Image

രാജിവച്ച ജയരാജനെ വീണ്ടും തിരിഞ്ഞുകൊത്തുന്ന ബന്ധുനിയമന കേസുകെട്ട്

(എ.എസ് ശ്രീകുമാര്‍) Published on 07 January, 2017
രാജിവച്ച ജയരാജനെ വീണ്ടും തിരിഞ്ഞുകൊത്തുന്ന ബന്ധുനിയമന കേസുകെട്ട്
ബന്ധു നിയമന വിവാദത്തില്‍ ത്വരിത പരിശോധന നടത്തിയ വിജിലന്‍സ്  മുന്‍ മന്ത്രി ഇ.പി ജയരാജനെ ഒന്നാം പ്രതിയാക്കി പ്രത്യേക കോടതിയില്‍ എഫ്‌ഐ.ആര്‍ സമര്‍പ്പിച്ചതോടെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും കൂടുതല്‍ പ്രതിരോധത്തിലായിരിക്കുന്നു. ചട്ടങ്ങള്‍ മറികടന്ന് മുന്‍ മന്ത്രിയും ഇപ്പോള്‍ ലോക്‌സഭാംഗവുമായ പി.കെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് മാനേജിങ് ഡയറക്ടറായി നിയമിച്ചതിന്റെ പേരില്‍ ജയരാജനു പുറമെ സുധീര്‍ നമ്പ്യാരെ രണ്ടാം പ്രതിയായും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ പോള്‍ ആന്റണി മൂന്നാം പ്രതിയായുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവാദ നിയമത്തില്‍ ജയരാജനും സുധീര്‍ നമ്പ്യാരും പോള്‍ ആന്റണിയും ചേര്‍ന്ന് ഗൂഢാലോചന നടത്തുകയും മന്ത്രിയെന്ന നിലയില്‍ ജയരാജന്‍ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും ചെയ്തുവെന്നാണ് എഫ്.ഐ.ആര്‍. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നത സ്ഥാനങ്ങളിലേയ്ക്ക് തയ്യാറാക്കിയ യോഗ്യതാ പട്ടിക ഇവര്‍ മൂവരും ചേര്‍ന്ന് അട്ടിമറിച്ചുവെന്നും ഇക്കാര്യത്തില്‍ വിശദമായ ആന്വേഷണം വേണമെന്നുമാണ് എഫ്.ഐ.ആര്‍ വ്യക്തമാക്കുന്നത്. 

2016 നവംബറിലാണ് പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നത തസ്തികകളിലേയ്ക്കുള്ള ബന്ധുനിയമന വിവാദം ഉടലെടുത്തത്. അതിന് മുമ്പ് യു.ഡി.എഫ് സര്‍ക്കാരിന്റെ സ്വജന പക്ഷപാത പരമ്പര ചരിത്രം സൃഷ്ടിച്ചിരുന്നു. അതു തല്‍ക്കാലം മറക്കാം. സുധീര്‍ നമ്പ്യാരുടെ നിയമനത്തിനു പുറമെ കണ്ണൂര്‍, മൊറാഴ ആസ്ഥാനമായ കേരള ക്ലേ ആന്‍ഡ് സെറാമിക്‌സിന്റെ എം.ഡിയായി മന്ത്രി ഇ.പി ജയരാജന്റെ സഹോദരന്റെ പുത്രി ദീപ്തി നിഷാദിനെയും നിയമിച്ചതാണ് വിവാദമായത്. പാര്‍ട്ടി അറിയാത്ത ഈ നിയമനം ദീപ്തിയുടെ നാടായ മൊറാഴയിലെ സി.പി.എം ലോക്കല്‍ കമ്മറ്റിയില്‍ വിമര്‍ശനത്തിനിടയായതോടെയാണ് സംഭവം നാട്ടുകാരറിഞ്ഞത്. നിയമസഭയ്ക്കകത്തും പുറത്തും കോലാഹലമുണ്ടാക്കിയ നടപടി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി നേതാവ് വി. മുരളീധരനും വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയതോടെയാണ് വിജിലന്‍സിന്റെ തിരുവനന്തപുരം യൂണിറ്റ് ത്വരിത പരിശോധനയാരംഭിച്ചത്. 15 പേരില്‍ നിന്ന് മൊഴി രേഖപ്പെടുത്തുകയും നിയമന ഉത്തരവും ജയരാജന്‍ നല്‍കിയ ശുപാര്‍ശക്കത്തുമടക്കം പരിശോധിച്ച ശേഷമാണ് പ്രത്യേക കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. അതേസമയം നിയമനം സംബന്ധിച്ച കത്ത് താന്‍ നല്‍കിയെന്നത് ശരിയാണെന്നും നിയമപരമായ നടപടി സ്വീകരിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടതെന്നുമാണ് ജയരാജന്‍ വിജിലന്‍സിന് നല്‍കിയ മൊഴി.

ബന്ധു നിയമനം വിവാദമായതോടെ വ്യവസായ വകുപ്പ് നിയമന ഉത്തരവ് പിന്‍വലിക്കുകയുണ്ടായി. തുടര്‍ന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ തീരുമാനപ്രകാരം ജയരാജന്‍ രാജിവച്ചിരുന്നു. പാര്‍ട്ടിയുടെ യശസുയര്‍ത്താന്‍ വേണ്ടിയാണ് ജയരാജന്‍ രാജിവച്ചതെന്നാണ് അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞത്.  എന്നാല്‍ ഇതുസംബന്ധിച്ച ധാര്‍മികമായ ചോദ്യങ്ങള്‍ക്ക് പാര്‍ട്ടി ഉത്തരം നല്‍കേണ്ടിവരും. ജയരാജന്റെ പ്രവര്‍ത്തി പാര്‍ട്ടിക്കും മുന്നണിക്കും സര്‍ക്കാരിനും കളങ്കമുണ്ടാക്കിയെന്നത് നേരാണ്. ജയരാജന്‍ രാജിവച്ചതോടെ ആ പ്രതിഛായാ പ്രതിസന്ധിയില്‍ നിന്നും ഊരാക്കുടുക്കില്‍ നിന്നും ഇടതുമുന്നണി താല്‍ക്കാലികമായി തലയൂരുകയായിരുന്നു. ഇപ്പോഴത്തെ നടപടി വിജിലന്‍സിന്റെ യശസുയര്‍ത്തിയെന്ന് പറയാം. കാരണം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൂട്ടിലടച്ച തത്തയെന്ന പഴികേട്ടവരാണ് വിജിലന്‍സ്  വിഭാഗം. പ്രത്യേകിച്ച് ഇപ്പോഴത്തെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. വിജിലന്‍സിനെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ തങ്ങളില്ല എന്ന് തെളിയിക്കാനുള്ള അവസരമായി ജയരാജന്‍ കേസ് സ്.പി.എം ഉപയോഗിക്കുകയാണ്. 

രാജിവച്ചതുകൊണ്ട് ക്രിമിനല്‍ നടപടിക്രമത്തില്‍ നിന്നോ അഴിമതി നിരോധന നിയമത്തില്‍ നിന്നോ ജയരാജന് രക്ഷ പെടാന്‍ കഴിയില്ല. ജയരാജന്‍ പ്രോസിക്യൂഷന്‍ നേരിടാന്‍ പോവുകയാണ്. അതിന്റെ പ്രഥമ ഘട്ടമെന്ന നിലയിലാണ് വിജിലന്‍സ് ക്വിക്ക് വേരിഫിക്കേഷന്‍ നടത്തി പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് കോടതിയില്‍ എഫ്.ഐ.ആര്‍ രജിസിറ്റര്‍ ചെയ്തത്. ജയരാജനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് ഉപോല്‍ബലകമായ കൂടുതല്‍ രേഖകള്‍ കിട്ടുകയാണെങ്കില്‍ അദ്ദേഹത്തിന് കുറ്റപത്രം നല്‍കും. പിന്നെ വിചാരണ നേരിട്ട് തെളിവുണ്ടെങ്കില്‍ ശിക്ഷിക്കും. ഇല്ലെങ്കില്‍ വെറുതെവിടും. ഇത് സ്വാഭാവികമായ നിയമ നടപടികളാണ്. പിന്നെയുള്ളത് ധാര്‍മികതയുടെ പ്രശ്‌നമാണ്. ഇതുതന്നെയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രി കെ.എം മാണിയുടെ രാജിക്കാര്യത്തില്‍ പറഞ്ഞൊഴിഞ്ഞ്. ഇവിടെ ജയരാജനും പി.കെ ശ്രീമതി ടീച്ചറും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ്, അതേടൊപ്പം ജനപ്രതിനിധികളും. ഇപ്പോള്‍ തിരുവനന്തപുരത്ത് നടക്കുന്ന സി.പി.എം കേന്ദ്ര കമിമറ്റിയില്‍ ഇവരുടെ കാര്യം അജണ്ടയായി ഉള്‍ക്കൊള്ളിച്ചിട്ടില്ല. മറ്റൊരു മന്ത്രിയായ എം.എം മണിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി, പ്രതിയാക്കി കുറ്റപത്രവും കൊടുത്തിരിക്കുന്നു. അത്തരമൊരു പശ്ചാത്തലമുള്ള വ്യക്തി കേരളത്തില്‍ മന്ത്രിയായി തുടരുന്നതിലെ ധാര്‍മികതയും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. 

ജയരാജന്‍ നേരത്തെയൊരു പുലിവാലും പിടിച്ചിട്ടുണ്ട്. ജയരാജന്‍ തന്നെ അകാരണമായി ശാസിച്ചുവെന്ന, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും ഒളിമ്പ്യനുമായ അഞ്ജു ബോബി ജോര്‍ജിന്റെ പരാതിയാണ് ജയരാജന് അന്ന് ഇടിത്തീയായത്. കൗണ്‍സിലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിക്കാനെത്തിയ തന്നോട് ജയരാജന്‍ പരുഷമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി അഞ്ജു മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയുണ്ടായി. ജയരാജന്‍ സ്‌പോര്‍ട്‌സ് മന്ത്രിയായി തുടര്‍ന്നാല്‍ കേരളത്തിലെ കായികരംഗം മെച്ചപ്പെടില്ലെന്നായിരുന്നു അഞ്ജുവിന്റെ മൃദു ഭാഷയിലുള്ള വികാര പ്രകടനം. പറഞ്ഞത് അഞ്ജുവിനെപ്പോലെ ക്രെഡിബിലിറ്റി ഉള്ള ഒരാളായതിനാല്‍ വിഷയം ശ്രദ്ധിക്കപ്പെട്ടു. സര്‍ക്കാര്‍ ചെലവില്‍ അഞ്ജു അനധികൃതമായി വിമാനയാത്ര നടത്തിയെന്നതാണ് മന്ത്രിയുടെ ധാര്‍മിക രോഷത്തിന് കാരണമായത്. സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ സഹോദരനെ നിയമിച്ചതിന് അഞ്ജു ബോബി ജോര്‍ജിന്റെ മേല്‍ കുതിര കയറിയ ആളാണ് ഇ.പി ജയരാജന്‍. അഞ്ജു അന്ന് രാജിവച്ചു. പിന്നാലെ അതേ വിഷയത്തിന്റെ പേരില്‍ ജയരാജനും.

സ്വജനപക്ഷപാതം അഴിമതി തന്നെയാണെന്നും ഉന്നത യോഗ്യത നേടിയവരും തൊഴില്‍ രഹിതരുമായ വന്‍പടയുടെ മുമ്പില്‍ സ്വജനപക്ഷപാതവും അതുവഴി നടക്കുന്ന നിയമനവും അക്ഷന്തവ്യമായ കുറ്റവും അനീതിയുമാണെന്നകാര്യത്തില്‍ പക്ഷാന്തരമില്ല. സാധാരണ നിലയില്‍ സര്‍ക്കാര്‍ നിയമനം ലഭിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ കഷ്ടപ്പെടുമ്പോഴാണ് നേതാക്കളുടെ ബന്ധുക്കളും ഇഷ്ടക്കാരും ആശ്രിത നിയമനങ്ങളിലൂടെ ചുളുവില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കുന്നത്. ഏത് മുന്നണി അധികാരത്തിലിരിക്കുമ്പോഴും ആശ്രിതര്‍ക്ക് ജോലിയും പ്രമോഷനും കൊടുക്കുന്നതും സ്ഥലം മാറ്റുന്നതും പതിവ് കര്‍മ പരിപാടികളാണ്. മിക്കപ്പോഴും പൊതുമേഖലാ സ്ഥാപനങ്ങളും സംരംഭങ്ങളുമാണ് രാഷ്ട്രീയക്കാരുടെ ഈ ആശ്രിത കൂത്തുകള്‍ക്ക് വേദികളാകുന്നത്. ഇക്കാര്യത്തില്‍ ഇടതു മുന്നണിയും ഐക്യമുന്നണിയും ഒരേ തൂവല്‍ പക്ഷികളാണ്. അതിനാല്‍ തന്നെ ഒരു സര്‍ക്കാരിന്റെ കാലാവധി കഴിഞ്ഞ് പുതിയ ഗവണ്‍മെന്റ് അധികാരമേറ്റാലും സ്വജനപക്ഷപാത അഴിമതികള്‍ക്കെതിരെ കൃത്യമായ അന്വേഷണങ്ങളോ, പൊതുജനാഭിലാഷം മാനിച്ചു കൊണ്ടുള്ള തുടര്‍ നടപടികളോ ഉണ്ടാവാറില്ല. ജയരാജനെതിരെയുള്ള നടപടികള്‍ അങ്ങനെയാവില്ലെന്ന് ആശിക്കുകയെ നിവര്‍ത്തിയുള്ളൂ.

അഴിമതിയില്‍ അഭിരമിച്ചാറാടി എട്ടുനിലയില്‍ പൊട്ടിയ പഴയ സര്‍ക്കാരില്‍ നിന്ന് പാഠങ്ങള്‍ പഠിച്ച് അഴിമതിക്കെതിരായ സെന്‍സിബിലിറ്റിക്ക് രൂപം കൊടുക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. പക്ഷേ ഒരു കാര്യത്തില്‍ തുടര്‍ച്ചയുണ്ടായിരിക്കുന്നു. കഴിഞ്ഞ സര്‍ക്കാര്‍ ചെയ്തതു പോലെ ബന്ധുക്കള്‍ക്കും ആശ്രിതര്‍ക്കും യോഗ്യത നോക്കാതെ വാരിക്കോരി വിവിധ സ്ഥാപനങ്ങളില്‍ നിയമനം നല്‍കുന്ന അരുതായ്മകളുടെ തുടര്‍ച്ച. അതാണ് ജയരാജനെ തിരിഞ്ഞു കൊത്തിയിരിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഴിമതിവിരുദ്ധ പ്രതിഛായ നിലനിര്‍ത്താന്‍ തുനിഞ്ഞിറങ്ങിയതോടെ തീര്‍ത്തും ഒറ്റപ്പെട്ടുപോയിരിക്കുകയാണ് ഒരിക്കല്‍ അദ്ദേഹത്തിന്റെ വലംകൈയായിരുന്ന ജയരാജന്‍. ബന്ധുനിയമന കേസില്‍ ജയരാജനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് പിണറായി വിജയന്റെ അറിവോടെയാണ്. തിരുവനന്തപുരത്ത് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി തുടങ്ങിയ ദിവസം തന്നെ ജയരാജനെ പ്രതിയാക്കി കോടതിയില്‍ വിജിലന്‍സ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ച നടപടി ഫലത്തില്‍ തുണയ്ക്കുന്നത് പിണറായി വിജയനെയാണ്. തുടര്‍ച്ചയായ വിവാദങ്ങളില്‍പെട്ട് വെല്ലുവിളി നേരിട്ട സര്‍ക്കാറിന്റെയും തന്റെയും തന്നെ പ്രതിഛായയാണ് വിജിലന്‍സിന്റെ നീക്കത്തിലൂടെ പിണറായി തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നത്. 

രാജിവച്ച ജയരാജനെ വീണ്ടും തിരിഞ്ഞുകൊത്തുന്ന ബന്ധുനിയമന കേസുകെട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക