Image

ജിഷ്‌ണുവിന്റെ മരണം: വിദ്യാര്‍ഥികള്‍ തൃശൂര്‍ നെഹ്‌റു കൊളജ്‌ അടിച്ചുതകര്‍ത്തു

Published on 09 January, 2017
ജിഷ്‌ണുവിന്റെ മരണം: വിദ്യാര്‍ഥികള്‍ തൃശൂര്‍ നെഹ്‌റു കൊളജ്‌ അടിച്ചുതകര്‍ത്തു


തൃശൂര്‍: തൃശൂര്‍ പാമ്പാടി നെഹ്‌റു എഞ്ചിനിയറിങ്‌ കൊളജ്‌ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ്‌ വിദ്യാര്‍ഥി ജിഷ്‌ണു പ്രണോയി ആത്മഹത്യയുമായി ബന്ധപ്പെട്ട്‌ വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമാകുകയായിരുന്നു. 

എസ്‌.എഫ്‌.ഐ, കെ.എസ്‌.യു സംഘടനങ്ങളുടെ മാര്‍ച്ച്‌ അക്രമാസ്‌കതമായതിനെ തുടര്‍ന്ന്‌ പൊലീസും വിദ്യാര്‍ഥികളും തമ്മില്‍ ഏറ്റുമുട്ടി.
പൊലീസിനെ മറികടന്ന്‌ ക്യാമ്പസിനുള്ളില്‍ പ്രവേശിച്ച വിദ്യാര്‍ഥികള്‍ ഓഫീസും ക്ലാസ്‌മുറികളും അടിച്ചുതകര്‍ക്കുകയായിരുന്നു. 

ഓഫീസ്‌ കെട്ടിടത്തിലെ മുഴുവന്‍ ക്ലാസ്‌ മുറികളും ഉപകരണങ്ങളും പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. കോളജില്‍ നിലയുറപ്പിച്ചിരുന്ന പൊലീസ്‌ സംഘത്തിനും അധികൃതര്‍ക്കും നേരെ വിദ്യാര്‍ഥികള്‍ കല്ലെറിഞ്ഞതോടെയാണ്‌ സംഘര്‍ഷം തുടങ്ങിയത്‌.

കോളജ്‌ കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന കുന്നംകുളം പൊലീസ്‌ സ്റ്റേഷനിലെ ജീപ്പിന്റെ ചില്ല്‌ പ്രതിഷേധക്കാര്‍ തകര്‍ത്തു. തുടര്‍ന്ന്‌ പൊലീസ്‌ ലാത്തിവീശി.


കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്‌ കോളജ്‌ ഹോസ്റ്റലില്‍ ജിഷ്‌ണുവിനെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്‌. കോപ്പിയടിച്ചെന്നാരോപിച്ചുള്ള ചില അധ്യാപകരുടെയും മാനേജ്‌മെന്റിന്റെയും മാനസിക പീഡനങ്ങള്‍ കാരണമാണ്‌ ജിഷ്‌ണു ആത്മഹത്യ ചെയ്‌തെന്ന ആരോപണവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തുകയും ശക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറുകയും ചെയ്‌തു.

ഇതിന്റെ തുടര്‍ച്ചെന്നോണമാണ്‌ ഇന്ന്‌ രാവിലെ വിവിധ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്‌. ശക്തമായ പൊലീസ്‌ സന്നാഹമായിരുന്നു കൊളജിലുണ്ടായിരുന്നത്‌. ജിഷ്‌ണുവിന്റെ മരണത്തെ തുടര്‍ന്ന്‌ അനിശ്ചിതകാലത്തേയ്‌ക്ക്‌ അടച്ചിട്ടിരിക്കുകയാണ്‌ കൊളജ്‌.

പരീക്ഷയ്‌ക്കിടെ പിന്നിലേക്കു നോക്കിയെന്നും ഇത്‌ കോപ്പിയടിക്കാനാണെന്നും ആരോപിച്ച്‌ പ്രവീണ്‍ എന്ന അധ്യാപകന്‍ ജിഷ്‌ണുവിനെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു. ജിഷ്‌ണുവിന്റെ ഉത്തരക്കടലാസ്‌ വരയുകയും ചെയ്‌തിരുന്നു. തുടര്‍ന്ന്‌ പ്രിന്‍സപ്പലിന്റെ മുറിയില്‍വെച്ച്‌ ജിഷ്‌ണുവിനെ ക്രൂരമായി മര്‍ദ്ദിച്ചെന്നും അതിന്റെ പാടുകള്‍ മൃതദേഹത്തില്‍ ഉണ്ടായിരുന്നെന്നുമാണ്‌ ബന്ധുക്കള്‍ ആരോപിക്കുന്നത്‌.

ഹോസ്റ്റല്‍ മുറിയില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ ജിഷ്‌ണുവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഹോസ്റ്റലിലുണ്ടായിരുന്ന പ്രവീണ്‍  തയ്യാറായില്ലെന്നും ആരോപണമുണ്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക