Image

പാലമരത്തിലെ യക്ഷി.... പാതിരാവിലെ പ്രണയ മുഖം (ശ്രീപാര്‍വതി)

Published on 09 January, 2017
പാലമരത്തിലെ യക്ഷി.... പാതിരാവിലെ പ്രണയ മുഖം (ശ്രീപാര്‍വതി)
പാലമരത്തിലെ സത്യമാണ് യക്ഷി... എത്രയെത്ര യക്ഷികഥകള്‍ ഏതൊരു പ്രായത്തിലുള്ളവരെയും കൊതിപ്പിച്ചു വശത്താക്കുന്ന , മോഹിപ്പിച്ച് കൂടെ കൂട്ടുന്ന യക്ഷിക്കഥകള്‍. സുന്ദരികളായ യക്ഷികളുടെ മോഹിപ്പിക്കുന്ന ശരീരസൗന്ദര്യം, ചോരനിറമുള്ള ചുണ്ടുകളും വെളുത്ത പല്ലിന്‍ഭംഗിയും പനങ്കുല പോലുള്ള മുടിയിഴകളും... യക്ഷിയെ പ്രണയിക്കുന്നവര്‍ എത്ര പേരുണ്ടെന്നോ...

വെറുതെ വാതിലിനപ്പുറത്ത് കേട്ട അനക്കത്തില്‍ ആരോ ഉണ്ടെന്നുള്ള പ്രതീതി ജനിപ്പിച്ചും, വീടിനടുത്തുള്ള യക്ഷിക്കാവിനരികിലെ വള്ളിപ്പടര്‍പ്പുകളില്‍ നിന്ന് ചിലമ്പിച്ച പെണ്‍ശബ്ദങ്ങള്‍ തിരഞ്ഞും വെറുതെ നോക്കിയിരുന്ന എത്രയോ പുരുഷന്മാര്‍... ഇന്നും അവരുടെ എണ്ണം തെല്ലും കുറവല്ല. സ്ത്രീസൗന്ദര്യത്തിന്റെ ഭ്രമിപ്പിക്കുന്ന മായികതകള്‍ നിറഞ്ഞതാണ് ഓരോ യക്ഷിസങ്കല്‍പ്പങ്ങളും. എന്നും കൂടെ ഉണ്ടാവാനല്ലെങ്കിലും ജീവിതത്തില്‍ ഒരു യക്ഷീ സാന്നിദ്ധ്യം ആഗ്രഹിക്കുന്ന പുരുഷന്മാര്‍ ഉണ്ടെന്നുള്ളത് സത്യമാണ്, അത്രമാത്രം എഴുത്തുകളിലൂടെ ഈ സങ്കല്‍പ്പത്തെ എഴുത്തുകാര്‍ ഉയര്‍ത്തി വച്ചിരിക്കുന്നു.

ആഗ്രഹം തീരാതെ മരിച്ച സ്ത്രീകളുടെ മനസ്സാണ് യക്ഷിയായി അലയുന്നതെന്നു പറയപ്പെടുന്നു. ചിലര്‍ പ്രതികാരദാഹികളും ചിലര്‍ മോഹങ്ങളെ അടക്കാന്‍ വേണ്ടിയും വീണ്ടും ഭൂമിയില്‍ അലഞ്ഞു തിരിയാന്‍ ശാപമോ അനുഗ്രഹമോ ഒക്കെ വാങ്ങി വരുന്നു. സ്ത്രീകളെ മോഹിപ്പിക്കുന്ന ഗന്ധര്‍വ്വന്റെ പെണ്ണുടലുകള്‍ പോലെ ഭൂമിയിലെ പുരുഷന്റെ മോഹങ്ങളിലേയ്ക്ക് അവര്‍ പിന്നെ പെയ്തിറങ്ങുന്നു. സിനിമ മുതല്‍ ഉള്ള എല്ലാ കലാസാഹിത്യങ്ങളിലും അത്തരം വിഭ്രാത്മക കല്‍പ്പനകള്‍ തന്നെയാണ് യക്ഷികള്‍ക്കായി ലഭിച്ചിട്ടുള്ളതും. അര്‍ദ്ധരാത്രിയിലെ സഞ്ചാരങ്ങള്‍, പാലപ്പൂവിന്റെ തലപെരുക്കുന്ന ഗന്ധം, പാദസരത്തിന്റെ കൊഞ്ചല്‍, കൊതിപ്പിക്കുന്ന ക്ഷണങ്ങള്‍...

ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ്, ആദ്യമായി യക്ഷിക്കഥകള്‍ കേള്‍ക്കുന്നതെന്നാണോര്‍മ്മ. സ്‌കൂളിന്റെ പുറകിലെ മുറ്റത്തു നില്‍ക്കുന്ന വലിയ ഏഴിലം പാലയില്‍ ഒരു ആണി തറച്ചിട്ടുണ്ട്.
എന്നാല്‍ അത് വലിച്ചൂരിയെടുക്കാന്‍ ഉണ്ടായ ശ്രമങ്ങള്‍ പലപ്പോഴും പരാജയപ്പെട്ടു.സ്‌കൂള്‍ വിട്ടു വരുന്ന വഴിയില്‍ നിന്ന് കേള്‍ക്കുന്ന കഥകള്‍ അതിശയിപ്പിക്കുകയും ചെയ്തു..

'നിങ്ങള്‍ക്കേ അറീല്ല പിള്ളേരേ... സ്‌കൂളിലേ യക്ഷിയമ്മയുണ്ട്.അമ്മയെ പ്രസാദിപ്പിച്ചാല്‍ നിങ്ങള്‍ക്കിഷ്ടമുള്‌ലതെല്ലാം തരും ദേഷ്യം പിടിച്ചാലേ.... വലിച്ചു കീറും...'

ഭയന്ന് വിറച്ച കൗമാരങ്ങള്‍...
പിന്നീട് ഇടയ്ക്ക് പാല മരച്ചുവട്ടില്‍ വാങ്ങുന്ന മിഠായികളില്‍ ഒന്ന് കൊണ്ടു വയ്ക്കുക പതിവാക്കി. ഇല്ലെങ്കില്‍ യക്ഷി വലിച്ചു കീറി ചോര കുടിയ്ക്കുമെന്ന് ഭയപ്പെട്ടു.
ചിലപ്പോള്‍ സ്വപ്നത്തില്‍ വന്ന് നാക്കു നീണ്ട രൂപം ഭയപ്പെടുത്തുകയും ചെയ്തു.എന്നാല്‍ മിഠായി വച്ച ശേഷം സ്വപ്നം കണ്ടിരുന്നില്ല.
എല്ലാവര്‍ക്കും ആ അനുഭവം ഉണ്ടായെന്നറിഞ്ഞപ്പോള്‍ പാല മരത്തോടു പോലും അതിരു കവിഞ്ഞ ആരാധന തോന്നി. സ്‌കൂള്‍ കാലം അവസാനിക്കുന്നതു വരെ ആ പാല മരം ഒരു വിറയിലായിരുന്നു. അങ്ങനെ എത്രയോ പാലമരക്കഥകള്‍.

യക്ഷിക്കഥകളുമായി താദാത്മ്യം പ്രാപിക്കുന്ന എത്രയോ കഥകളിലേക്ക് ഇറങ്ങി നില്‍ക്കാനുണ്ട്. എല്ലാവര്‍ക്കും പറയാനുണ്ടാകും ഓരോ കഥകള്‍. ഭയപ്പെടുത്തുന്ന ഒപ്പം വിഭ്രമിപ്പിക്കുന്ന കഥകള്‍.
അര്‍ദ്ധരാത്രിയില്‍ ജോലി കഴിഞ്ഞ് വരുന്ന വഴിയില്‍ മരച്ചുവട്ടില്‍ നിന്നും സുന്ദരിയായ ഒരു യുവതി ഇറങ്ങി വന്നതും അവിടമാകെ ആ സമയം നിറഞ്ഞു നിന്ന തിരിച്ചറിയാന്‍ കഴിയാത്ത സുഗന്ധവും ഓര്‍മ്മിപ്പിക്കുന്ന കഥകള്‍. ഇരുളടഞ്ഞ ബാത്‌റൂമിലെ കോണുകളില്‍ നിന്ന് ഇടയ്ക്കിടയ്ക്ക് വൈകുന്നേരങ്ങളില്‍ നുരയുന്ന ജലത്തിന്റെ കുതിച്ചൊഴുകലുകള്‍...., യക്ഷിയമ്പലത്തില്‍ എന്നും വീടിന്റെ ജനലിലൂടെ വൈകുന്നേരങ്ങളില്‍ അവളെ പ്രതീക്ഷിക്കുന്ന ആണ്‍ നോട്ടങ്ങള്‍...

പൊതുവെ സ്ത്രീകള്‍ക്ക് തീരെ താല്‍പ്പര്യമില്ലാത്ത ഒരു സ്‌ത്രൈണ സങ്കല്‍പ്പമാണ്, യക്ഷികള്‍. മരണം ഉറപ്പാക്കിയെങ്കിലും നിമിഷങ്ങള്‍ നല്‍കുന്ന സുഖങ്ങളില്‍ ഭ്രമിച്ച് തലച്ചോറിനെ മരവിപ്പിച്ച് യക്ഷീ സങ്കല്‍പ്പങ്ങളിലേയ്ക്ക് പുരുഷന്മാര്‍ ഇറങ്ങിച്ചെല്ലുമ്പോള്‍ തങ്ങളിലേക്ക് എത്താത്ത സൗന്ദര്യങ്ങളിലേയ്ക്ക്, സുഗന്ധങ്ങളിലേയ്ക്ക് , നഷ്ടബോധത്തോടെ ഓരോ സ്ത്രീയും ഇറങ്ങിപ്പോകും. യക്ഷികളാകാന്‍ കൊതിക്കുന്നവരാകുന്നു സ്ത്രീകള്‍. സൗന്ദര്യത്തിന്റെയും ഗന്ധങ്ങളുടെയും, സങ്കല്‍പ്പങ്ങള്‍. പുരുഷന്റെ സൗന്ദര്യ സങ്കല്‍പ്പങ്ങളുടെ പൂര്‍ണതയാകാനുള്ള അടങ്ങാത്ത ആഗ്രഹം. ഇടയ്‌ക്കെങ്കിലും നഷ്ടങ്ങള്‍ ഉണ്ടാകുമ്പോള്‍ വെറുക്കാന്‍ തോന്നുന്ന യക്ഷീ സങ്കല്‍പ്പങ്ങള്‍... സ്ത്രീകള്‍ക്ക് യക്ഷികള്‍ ഒരേ സമയം അനുഗ്രഹവും വെറുപ്പുമാകുന്നു. യക്ഷിയാകാന്‍ കൊതിക്കുകയും ആകാതിരിക്കപ്പെടുകയും ചെയ്യുന്നതിന്റെ ഇടയില്‍ വച്ച് അവര്‍ നിരാശയിലേയ്ക്ക് വീണു പോകുന്നു. എന്നാല്‍ പ്രണയത്തിനു കഴിയും ഓരോ സ്ത്രീയെയും യക്ഷി എന്ന സ്ത്രീത്വത്തിന്റെ പൂര്‍ണതയിലെത്തിക്കാന്‍. പ്രണയിക്കപ്പെടുമ്പോള്‍ ആവേശങ്ങളുടെ കൊടുമുടിയില്‍, അവന്റെ ലാളനയില്‍ ജീവിക്കുന്ന ഏതൊരുവളും യക്ഷികളെ പോലെ പൂര്‍ണയായ സങ്കല്‍പ്പമാകുന്നു. മനുഷ്യന്‍ ഉള്ള കാലത്തോളം അനന്തമായി നീണ്ടു നില്‍ക്കുന്ന സൗന്ദര്യസങ്കല്‍പ്പങ്ങളെ നായികയാവുക എന്നത് അത്ര നിസ്സാരമല്ലല്ലോ.

യക്ഷികളുടെ ഗന്ധങ്ങളിലേക്കാണ് പാലമരം പൂത്തുലഞ്ഞെത്തുന്നത്. അരമണിക്കൂറിലധികം പാലപ്പൂവിന്റെ ഗന്ധമേറ്റ് മരത്തിന്റെയരികിലിരുന്നാല്‍ തല മന്ദിക്കുമെന്നു പല അനുഭവങ്ങളും പറയുന്നു. യക്ഷികളുമായി നേരിട്ട് ബന്ധമുള്ള വൃക്ഷങ്ങളാണത്രെ പാലക്കല്‍. ഏഴിലം പാലയും മരത്തില്‍ തറച്ച ആണികളും നമ്മുടെ പ്രശസ്തമായ പല ക്ഷേത്രങ്ങളിലുമുണ്ട്. പ്രതികാരദാഹികളായിരുന്ന പല യക്ഷികളെയും മഹാമാന്ത്രികന്മാര്‍ ആവാഹിച്ച് അണികളില്‍ അടിച്ചുറപ്പിച്ച കഥകള്‍ ഐതിഹ്യപുസ്തകങ്ങളില്‍ വായിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടൊക്കെ തന്നെയാകണം ഇപ്പോഴും പാലമരവും യക്ഷിയും മനുഷ്യര്‍ക്ക് ഇഷ്ടമുള്ള മിത്തുകളായും വെറുതെയെങ്കിലും തോന്നുന്നു എന്ന് സങ്കല്പിക്കാനിഷ്ടമുള്ള കഥകളായും ഇപ്പോഴും നിലനില്‍ക്കുന്നത്. 
പാലമരത്തിലെ യക്ഷി.... പാതിരാവിലെ പ്രണയ മുഖം (ശ്രീപാര്‍വതി)
Join WhatsApp News
വായനകാരി 2017-01-09 10:52:38
എല്ലാ സ്ത്രീ യുടെ  ഉള്ളിൽ  ഉണ്ടൊരു  യക്ഷി 
അബല എന്ന ആണി അടിച്ചു 
പുരുഷന്റെ  കാമ കേളി കളുടെ  പനയിലും  പാലാ മരത്തിലും തളച്ചു 
പക്ഷെ ഇല്ല , അവൾ മരിച്ചിട്ടില്ല , ഇതാ അവൾ വരുന്നു , ആയിരം നാവും  കര ങ്ങ ളും ഉള്ളവൾ ആയി .
 പുരുഷ മേധവികൾ  ഓടിക്കോ  നാലു കാലികള്‍ ningal
വിദ്യാധരൻ 2017-01-09 12:19:14

പൂർണ്ണ ചന്ദ്രനുള്ള രാത്രി!
അല്ല!  പൂ നിലാവുള്ള രാത്രി
മരങ്ങളുടെ ഇടയിലൂടെ
മൂടൽ മഞ്ഞിനെ തട്ടി
അരിച്ചുവരുന്ന പ്രകാശം.
ഇളം കാറ്റിൽ വേതാളങ്ങളെപോലെ
മാടിവിളിക്കുന്ന പച്ചിലചാർത്തുകൾ
വിജനത സൃഷിട്ടിക്കുന്ന ശ്‌മശാന മൂകത
മൂകതയെ ഭഞ്‌ജിപ്പിക്കുന്ന കൂമന്റെ മൂളൽ
പാലപ്പൂവിന്റെ ഗന്ധം  
ആരോ കരിയിലയിൽ ചവുട്ടുന്ന ശബ്ദം
അയ്യോ! അറിയാതെ പറഞ്ഞുപോയി.
'നിഴലായി നിന്റെ പിറകെ....' എന്ന
പാട്ട് ആരോ പാടുന്നപോലെ!
കള്ളിയങ്കാവ് നീലിയായിരിക്കും 
സുഹൃത്തുക്കൾ പറഞ്ഞതാണ്
ഈ രാത്രിയിൽ പോകണ്ട യക്ഷിയുള്ള
സ്ഥലമാണെന്ന്. പക്ഷെ കേട്ടില്ല
കാലുവലിച്ചുവച്ച് നടന്നു അതിവേഗം
അപ്പോൾ പിന്നാലെ ആരോ ഓടുന്നതുപോലെ
കാലടി ശബ്ദം അടുത്തു അടുത്തു വരുന്നു
അയ്യോ! തലയിൽ ആരോ അടിച്ചതുപോലെ
നേരം വെളുത്തപ്പോൾ ഹോസ്പിറ്റലിലാണ്
ഡോക്ടർ ഒരു കടലാസ്സ് കുറിപ്പ്
കയ്യിലേക്ക് നീട്ടി തന്നു
"നീ കുറെ നാളായി എന്നെ പറ്റിക്കുന്നു
ഓരോദിവസവും എന്റെകൂടെ കിടന്ന്
സുഖിച്ചു കുട്ടികളെ ഉണ്ടാക്കി തന്നിട്ട്
കുറെ നാളായി മാറി നടക്കുന്നു
ഇനി വേണ്ട! ഇന്ന് നിന്റെ അവസാനം'
എന്ന് നിന്റെ യക്ഷി -പങ്കജാക്ഷി.

(മീനാക്ഷി, കമലാക്ഷി, വിശാലാക്ഷി
അങ്ങനെ എത്ര യക്ഷിമാർ ഇതുപോലെ
നമ്മുടെ നാട്ടിലെ ഗതികിട്ടാതെ അലയുന്നു
അവർ സാങ്കൽപ്പിക കഥാപാത്രങ്ങളോ,
കാമാസക്തരായ പുരുഷന്മാരുടെ ബലിമൃഗങ്ങളോ?)

George Varughese 2017-01-11 05:50:45
Really Fantastic!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക