Image

കെ.സി.സി.എന്‍.എയില്‍ സൗഹൃദ മത്സരത്തിന്റെ കടുത്ത ചൂട്

Published on 06 January, 2017
കെ.സി.സി.എന്‍.എയില്‍ സൗഹൃദ മത്സരത്തിന്റെ കടുത്ത ചൂട്
അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.സി.സി.എന്‍.എ) മാര്‍ച്ചില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് സൗഹൃദ മത്സരമാണെന്നു സ്ഥാനാര്‍ത്ഥികള്‍ രണ്ടുപേരും പറയുന്നു. ഹൂസ്റ്റണില്‍ നിന്നുള്ള ബേബി മണക്കുന്നേലും, ഫ്‌ളോറിഡ താമ്പയില്‍ നിന്നുള്ള ജയിംസ് ഇല്ലിക്കലും ഫോമയിലും സഹപ്രവര്‍ത്തകര്‍. സ്ഥാനാര്‍ത്ഥികളുടെ നിലപാടുകളിലും ആശയങ്ങളിലും ലക്ഷ്യങ്ങളിലും വലിയ വ്യത്യാസവുമില്ല. ആരാണ് തീവ്ര ക്‌നാനായത്വം പുലര്‍ത്തുന്നതു എന്നത്  മാത്രമാണ് നിരീക്ഷണ വിഷയം.

അമേരിക്കയില്‍ ക്‌നാനായ സമുദായം പ്രതിസന്ധി നേരിടുന്നുവെന്ന് ഇരുവരും സമ്മതിക്കുന്നു. സ്വവര്‍ഗ്ഗ വിവാഹനിഷ്ഠ (എന്‍ഡോഗമി) പാലിക്കുന്നവരെ മാത്രമേ തങ്ങളുടെ ഇടവകകളില്‍ അംഗങ്ങളാക്കാവൂ എന്നതില്‍ ഇരുവര്‍ക്കും തര്‍ക്കമില്ല. അങ്ങനെയല്ലാത്തവരെ ചേര്‍ക്കുമ്പോള്‍ പള്ളികള്‍ക്കു സങ്കര സ്വഭാവം കൈവരുമെന്നും അങ്ങനെ വന്നാല്‍ 1700 വര്‍ഷമായി നിലനില്‍ക്കുന്ന സമുദായം തന്നെ ക്രമേണ ഇല്ലാതാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ സീറോ മലബാര്‍ സഭാ നേതൃത്വമോ വത്തിക്കാനോ അമേരിക്കയില്‍ എന്‍ഡോഗമി പാരീഷുകളെ അംഗീകരിക്കുന്നില്ല. പ്രതിസന്ധിക്ക് പ്രധാന കാരണം സീറോ മലബാര്‍ നേതൃത്വമാണെന്നു ബേബി മണക്കൂന്നേല്‍ ചൂണ്ടിക്കാട്ടി. സമുദായത്തിനു പുറത്താകുമെന്നു നേരത്തെ തന്നെ പറഞ്ഞുകൊടുക്കുകയും സ്വമേധയാ പുറത്തു പോകുന്നവര്‍ അങ്ങനെ തുടരുകയും ചെയ്യണമെന്നതില്‍ ജയിംസ് ഇല്ലിക്കലും ഉറച്ചു നില്‍ക്കുന്നു. ഇടവക മാറുന്നു എന്നതല്ലാതെ ഇതൊരു ജീവന്മരണ പ്രശ്‌നമായി കരുതേണ്ട കാര്യമില്ല.

ഇക്കാര്യങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വത്തിക്കാന്‍ നിയോഗിച്ച കാനഡ ബിഷപ്പ് മള്‍ഹാലിന്റെ നിലപാട് എങ്ങനെയായിരിക്കുമെന്നു സമുദായം ഉറ്റുനോക്കുന്നു. തീവ്ര നിലപാടുകളും സൗമ്യ നിലപാടുകളും സ്വീകരിക്കുന്നവര്‍ സമുദായത്തിലുണ്ടെങ്കിലും എന്‍ഡോഗമി എന്ന ആശയത്തില്‍ വെള്ളംചേര്‍ക്കാന്‍ ആര്‍ക്കും താത്പര്യമില്ല.

പാനലയിട്ടാണ് ഇരുവരും മത്സരിക്കുന്നത്. രണ്ടു പാനലിലും പ്രഗത്ഭരുടെ നിര തന്നെ. അതുകൊണ്ടുതന്നെ ഒരു പാനലില്‍ നിന്നുള്ളവര്‍ മാത്രം വിജയിക്കാനുള്ള സാധ്യതയും കുറവാണെന്നു കെ.സി.സി.എന്‍.എ മുന്‍ പ്രസിഡന്റായ ജോസ് കണിയാലി അഭിപ്രായപ്പെട്ടു.

ജയിംസ് ഇല്ലിക്കലിനോടൊപ്പം എക്‌സി. വൈസ് പ്രസിഡന്റായി ചിക്കാഗോയില്‍ നിന്നുള്ള പ്രൊഫ. മേയമ്മ വെട്ടിക്കാട്ട്, ജനറല്‍ സെക്രട്ടറിയായി ജയിസണ്‍ ഓലിയില്‍ (ഡാളസ്), ജോയിന്റ് സെക്രട്ടറിയായി ജെയ്ക്ക് പോളപ്രയില്‍ (ന്യൂയോര്‍ക്ക്), ട്രഷററായി ഷിജോ പഴയംപള്ളിയില്‍ (സാന്‍ അന്റോണിയോ, ടെക്‌സസ്) എന്നിവരാണ് രംഗത്ത്.

ബേബി മണക്കുന്നേലിനൊപ്പം എക്‌സി. വൈസ് പ്രസിഡന്റായി സൈമണ്‍ ഇല്ലിക്കാട്ടില്‍, ജനറല്‍ സെക്രട്ടറിയായി ഏബ്രഹാം പുതിയടത്തുശേരില്‍ (ന്യൂയോര്‍ക്ക്), ജോയിന്റ് സെക്രട്ടറിയായി രാജന്‍ പടവത്തില്‍ (മയാമി, ഫ്‌ളോറിഡ), ട്രഷററായി അനില്‍ മറ്റപ്പള്ളികുന്നേല്‍ (ലോസ്ആഞ്ചലസ്) എന്നിവരും മാറ്റുരയ്ക്കുന്നു.

ദീര്‍ഘദൃഷ്ടിയും പരിചയസമ്പത്തും ഉള്ളവരും ബൗദ്ധികമായും ആത്മീയമായും പ്രാപ്തരുമായവരെയാണ് തങ്ങള്‍ അവതരിപ്പിക്കുന്നതെന്നു ഇല്ലിക്കല്‍ വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഇല്ലിക്കലും പ്രൊഫ. മേയമ്മയും പ്രാദേശിക സംഘടനാ ഭാരവാഹികളായി മികവ് തെളിയിച്ചവരാണ്. സമുദായത്തെ രക്ഷിക്കാന്‍ ഈ ടീമിനേ കഴിയൂ എന്നും അവരുടെ ലഘുലേഖയില്‍ പറയുന്നു. സ്വാതന്ത്ര്യവും ഐക്യവും ഉണ്ടായേലേ പ്രശ്‌നങ്ങള്‍ സമൂദായത്തില്‍ തന്നെ പരിഹരിക്കാനാവൂ.

ക്‌നാനായ വിശ്വാസങ്ങളും ആചാരങ്ങളും അതേപടി നിലനിര്‍ത്തണമെന്നതു തന്നെ പ്രധാന ലക്ഷ്യമായി ടീം പ്രഖ്യാപിക്കുന്നു. യുവതലമുറയെ ക്‌നാനായ വിശ്വാസങ്ങളില്‍ വളരാന്‍ പ്രചോദനം നല്‍കുകയും സംഘടനാ അംഗങ്ങളാക്കുകയും വേണം. ലോകമെങ്ങുമുള്ള ക്‌നാനായക്കാര്‍ ഒരു കുടുംബമായി പ്രവര്‍ത്തിക്കുകയും കോട്ടയം അതിരൂപതയുടെ ഭാഗമായി ഒരു കുടക്കീഴില്‍ അണിനിരക്കുകയും ചെയ്യണമെന്നതും ടീം മുഖ്യലക്ഷ്യമായി കരുതുന്നു.

സംഘടനാ ഭരണഘടനയെ പൂര്‍ണ്ണമായും പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരുമെന്നതാണ് വാഗ്ദാനങ്ങളിലെ മുഖ്യം. അംഗ സംഘടനകളാണ് കെ.സി.സി.എന്‍.എയുടെ ശക്തി എന്നതിനാല്‍ അവയെ ശാക്തീകരിക്കും. വിശ്വാസത്തിലും ആചാരത്തിലും വെള്ളം ചേര്‍ക്കാതെ തന്നെ സഭാധികാരികളുമായി ചര്‍ച്ചകള്‍ വഴി സഭാപരമായ സ്വാതന്ത്ര്യം നേടാന്‍ ശ്രമിക്കും. യുവജനത, വനിതകള്‍, സീനിയര്‍ സിറ്റിസണ്‍ എന്നിവര്‍ക്കും പ്രാമുഖ്യം നല്‍കുകയും അതുവഴി സംഘടനയെ ശക്തിപ്പെടുത്തുകയും ചെയ്യും. അംഗസംഘടനകളുടെ ക്രിയാത്മക നിര്‍ദേശങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും തൃപ്തികരമായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യും. കോട്ടയം അതിരൂപതയുടെ കീഴില്‍ ലോകമെങ്ങുമുള്ള ക്‌നാനായക്കാര്‍ക്ക് സഭാപരമായ സ്വാതന്ത്ര്യം എന്ന ആത്യന്തിക ലക്ഷ്യത്തിനു നിരന്തരം പരിശ്രമിക്കും. സമുദായം സ്ഥാപിച്ച മിഷനുകളും കമ്യൂണിറ്റി സെന്ററുകളും എന്‍ഡോഗമി പാലിക്കുന്ന ക്‌നാനായര്‍ക്ക് മാത്രം അവകാശപ്പെട്ടതെന്ന് ഉറപ്പു വരുത്തും.

തൊടുപുഴ സ്വദേശിയായ ജയിംസ് 1984-ല്‍ ന്യുജേഴ്‌സിയിലെത്തി. 88-ല്‍ ഫ്‌ളോറീഡയിലും. തുടര്‍ന്ന് 16 വര്‍ഷം റെസ്പിറ്റോറി തെറപിസ്റ്റ്. 14 വര്‍ഷമായി സ്വന്തമായി ബിസിനസ് നടത്തുന്നു. ഭാര്യ ലിസി മൂലക്കാട്ട്. ജെയ്‌സന്‍ (അറ്റോര്‍ണി, ടാമ്പ) ജെന്‍സി, ജസ്റ്റിന എന്നിവര്‍ മക്കള്‍.

മലയാളി അസോസിയേഷന്‍ ഓഫ് സെന്റ്രല്‍ ഫ്‌ളോറീഡയുടെ പ്രസിഡന്റായി രണ്ടു വട്ടം സേവനമനുഷ്ഠിച്ചു. ട്രസ്ടി ബോര്‍ഡ് ചെയര്‍ ആയിരിക്കെ സംഘടനക്കു സ്വന്തം കെട്ടിടം വാങ്ങാനായി. ക്‌നാനാനയ് കണ്‍വന്‍ഷന്‍ ചെയര്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനം പരക്കെ അഭിനന്ദിക്കപെട്ടു. ഫോക്കാനയിലും ആദ്യം മുതല്‍ ഫോമയിലും സജീവം. ഫോമയുടെ ആദ്യത്തെ യൂത്ത് ഫെസ്റ്റിവല്‍ വിജയമാക്കിയതിനു പിന്നിലെ ശക്തി ജയിംസ് ആയിരുന്നു. ഫോമയുടെ അടിത്തറ ബലവത്താക്കിയത് ആ യൂത്ത് ഫെസ്റ്റിവല്‍ ആയിരുന്നു. ഫോമയുടെ റീജിയണല്‍ വൈസ് പ്രസിഡന്റുമായിരുന്നു. 

കെ.സി.സി.എന്‍.എ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ 1998, 99, 2000 വര്‍ഷങ്ങളില്‍ പ്രവര്‍ത്തിച്ച പരിചയത്തില്‍ നിന്നു സമുദായത്തിന്റേയും, സംഘടനയുടേയും പ്രശ്‌നങ്ങളെപ്പറ്റി തനിക്ക് വ്യക്തമായ ധാരണയുണ്ടെന്നു ബേബി മണക്കുന്നേല്‍ ചൂണ്ടിക്കാട്ടുന്നു. പ്രസിഡന്റായാല്‍ യുവജനതയുടെ പ്രൊഫഷണല്‍ ഉന്നമനത്തിനു സഹായമെത്തിക്കും. അന്തര്‍ദേശീയ തലത്തിലും, ദേശീയ പ്രാദേശിക തലത്തിലുമുള്ള സംഘടനകളെ നയിച്ച തന്റെ പരിചയ സമ്പത്ത്കെ.സി.സി.എന്‍.എ നേതൃത്വത്തിലും മുതല്‍ക്കൂട്ടാവും--എം.കോം ബിരുദധാരിയായ ബേബി മണക്കുന്നേല്‍ പറയുന്നു. പിറവം സ്വദേശിയാണ്.  ഭാര്യ ആനി, മാറിക ഇല്ലിക്കാട്ടില്‍ കുടുംബാംഗം. ഫില്‍മോന്‍ ബേബി, ജോയല്‍ ബേബി എന്നിവര്‍ മക്കള്‍.
.
ക്‌നാനായ യൂത്ത് ലീഗില്‍ 1974 മുതല്‍ പ്രവര്‍ത്തിച്ചു. വിവിധ സ്ഥാനങ്ങള്‍ വഹിച്ചു. 1985 മുതല്‍ 1990 വരെ പിറവം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് സൊസൈറ്റി പ്രസിഡന്റായി 1997, 1998, 2012 വര്‍ഷങ്ങളില്‍ സേവനം അനുഷ്ഠിച്ചു. കേരളത്തില്‍ പത്തുവര്‍ഷം അധ്യാപകനായിരുന്നു. യു.എസ് പോസ്റ്റല്‍ സര്‍വീസില്‍ സേവനം അനുഷ്ഠിച്ചശേഷം ഒന്നര പതിറ്റാണ്ട് മുമ്പ് ബിസിനസ് രംഗത്തേക്ക് തിരിഞ്ഞു. ഫോമയുടെ 2008-ലെ കണ്‍വന്‍ഷന്‍ ചെയറും, 2012, 16 വര്‍ഷത്തെ റീജിയന്‍ വൈസ് പ്രസിഡന്റുമായിരുന്നു.

ക്‌നാനായ സമുദായത്തെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തുന്ന വെബ്‌സൈറ്റ് രൂപപ്പെടുത്തുകയും അംഗ സംഘടനകള്‍ക്കും അതു അപ്‌ഡേറ്റ് ചെയ്യാന്‍ അവസരം നല്‍കുകയും ചെയ്യുമെന്ന് ടീം കെ.സി.സി.എന്‍.എയുടെ വാഗ്ദാന പത്രികയില്‍ പറയുന്നു.

ക്‌നാനായ വിശ്വാസങ്ങളും ആചാരങ്ങളും തനിമയോടെ നിലനിര്‍ത്താന്‍ സമാധാനപരമായ പോരാട്ടം നടത്തും. ആചാരാനുഷ്ഠാനങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കുന്ന പ്രശ്‌നമില്ല. ക്‌നാനായ സഭാ നേതൃത്വം, സീറോ മലബാര്‍ നേതൃത്വം, വത്തിക്കാന്‍ എന്നിവയുമായി സംഭാഷണത്തിനു കമ്മിറ്റികള്‍ രൂപീകരിക്കും.

ക്‌നാനായ വിവാഹങ്ങള്‍ക്കായി പ്രത്യേക വെബ്‌സൈറ്റ് ഉണ്ടാക്കും. ഇതിനായി ഒരു കമ്മിറ്റിയെ നിയോഗിക്കും. ബി.എസ്.സി നഴ്‌സിംഗിനും എം.എസ്.സി നഴ്‌സിംഗിനും സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കാന്‍ യൂണിവേഴ്‌സിറ്റികളുമായി ചര്‍ച്ച നടത്തും. ഒരു വര്‍ഷത്തിനുള്ളില്‍ ഈ ലക്ഷ്യം സാക്ഷാത്കരിക്കും.

ആചാരാനുഷ്ഠാനങ്ങളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുക പരമ പ്രധാനമായിരിക്കും. ഇതിനു വര്‍ക്ക് ഷോപ്പുകളും, സെമിനാറുകളും പ്രാദേശിക തലത്തില്‍ സംഘടിപ്പിക്കും. ഇതിനായി പ്രത്യേക ഫണ്ട് സമാഹരിക്കും. യുവജനയ്ക്കായി ദേശീയ കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കും. ഇതിനായി പ്രാദേശിക കിക്കോഫുകള്‍ നടത്തും. പ്രാദേശിക തലത്തില്‍ കരിയര്‍ ഫെയറുകളും സംഘടിപ്പിക്കും.

കണ്‍വന്‍ഷന്‍ മികവുറ്റതാക്കും. ഗുണമേന്മയില്‍ ഒരു കുറവും വരുത്തില്ല. സമുദായം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെപ്പറ്റി കെ.സി.സി, കെ.സി.വൈ.എല്‍ എന്നിവയുമായി സഹകരിച്ച് കോട്ടയത്ത് ഒരു ഏകദിന സെമിനാര്‍ സംഘടിപ്പിക്കും. ഇതില്‍ നിന്ന് ഒരു ആക്ഷന്‍ പ്ലാനിനു രൂപംകൊടുക്കും.

കൂടുതല്‍ സ്ഥലങ്ങളില്‍ റിട്ടയര്‍മെന്റ് കമ്യൂണിറ്റി സെന്ററുകള്‍ സ്ഥാപിക്കും. ക്‌നാനായ ടൈം മാസിക എല്ലാ മാസവും പ്രസിദ്ധീകരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ സുതാര്യത പുലര്‍ത്തും. മൂന്നു മാസത്തിലൊരിക്കല്‍ കണക്ക് ദേശീയ കമ്മിറ്റി അംഗങ്ങള്‍ക്ക് നല്‍കും.

അംഗ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ക്രെഡിറ്റ് യൂണിയന്‍ സ്ഥാപിക്കാന്‍ ശ്രമിക്കും. അതിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കും. ചാരിറ്റബിള്‍ ഫൗണ്ടേഷന്‍വികസിപ്പിക്കും, തുടങ്ങി സുപ്രധാനമായ ഒട്ടേറേ നിര്‍ദേശങ്ങളാണ് ബേബി മണക്കുന്നേലും ടീമും മുന്നോട്ടു വയ്ക്കുന്നത്

എക്‌സി. വൈസ് പ്രസിഡന്റ് സ്ഥാനത്തെക്കു മത്സരിക്കുന്ന രണ്ടു പേരും സംഘടനയിലും സമുദായത്തിലും വ്യക്തിജീവിതത്തിലും മികവ് തെളിയിച്ചവരാണ്.

എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി പ്രൊഫ. മേയമ്മ വെട്ടിക്കാട്ട് തികച്ചും 'കളര്‍ഫുള്‍ പേഴ്‌സണാലിറ്റി' എന്നു തന്നെ പറയാം. ഒളശ്ശ തയ്യില്‍ മാളികയില്‍ കുടുംബാംഗമായ അവര്‍ 1971 മുതല്‍ 21 വര്‍ഷം കോട്ടയം ബി.സി.എം കോളജില്‍ അധ്യാപികയായിരുന്നു. 1992-ല്‍ ചിക്കാഗോയിലെത്തിയ അവര്‍ നഴ്‌സിംഗ് പഠിച്ച് 1996 മുതല്‍ ആര്‍.എന്‍. ആയി. ഭര്‍ത്താവ് പ്രൊഫ. പീറ്റര്‍ മാത്യു വെട്ടിക്കാട്ട് ഉഴവൂര്‍ കോളജ് റിട്ട. പ്രൊഫസറാണ്. 

1970 മുതല്‍ ക്‌നാനായ സംഘടനകളില്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു. കെ.സി.വൈ.എല്‍ തുടങ്ങുമ്പോള്‍ അഡൈ്വസറായിരുന്നു. കോട്ടയം രൂപതയുടെ വിദ്യാഭാസ പ്രവര്‍ത്തനങ്ങളില്‍ രണ്ടു പതിറ്റാണ്ട് സജീവമായി പങ്കാളിത്വം വഹിച്ചു. 1992 മുതല്‍ ചിക്കാഗോ കെ.സി.എസില്‍ സജീവം. ചിക്കാഗോ കെ.സി.വൈ.എല്‍ അഡൈ്വസറായി നിരവധി വര്‍ഷം പ്രവര്‍ത്തിച്ചു. വിമന്‍സ് ഫോറം കോാര്‍ഡിനേറ്ററും പിന്നീട് അഡൈ്വസറുമായി. 2004 മുതല്‍ 2006 വരെ കെ.സി.എസ് വൈസ് പ്രസിഡന്റ്. 2008-ല്‍ പ്രസിഡന്റായി. കെ.സി.എസിലെ ഏക വനിതാ പ്രസിഡന്റാണ്.കെ.സി.എസ്. ഭരണഘടനാ സമിതിയുടെ ചെയര്‍ പേഴ്‌സണുമായിരുന്നു. കെ.സി.സി.എന്‍.എ ഭരണഘടനാ സമിതിയിലും അംഗമായിരുന്നു

എക്‌സി. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി സൈമണ്‍ ഇല്ലിക്കാട്ടിലും അപൂര്‍വ നേട്ടങ്ങളുടെ ഉടമയാണ്. മാറിക സ്വദേശിയായ ഈ എഞ്ചിനീയര്‍, യു.എസ്. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ 23 വര്‍ഷം പ്രവര്‍ത്തിച്ച ശേഷം വ്യവസായ രംഗത്തു വലിയ വിജയം കൈവരിച്ചു. ചിക്കാഗോയില്‍ നിന്ന് 17 വര്‍ഷം മുന്‍പ് അറ്റ്‌ലാന്റയിലെത്തിയ അദ്ധേഹം അവിടെ ക്‌നാനായ സംദായവും സംഘടനയും വളര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിച്ചു. കിഡ്‌സ് ക്ലബ് അവിടെ സ്ഥാപിച്ചത് സൈമണ്‍ ആണ്. 1999 മുതല്‍ 2003 വരെ 
കെ.സി.വൈ.എല്‍  ഡയറക്ടറായിരുന്നു. വ്യത്യസ്തമായ പ്രോഗ്രാമുകള്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി സംഘടിപ്പിച്ചു.

ബിസിനസ് രംഗത്ത് വിജയം കൈവരിക്കുമ്പോഴും സമുദായത്തിനുവേണ്ടി പണവും സമയവും വ്യയം ചെയ്യാന്‍ സൈമണ്‍ മടിച്ചില്ല. മാറിക സെന്റ് ആന്റണീസ് ഇടവകയില്‍ കെ.സി.വൈ.എല്‍ സെക്രട്ടറിയായിരുന്ന സൈമണ്‍ ഉഴവൂര്‍ കോളജില്‍ ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയായിരുന്നു. അറ്റ്‌ലാന്റയിലെ വിവിധ മലയാളി അസോസിയേഷനുകളിലും നേതൃരംഗത്ത് പ്രവര്‍ത്തിച്ചു. എടക്കോലി പാരീഷിലെ ചീക്കപ്പാറയില്‍ കുടുംബാംഗം ആന്‍സിയാണ് ഭാര്യ. മാത്യു, ക്രിസ്റ്റല്‍ എന്നിവര്‍ മക്കള്‍. 
കെ.സി.സി.എന്‍.എയില്‍ സൗഹൃദ മത്സരത്തിന്റെ കടുത്ത ചൂട്കെ.സി.സി.എന്‍.എയില്‍ സൗഹൃദ മത്സരത്തിന്റെ കടുത്ത ചൂട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക