Image

തീര്‍ത്ഥാടക പ്രവാഹം; ഭക്തജനത്തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ സംവിധാനം

അനില്‍ പെണ്ണുക്കര Published on 08 January, 2017
തീര്‍ത്ഥാടക പ്രവാഹം; ഭക്തജനത്തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ സംവിധാനം
വ്രതപുണ്യത്തിന്റെ നിറവില്‍ മകരവിളക്കിന്റെ മുന്നോടിയായി സ്വാമി അയ്യപ്പന്റെ അനുഗ്രഹം തേടി ശബരിമലയിലേക്ക് തീര്‍ഥാടക പ്രവാഹം. 

രാവും പകലുമില്ലാതെ രാജ്യത്തിനകത്തും പുറത്തും നിന്ന് പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. അയ്യപ്പദര്‍ശനത്തിന് എല്ലാവര്‍ക്കും സൗകര്യമൊരുക്കി സന്നിധാനത്ത് ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്. 

തിരക്കിനനുസരിച്ച് ഭക്തജനങ്ങളെ നിയന്ത്രിക്കാന്‍ പ്രത്യേക ക്യു സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പമ്പ മുതല്‍ സന്നിധാനം വരെയുള്ള കാനന പാതകളില്‍ ശരണം വിളികളാല്‍ മുഖരിതമാണ്. ശരണവഴികളിലൂടെ മാളികപ്പുറങ്ങളും മണികണ്ഠസ്വാമികളും ഇരുമുടിക്കെട്ടുമായി ശബരീശന്റെ കാല്‍പ്പാദങ്ങള്‍ തേടിയെത്തുകയാണ്. 

കന്നിസ്വാമികള്‍ മുതല്‍ വര്‍ഷങ്ങളായി മുടങ്ങാതെയെത്തുന്നവരും സ്വാമിയെ കാണാനും മോക്ഷം തേടാനും ഒരേ മന്ത്രങ്ങളുമായി മലകയറുന്നു. കാനനത്തിലെ രാത്രികാലങ്ങളിലെ കടുത്ത തണുപ്പിനെയും ചുട്ടുപൊള്ളുന്ന പകലിനെയും മറികടന്നാണ് തീര്‍ഥാടകരുടെ മലകയറ്റം. 

കനത്തചൂടില്‍ ദാഹമകറ്റാന്‍ സ്വാമിമാര്‍ക്ക് തിളപ്പിച്ചാറിയ വെള്ളം വഴിയിലുടനീളം സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. അടുത്തടുത്ത് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളും ധാരാളമുണ്ട്. വലിയ കയറ്റം കഴിഞ്ഞ് അപ്പാച്ചിമേടില്‍ ഒട്ടേറെ പേര്‍ ക്ഷീണമകറ്റുന്നു. മലകയറ്റത്തിന് പ്രായമായവരെയും ക്ഷീണിതരെയും സഹായിക്കാന്‍ ഡോളി വാഹകരും രംഗത്തുണ്ട്.

ശരംകുത്തിക്ക് തൊട്ടുമുമ്പായി പോലീസ് പ്രത്യേക വെര്‍ച്യുല്‍ ക്യു ബുക്ക് ചെയ്തവരെ മറ്റൊരു കവാടത്തിലൂടെ കടത്തിവിട്ട് തിരക്ക് കുറയ്ക്കുന്നു. തീര്‍ത്ഥാടകര്‍ക്ക് ദാഹജലം നല്‍കാന്‍ നിരവധിയാളുകളെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ മുതല്‍ ശരംകുത്തിയില്‍ നിന്നും തുടങ്ങി സന്നിധാനം വരെ ഇടമുറിയാതെ ഭക്തജനങ്ങള്‍ പ്രവഹിക്കുകയാണ്. 

 അതിനിടയില്‍ മകരവിളക്കിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാസംവിധാനങ്ങളും ശക്തമാക്കി. മകരവിളക്ക് ദര്‍ശിക്കുന്നതിന് സന്നിധാനത്തും പരിസര പ്രദേശങ്ങളിലും തമ്പടിക്കുന്നവര്‍ക്ക് പ്രത്യേക സുരക്ഷ നിര്‍ദ്ദേശങ്ങളുമായി അധികൃതരും ജാഗ്രതയിലാണ്.
നിലയ്ക്കല്‍ മുതല്‍ പമ്പ വരെ കെ.എസ്.ആര്‍.ടി സി ബസ്സുകള്‍ മുടങ്ങാതെ സര്‍വീസ് നടത്തുന്നുണ്ട്. 

കേരളത്തിന്റെ തമിഴ് നാടിന്റെയും വിവിധ ഭാഗങ്ങളില്‍ നിന്നും ബസ്സുകള്‍ ശബരിമല ഉത്സവകാലം തുടങ്ങിയതുമുതല്‍ എത്തുന്നുണ്ട്. പമ്പയില്‍ സ്വാമിമാരെ ഇറക്കി അപ്പോള്‍ തന്നെ ഇവിടെ നിന്നും തിരിച്ചുപോകുന്ന വിധത്തിലാണ് ബസ്സുകളുടെ സര്‍വീസ് ക്രമീകരണം. സ്വകാര്യവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പ്രത്യേകമായി സ്ഥലങ്ങള്‍ അനുവദിച്ചിട്ടുണ്ട്. പമ്പമുതല്‍ നിലയ്ക്കല്‍ വരെ പാതയോരങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. പമ്പാ സ്‌നാനത്തിനുശേഷം നടപ്പന്തലില്‍ കയറുന്ന ഭക്തരുടെ എണ്ണം കൂടുന്നതിനനുസരിച്ച് പോലീസ് ബാരിക്കേഡുകള്‍ ഇടവിട്ട് സ്ഥാപിച്ച് തിരക്ക് കുറയ്ക്കുന്നുണ്ട്. സന്നിധാനത്തിലേക്കുള്ള വഴിയിലും തിരക്ക് നിയന്ത്രിക്കാന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ക്രമീകരണങ്ങളുണ്ടാകും.

ശബരിമലയില്‍ മകരവിളക്കിനോടനുബന്ധിച്ചുള്ള ഭക്തജനത്തിരക്ക് നിയന്ത്രിക്കാന്‍ പുതിയ ബാരിക്കേഡ് നിര്‍മ്മിക്കുമെന്ന് സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ എസ് സുരേന്ദ്രന്‍ അറിയിച്ചു. വടക്കെനട മുതല്‍ അയ്യപ്പ ഭക്തര്‍ വിരിവെക്കാറുള്ള പന്തല്‍, ബെയ്‌ലി പാലത്തിലേക്ക് പോകുന്ന റോഡ്, പാണ്ടിത്താവളം എന്നിവ ഉള്‍പ്പെടുത്തിയാണ് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ഒന്നര കിലോമീറ്ററോളം ദൂരത്തില്‍ പൂതിയ ബാരിക്കേഡ് തീര്‍ക്കുന്നത്. വിരിവെക്കുന്ന ഷെഡില്‍ വളഞ്ഞ് പുളഞ്ഞ് (സിഗ്‌സാഗ്) രീതിയില്‍ അഞ്ചു തട്ടുകളായി തിരിച്ച് ഭക്തര്‍ക്ക് ക്യൂ നില്‍ക്കുന്നതിനുള്ള ബാരിക്കേഡുമുണ്ടാകും.

പതിനായിരകണക്കിന് അയ്യപ്പഭക്തന്മാര്‍ക്ക് ഈ ബാരിക്കേഡിലൂടെ വടക്കേനട വഴി എത്രയും വേഗം സന്നിധാനത്ത് ദര്‍ശനം നടത്തി പോകാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. പാണ്ടിത്താവളം മുതല്‍ മകര ജ്യോതി ദര്‍ശിക്കാവുന്ന പ്രദേശങ്ങളില്‍ നിന്ന് വരുന്ന ഭക്തന്മാരേയും ഈ ബാരിക്കേഡുകളില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയും. വടക്കേ നടയില്‍ നിന്ന് കെട്ടുന്ന ബാരിക്കേഡില്‍ ഇടയിലുള്ള പടികള്‍ മാറ്റും. അപകടം ഒഴിവാക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കും. മകര ജ്യോതിദര്‍ശിക്കാന്‍ സാധ്യതയുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ താത്കാലിക കമ്പിവേലി നിര്‍മിക്കുമെന്നും പോലീസ് പൂര്‍ണ സുരക്ഷ ഉറപ്പ് വരുത്തുമെന്നും സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ പറഞ്ഞു.

പമ്പാ സംഗമം നാളെ സമാപിക്കും

പാപനാശിനിക്കരയായ പമ്പയുടെ തീരത്തെ പ്രസിദ്ധമായ പമ്പാസംഗമം തിങ്കളാഴ്ച സമാപിക്കും. രാമമൂര്‍ത്തി മണ്ഡപത്തില്‍ വൈകിട്ട് 3 ന് തമിഴ്‌നാട് മുഖ്യമന്ത്രി പനീര്‍ശെല്‍വം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി മുഖ്യാതിഥിയായിരിക്കും. 

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ചടങ്ങില്‍ അദ്ധ്യക്ഷതവഹിക്കും. കര്‍ണ്ണാടക ഊര്‍ജ്ജവകുപ്പ് മന്ത്രി ഡി.കെ ശിവകുമാര്‍, ആന്ധ്ര പ്രദേശ് എന്‍ഡോവ്‌മെന്റ് വകുപ്പ് മന്ത്രി പി. മാണിക്യല റാവു, തെലുങ്കാന നിയമ വകുപ്പ് മന്ത്രി എ. ഇന്ദ്രകരണ്‍ റെഡ്ഡി, കര്‍ണ്ണാടക റിലീജയസ് എന്‍ഡോവ്‌മെന്റ് വകുപ്പ് മന്ത്രി രുദ്രപ്പ മാനപ്പലമണി, സംസ്ഥാന വനം വകുപ്പ് മന്ത്രി കെ.രാജു, വി. എസ്.ശിവകുമാര്‍ എം.എല്‍.എ, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അജയ് തറയില്‍, കെ.രാഘവന്‍, ഉന്നതാധികാര ചെയര്‍മാന്‍ കെ.ജയകുമാര്‍, തുടങ്ങിയവര്‍ പങ്കെടുക്കും. 

ദേവസ്വം കമ്മീഷണര്‍ സി.പി. രാമരാജ പ്രേമപ്രസാദ്, ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍  എ.മനോജ്, എ.ഡി.ജി.പി നിതിന്‍ അഗര്‍വാള്‍, റവന്യു സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, ജില്ലാകളക്ടര്‍ ആര്‍.ഗിരിജ, ദേവസ്വം ബോര്‍ഡ് സെക്രട്ടറി വി.എസ്.ജയകുമാര്‍, ചീഫ് എന്‍ജിനീയര്‍ ജനറല്‍ ജി.മുരളീകൃഷ്ണന്‍, വി.ശങ്കരന്‍പോറ്റി എന്നിവര്‍ പങ്കെടുക്കും.
തീര്‍ത്ഥാടക പ്രവാഹം; ഭക്തജനത്തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ സംവിധാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക