Image

മാനം കാക്കാനായി 'അയ്യേ' എസ് കൂട്ടഅവധിയെടുക്കല്‍ സമരം (എ.എസ് ശ്രീകുമാര്‍)

Published on 08 January, 2017
മാനം കാക്കാനായി 'അയ്യേ' എസ് കൂട്ടഅവധിയെടുക്കല്‍ സമരം (എ.എസ് ശ്രീകുമാര്‍)
''സ്തംഭിപ്പിക്കും...സ്തംഭിപ്പിക്കും...ഭരണം ഞങ്ങള്‍ സ്തംഭിപ്പിക്കും. ഐ.എ.എസിനെ തൊട്ടുകളിച്ചാല്‍ അക്കളി തീക്കളി സര്‍ക്കാരേ...വിജിലന്‍സേ മൂരാച്ചീ...നിങ്ങളെ ഞങ്ങളെടുത്തോളാം...ജേക്കബ്ബേ തോമസ്സേ നാളെക്കള്ളം പറയരുത്...'' ഇത് ഏതെങ്കിലും ഈര്‍ക്കിലി പാര്‍ട്ടിയുടെ മുദ്രാവാക്യമോ, ചോട്ടാ നേതാവിന്റെ തൊണ്ടകീറലോ അല്ല. സംസ്ഥാന ബ്യൂറോക്രസിയിലെ വി.വി.ഐ.പി കോളര്‍ സാറന്‍മാരായ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധ വിളികളാണ്. ഐ.എ.എസ്-ഐ.പി.എസ് പോര് പുതിയ തലത്തിലേക്ക് വളര്‍ന്ന സാഹചര്യത്തില്‍  ഈ പരമ്പരാഗത മുദ്രവാക്യം നാളെ (ജനുവരി 9) നാട്ടിലെ പട്ടണനടുവില്‍ മാറ്റൊലി കൊണ്ടേക്കാം. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധം നാളത്തെ കൂട്ട അവധിയെടുപ്പ് സമരത്തിലെത്തിനില്‍ക്കുകയാണ്. കേരളത്തില്‍ ഇതാദ്യമായി അരങ്ങേറുന്ന ഈ ഐ.എ.എസ് കൂട്ട ലീവ് സമരത്തിന് എല്ലാവിധ ആശംസകളും...സമരത്തിന്റെ പിന്നാമ്പുറ വിശേഷങ്ങള്‍ നാമറിയാത്തതല്ല. 

കഴിഞ്ഞ സര്‍ക്കാരിന്റെ അഴിമതി സമ്പര്‍ക്കപരിപാടികള്‍ക്കെതിരെ വായലച്ച് അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ അഴിമതിക്കാരെ ചാട്ടവാറിനടിക്കാന്‍ ഒരു വിജിലന്‍സ് ഭടനെ സര്‍വായുധവിഭൂഷിതനായി നിര്‍ത്തിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കൂട്ടിലടച്ച തത്തയായിരുന്ന ഇദ്ദേഹം ഇന്ന് കഴുകന്‍ കണ്ണുകളുമായി പറപറക്കുന്ന വിജിലന്‍സ് ഡയറക്ടറാണ്. പുതിയ മുഖ്യമന്ത്രിയുടെ കീഴില്‍ ടിയാന്‍ സര്‍വതന്ത്ര സ്വതന്ത്ര ഐ.പി.എസ് പുലിയാണ്. എന്നാല്‍ പിണറായിയുടെയോ പാര്‍ട്ടിയുടെയോ കണ്ണുവെട്ടിട്ട് വ്യവസായമന്ത്രിയായിരിക്കെ കണ്ണൂര്‍ ജയരാജ ത്രയത്തിലെ ഇ.പി ജയാരാജന്‍ ബന്ധുസ്‌നേഹം മൂത്ത് അല്‍പം സ്വജനപക്ഷപാതം കാട്ടി. അതോടെ അദ്ദേഹത്തിന്റെ വ്യവസായം പൂട്ടി. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കുന്ന സമയത്ത്, എപ്പൊ പൂട്ടിയെന്ന് ചോദിച്ചാ മതി. ആ ബന്ധു നിയമനക്കേസില്‍ ജയരാജനും (ഒന്നാം പ്രതി) ബന്ധുനിയമനത്തിന്റെ ആനുകൂല്യം ലഭിച്ച മുന്‍ മന്ത്രി പി.കെ ശ്രിമതി എം.പിയുടെ മകന്‍ സുധീര്‍ നമ്പ്യാര്‍ക്കുമൊപ്പം (രണ്ടാം പ്രതി) ഐ.എ.എസുകാരനായ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ പോള്‍ ആന്റണി മൂന്നാം പ്രതിയാക്കപ്പെട്ടിരിക്കുന്നു.

ഇതാണ് ഐ.എ.എസുകാരുടെ ധാര്‍മിക രോഷത്തിന് കരണമായിരിക്കുന്നത്. കേരളത്തിലെ എല്ലാ ഐ.എ.എസുകാരും കള്ളന്‍മാരല്ല, പക്ഷേ ചില കള്ള നാണയങ്ങള്‍ ഉണ്ട്. പോള്‍ ആന്റണിയെ മൂന്നാം പ്രതിയാക്കി വിജിലന്‍സ് തിരുവനന്തപുരത്തെ പ്രത്യേക കോടതിയില്‍ എഫ്.ഐ.ആര്‍ രജിസിറ്റര്‍ ചെയ്തത് ഏതാനും ദിവസം മുമ്പാണ്. ആദ്ദേഹത്തിനെതിരെ കൂടുതല്‍ തെലിവുകള്‍ കിട്ടിയിട്ടില്ല, കുറ്റപത്രം കൊടുത്തിട്ടില്ല, വിചാരണ ചെയ്തിട്ടില്ല, ശിക്ഷിച്ചിട്ടുമില്ല. പിന്നെന്തിനാണ് ഈ ഐ.എ.എസുകാരുടെ സമരപുകിലുകള്‍ എന്നാണ് സര്‍ക്കാര്‍-ജേക്കബ് തോമസ് അച്ചുതണ്ടിന്റെ ചോദ്യം. എന്നാല്‍ വിജിലന്‍സിന്റെ നിരന്തരവും കഠിനവുമായ പീഡനങ്ങള്‍ക്കിരയാവുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ കെ.എം എബ്രഹാം, ടോം ജോസ്,  മലബാര്‍ സിമന്റ്‌സ് മുന്‍ എം.ഡി പത്മകുമാര്‍ തുടങ്ങിയ നിരുപദ്രവകാരികളും സേവനോന്‍മുഖരുമായ ഐ.എ.എസുകാരുടെ ലിസ്റ്റ് തപ്പിയെടുത്തുകൊണ്ടാണ് ഐ.എ.എസ് സംഘടന സര്‍ക്കാരിനും സര്‍ക്കാരിന്റെ സല്‍പുത്രനായ ജേക്കബ് തോമസിനുമെതിരെ ബ്യൂറോക്രാറ്റിക് വാളോങ്ങുന്നത്. 

 ജേക്കബ് തോമസിനെതിരെ ശക്തമായ ആരോപണങ്ങളാണ് ഐ.എ.എസ് അസോസിയേഷന്‍ ഉന്നയിക്കുന്നത്. അസോസിയേഷന്‍ അടിയന്തര യോഗം ചേര്‍ന്ന് പുറത്തിറക്കിയ കുറിപ്പില്‍ സര്‍ക്കാരിനെതിരെയും കടുത്ത വിമര്‍ശനമുണ്ട്. ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്ന ജേക്കബ് തോമസിനെ സര്‍ക്കാര്‍ മനപൂര്‍വം സംരക്ഷിക്കുന്നുവെന്നാണ് ആരോപണം. ഐ.എ.എസ്-ഐ.പി.എസ് പോരിന്റെ നാള്‍വഴികളില്‍ കെ.എം എബ്രഹാം, ജേക്കബ് തോമസിനെ കുറ്റപ്പെടുത്തി പ്രത്രക്കുറിപ്പ് ഇറക്കുകയും മുഖ്യമന്ത്രിയെ കണ്ട് പരാതി പറയുകയും ചെയ്തിരുന്നു. ഐ.എ.എസ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റുകൂടിയായ ടോം ജോസിന്റെ അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ അടിക്കടി പ്രത്രക്കാരെക്കാണുന്നുവെന്നും ഔചിത്യമില്ലാതെ പ്രസ്താവന ഇറക്കുന്നുവെന്നും പരാതിയുണ്ടായി. എന്നാല്‍ തങ്ങളുടെ പരാതികള്‍ ഗൗനിക്കാതെ പ്രതികാര ബുദ്ധിയോടെ വിജിലന്‍സ് ഡയറക്ടര്‍, ഉണ്ട ചോറിന് നന്ദിയെന്നോണം തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്ത് സല്‍പ്പേരുള്ളവരെ കുടുക്കുന്നുവത്രേ. ഇതിന് സര്‍ക്കാര്‍ വേണ്ട ഒത്താശകള്‍ ചെയ്തുകൊടുക്കുന്നുവെന്നതാണ് ഐ.എ.എസ് സങ്കടം.

ജേക്കബ് തോമസിനും സര്‍ക്കാരിനെതിരെയുമുള്ള ഐ.എ.എസ് അസോസിയേഷന്റെ അക്കമിട്ടുള്ള ആരോപണങ്ങള്‍ ഇവയാണ്...*ചീഫ് സെക്രട്ടറി, വ്യവസായ സെക്രട്ടറി, നിയമ സെക്രട്ടറി എന്നിവരുടെ ഉപദേശവും നിര്‍ദേശവും മറികടന്ന് മലബാര്‍ സിമന്റ്സ് എം.ഡി. പത്മകുമാറിനെ അറസ്റ്റുചെയ്തിട്ടും വിജിലന്‍സ് ഡയറക്ടറെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റെത്. *സര്‍ക്കാര്‍ സര്‍വീസിലിരിക്കെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്ത് ശമ്പളം പറ്റിയത് നിയമവിരുദ്ധമാണെങ്കിലും ആ പണം തിരിച്ചടച്ചുവെന്ന ന്യായംപറഞ്ഞ് ജേക്കബ് തോമസിന് നിയമസംരക്ഷണം നല്‍കുന്നു. *ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ 35-50 കോടി രൂപ സര്‍ക്കാരിന് നഷ്ടംവരുത്തിയ ഇടപാടുകളുടെ തെളിവുകള്‍ ഫയലുകളില്‍ സുവ്യക്തമാണ്. ഇത് അദ്ദേഹം വിജിലന്‍സ് ഡയറക്ടറായതിനുശേഷമെടുത്ത ഏതു കേസിനെക്കാളും വലുതായിട്ടും സര്‍ക്കാര്‍ നിയമപരമായ ഒരു നടപടിയുമെടുക്കുന്നില്ല. *ഇത്തരം കേസുകളില്‍ ജേക്കബ് തോമസിന്റെ നേരിട്ടുള്ള പങ്കാളിത്തം അന്വേഷണ റിപ്പോര്‍ട്ടുകളില്‍ത്തന്നെ വ്യക്തമാണെങ്കിലും അദ്ദേഹത്തിനെതിരേ നടപടിയില്ല. *കര്‍ണാടകയില്‍ പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് 150 ഏക്കര്‍ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത ബന്ധു കൈയേറിയെന്ന് വാര്‍ത്തകള്‍വന്നു. ഈ സ്വത്ത് അദ്ദേഹത്തിന്റെ പ്രഖ്യാപിത സ്വത്തുക്കളുടെ കൂട്ടത്തിലില്ല. വനഭൂമി നിയമവിരുദ്ധമായി കൈവശം വയ്ക്കുന്നതിനെതിരെ സര്‍ക്കാര്‍ വിശദീകരണംപോലും ചോദിച്ചിട്ടില്ല. *വിജിലന്‍സ് ഡയറക്ടര്‍ക്ക് 35-40 കോടി രൂപയുടെ അനധികൃത സ്വത്തുണ്ടെന്ന പരാതി സര്‍ക്കാരിന്റെ മുമ്പാകെയുണ്ടെങ്കിലും ഇതിലും അദ്ദേഹത്തോട് സര്‍ക്കാര്‍ വിശദീകരണം ചോദിച്ചിട്ടില്ല.

അതേസമയം ഐ.എ.എസുകാരുടെ സമരം ന്യായമാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഈ കൂട്ട അവധിയെടുക്കല്‍ ചില ദുസ്വഭാവശീലങ്ങള്‍ക്കും ഭരണസ്തംഭനത്തിനും വഴിവയ്ക്കുമെന്നതിനാല്‍ ഇതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിന് തന്നെയാണ്. സമരം ഏതുനിലയ്ക്കും സര്‍ക്കാര്‍ ഒഴിവാക്കണം. അല്ലെങ്കില്‍ അത് ഭരണനടത്തിപ്പിലുള്ള വീഴ്ചയെയായിരിക്കും എടുത്തുകാണിക്കുക. ബ്യൂറോക്രസി ഒരിക്കലും നിശ്ചലമാവാന്‍ പാടില്ല. സര്‍ക്കാരിന്റെ പോളിസി മാറ്ററുകള്‍, ഭരണനിര്‍വഹണത്തിന്റെ ഭാഗമായുള്ള സുപ്രധാന നടപടികള്‍ തുടങ്ങയവയെല്ലാം കണിശതയോടും കാര്യപ്രാപ്തിയോടും അതിലുപരി പ്രകാശ വേഗത്തിലും നടപ്പാക്കണമെങ്കില്‍ ബ്യൂറോക്രസിയുടെ ഏകോപനം ആവശ്യമാണ്. ഇവിടെ ബ്യൂറോക്രസി സത്യസന്ധര്‍, കുറ്റവാളികള്‍ എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെടുകയാണ്. പരസ്പ ആരോപണങ്ങള്‍, ക്ലീനായ ഉദ്യോഗസ്ഥരുടെ അച്ചടക്ക മനോഭാവത്തെയും മനോവീര്യത്തെയും  മോശമായി ബാധിക്കുന്നു. തങ്ങള്‍ക്ക് പ്രിയപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അപ്രമാദിത്തം ഉണ്ടാക്കിക്കൊടുന്ന രീതി ശരിയല്ലെന്നുമാത്രമല്ല അത് കെട്ടുറപ്പുള്ള ഭരണസംവിധാനം എന്ന സങ്കല്‍പ്പത്തിനുതന്നെ എതിരാണ്. 

അഴിമതിക്കെതിരെ അതിശക്തമായ നടപടികളെടുക്കുന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ജേക്കബ് തോമസിനെ ജനങ്ങള്‍ക്ക് വിശ്വാസമാണ്. എന്നാല്‍ ആ വിശ്വാസം അമിതമായാലും ആപത്താണ്. അഹന്തയല്ല, വിനയമായിരിക്കണം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മുഖമുദ്ര. താന്‍ മാത്രമാണ് യോഗ്യന്‍, മിടുക്കന്‍, സത്യസന്ധന്‍. ബാക്കിയെല്ലാവും അഴിമതിക്കാരും സ്വജനപക്ഷക്കാരും മോശക്കാരും എന്ന ഒരു മനോഭാവം ഈയടുത്ത കാലത്തായി സെക്രട്ടേറിയറ്റില്‍ പരക്കുന്നുണ്ട്. ജേക്കബ് തോമസിന്റെ രീതികള്‍ വ്യത്യസ്തമാണ്. എന്നാലത് ബ്രൂറോക്രസിയെയും ഭരണസംവിധാനത്തെയാകെയും നെഗറ്റീവായി ബാധിക്കുന്ന തലത്തിലേയ്ക്ക് പോകുന്നുവെന്നാണ് മനസിലാക്കേണ്ടത്. ജേക്കബ് തോമസിനെ ചുറ്റിപ്പറ്റിയും പരാതികളും ആക്ഷേപങ്ങളും ആരോപണങ്ങളുമുണ്ട്. പക്ഷേ, അതൊന്നും അന്വേഷണപരിധിയില്‍ വരുന്നില്ല. മറുഭാഗത്തുള്ളവരെ അവിമതിക്കാരെന്ന മുന്‍വിധിയോടെ അറസ്റ്റ് ചെയ്തും റെയ്ഡിനിരയാക്കിയും ചോദ്യം ചെയ്തും പീഡിപ്പിക്കുന്നു. ഇതാണ് ഐ.എ.എസ് സമരത്തിന്റെ ചേതോവികാരം. ചുംബന സമരം, നില്‍പ്പ് സമരം, മുണ്ടുരിയല്‍ സമരം, രാപ്പകല്‍ സമരം എന്നിങ്ങനെ പലകാലങ്ങളില്‍ പലതരം സമരകോലങ്ങള്‍ അരങ്ങേറിയിട്ടുള്ള കേരളത്തില്‍ ഇരിക്കട്ടെ, ഒരു ഐ.എ.എസ് കൂട്ടഅവധി സമരം കൂടി...

''സ്തംഭിപ്പിക്കും...സ്തംഭിപ്പിക്കും...ഭരണം ഞങ്ങള്‍ സ്തംഭിപ്പിക്കും. ഐ.എ.എസിനെ തൊട്ടുകളിച്ചാല്‍ അക്കളി തീക്കളി സര്‍ക്കാരേ...വിജിലന്‍സേ മൂരാച്ചീ...നിങ്ങളെ ഞങ്ങളെടുത്തോളാം...ജേക്കബ്ബേ തോമസ്സേ നാളെക്കള്ളം പറയരുത്...''

മാനം കാക്കാനായി 'അയ്യേ' എസ് കൂട്ടഅവധിയെടുക്കല്‍ സമരം (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
Thomas Vadakkel 2017-01-08 16:47:47
ഐ.എ.എസുകാരുടെ ജോലി ഒരു യൂ.ഡി ക്ലർക്കിനു ചെയ്യാനുള്ളതേയുള്ളൂ. ഒരാൾ വഹിക്കുന്ന  ഐ.എ.എസു തസ്തികയ്ക്കു പകരം പത്തു ക്ലർക്കുമാർക്ക് അയാളുടെ സ്ഥാനത്തു ജോലി കൊടുക്കാനും സാധിക്കും. ഇത്തരം ജോലികൾ ഒരു പരീക്ഷയുടെ പിൻബലത്തിൽ കൊടുക്കാതെ പരിചയസമ്പന്നരെ ഏൽപ്പിക്കട്ടെ.

ഐ.എ.എസ്, ഐ.പി.എസ് പദവികൾ ലോകത്തൊരിടത്തുമില്ലാത്ത തസ്തികകളാണ്. പണ്ട് ബ്രിട്ടീഷ് സർക്കാർ വെള്ളക്കാർ ഏമാന്മാർക്കു വേണ്ടി സൃഷ്ട്ടിച്ച ഐ.സി.എസ് തസ്തികകൾ പിന്നീട് സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞു ഐ.എ.എസ്. എന്ന പേരിൽ നാടൻ സായിപ്പന്മാർക്കായി മാറ്റിയെടുത്തു. ഏമാൻ-അടിമ പോലുള്ള ചിന്താഗതികളാണ് ഇവർക്ക് കീഴ് ഉദ്യോഗസ്ഥരുടെ മേലുള്ളതും. 

അമേരിക്കയിലെ ഏതു ഉയർന്ന ഉദ്യോഗസ്ഥരെയും പേരു വിളിക്കുമ്പോൾ ഇവരെ സാറന്മാരെന്നാണ്  അറിയപ്പെടുന്നത്. 'സാറി'ന്റെ വിളിയുടെ വില കുറഞ്ഞ കാര്യം ഇന്ത്യയിലെ പല ഏമാന്മാർക്കും അറിയില്ല. അവരിന്നും ജീവിക്കുന്നത് ബ്രിട്ടീഷ് സ്വർഗത്തിലാണ്. ചുമട്ടുതൊഴിലാളിയുടെ നേതാവിനെപ്പോലും വിളിക്കുന്നത് സാറെന്നായി.     

ഒരു പരീക്ഷ പാസായത്തിന്റെ പേരിൽ ഇത്രമാത്രം ആനുകൂല്യങ്ങൾ അനുഭവിക്കുന്ന ഒരു വർഗം ലോകത്തൊരിടത്തും കാണാൻ സാധിക്കില്ല. സർക്കാരിന്റെ ഒരു തരം വെള്ളാനകൾ. 

സർക്കാരിന്റെ ഭരണസ്‌തംപനം നടത്തുന്ന ഇവർ നാടിനോട് ക്രൂരത ചെയ്യുന്നു. ഉയർന്ന ഉദ്യോഗസ്ഥർ ഇത്തരം സാമൂഹിക അച്ചടക്കങ്ങൾ ലംഘിക്കപ്പെടുമ്പോൾ ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥയെപ്പറ്റിയും ഓർമ്മ വരും. ഭരണസ്‌തംപനം ഒഴിവാക്കാൻ ഇവരേക്കാൾ പ്രാപ്തരായ കീഴ് ഉദ്യോഗസ്ഥർ കാണും. കാറും കൊട്ടാരവും ശമ്പളവും കൊടുത്ത് ഖജനാവ് നശിപ്പിക്കുന്ന ഇത്തരം ഐ.എ.എസ് ഉദ്യോഗസ്ഥർ രാജ്യത്തിന് അപമാനകരമാണ്. നാടിനാവശ്യവുമില്ല. 

ഇന്ന് ഭൂരിഭാഗം ചെറുപ്പക്കാരും ബൗദ്ധിക നിലകളിൽ ഈ സമരം നടത്തുന്നവരേക്കാൾ മെച്ചമുള്ളവരാണ്. സ്‌കൂളും കോളേജുകളുമില്ലാതിരുന്ന പഴയ കാലത്തെ യുവജനങ്ങളല്ല ഇന്നുള്ള തലമുറകളിലുള്ളത്. അവരുടെ അവസരങ്ങളും കൂടി ഇല്ലാതാക്കിക്കൊണ്ടാണ് ഈ വെള്ളാനകളെ സർക്കാർ തീറ്റിപോറ്റിക്കൊണ്ടിരിക്കുന്നത്. അതിന്റെ പുറകെ അഴിമതികൾ നടത്തി ശതകോടികൾ നേടിയവരുമുണ്ട്. 

സുപ്രധാന ഭരണസംവിധാനങ്ങളുടെ നടത്തിപ്പിനായി കാര്യക്ഷമമായി പ്രവർത്തിക്കേണ്ട ഇവർ രാഷ്ട്രീയക്കാരേക്കാളും കിടയായി സമരങ്ങൾ സംഘടിപ്പിക്കുന്നതും ലജ്‌ജാവഹമാണ്. ഇവർക്കായി ഒരു സംഘടനയുള്ളതും രാജ്യ താല്പര്യത്തിനു ഗുണപ്രദവുമല്ല മറിച്ചു രാജ്യദ്രോഹമെന്നു പറയാം.
Vayanakkaran 2017-01-08 21:33:48
I agree 100 percent with Thomas Vadakkel. Fire/expelor dismiss  this so called IAS/IFS/ICS whatever burocratic people. The citizens if India must rise up against this people.  They get huge money, respect, facilities an d also corrupted money. Also they block our needy files. F Degrade them,. Le6t the clerks do the job in their place. They are burden to the society and goverment. If Modi is bold enogh take action against such people. What is the use of bringing demonetization? Also control and raid all the super cine stars, check whether thay pay taxes. People like Mohan Lal take 6 crores rupees for a movie and then he write blog and advise people what to do? 
They also crate fans associations/ a kind of Gunda Sangam to promote and worship them like gods. These are all absurd. Thomas Vadakkel, you are great man. My self this vanakkaran will support and die for your cause. I hope our beloved Vidhydharan Master also will keep writing for such issues, instead of spending useless debate between Anthappan, Andrews,Mathulla or just spending lot of time for usesless "Anthashari" Kavitha writing for about entire last month. So now Mr Vadakkel on many occassion you are writing great points. Are you the Thomas Vadkkel, I know from Kottayam or somebody else. I want to march with you to New Delhi for this cause. We need freedom from this type of highly paid bucrocrats.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക