Image

വിര്‍ജിനിയയില്‍ വിടവാങ്ങിയ ഫുട്‌ബോള്‍ താരം സി.എം. ചിദാനന്ദനു ബാഷ്പാഞ്ജലി

Published on 06 January, 2017
വിര്‍ജിനിയയില്‍ വിടവാങ്ങിയ ഫുട്‌ബോള്‍ താരം സി.എം. ചിദാനന്ദനു ബാഷ്പാഞ്ജലി
പ്രമുഖ ഫുട്ബാള്‍ താരവും മുന്‍ കേരള സന്തോഷ് ട്രോഫി ടീം ക്യാപ്റ്റനുമായ കണ്ണൂര്‍ താളിക്കാവിലെ സി.എം. ചിദാനന്ദന്‍ (76) ജനുവരി ഒന്നിനു വിര്‍ജിനിയയില്‍ നിര്യാതനായി. ജനുവരി 5-നു വിര്‍ജിനിയയിലെ ഹെര്‍ണ്ടണില്‍ സംസ്‌കാരം നടത്തി.

ചെന്നൈയില്‍ സ്ഥിരതാമസമായിരുന്ന അദ്ദേഹം വിര്‍ജീനിയയില്‍ മക്കളോടൊപ്പം താമസിക്കാന്‍ എത്തിയതാണ് . എം.ആര്‍.സി വെല്ലിങ്ങ്ടന് സേട്ട് നാഗ്ജി ട്രോഫി നേടിക്കൊടുത്ത ആദ്യ മലയാളി ക്യാപ്റ്റനാണ്.

പ്രമുഖ ഫുട്ബാള്‍ താരമായ സി.എം. തീര്‍ഥാനന്ദന്‍, കേരള രഞ്ജി ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനായിരുന്നസി.എം. അശോക് ശേഖര്‍ എന്നിവര്‍ സഹോദരങ്ങളാണ്.

ഭാര്യ. സുജയ. മക്കള്‍. അനീഷ് ചിദാനന്ദന്‍, അര്‍ച്ചന. മരുമക്കള്‍: ലസിക റാവു , ഹരോള്‍ഡ് ഷുള്‍ട്‌സ് (ഇരുവരും അമേരിക്ക). കൊച്ചു മക്കള്‍: യുക്ത, അബിഗെയ്ല്‍, വീര.

കണ്ണൂര്‍ ബ്രദേഴ്‌സ് ക്ലബിലൂടെ കളിച്ചുവളര്‍ന്ന ചിദാനന്ദന്‍ അക്കാലത്തെമുന്നേറ്റ നിരക്കാരനായിരുന്നു. 11961 മുതല്‍ നാല് വര്‍ഷം സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ കളിച്ചു. 1961ല്‍ കോഴിക്കോട്ട് നടന്ന ദേശീയ ഫുട്ബാളില്‍ മൂന്നാം സ്ഥാനക്കാര്‍ക്കുള്ള സമ്പങ്കി ട്രോഫി പങ്കിട്ട കേരള ടീമില്‍ അംഗമായിരുന്നു. ബ്രദേഴ്‌സ് ക്ലബില്‍നിന്ന് മോഹന്‍ ബഗാനിലേക്കും പിന്നീട് സര്‍വീസസ്, എം.ആര്‍.സി വെല്ലിങ്ങ്ടണ്‍ ക്ലബുകളിലേക്കും നീണ്ട കരിയറായിരുന്നു ചിദാനന്ദന്‍േറത്. അവസാനമായി ബൂട്ടണിഞ്ഞത്മദ്രാസ് റെജിമെന്ററി ക്ലബിനു വേണ്ടിയായിരുന്നു.അഞ്ചുവര്‍ഷമാണ് ഇവര്‍ക്കുവേണ്ടി കളിച്ചത്.

വിരമിച്ചതിനുശേഷം ഇരുപതു വര്‍ഷത്തോളം ഗള്‍ഫിലായിരുന്നു. പിന്നീട് ചെന്നൈയിലേക്ക് താമസം മാറ്റി.

see tribute in Manorama

വിട, പ്രിയ ക്യാപ്റ്റന്‍

സന്തോഷ് ട്രോഫി വര്‍ഷം 1957. കേരളം ഒരു സംസ്ഥാനമായി ആദ്യമായി സന്തോഷ് ട്രോഫിയില്‍ പങ്കെടുത്ത വര്‍ഷം. ചിന്നന് അന്നു പ്രായം 18. ഹൈദരാബാദായിരുന്നു വേദി. പേട്ട രവി നയിച്ച ടീമില്‍ ആ കൗമാരക്കാരനും. മലബാറില്‍ നിന്നുള്ള മറ്റു രണ്ടുപേര്‍ ഒറ്റപ്പാലം ഹംസയും കോഴിക്കോട് യങ് ചാലഞ്ചേഴ്‌സിന്റെ ഹുസൈനുമായിരുന്നു.

ഡിക്ലാസ്, തമ്പി ജോര്‍ജ്, ഇന്ദ്രബാലന്‍, രാധാരമണന്‍ എന്നിവരും കേരളനിരയില്‍ അണിനിരന്നു. ഘോഷ് മഹല്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ ഡിഫന്‍ഡര്‍ യേശുദാസിനെ കബളിപ്പിച്ച് രാധാരമണന്‍ വല അനക്കിയപ്പോള്‍ മൈസൂര്‍ കടുവകള്‍ തല താഴ്ത്തി. അരങ്ങേറ്റത്തില്‍ തന്നെ വിജയം.

അടുത്ത മത്സരത്തില്‍ സര്‍വീസസിനോടു തോറ്റു. ടൂര്‍ണമെന്റിലെ അവസാന മത്സരം. മഹീന്ദ്രയുടെ പരിശീലകന്‍ കണ്ണൂര്‍ രാഘവന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ടീം കേരളത്തെ തോല്‍പിച്ചു. മൂന്നുവര്‍ഷം ചിദാനന്ദന്‍ സീനിയര്‍ ടീമിന്റെ ജഴ്‌സി അണിഞ്ഞു. സമ്പങ്കി ട്രോഫി പില്‍ക്കാലത്തു പലതവണ കേരളം സന്തോഷ് ട്രോഫി നേടി എന്നതു നേര്. അതിനു തുടക്കം കുറിച്ചത് 1961ലെ കോഴിക്കോട് നാഷനല്‍സില്‍ മൂന്നാം സ്ഥാനത്തിനുള്ള സമ്പങ്കി ട്രോഫി നേടിയതാണ്.

ആ ഫെബ്രുവരിയുടെ ഓര്‍മകളിലേക്കു ചിന്നന്‍ മടങ്ങുന്നു. ആര്‍.ബാലകൃഷ്ണന്‍ നയിച്ച ടീമില്‍ കണ്ണൂരുകാരായ സി.മുസ്തഫ, സി.എം.ചിദാനന്ദന്‍, ഒ.കെ.സത്യവാന്‍, ശെല്‍വം ജോര്‍ജ്, ശ്യാംസുന്ദര്‍ എന്നിവര്‍. ഇന്ത്യന്‍ ഗോളി പ്രഫുല്‍ ഹസാരിക നയിച്ച അസമിനെതിരെ ഗോള്‍രഹിത സമനിലയില്‍ ട്രോഫി പങ്കിടുകയായിരുന്നു.

നാണയമെറിഞ്ഞ് ജേതാക്കളെ കണ്ടെത്തുകയായിരുന്നു. അന്നു കേരളത്തിന്റെ വൈസ് ക്യാപ്റ്റനായിരുന്നു ചിദാനന്ദന്‍. ടൂര്‍ണമെന്റിലെ ആദ്യമത്സരം റെയില്‍വേസിനോട്. ഒളിംപിക് ക്യാപ്റ്റന്‍ പി.കെ.ബാനര്‍ജി, സൈമണ്‍ സുന്ദര്‍രാജ്, പി.ബര്‍മന്‍, നിഖില്‍ നന്തി, ജാനകിറാം, വരാഹലു എന്നീ താരപ്രഭുക്കള്‍ അണിനിരന്ന ടീം. എതിരാളി ആരായാലെന്ത്? ചിദാനന്ദന്റെ ബൂട്ട് ഗര്‍ജിച്ചു, ഒന്നല്ല രണ്ടു തവണ. ക്രോസ്ബാര്‍ ബര്‍മന്റെ രക്ഷയ്ക്ക് എത്തിയില്ലായിരുന്നെങ്കില്‍ ഹാട്രിക് ആയേനെ. ശെല്‍വം ജോര്‍ജിന്റെയും സത്യന്റെയും പ്രതിരോധവും ഗോളി മുസ്തഫയുടെ നീരാളിക്കൈകളിലും പെട്ട് റെയില്‍വേയുടെ പാളം തെറ്റുകയായിരുന്നു അന്ന്.

തങ്കരാജും എത്തിരാജും ഉള്‍പ്പെട്ട സര്‍വീസസിനോടുള്ള അടുത്ത മത്സരത്തില്‍ കേരളം പൊരുതിത്തോറ്റു. മൂന്നാം മത്സരം മഹാരാഷ്ട്രയോട്. ഒളിംപ്യന്‍ നാരായണന്‍ കാവല്‍ നിന്ന മറാഠി കൂടാരത്തില്‍ ചിദാനന്ദന്‍ പെനല്‍റ്റിയിലൂടെ ഊളിയിട്ടു. ഇരിങ്ങാലക്കുട ചന്ദ്രശേഖരന്‍, കണ്ണൂര്‍ ദേവദാസ്, കണ്ണൂര്‍ ആന്റണി എന്നിവരും മുംബൈയുടെ ഇന്ത്യന്‍ താരം ഫ്രാങ്കോയും അണിനിരന്ന ടീമിനെ തോല്‍പിച്ച് സന്തോഷ് ട്രോഫി ചരിത്രത്തിലെ കേരളത്തിന്റെ ആദ്യ സെമിപ്രവേശം.

വംഗനാട് കാത്തിരിപ്പുണ്ടായിരുന്നു അടുത്തതായി. ഇന്ത്യന്‍ നായകന്‍ ചുനിഗോസ്വാമി നയിച്ച ഒളിംപ്യന്‍ അബ്ദുറഹ്മാന്‍, ജര്‍ണയില്‍ സിങ്, അരുണ്‍ഘോഷ്, കെംപയ്യ തുടങ്ങിയവര്‍ ഉള്‍പ്പെട്ട പ്രതിഭാധനര്‍. തോല്‍വി പിണഞ്ഞെങ്കിലും ഉശിരന്‍ പോരാട്ടമായിരുന്നു. പ്രതിഭയുടെ ധാരാളിത്തം നിറഞ്ഞ കളിക്കാരടങ്ങിയ ആ നാഷനല്‍സ് പോലെ മറ്റൊന്ന് സന്തോഷ് ട്രോഫി ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നു പഴമക്കാര്‍ പറയുന്നു. മോഹന്‍ബഗാന്‍ സീനിയര്‍ ടീമിലെ തകര്‍പ്പന്‍ പ്രകടനം കൊല്‍ക്കത്തക്കാര്‍ കാണുന്നുണ്ടായിരുന്നു.

പെനല്‍റ്റി ബോക്‌സില്‍ നിരന്തരം അപകടം വിതറുന്ന ആ സ്‌ട്രൈക്കറെ മുഹമ്മദന്‍സും മോഹന്‍ബഗാനും ഈസ്റ്റ് ബംഗാളും നോട്ടമിട്ടു. മോഹന്‍ബഗാന്‍ കൊത്തിപ്പറന്നു വംഗമണ്ണിലേക്ക്. ആഭ്യന്തര ലീഗില്‍ കളിച്ചു കൊണ്ടിരിക്കെ ഈസ്റ്റ് ആഫ്രിക്കന്‍ പര്യടനം. കാലിനു പരുക്കേറ്റതു തിരിച്ചടിയായി. ആ സമയത്ത് ഇന്ത്യന്‍ ടീമിലേക്കുള്ള ക്ഷണം സ്വീകരിക്കാഞ്ഞതും പരുക്കു മൂലമായിരുന്നു. കരിയറിലെ വലിയ നഷ്ടം. ഒന്നര വര്‍ഷം കൊണ്ടു നാട്ടിലേക്കു മടങ്ങി കോളജില്‍ പഠനം പൂര്‍ത്തിയാക്കി.

എംആര്‍സി ചിദാനന്ദന്റെ വിശ്വരൂപം കളിക്കളം കാണാനിരിക്കുകയായിരുന്നു. അതിനു കാരണക്കാരായത് വെല്ലിങ്ടന്‍ മദ്രാസ് റജിമെന്റല്‍ സെന്റര്‍. '62 മുതല്‍ '67 വരെ കരസേനയില്‍. രാജ്യത്തെ ഏറ്റവും പഴക്കമേറിയ ഡ്യൂറന്റ് കപ്പ് മൂന്നുതവണ കയ്യില്‍ വച്ച എംആര്‍സി ചിദാനന്ദന്റെ വരവോടെ സട കുടഞ്ഞെഴുന്നേറ്റു. ഇന്ത്യയിലെ ഒട്ടുമിക്ക ടൂര്‍ണമെന്റുകളിലും ചിന്നന്റെ സൈന്യം മാര്‍ച്ച് ചെയ്തു. പടയോട്ടം യുദ്ധക്കളങ്ങളെ ഓരോന്നോരോന്നായി പിന്തള്ളി.

പലതും നാഴികക്കല്ലുകളായി. എംആര്‍സിയെ നാഗ്ജി കിരീടം അണിയിച്ച ആദ്യ മലയാളി ക്യാപ്റ്റന്‍. ഡെറാഡൂണ്‍ ട്രോഫിയും പട്‌ന സ്വര്‍ണക്കപ്പും കിരീടത്തില്‍ രത്‌നങ്ങളെ പോലെ തിളങ്ങി. റിവൈവ് കണ്ണൂര്‍ ഫുട്‌ബോള്‍ കണ്ണൂര്‍ ഫുട്‌ബോളിന്റെ പ്രതാപകാലം വീണ്ടെടുക്കാനുള്ള ശ്രമത്തിലും ചിന്നന്‍ ഏര്‍പ്പെട്ടിരുന്നു. ജില്ലയില്‍ നിന്ന് ഒരു പ്രഫഷനല്‍ ടീമിനായി റിവൈവ് കണ്ണൂര്‍ ഫുട്‌ബോള്‍ പ്രോജക്ടിന്റെ അണിയറ പ്രവര്‍ത്തനങ്ങളും നാലു കൊല്ലം മുന്‍പ് നടത്തിയിരുന്നു. ശ്രമങ്ങള്‍ പാതിവഴിയിലാക്കി ചിന്നന്‍ മടങ്ങുകയാണ്. ഫുട്‌ബോള്‍ പ്രേമികള്‍ക്കു തീരാവേദന നല്‍കിക്കൊണ്ട്.
വിര്‍ജിനിയയില്‍ വിടവാങ്ങിയ ഫുട്‌ബോള്‍ താരം സി.എം. ചിദാനന്ദനു ബാഷ്പാഞ്ജലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക