Image

ഞങ്ങള്‍ക്കിടയിലുള്ളത് ചെറിയ വഴക്കുമാത്രം, ആരും അത് വഷളാക്കണ്ട - പ്രതികരണവുമായി സാന്ദ്രാ തോമസ്

Published on 06 January, 2017
ഞങ്ങള്‍ക്കിടയിലുള്ളത് ചെറിയ വഴക്കുമാത്രം, ആരും അത് വഷളാക്കണ്ട - പ്രതികരണവുമായി സാന്ദ്രാ തോമസ്

നടനും നിര്‍മ്മാതാവുമായ വിജയ്‍ ബാബുവുമായി ഉണ്ടായ തര്‍ക്കത്തില്‍ പ്രതികരണവുമായി സാന്ദ്രാ തോമസ്. വിജയ് ബാബുവിനും തനിക്കുമിടയിലുണ്ടായത് സുഹൃത്തുക്കളുടെ ഇടയില്‍ സാധാരണ ഉണ്ടാകുന്ന തരത്തിലുള്ള വഴക്കു മാത്രമാണെന്ന് സാന്ദ്രാ തോമസ് പറഞ്ഞു.

ഞങ്ങള്‍ തമ്മില്‍ അസൂയയൊന്നും ഉണ്ടായിട്ടില്ല. അതൊരു ചെറിയ വഴക്കായിരുന്നു. ഞങ്ങളുടെ കൂടെ തന്നെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ എന്നു നടിക്കുന്ന കുറച്ച് ആളുകളാണ് ഇത്രയും വഷളാക്കിയത്. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍‌ ശ്രമങ്ങള്‍ നടക്കുകയാണ്. പ്രശ്നത്തെ വഴിതിരിച്ചുവിടുന്നവർക്കും വഷളാക്കുന്നവർക്കുമെതിരെ ഒരു മുന്നറിയിപ്പ് കൂടിയാണ് എന്റെ കുറിപ്പ്. നല്ല സൗഹൃദത്തെ തകര്‍ക്കാൻ ആർക്കും സാധിക്കില്ല- സാന്ദ്രാ തോമസ് ഫേസ്ബുക്കില്‍ പറയുന്നു.

നടിയും നിര്‍മ്മാതാവുമായ സാന്ദ്രാതോമസിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സാന്ദ്രാ തോമസും വിജയ് ബാബുവും ചേര്‍ന്ന് നടത്തുന്ന ഫ്രൈഡേ ഫിലിംസ് എന്ന സിനിമാ നിര്‍മ്മാണ-വിതരണ കമ്പനിയുടെ ഓഫീസില്‍വെച്ചാണ് സംഭവവമെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. അതേസമയം തനിക്കെതിരായ കേസ് വ്യാജമാണെന്ന് നടന്‍ വിജയ് ബാബു ഫേസ്ബുക്കിലൂടെ വ്യക്തമാക്കുകയും ചെയ്‍തിരുന്നു. ഏറെ വിശ്വസിച്ച ബിസിനസ് പങ്കാളിയും അവരുടെ ഭര്‍ത്താവുംതനിക്കെതിരെ കള്ളക്കേസ് നല്‍കിയെന്നുമായിരുന്നു വിജയ് ബാബു പറഞ്ഞത്. വിജയ് ബാബു തന്നെ മര്‍ദ്ദിച്ചുവെന്ന സാന്ദ്ര തോമസിന്‍റെ പരാതിയില്‍ ചൊവ്വാഴ്ചയാണ് എളമക്കര പൊലീസ് കേസെടുത്തത്. ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ ,മാനഹാനി വരുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവം നടന്ന സിനിമാ നിര്‍മാണക്കമ്പനിയുടെ ജീവനക്കാരുടെ മൊഴിയും ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തിയ ശേഷമാണ് വിജയ് ബാബുവിനെ ചോദ്യം ചെയ്യാന്‍ പൊലീസ് ശ്രമിച്ചത്. കേസെടുത്ത ശേഷം വിജയ് ബാബുവിന്‍റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ് . തുടര്‍ന്ന് വിജയ് ബാബു താമസിക്കുന്ന പനമ്പള്ളി നഗറിലെ വീട്ടില്‍ അന്വേഷിച്ചെങ്കിലും ഇവിടെ ഇല്ലെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. 

കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ വിജയ് ബാബു ശ്രമിച്ചു വരികയാണെന്ന് പൊലീസിന് മനസ്സിലായിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി കൊച്ചിയില്‍ നിന്ന് മാറി നില്‍ക്കുകയാണെന്നാണ് അനുമാനം. ഇതിനിടെ സാന്ദ്രയെ മര്‍ദ്ദിക്കുന്നത് കണ്ടില്ലെന്നാണ് നിര്‍മാണ കമ്പനിയായ ഫ്രൈഡേ ഫിലിംസിലെ ആറ് ജീവനക്കാരുടെയും മൊഴി. ഇരുവരുടേയും ക്യാബിനില്‍ നിന്ന് ബഹളം കേട്ടു. എന്നാല്‍ ക്യാബിന്‍ അടച്ചിട്ടിരുന്നതിനാല്‍ മര്‍ദ്ദിച്ചുവോ എന്നറിയില്ലെന്നാണ് ജീവനക്കാരുടെ മൊഴി. സാന്ദ്രയുടെ ദേഹത്ത് മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്ന് ചികിത്സിച്ച ഡോക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. പരിക്കുകളുടെ സ്വഭാവം വ്യക്തമാകാന്‍ ഇത് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക