവിളിച്ചപ്പോഴേക്കും,  കുട്ടപ്പന്‍ ചേട്ടന്‍  ആഴിക്കുള്ളിലേക്ക്   എടുത്തു ചാടിക്കഴിഞ്ഞിരുന്നു.   അകത്തേക്ക്  ചാടിയതിലും വേഗത്തില്‍ , ''എന്റമ്മോ'' , എന്നലറികൊണ്ടു  ആഴിയുടെ പുറത്തേക്ക്  കുതിച്ചു ചാടി.  കൈകള്‍ കൊണ്ട്, പൊള്ളി കുടുര്‍ന്ന ഇരു കാല്പാദങ്ങളും അമര്‍ത്തിപ്പിടി ച്ച്  വാവിട്ടു കരയാന്‍ തുടങ്ങി. തോര്‍ത്തുമുണ്ട്  നനച്ചുകൊണ്ടു കുട്ടപ്പന്‍  ചേട്ടനെ  പരിചരിക്കാന്‍ കുറേപ്പേര്‍ ഓടിഅടുത്തു. ദേവകി പേരമ്മയുടെ നാലാമത്തെ പുത്രനാണ് കുട്ടപ്പ ന്‍ ചേട്ടന്‍. നാട്ടുകാര്‍ വിളിക്കുന്നത് കള്ളന്‍ കുട്ടപ്പന്‍ എന്നാണ് . അയല്പക്കത്തെ തങ്കമ്മചേച്ചിയുടെ കോഴിയും താറാവുമൊക്കെ രാത്രിയില്‍ കാണാതെ പോകുന്നതില്‍ കുട്ടപ്പചേട്ടനൊരു വലിയ പങ്കുണ്ടെന്നാണ് ജനസംസാരം. ഈ ബഹളങ്ങളൊന്നും അറിയാതെ, രാഘവമ്മാവന്‍ ആഴിക്കുള്ളില്‍ നിന്നും തീക്കനല്‍, വാരി വിതറി എറിഞ്ഞുകൊണ്ടേയിരുന്നു.

ടൂറിസ്റ്റ് ബസില്‍ കയറാന്‍ അടുത്തവര്‍ഷം സാധിക്കുമെന്ന്  സ്വപ്നത്തില്‍   പോലും കരുതിയിരുന്നില്ല. മറ്റൊരു പനിയുടെ രൂപത്തിലാണ്  ഭാഗ്യം കയറിവന്നത് . പനി  മൂര്‍ച്ഛിച്ചപ്പോള്‍, തോമസ് ഡോക്ടറുടെ ക്ലിനിക്കല്‍ ചെന്ന്  കുത്തിവയ്പു തന്ന് തിരികെ വരുമ്പോള്‍  അമ്മ നേര്‍ന്നു, 'എന്റെ അയ്യപ്പസ്വാമി, ഈ പനിയൊന്നു മാറികിട്ടിയാല്‍ മകനെ അടുത്ത വര്‍ഷം മലക്കയച്ചേക്കാം' ഇരുമുടി കെട്ടുമേന്തി രാഘവമ്മാവനോടൊപ്പം ബസില്‍ കയറി സീറ്റില്‍ ഇരുന്നപ്പോള്‍ ജീവിത സാഫല്യം നേടിയ അനുഭൂതി. അനേക നിറങ്ങളിലെ ലൈറ്റുകള്‍ മാറിമാറി വീക്ഷിച്ചു് , മൃദുവായ സീറ്റില്‍ അമര്‍ന്നിരുന്നു. ഉത്സവകാലത്ത്  കണ്ണാടിക്കൂട്ടില്‍ അടച്ചുവച്ചു വില്‍ക്കുന്ന കടും ചുവപ്പുനിറമുള്ള അലുവയുടെ അതേ നിറത്തിലുള്ള സീറ്റുകള്‍. 'പള്ളികെട്ട്  ശബരിമലക്ക് , കല്ലും മുള്ളും കാലുക്ക്  മെത്തയ് ,  സ്വാമിയേ  അയ്യപ്പോ , അയ്യപ്പോ സ്വാമിയേ' വീരമണിയുടെ തമിഴ് ഗാനം ആരോഹണ അവരോഹണ ക്രമത്തില്‍ ബസിനുള്ളില്‍ അലയടിച്ചുയരുന്നു. ആ ഗാനത്തിനോടൊപ്പം ഒരുമിച്ച് പാടുന്ന യാത്രക്കാരായ എല്ലാ അയ്യപ്പന്മാരും ഒക്കെക്കൂടി, ആ വര്‍ണ്ണ, നാദ പ്രപഞ്ചത്തില്‍ അലിഞ്ഞലിഞ്ഞില്ലാതായി എപ്പോഴോ ദീര്‍ഘനിദ്രയെ പ്രാപിച്ചു.

കന്നി സ്വാമീ! ഉണരൂ, ഉണരൂ, എന്ന്  രാഘവമ്മാവന്‍ വിളിച്ചുണര്‍ത്തി. വെളുപ്പിനെ നാലുമണിക്ക്  പമ്പയിലെ തണുത്ത ജലത്തില്‍ കുളികഴിഞ്ഞിട്ട്  പിതൃക്കള്‍ക്ക്  ബലിയര്‍പ്പിച്ചുകഴിഞ്ഞപ്പോള്‍ അതാ നില്കുന്നു 'ലംബകര്‍ണന്‍ '.പഞ്ചതന്ത്രം കഥയിലെ നായകന്‍, പിന്നിലെ ഒരുകാല്‍ അല്പം മടക്കി ഉയര്‍ത്തിപ്പിടിച്ചു് ഏകനായി വിഷമിച്ചു നില്‍ക്കുന്നു. ചുറ്റുമുള്ള വനത്തില്‍നിന്നും കൂട്ടംതെറ്റി എത്തിയതാവും എന്നാണ്  ആദ്യം കരുതിയത്.  മലകയറാന്‍ തുടങ്ങിയപ്പോളാണ്  ഇവരുടെ ഗതികേട് നേരില്‍ കാണുന്നത് . ഇടക്കിടെ അടികൊടുത്തു്, വലിയ ചാക്കു കെട്ടുകള്‍ പുറത്തുവെച്ചുകെട്ടി, വരിവരിയായി മലക്ക് മുകളിലേക്ക്  ചുമടെടിപ്പിച്ചു കൊണ്ടുപോകുന്നു. മിക്ക കഴുതകളുടേയും പുറം അടികൊണ്ട്  പൊളിഞ്ഞിരിക്കുന്നു. അടുത്ത അടി അവരുടെ പുറത്തു വീണപ്പോള്‍ സ്വന്തം ശരീരത്തു അടി കൊണ്ടതുപോലെ, അയ്യോ! അയ്യോ! എന്ന്  ഉറക്കെ  വിളിച്ചു  പോയി. ഇതൊന്നും ശ്രദ്ധിക്കാതെ ശരണം വിളിച്ചു മല ചവിട്ടി കയറുന്ന ഞങ്ങളുടെ അയ്യപ്പ സംഘത്തില്‍ നിന്നും രാഘവമ്മാവന്‍ 'കന്നി സ്വാമി എന്തുപറ്റി' എന്ന് വിളിച്ചു ചോദിച്ചു. ശരംകുത്തിയാലില്‍ ശരം തറച്ച് , കച്ചമുറി ഉപേക്ഷിച്ചു സന്നിധാനത്തില്‍ എത്തിച്ചേര്‍ന്നു. കന്നിസ്വാമി പതിനെട്ടാം പടിയിലെ ഒന്നാമത്തെ പടിയില്‍ തേങ്ങ ഉടക്കണം, യാത്ര തുടങ്ങുമ്പോളെ പറഞ്ഞേല്പിച്ചതാണ്. അതിനുവേണ്ടി  തോള്‍സഞ്ചിയില്‍  സൂക്ഷിച്ചിരിക്കുന്ന നാളികേരം അവിടെത്തന്നെയുണ്ടല്ലോ എന്ന്  വീണ്ടും ഉറപ്പുവരുത്തി. ഒന്നാം പടി തൊട്ടുമുമ്പില്‍ കണ്ടപ്പോള്‍, ശരണം വിളിച്ച്  സര്‍വശക്തിയും സംഭരിച്ച്  തേങ്ങാ എറിഞ്ഞതും, പുറകില്‍ നിന്നും തള്ള്  വന്നതും ഒപ്പമായിരുന്നു. മുന്നില്‍ പടികയറുന്ന തുളസി ചേട്ടന്റെ ഉപ്പൂറ്റിക്കും പടിക്കല്ലിനും ചേര്‍ത്താണ്  ഏറു കൊണ്ടത് . സ്വാമിയേയ്  എന്ന്  ഉറക്കെ വിളിച്ചു് ഒന്നും സംഭിവിക്കാത്തതു പോലെ തുളസി ചേട്ടന്‍ പടികയറുന്നു. അയ്യോ! തുളസി ചേട്ടന്റെ കാലിലെ എല്ല്  പൊട്ടികാണും. അത്രക്ക്  ശക്തിക്കാണ്  എറിഞ്ഞത്. പൊട്ടിച്ചിതറിയ തേങ്ങയില്‍ ചവിട്ടി കുഞ്ഞുകാലുകള്‍ കൊണ്ട്  ശ്രമപ്പെട്ട്  പടികയറുമ്പോള്‍ പെട്ടെന്ന്  ഇരുകക്ഷത്തിലും പിടിച്ചു്  ആരോ പൊക്കി പടി കയറ്റുന്നു. പതിനെട്ട്  പടികളും ഇങ്ങനെ പൊക്കിയെടുത്തു കയറ്റിക്കഴിഞ്ഞപ്പോള്‍ ആരാണ് സഹായി ച്ചത് എന്ന് അറിയാനായി തിരിഞ്ഞു നോക്കി. കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പോലീസുകാരാണ് ഈ മഹത്തായ സേവനം ശബരിമലയില്‍ ചെയ്യുന്നത്.  പടി ചവിട്ടുന്ന എല്ലാ അയ്യപ്പന്മാരിലും , മാളികപ്പുറങ്ങളിലും ഭഗവാനെ ദര്‍ശിച്ചു കൊണ്ട്, അവര്‍ തങ്ങളുടെ സേവനം അയ്യപ്പസ്വാമിക്കുള്ള അര്‍ച്ചനയായി അര്‍പ്പിക്കുന്നു. പോലീസ്  അയ്യപ്പന്മാര്‍ക്ക്  എല്ലാ അനുഗ്രഹങ്ങളും ശ്രീ ധര്‍മ്മ ശാസ്താവ്  നല്‍കട്ടെ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ച് ശ്രീകോവിലിനു മുമ്പില്‍ എത്തിച്ചേര്‍ന്നു. 'ഭൂത ഗണനാഥനയ്യപ്പന്‍, ഭൂമി മലയാളം കാക്കുന്നു', കന്നി സ്വാമിയായി തിരുസന്നിധി ക്ക് മുന്നില്‍ നിന്ന് അന്ന് ചെയ്ത കന്നി പ്രാര്‍ത്ഥന, ''എല്ലാ ജീവജാലങ്ങളിലും പ്രകാശിക്കുന്ന ആത്മചൈതന്യമേ, അങ്ങേക്കുവേണ്ടി ചുമടെടുക്കുന്ന ലംബ കര്‍ണ്ണന്മാരെ അനുഗ്രഹിക്കേണമേ'' എന്നതായിരുന്നു. ആവശ്യത്തിന് പരിചരണം ലഭിക്കാതെ താഡനം ഏറ്റുവാങ്ങി ചുമടെടുക്കുന്ന കഴുതകളുടെ യാതന നേരില്‍ കണ്ടത്, കന്നിയാത്രയിലെ നീറുന്ന നൊമ്പരമായി നിലനിന്നിരുന്നു.

പതിറ്റാണ്ടുകള്‍ക്കു ശേഷം ശബരിമല വിശേഷങ്ങള്‍ പത്രത്തിലൂടെ വായിച്ചറിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി. പമ്പയില്‍ നിന്നും സന്നിധാനത്തിലേക്ക്  സാധനസാമഗ്രികള്‍ കൊണ്ടുപോകാന്‍  ഇപ്പോള്‍ കഴുതകളെ ഉപയോഗിക്കാറില്ല, പകരം ട്രാക്ടറുകളാണ്  ഉപയോഗിക്കുന്നത്.  'അഭീഷ്ട ദായകനെ, ശരണമയ്യപ്പ'. കാലമേറെ കഴിഞ്ഞെങ്കിലും പ്രാര്‍ത്ഥന ഭഗവാന്‍ സാധിച്ചു തന്നല്ലോ. അതോ, പണ്ടത്തെ ലംബ കര്‍ണ്ണന്മാര്‍ പലവുരു കഷ്ടതയനുഭവിച്ച് മലചവിട്ടിയതുകൊ ണ്ട് അവരുടെ പിന്തലമുറക്കാര്‍ക്ക് ക്രൂരമായ പീഡനത്തില്‍ നിന്നും കലിയുഗവരദന്‍ മോക്ഷം കൊടുത്തതാണോ? കാരണം എന്തായാലും കഴുതകള്‍ രക്ഷപെട്ടല്ലോ!.

ധനു മാസത്തിന് ഇപ്പോള്‍ പഴയ തണുപ്പില്ല. കവലയിലെ ക്ഷേത്രത്തില്‍ നിന്നും അയ്യപ്പ ഭക്തി ഗാനങ്ങള്‍ ഉച്ചഭാഷണിയിലൂടെ മുഴങ്ങി കേള്‍ക്കാറില്ല. ശബ്ദ മലിനീകരണ നിയന്ത്രണം. ടൂറിസ്‌ററ്  ബസുകള്‍, എയര്‍കണ്ടീഷന്‍ ഉള്ള എയര്‍ ബസുകള്‍ ആയി മാറിയിരിക്കുന്നു. ഗ്ലാസ്സിട്ട ജനലുകള്‍, കര്‍ട്ടന്‍ കൊണ്ട് മറച്ചിരിക്കുന്നതു കൊണ്ട് ബസിനുള്ളിലെ ശബ്ദവും വെളിച്ചവും പുറത്തേക്ക് വരാറില്ല. ഇരുമുടിയേന്തി ശരണം വിളിച്ചുവരുന്ന ഒരുകൂട്ടം അയ്യപ്പന്‍മാരുമായി ഗുരുസ്വാമി, തുളസി ചേട്ടന്‍ ശബരിമല യാത്രക്കൊരുങ്ങി വരുന്നു. യാത്ര തുടങ്ങുന്നതിന് മുമ്പ്, കവലയിലെ ക്ഷേത്രത്തില്‍ തേങ്ങാ അടിക്കുന്ന പതിവ് അറിയാവുന്നതു കൊണ്ട്,  കുട്ടിത്തം വിട്ടുമാറാത്ത മനസ്സ്, തേങ്ങാപ്പൂള്‍ പെറുക്കിഎടുക്കാനായി വ്യഗ്രത പൂണ്ടു. ഗുരുസ്വാമി, 'ഉപ്പൂറ്റി ശ്രദ്ധിച്ചോണേ, കന്നി അയ്യപ്പന്മാര്‍ ഇത്തവണയും കൂടെ ഉണ്ടല്ലോ' എന്നതിന്, നാളികേരം പടിയില്‍ അടിക്കുന്ന സമ്പ്രദായം മാറ്റിയിട്ട് അനേകവര്‍ഷങ്ങളായി എന്ന് തുളസി ചേട്ടന്‍ ഉത്തരം നല്‍കി. കയ്യില്‍ കിട്ടിയ തേങ്ങാപൂളും കടിച്ച്, അയ്യപ്പ സംഘം യാത്ര ആരംഭിക്കുന്നത് അടുത്തുനിന്നു കാണുന്നതിനായി, തുറന്നു വരുന്ന ബസിന്റെ മുന്‍ വാതില്‍ക്കലേക്ക് നീങ്ങി നിന്നപ്പോള്‍, ' ആ ദിവ്യ നാമം അയ്യപ്പാ, ഞങ്ങള്‍ക്കാനന്ദ ദായക നാമം, ആ മണി രൂപം അയ്യപ്പാ ഞങ്ങള്‍ക്കാപാദ ചൂഢമധുരം'' എന്ന ഭക്തിഗാനം ബസിനുള്ളില്‍ നിന്നും ഒഴുകി എത്തി എന്റെ കര്‍ണപുടങ്ങളെ അഭിഷേകം ചെയ്തിരുന്നു. 
 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക