Image

ആത്മഹത്യാ ടൂറിസത്തിന് സ്വിറ്റസര്‍ലന്‍ഡിലേക്ക് ഒഴുക്ക്

Published on 06 January, 2017
ആത്മഹത്യാ ടൂറിസത്തിന് സ്വിറ്റസര്‍ലന്‍ഡിലേക്ക് ഒഴുക്ക്


      സൂറിച്ച്: ആത്മഹത്യാ ടൂറിസത്തിനുവേണ്ട സഹായം ഒരുക്കുന്ന സ്വിറ്റ്‌സര്‍ലന്‍ഡിലെ സംഘടനയായ ഡിഗ്‌നിറ്റാസ് 2016 ല്‍ 201 പേര്‍ക്ക് മരണം ഒരുക്കിയതായി റിപ്പോര്‍ട്ടു ചെയ്തു. ഡിഗ്‌നിറ്റാസില്‍ നിന്നും മരണം സ്വീകരിച്ചവരില്‍ ആറ് പേര്‍ മാത്രമാണ് സ്വിറ്റ്‌സര്‍ലന്‍ഡുകാര്‍. ബാക്കി വരുന്ന 195 പേരും വിദേശത്തു നിന്നും ആത്മഹത്യാ ടൂറിസത്തിനായി വന്നവരാണ്.

ജര്‍മനി 73, യുകെ 47, ഫ്രാന്‍സ് 30 എന്നിങ്ങനെയാണ് രാജ്യം തിരിച്ചുള്ള കണക്ക്. ഓസ്ട്രിയ, ഇസ്രായേല്‍, യുഎസ്, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുപോലും മരിക്കാനായി സ്വിറ്റസര്‍ലന്‍ഡിലേക്കു ആളുകള്‍ എത്തിയതായി ഡിഗ്‌നിറ്റാസ് പറയുന്നു. ഇതേപോലെ മരണത്തിനു സൗകര്യം ചെയ്തു കൊടുക്കുന്ന മറ്റൊരു ഓര്‍ഗനൈസേഷനായ എക്‌സിറ്റിന്റെ കണക്കുകള്‍ കൂടെ കൂട്ടിയാല്‍, സ്വിറ്റസര്‍ലന്‍ഡിലേക്കു മരണത്തിനായി പ്രതിവര്‍ഷം വരുന്നവരുടെ എണ്ണം ഇനിയും ഉയരും.

ഡോക്ടറുടെ സാക്ഷ്യപത്രമുള്ള, ചികില്‍സിച്ചാല്‍ സുഖപ്പെടാത്ത രോഗപീഡകള്‍ അനുഭവിക്കുന്നവര്‍ക്ക് ജീവിതം അവസാനിപ്പിക്കണമെന്ന് നിശ്ചയിച്ചാല്‍ അതനുവേണ്ട സൗകര്യങ്ങളാണ് ഡിഗ്‌നിറ്റാസ്, എക്‌സിറ്റ് പോലുള്ള സംഘടനകള്‍ നിശ്ചിത ഫീസ് ഈടാക്കി ചെയ്തു കൊടുക്കുന്നത്. ദയാവധത്തിന് ഒട്ടുമിക്ക രാജ്യങ്ങളിലും അനുമതി ഇല്ലാത്തപ്പോള്‍, സ്വിറ്റസര്‍ലന്‍ഡില്‍ അതിന് അനുമതിയുള്ളതാണ് ആത്മഹത്യാ ടൂറിസ്റ്റുകളുടെ ഒഴുക്ക് കൂടാന്‍ കാരണം.

ഡിഗ്‌നിറ്റാസ് സംഘടനയില്‍ അംഗത്വം എടുക്കുന്നവര്‍ക്കാണ് ഈ സൗകര്യങ്ങള്‍ ചെയ്യുന്നത്. ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ അധികവും. 7764 പേര്‍ക്കാണ് നിലവില്‍ ഡിഗ്‌നിറ്റാസില്‍ അംഗത്വം ഉള്ളത്. ഇതില്‍ 473 പേര്‍ 2016 ല്‍ മാത്രം പുതുതായി അംഗത്വം എടുത്തവരാണ്. ഇത് 2015 നെ അപേക്ഷിച്ച് ഒമ്പത് ശതമാനം കൂടുതലാണ്. എന്നാല്‍ മരണം സ്വീകരിച്ചവരുടെ എണ്ണം 222 ല്‍ നിന്നും 201 ലേക്ക് പോയ വര്‍ഷം കുറഞ്ഞെന്നും ഡിഗ്‌നിറ്റാസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ട്: ടിജി മറ്റം  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക