Image

ഓംപുരിയുടെ നിര്യാണത്തില്‍ നവയുഗം അനുശോചിച്ചു.

Published on 06 January, 2017
ഓംപുരിയുടെ നിര്യാണത്തില്‍ നവയുഗം അനുശോചിച്ചു.
ദമാം:  ഇന്ത്യന്‍ സിനിമാലോകത്തെ നടനവിസ്മയമായിരുന്ന ഓംപുരിയുടെ നിര്യാണത്തില്‍ നവയുഗം സാംസ്‌കാരികവേദി അനുശോചനം രേഖപ്പെടുത്തി.

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരില്‍ എന്നും മുകളിലുള്ള പേരാണ് ഓംപുരി  എന്ന അഭിനയവിസ്മയത്തിന്റേത്. അദ്ദേഹത്തിന്റെ അപ്രതീക്ഷിതവിടവാങ്ങല്‍ സിനിമയെ സ്‌നേഹിയ്ക്കുന്ന എല്ലാവര്‍ക്കും വേദനയുളവാക്കുന്നു.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലും ഡല്‍ഹിയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലും പഠിച്ചിട്ടുള്ള ഓംപുരി നാടകരംഗത്ത് ഏറെ തിളങ്ങിയ ശേഷമാണ് സിനിമാലോകത്ത് എത്തപ്പെടുന്നത്. അനന്യമായ അഭിനയശൈലിയിലൂടെ കച്ചവട സിനിമകളിലും കലാമൂല്യമുള്ള സിനിമകളിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച നടനായിരുന്നു അദ്ദേഹം. ഹിന്ദി, മാറാത്തി, പഞ്ചാബി, കന്നട, തമിഴ്, മലയാളം തുടങ്ങിയ ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ, ഹോളിവുഡ്, പാകിസ്താനി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
 

ഹിന്ദി സിനിമയില്‍ നവസിനിമാ പ്രസ്ഥാനത്തിന്റെ മുന്നണിയില്‍ നിന്നിരുന്നയാളായിരുന്നു ഓം പുരി.
  197080 കാലത്ത്  നവതരംഗം സൃഷ്ടിച്ച സിനിമകള്‍ക്ക് ഊര്‍ജ്ജമായി,  സമാന്തര സിനിമാ ധാരയെ സജീവമാക്കുന്നതില്‍ അദ്ദേഹത്തിന് പ്രധാന പങ്കുണ്ട്. അമോല്‍ പലേക്കര്‍, ശബാന ആസ്മി, സ്മിതാ പാട്ടീല്‍, നസറുദ്ദീന്‍ ഷാ, ഫാറൂഖ് ഷെയ്ക്ക് എന്നിവര്‍ക്കൊപ്പം അദ്ദേഹം ഇന്ത്യന്‍ സിനിമയില്‍ ഒരു പുതുവസന്തം തീര്‍ത്തു.

ആക്രോശ്, അര്‍ധസത്യ, ദ്രോഹ്കാല്‍, മാച്ചിസ്, ഗിദ്ദ്, മിര്‍ച്ച് മസാല, സ്പര്‍ഷ്, ജാനേ ഭി ദോ യാരോ തുടങ്ങിയ ചിത്രങ്ങള്‍ ഓം പുരിയുടെ അതുല്യ പ്രകടനം കൊണ്ട് അവിസ്മരണീയങ്ങളാണ്. ആരോഹണ്‍ (1982), അര്‍ധസത്യ (1984) എന്നീ ചിത്രങ്ങള്‍ക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ആ നടനപ്രതിഭയെ തേടിയെത്തി. 1999ല്‍ 'ഈസ്റ്റ് ഈസ് ഈസ്റ്റ്' എന്ന ബ്രിട്ടീഷ് ചിത്രത്തിലെ പ്രകടനത്തിന് ബാഫ്റ്റ പുരസ്‌കാരവും ഓംപുരി നേടിയിട്ടുണ്ട്. 1990ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു.

തന്റെ ചുറ്റുപാടുകളോട് സജീവമായി സംവദിച്ചുകൊണ്ടിരുന്ന, സാമൂഹികബോധവും, രാഷ്ട്രീയ ഹൃദയവുമുള്ള കലാകാരനായിരുന്നു അദ്ദേഹം. സ്വന്തം നിലപാടുകള്‍ ഉറക്കെ വിളിച്ചു പറയാനും, ജാതിമത വര്‍ഗ്ഗീയതയെ തുറന്നെതിര്‍ക്കാനും അദ്ദേഹം ഒരിയ്ക്കലും ഭയപ്പെട്ടിരുന്നില്ല.

ഓംപുരിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ നമ്രശിരസ്‌കരായി ആദരാഞ്ജലികള്‍ അര്‍പ്പിയ്ക്കുന്നതായും, അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും, നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചനക്കുറിപ്പില്‍  പറഞ്ഞു.


ഓംപുരിയുടെ നിര്യാണത്തില്‍ നവയുഗം അനുശോചിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക