Image

ബന്ധുനിയമന വിവാദം: ഇ.പി ജയരാജനെ ഒന്നാം പ്രതിയാക്കിയുള്ള എഫ്‌.ഐ.ആര്‍ കോടതി സ്വീകരിച്ചു

Published on 07 January, 2017
ബന്ധുനിയമന വിവാദം: ഇ.പി ജയരാജനെ  ഒന്നാം പ്രതിയാക്കിയുള്ള എഫ്‌.ഐ.ആര്‍ കോടതി സ്വീകരിച്ചു

തിരുവനന്തപുരം: ബന്ധുനിയമന കേസില്‍ മുന്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ്‌ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തു. അധികാരം ദുര്‍വിനിയോഗം ചെയ്‌തു നടത്തിയ ബന്ധു നിയമന ഗൂഢാലോചനയില്‍ പങ്കുണ്ടെന്നു വിജിലന്‍സിന്റെ ത്വരിത പരിശോധനയില്‍ കണ്ടെത്തിയ സാഹചര്യത്തിലാണു സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഇ.പി. ജയരാജനെ ഒന്നാം പ്രതിയാക്കി കേസ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. 

ഗൂഢാലോചനയില്‍ പങ്കുണ്ടെന്നു കണ്ടെത്തിയ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി എംപിയുടെ മകന്‍ പി.കെ. സുധീര്‍ നമ്പ്യാര്‍ കേസിലെ രണ്ടാം പ്രതിയും വ്യവസായ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി പോള്‍ ആന്റണി മൂന്നാം പ്രതിയുമാണ്‌.

ബന്ധുനിയമന കേസുമായി ബന്ധപ്പെട്ടു മൂന്നു പേര്‍ക്കുമെതിരേ വിശദ അന്വേഷണം ആവശ്യമാണെന്നും തെളിവുകളായി കൂടുതല്‍ ഫയലുകള്‍ പിടിച്ചെടുക്കേണ്ടതുണ്ടെന്നും അന്വേഷണ ഉദ്യോഗസ്‌ഥനായ വിജിലന്‍സ്‌ എസ്‌പി കെ. ജയകുമാര്‍ ഇന്നലെ വിജിലന്‍സ്‌ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 

 സുധീര്‍ നമ്പ്യാരുടെ നിയമനവുമായി ബന്ധപ്പെട്ട ഫയലില്‍ വ്യവസായ മന്ത്രിയായിരുന്ന ജയരാജനും സെക്രട്ടറിയായ പോള്‍ ആന്റണിയും ഒപ്പിട്ടിട്ടുണ്ടെന്നാണു വിജിലന്‍സ്‌ ത്വരിത പരിശോധനയിലെ കണ്ടെത്തല്‍.

 കേസുമായി ബന്ധപ്പെട്ട്‌ കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഇ.പി. ജയരാജന്റെ പങ്കിനെക്കുറിച്ചു ചര്‍ച്ച ചെയ്യണോ എന്നു തിരുവനന്തപുരത്തു നടക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി ആലോചിക്കുന്നതിനിടയിലാണു ജയരാജനെ പ്രതിയാക്കി വിജിലന്‍സ്‌ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത്‌. കേന്ദ്ര കമ്മിറ്റി യോഗം അടുത്ത ദിവസങ്ങളിലും തുടരുന്നുണ്ട്‌.

42 ദിവസത്തിനകം സമര്‍പ്പിക്കേണ്ട വിജിലന്‍സ്‌ ത്വരിത പരിശോധന റിപ്പോര്‍ട്ട്‌ അന്വേഷണം പ്രഖ്യാപിച്ച്‌ 89മത്തെ ദിവസമാണു കോടതിയില്‍ സമര്‍പ്പിച്ചത്‌. കേരള സ്റ്റേറ്റ്‌ ഇന്‍ഡസ്‌ട്രിയല്‍ എന്റര്‍പ്രൈസസ്‌ ലിമിറ്റഡിന്റെ മാനേജിംഗ്‌ ഡയറക്ടറായി വ്യവസായ മന്ത്രിയായിരുന്ന ഇ.പി. ജയരാജന്റെ ഭാര്യാസഹോദരി പി.കെ. ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ നിയമിച്ചുവെന്നായിരുന്നു പരാതി. 

ഇക്കാര്യത്തില്‍ വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്‌ഥാപനങ്ങളില്‍ നിയമനം നടത്താന്‍ അധികാരമുള്ള സര്‍ക്കാര്‍ ഏജന്‍സിയായ റിയാബിന്റെ ഫയലുകളില്‍ മന്ത്രി അധികാരം ദുര്‍വിനിയോഗം നടത്തി ഇടപെട്ടതായി വിജിലന്‍സ്‌ കണ്ടെത്തി. സുധീര്‍ നമ്പ്യാരെ നിയമിക്കണമെന്നു നിര്‍ദേശിച്ച ഫയലുകളില്‍ മന്ത്രി ജയരാജന്‍ ഒപ്പിട്ടതായും കണ്ടെത്തി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക