Image

പ്രവാസി ക്ഷേമത്തിന് സാധ്യമാവുന്നതെല്ലാം ചെയ്യും: പ്രധാനമന്ത്രി

Published on 08 January, 2017
പ്രവാസി ക്ഷേമത്തിന് സാധ്യമാവുന്നതെല്ലാം ചെയ്യും: പ്രധാനമന്ത്രി
ബംഗളൂരു: ലോകമെമ്പാടുമുള്ള  പ്രവാസികളുമായി താന്‍ സംവദിച്ചുകഴിഞ്ഞതായും അവരുടെ ക്ഷേമത്തിന് തന്റെ സര്‍ക്കാര്‍ സാധ്യമാവുന്നതെല്ലാം ചെയ്യുമെന്നും നരേന്ദ്ര മോഡി. പ്രവാസി ഭാരതീയ ദിവസിനോടനുബന്ധിച്ച് ബംഗളൂരുവില്‍ നടക്കുന്ന മൂന്നുദിവസത്തെ പ്രവാസി ഭാരതീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. അധികാരമേറ്റതിനുശേഷം താന്‍ സന്ദര്‍ശിച്ച വിദേശരാജ്യങ്ങളുടെ പേരുകളെല്ലാം എണ്ണിയെണ്ണി പറഞ്ഞുകൊണ്ടാണ് പ്രവാസികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് മോദി വ്യക്തമാക്കിയത്. പ്രവാസികള്‍ രാജ്യപുരോഗതിയില്‍ നടത്തുന്ന ഇടപെടലുകള്‍ അഭിനന്ദനാര്‍ഹമാണ്. പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രി സുഷമാ സ്വരാജ് സോഷ്യല്‍ മീഡിയയിലൂടെ ഉള്‍പ്പെടെ ഇടപെടലുകള്‍ നടത്തുന്നു.

നിങ്ങള്‍ ഏതുരാജ്യത്തിന്റെ പാസ്പോര്‍ട്ടാണ് കൈവശം വച്ചിരിക്കുന്നതെങ്കിലും നിങ്ങള്‍ ഇന്ത്യക്കാരാണ്. ഞങ്ങള്‍ നിങ്ങള്‍ക്ക് ഇന്ത്യയുമായുള്ള രക്തബന്ധം മാത്രമാണ് കാണുന്നത്. വിദേശങ്ങളില്‍ ജോലി തേടുന്ന ഇന്ത്യന്‍ യുവാക്കളുടെ കഴിവും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിന് പ്രവാസി കൗശല്‍ വികാസ് യോജന നടപ്പാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ആയിരങ്ങള്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നു. ദശലക്ഷങ്ങള്‍ ഇന്റര്‍നെറ്റിലൂടെ സമ്മേളനവുമായി ബന്ധപ്പെടുന്നു. സര്‍ക്കാര്‍ പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് മുന്തിയ പരിഗണനയാണ് നല്‍കുന്നത്. ഏതാണ്ട് 30 ദശലക്ഷം ഇന്ത്യക്കാര്‍ വിദേശങ്ങളിലുണ്ട്. അവരുടെ എണ്ണത്തിലല്ല, മറിച്ച് അവര്‍ രാജ്യത്തിന് നല്‍കുന്ന സംഭാവനകളെയാണ് രാജ്യം പരിഗണിക്കുന്നത്. അവരില്‍ തന്നെ റോള്‍ മോഡലുകളായ നിരവധി പേരുണ്ട്.

രാജ്യത്തിന്റെ മൂല്യങ്ങളും സംസ്‌കാരവും വിദേശങ്ങളില്‍ പ്രചരിക്കപ്പെടുന്നത് അവരിലൂടെയാണ്. രാജ്യത്തിന്റെ ക്ഷേമത്തിനായി പ്രവാസികള്‍ നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. വര്‍ഷംതോറും ഏതാണ്ട് 69 ബില്യണ്‍ ഡോളറാണ് പ്രവാസികള്‍ ഇന്ത്യയിലെത്തിക്കുന്നത്. ഇത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണെന്നും മോദി പറഞ്ഞു. മൂന്നുദിവസത്തെ സംഗമത്തിന്റെ ഭാഗമായി ശനിയാഴ്ച ചേര്‍ന്ന യുവപ്രവാസി സമ്മേളനം കേന്ദ്ര യുവജനകാര്യ സഹമന്ത്രി വിജയ് ഗോയല്‍, പ്രവാസികാര്യ സഹമന്ത്രി ജനറല്‍ വി കെ സിങ് എന്നിവര്‍ സംയുക്തമായാണ് ഉദ്ഘാടനംചെയ്തത്. സുരിനാം ഉപരാഷ്ട്രപതി മൈക്കിള്‍ അശ്വിന്‍ അധിന്‍ മുഖ്യാതിഥിയായിരുന്നു. ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ സെന്ററില്‍ ചേര്‍ന്ന ചടങ്ങില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ സംബന്ധിച്ചു.

പ്രവാസി ഭാരതീയ സമ്മേളനത്തില്‍ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി ഡോ. അന്റോണിയോ കോസ്റ്റയാണ് മുഖ്യാതിഥി. മലേഷ്യന്മന്ത്രി എസ് സ്വാമിവേലു, മലേഷ്യന്‍ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി ഡോ. എസ് സുബ്രഹ്മണ്യം, മൗറീഷ്യസ് ആരോഗ്യമന്ത്രി പൃഥ്വിരാജ്സിങ് രൂപന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കുന്നുണ്ട്. തിങ്കളാഴ്ച വിവിധ വിഷയങ്ങളില്‍ സമ്മേളനങ്ങള്‍ നടക്കും. സമാപനസമ്മേളനത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സംബന്ധിക്കും. 

പ്രവാസി ഭാരതീയ സമ്മാന്‍ ഇന്ത്യന്‍ അമേരിക്കന്‍  ഡോ. ഭാരത് ബറായിക്കും ഡോ. സമ്പത് ശിവാംഗിക്കും രാഷ്ട്രപതി സമ്മാനിക്കും. പ്രധാനമന്ത്രി നരേന്ദമോദിയുടെ മാഡിസണ്‍ ചത്വര സമ്മേളനത്തിനു ചുക്കാന്‍ പിടിച്ചവരില്‍ പ്രമുഖനാണ് ഡോ. ബറായി. ഇന്ത്യഅമേരിക്ക ബന്ധം ശക്തമാക്കുന്നതിനുള്ള ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ആളാണ് ഡോ. ഷിവാഗി. ഏഴായിരം പ്രതിനിധികള്‍ സമ്മേളനത്തില്‍ സംബന്ധിക്കുന്നുണ്ട്. 

സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് നോട്ട് പ്രതിസന്ധിയുണ്ടാകാതിരിക്കാന്‍ പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്.

പ്രവാസി ക്ഷേമത്തിന് സാധ്യമാവുന്നതെല്ലാം ചെയ്യും: പ്രധാനമന്ത്രി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക