Image

മിനിക്കുട്ടിയെന്ന സൂസമ്മ (നീണ്ടകഥ അദ്ധ്യായം - 20: സരോജാ വര്‍ഗീസ്, ന്യൂയോര്‍ക്ക്)

Published on 05 January, 2017
മിനിക്കുട്ടിയെന്ന സൂസമ്മ (നീണ്ടകഥ അദ്ധ്യായം - 20: സരോജാ വര്‍ഗീസ്, ന്യൂയോര്‍ക്ക്)
സൂസമ്മ വീട്ടിലെത്തിയപ്പോള്‍ അവിടെ എല്ലാവരും വിവാഹഒരുക്കങ്ങളില്‍ വ്യാപൃതരായിരുന്നു. സാമാന്യം ഐശ്വര്യമുള്ള ഒരു കൊച്ചുവീടും അതിനനുസരിച്ചുള്ള വീട്ടുപകരണങ്ങളും. മത്തായിച്ചേട്ടനും സാറാമ്മച്ചേടത്തിയും അല്പം കൂടി ചെറുപ്പമായതുപോലെ. അവരുടെ മുഖത്തൊരു സംതൃപ്തി കളിയാടുന്നു. സൂസമ്മയ്ക്ക് ഉള്ളില്‍ അടങ്ങാത്ത ഒരു ജാള്യത അനുഭവപ്പെട്ടു, എന്നാല്‍ മുഖത്തു സന്തോഷം മേരിക്ക് ചേച്ചിയോട് ഒരു ആരാധന ആണ് ഇപ്പോള്‍. "ചേച്ചി കാരണമാണ് ഈ കുടുംബം ഈ നിലയിലെത്തിയത്, മാത്രമല്ല, തനിക്ക് നല്ല ഒരു വരനെ കിട്ടാന്‍ പോകുന്നതും ചേച്ചി കാരണമാണ്.' ഇപ്പോഴും ദിവസവും അവര്‍ ഒരുമിച്ച് കുന്നിന്‍മുകളിലുള്ള ദേവാലയത്തിലേക്ക് പോകാറുണ്ട്. അവിടെ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുമ്പോള്‍, തന്റെ കണ്ണുകള്‍ നിറഞ്ഞുകവിയുന്നത് മേരി കാണാതിരിക്കാന്‍ സൂസമ്മ പ്രത്യേകം ശ്രദ്ധിച്ചു.

വിവാഹദിവസം. വിവാഹവസ്ത്രങ്ങളണിഞ്ഞു തലയില്‍ വെള്ളമുടിയും കിരീടവും അണിഞ്ഞ് സര്‍വ്വാഭരണവിഭൂഷിതയായ മേരി ഒരു കൊച്ചുമാലാഖയെപ്പോലെ സുന്ദരിയായി കാണപ്പെട്ടു. അവള്‍ക്കനുയോജ്യനായ സുന്ദരനായ വരന്‍. അയാള്‍ അവളുടെ കഴുത്തില്‍ മിന്നു ചാര്‍ത്തുന്ന ശുഭചടങ്ങു കഴിഞ്ഞു. ഇപ്പോള്‍ മേരി വിവാഹിതയാണ്. ദൈവം കൂട്ടിച്ചേര്‍ത്ത യുവമിഥുനങ്ങള്‍. ചടങ്ങുകള്‍ക്കും വിഭവസമൃദ്ധമായ സദ്യയ്ക്കും ശേഷം മാതാപിതാക്കളുടെയും സൂസമ്മയുടെയും പ്രാര്‍ത്ഥനാനിര്‍ഭരമായ അനുഗ്രഹത്തോടെ മേരിയും ഭര്‍ത്താവും ഭര്‍ത്തൃഗൃഹത്തിലേക്കു യാത്രയായി.

വീട്ടില്‍ ഇപ്പോഴും തിരക്കാണ്. മുറ്റത്തെ പന്തലില്‍ നാട്ടുവിശേഷങ്ങള്‍ പറഞ്ഞുകൊണ്ടിരുന്ന ഒരു അപ്പച്ചന്‍, മത്തായിച്ചേട്ടനോടായി ഒരു ചോദ്യം ഉന്നയിച്ചത് അകത്തുനിന്നും സൂസമ്മ ശ്രദ്ധിക്കാനിടയായി.

""ഇനി ആ മൂത്ത പെങ്കൊച്ചിന്റെ കാര്യം എങ്ങനെയാ. അവളല്ലേ അന്യനാട്ടില്‍ പോയി കഷ്ടപ്പെട്ടു ഈ വീടു ഈ നിലയിലെത്തിച്ചത്.''

മത്തായിച്ചേട്ടന്‍:- ""ഞാനും ഇപ്പോള്‍ അതുതന്നെയാണു ചിന്തിക്കുന്നത്. ഇനി എന്റെ സൂസമ്മയെക്കൂടി ഒരുത്തന്റെ കൈയ്യില്‍ ഏല്പിക്കണം.''

ഈ സംസാരം കേട്ടുകൊണ്ടിരുന്ന സാറാമ്മച്ചേടച്ചി ഇറങ്ങി അവരുടെ അടുത്തേയ്ക്കു വന്നു:-

""അവളുടെ കാര്യത്തില്‍ ധൃതി എന്തിനാ. അവള്‍ക്ക് നല്ല ഒരു ജോലി ഉണ്ട്. കാണാനും തരക്കേടില്ല. അല്പം താമസിച്ചാലും അവള്‍ക്കു നല്ല ആലോചന വരും.'' സാറാമ്മച്ചേടത്തി തന്റെ അഭിപ്രായം അറിയിച്ചു.

ആ സംസാരം അവിടെ അവസാനിച്ചു. സൂസമ്മയുടെ ഉള്ളില്‍ പരിഹാസമാണു തോന്നിയത്. ""ഒരു നല്ല ജോലി....കഴിയുന്തും വേഗം തിരിച്ചുപോയാല്‍ മതിയായിരുന്നു.''

മേരിയും ഭര്‍ത്താവും ഒരുമിച്ചു വീട്ടില്‍ വന്ന ദിവസം അവിടെ ഒരു ഉത്സവപ്രതീതി ആയിരുന്നു. മേരിയുടെ ഭര്‍ത്താവ് അവള്‍ക്ക് അനുയോജ്യന്‍ തന്നെ. ഭവ്യതയോടെയുള്ള പെരുമാറ്റവും സംസാരവും ആര്‍ക്കും ഇഷ്ടപ്പെടും. മേരി, അയാളുടെ മാതാപിതാക്കളെപ്പറ്റി വളരെ സ്‌നേഹപൂര്‍വ്വമാണ് സംസാരിച്ചത്. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന കുടുംബത്തില്‍ ഇപ്പോള്‍ സന്തോഷവും സമാധാനവും കൈവന്നിരിക്കുന്നു.

സൂസമ്മയ്ക്ക് തിരിച്ചുപോകുവാനുള്ള ദിവസം അടുത്തുവരുന്നു. ഒരു ദിവസം ഉച്ചയോടുകൂടി അവള്‍ക്ക് ഒരു രജിസ്റ്റേര്‍ഡ് കവര്‍ വന്നു. ഉദയവര്‍മ്മ ആണ് അയച്ചിരിക്കുന്നത്. വളരെ ആകാംക്ഷയോടെ അവള്‍ അതു തുറന്നു. അവളുടെ മാതാപിതാക്കളും വളറെ ഉത്ക്കണ്ഠയോടെയാണ് അതിന്റെ ഉള്ളടക്കം അറിയാന്‍ കാത്തുനിന്നത്. സൂസമ്മയ്ക്ക് ജോലിക്കുള്ള ഓര്‍ഡര്‍ ആയിരുന്നു അത്. ബാംഗ്‌ളൂരില്‍ ഉള്ള പ്രശസ്തമായ ഒരു ആശുപത്രിയില്‍ അടുത്ത ഞായറാഴ്ച എത്തിച്ചേരണം. ഓര്‍ഡര്‍ ഉദയവര്‍മ്മയുടെ വിലാസത്തിലാണു വന്നത്. രാജശ്രീയെ ഏല്പിച്ചിരുന്ന സൂസമ്മയുടെ സര്‍ട്ടിഫിക്കറ്റുകളും ഒപ്പം സ്‌നേഹപൂര്‍വ്വമായ ഒരു കത്തും ആ കവറിലുണ്ടായിരുന്നു. പുതിയ ജോലി സ്ഥലത്ത് ജോലി തുടങ്ങി ശമ്പളം കിട്ടിത്തുടങ്ങുന്നതുവരെ അവളുടെ ചെലവിനുവേണ്ടി ഒരു ചെക്കും കവറില്‍ ഉള്ളടക്കം ചെയ്യുവാന്‍ ആ നല്ല ദമ്പതികള്‍ മറന്നില്ല.

തനിക്കു വീണ്ടും ഒരു സ്ഥലംമാറ്റത്തിനുള്ള ഓര്‍ഡര്‍ ആണു വന്നതെന്ന് അവള്‍ മാതാപിതാക്കളെ വിശ്വസിപ്പിച്ചു. തന്റെ ജീവന്റെ ഭാഗമായ ഒരു കുഞ്ഞോമനയെ, താന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത തന്റെ ആദ്യജാതനെ ആ ദമ്പതികളെ ഏല്പിച്ചാണ് താന്‍ നാട്ടില്‍ വന്നിരിക്കുന്നത്. എന്നാല്‍, ആ കുഞ്ഞിന്റെ യാതൊരു വിവരവും കത്തില്‍ കാണാത്തതില്‍ അവള്‍ക്ക് അതിയായ കുണ്ഠിതം തോന്നി. പക്ഷെ തന്റെ വേദന ആരോടും പങ്കുവയ്ക്കാന്‍ പറ്റുന്നതല്ല. അതിരഹസ്യമായ, തന്റേതു മാത്രമായ വേദന. അടുത്ത രണ്ടു ദിവസങ്ങള്‍ അവള്‍ വളരെ മൂകയായിരുന്നു. തനിക്കു വേണ്ടി ഉദയവര്‍മ്മ ഏര്‍പ്പാടാക്കിയ പുതിയ ഉദ്യോഗത്തെപ്പറ്റിയും യാത്രയെക്കുറിച്ചും ഒക്കെ അവള്‍ വിശദമായി അജിത്തിന് എഴുതി. പുതിയ ജോലിയിലെ വിലാസം എഴുതാന്‍ അവള്‍ മറന്നില്ല. തന്റെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന ഒരേ ഒരു സുഹൃത്ത് അജിത് മാത്രമാണല്ലോ. ബാംഗ്‌ളൂരില്‍ എത്തി ജോലിയില്‍ പ്രവേശിച്ചിട്ട് രാജശ്രീയ്ക്ക് എഴുതാമെന്ന് കരുതി. തന്റെ എല്ലാ വേദനകളെയും ഉള്ളിലൊതുക്കി, പുതിയ ലക്ഷ്യത്തിലേക്ക് അവള്‍ യാത്ര ആരംഭിച്ചു.

(തുടരും)

മിനിക്കുട്ടിയെന്ന സൂസമ്മ (നീണ്ടകഥ അദ്ധ്യായം - 20: സരോജാ വര്‍ഗീസ്, ന്യൂയോര്‍ക്ക്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക