Image

ഹിറ്റ്‌ലറുടെ ആത്മകഥ ജര്‍മനിയില്‍ ബെസ്റ്റ് സെല്ലര്‍

Published on 06 January, 2017
ഹിറ്റ്‌ലറുടെ ആത്മകഥ ജര്‍മനിയില്‍ ബെസ്റ്റ് സെല്ലര്‍


ബര്‍ലിന്‍: നിരോധന കാലയളവ് കഴിഞ്ഞ് പുന:പ്രസിദ്ധീകരിക്കപ്പെട്ട അഡോള്‍ഫ് ഹിറ്റ്‌ലറുടെ ആത്മകഥ മൈന്‍ കാംഫ് (എന്റെ പോരാട്ടം) ജര്‍മനിയില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പുസ്തകമായി.

എഴുപതു വര്‍ഷത്തെ നിരോധന കാലയളവ് പൂര്‍ത്തിയായതോടെയാണ് പുസ്തകം എഡിറ്റ് ചെയ്ത് പുന:പ്രസിദ്ധീകരിച്ചത്. ഹിറ്റ്‌ലറുടെ ആശയങ്ങള്‍ക്ക് എതിരായ വ്യാഖ്യാനങ്ങള്‍ പുതിയ പതിപ്പില്‍ ചേര്‍ത്തിട്ടുണ്ട്.

1945 ല്‍ ബുക്കിന്റെ പകര്‍പ്പവകാശം ബവേറിയ സംസ്ഥാനം നേടിയിരുന്നു. നാസി ആശയങ്ങള്‍ വീണ്ടും പ്രചരിക്കപ്പെടുമെന്ന ആശങ്ക കാരണമാണ് പുസ്തകത്തിന്റെ പുതിയ പതിപ്പുകള്‍ ഇറക്കുന്നത് തടഞ്ഞുവച്ചിരുന്നത്. എന്നാല്‍, എഴുപതു വര്‍ഷം മാത്രമാണ് നിയമപ്രകാരം പകര്‍പ്പവകാശത്തിനുള്ള കാലാവധി.

ഇപ്പോള്‍ മ്യൂണിക്കിലെ കണ്ടംപററി ഹിസ്റ്ററി ഇന്‍സ്റ്റിറ്റിയൂട്ടാണ് പുതിയ പതിപ്പ് പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം 85,000 കോപ്പികള്‍ വിറ്റഴിച്ചത് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രതീക്ഷകളെപ്പോലും മറികടന്നാണ്. നാലായിരം കോപ്പി മാത്രമാണ് ആദ്യ അച്ചടിച്ചിരുന്നത്.

രണ്ടാം ലോകയുദ്ധത്തിനു ശേഷം ഇതാദ്യമായിട്ടാണ് ജര്‍മനിയില്‍ അഡോള്‍ഫ് ഹിറ്റ്‌ലറുടെ ആത്മകഥ മൈന്‍ കാംഫ് വീണ്ടും അച്ചടിച്ച് പ്രസിദ്ധീകരിച്ചത്. 

കൃതിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കിന്റെ കാലാവധി 2015 ഡിസംബര്‍ 31 ന് അവസാനിച്ച സാഹചര്യത്തിലാണ് പുസ്തകത്തിന്റെ പുന:പ്രസീദ്ധീകരണം നടത്തിയത്. 2016 ജനുവരി എട്ടു മുതല്‍ പുസ്തകം രാജ്യത്തെ ബുക്ക് സ്റ്റാളുകളില്‍ ലഭ്യമായിത്തുടങ്ങിയിരുന്നു.

ആകെ 1948 പേജ് വരുന്ന പുസ്തകം രണ്ടു വാല്യങ്ങളായാണ് പ്രസിദ്ധീകരിച്ചിരിച്ചത്. 59 യൂറോയാണ് പുസ്തകത്തിന്റെ വില. 1925 ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പകര്‍പ്പവകാശം രണ്ടാം ലോക യുദ്ധാനന്തരം ജര്‍മനിയെ പരാജയപ്പെടുത്തിയ സഖ്യകക്ഷികളാണ് ബവേറിയക്ക് കൈമാറിയത്. യുദ്ധവേളയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണം വിദ്വേഷ പ്രചാരണം ഭയന്നാണ് ബവേറിയ സര്‍ക്കാര്‍ ഇത്രയും കാലം നിരോധിച്ചിരുന്നത്. 

എന്നാല്‍ നാസി ഭരണത്തിലുണ്ടായ സംഭവങ്ങള്‍ മനസിലാക്കാന്‍ പുസ്തകം ഉപകരിക്കുമെന്ന പ്രതീക്ഷയിലാണ് അക്കാഡമിക് വൃത്തങ്ങള്‍. അതേസമയം നാസി അനുകൂലവികാരം പടരുമെന്ന ആശങ്കയുള്ളതിനാല്‍ വ്യാപകമായ പ്രസിദ്ധീകരണം നിയന്ത്രിക്കുമെന്ന് ജര്‍മന്‍ അധികൃതര്‍ പറഞ്ഞിരുന്നുവെങ്കിലും നടപ്പായില്ല. പുസ്തകം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ജര്‍മന്‍ അധ്യാപകരുടെ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

രാഷ്ര്ടീയ തീവ്രവാദത്തിനെതിരേ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവത്കരണം നടത്താന്‍ ഇതു സഹായിക്കുമെന്നാണ് അധ്യാപകരുടെ വാദം. നിരോധനം നീക്കി വീണ്ടും പുറത്തിറക്കുന്ന പുസ്തകത്തില്‍ ഹിറ്റ്‌ലറുടെ വാക്കുകള്‍ക്ക് വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും പ്രത്യേകം നല്‍കിയിട്ടുണ്ട്. ഈ രൂപത്തില്‍ വേണം ഇതു കുട്ടികളെ പഠിപ്പിക്കാനെന്നും അധ്യാപകര്‍ നിര്‍ദേശിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക