Image

കാലത്തിന്റെ നിയോഗം മണിസ്വാമി അറുപതാം തവണയും സന്നിധിയില്‍

അനില്‍ പെണ്ണുക്കര Published on 09 January, 2017
കാലത്തിന്റെ നിയോഗം മണിസ്വാമി അറുപതാം തവണയും സന്നിധിയില്‍
കാലത്തെയും പ്രായത്തെയും തോല്‍പ്പിച്ച് അറുപതാമത്തെ വര്‍ഷവും മണിസ്വാമി അയ്യനെ തൊഴാന്‍ ശബരിമലയിലെത്തി. തൃശ്ശൂരിലെ കൊക്കാല വറോട്ടിയില്‍ നിന്നും 1957 ല്‍ തുടങ്ങിയ ഈ യാത്ര ഇപ്പോഴും മുടങ്ങിയിട്ടില്ല. എണ്‍പത് വയസ്സ് പിന്നിട്ടെങ്കിലും ഇതിന്റെ അവശകതകളെല്ലാം പമ്പകടത്തി നീലിമല കയറിയാണ് ഇത്തവണയും ഇരുമുടിക്കെട്ടുമായി ഈ ഗുരുസ്വാമിയുടെ യാത്ര.

നാല്‍പ്പത് വര്‍ഷത്തിലധികം കാനന പാതയിലൂടെയായിരുന്നു ശബരീശ സന്നിധിയില്‍ എത്തിയത്. കിലോമീറ്ററുകളോളം നടന്ന് അഴുതയിലും മറ്റും വിശ്രമിച്ചും ക്ഷീണമകറ്റാന്‍ കഞ്ഞിവെച്ച് കുടിച്ചും വന്നെതെല്ലാം മനസ്സില്‍ മായാതെ നില്‍ക്കുന്നു.അക്കാലത്ത് വഴിയലുടനീളം വന്യമൃഗങ്ങളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. കാട്ടാനയും ചെന്നായ്ക്കളുമെല്ലാം വിഹരിക്കുന്ന കാടിന്റെ നടുവിലൂടെയായിരുന്നു ഈ യാത്രകളെല്ലാം. ആയിരക്കണക്കിന് കന്നി സ്വാമികളെയും ഈ വഴികളിലൂടെ തന്നെ സന്നിധാനത്തേക്ക് വഴികാട്ടുകയും ചെയ്തു. ഇതെല്ലാം ശബരീനാഥന്‍ തന്നില്‍ ഏല്‍പ്പിച്ച നിയോഗമെന്നാണ് മണി സ്വാമി പറയുന്നത്.

കാലം ഏറെ മാറി. പുതിയ നടപ്പാതകള്‍ വന്നു. മലകയറ്റത്തില്‍ വിശ്രമിക്കാനുള്ള ഇടങ്ങളും ധാരാളമായി. വെയിലും മഴയും കൊള്ളാതെ കയറി നില്‍ക്കാനും സൗകര്യങ്ങളായി. ഇതൊന്നുമില്ലാത്ത പഴയകാലത്തെയും കൂട്ടിവായിക്കുമ്പോള്‍ മാറുന്ന ശബരിമലയുടെ ചരിത്രം കൂടിയാണ് ഈ പെരിയ സ്വാമിക്ക് പങ്കുവെക്കാനുള്ളത്. നാടിന്റെ തലമുതിര്‍ന്ന ഏറ്റവും കൂടുതല്‍ പതിനെട്ടാം പടികയറിയ ഗുരുസ്വാമിയായതോടെ മണിസ്വാമിക്കൊപ്പം ശബരിമലയിലേക്ക് വരാന്‍ ഒട്ടേറെ പേര്‍ ഇപ്പോഴുമുണ്ട്.

വടക്കുംനാഥന്‍, പാറമേക്കാവ്, കൊടശ്ശേരി തുടങ്ങിയ ക്ഷേത്രങ്ങളില്‍ നിന്നെല്ലാം സ്വാമിമാരുടെ കെട്ടുനിറയ്ക്കാനും ഇപ്പോഴും പോകാറുണ്ട്. ഏറിയ തവണയും മകര വിളക്കിന് സാക്ഷ്യം വഹിച്ചായിരുന്നു ശബരിമലയില്‍ നിന്നുമുള്ള മടക്കം. ഇത്തവണ അതിന് നില്‍ക്കുന്നില്ല. കാലത്ത് നിര്‍മ്മാല്യം തൊഴുത് മടങ്ങണം. അറുപത് വര്‍ഷങ്ങളുടെ മകര സംക്രാന്തിയുടെയും സ്വാമി ദര്‍ശനത്തിന്റെയും പുണ്യം നിറഞ്ഞ ജീവിതാനുഭവങ്ങളുമായി ഒരിക്കല്‍ കൂടി വന്നു മടങ്ങുമ്പോള്‍ മനസ്സില്‍ നിറഞ്ഞ സന്തോഷം മാത്രം.

എല്ലാ കാര്യങ്ങള്‍ക്കും കാനനവാസനായ അയ്യപ്പന്റെ അനുഗ്രഹമുണ്ടായി. മക്കളും അവരുടെ മക്കളുമായി ജീവിതം മുന്നോട്ടുപോകുന്നു. എണ്‍പതിന്റെ നിറവില്‍ ശബരിമല യാത്രയ്ക്ക് 60 വര്‍ഷം പൂര്‍ത്തിയാകുന്നതോടനുബന്ധിച്ച് തൃശ്ശൂരിലെ കൂര്‍ക്കഞ്ചേരി മഹേശ്വര ക്ഷേത്രത്തില്‍ ജനവരി ഏഴിന് ബന്ധുക്കള്‍ക്കും അടുത്തുള്ള സുഹൃത്തുക്കള്‍ക്കുമെല്ലാം വിരുന്ന് സല്‍ക്കാരം നല്‍കിയാണ് മണി സ്വാമി ഇത്തവണ മലയിലേക്ക് പുറപ്പെട്ടത്. ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിനു ശേഷം ഇവിടെയുള്ള പഴയകാല സുഹൃത്തുകളെയെല്ലാം കണ്ട് വിശേഷങ്ങള്‍ പങ്കിട്ടും യാത്ര ചോദിച്ചുമായിരുന്നു മണി സ്വാമിയുടെ സന്നിധാനത്തില്‍ നിന്നുമുള്ള മടക്കം.
കാലത്തിന്റെ നിയോഗം മണിസ്വാമി അറുപതാം തവണയും സന്നിധിയില്‍
Join WhatsApp News
തന്ത്രി കൃഷ്ണൻനമ്പൂതിരി 2017-01-09 12:54:09
മണിയെ പൊക്കികൊണ്ടുപോയി ഞങ്ങളുടെ അടുത്തുള്ള ഒരു മലയിൽ പ്രതിഷ്ഠിച്ചാൽ ശബരിമലയിലെ തിരക്ക് കുറയ്ക്കാമായിരുന്നു.  നല്ല പേരും 'മണി' സ്വാമി  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക