എം.പി പോളും മുഹമ്മദ് ബഷീറും (എം.ടി ആന്റണി)
namukku chuttum.
10-Jan-2017

(പരേതനായ എം.റ്റി ആന്റണി സാറിന്റെ ഓര്‍മ്മക്ക്)
ജോസഫ് മുണ്ടശ്ശേരിയോടൊപ്പം, കുട്ടികൃഷ്ണമാരാരോടൊപ്പം മലയാളസാഹിത്യ നിരൂപണത്തില്‍ തലയുയര്‍ത്തി നില്ക്കുന്ന ഒരാളാണ് എം.പി പോള്‍, മിതഭാഷിയായ എം.പി പോള്‍.
ഇംഗ്ലീഷ് സാഹിത്യത്തില്‍ ഉപരിവിദ്യാഭ്യാസവും ബിരുദവുമുള്ള ഏക നിരൂപകനായിരുന്നു അദ്ദേഹം. മലയാളത്തില്‍ ലക്ഷണ ഗ്രന്ഥങ്ങളെഴുതിയിട്ടുള്ള എം.പി പോള്‍ വേറെ അധികം പുസ്തകങ്ങള്‍ എഴുതിയിട്ടില്ല.
വേറെ എഴുത്തുകാരുമായി അടുത്ത ബന്ധം അദ്ദേഹം പുലര്‍ത്തിയിട്ടില്ല. പക്ഷെ അതിനൊരു അപവാദമാണ് വൈക്കം മുഹമ്മദ് ബഷീര്‍.
ബഷീറിന്റെ ബാല്യകാലസഖി എന്ന സുപ്രസിദ്ധ ചെറുനോവലിന് എം.പി പോള്‍ കലവറയില്ലാതെ പിന്തുണ നല്കി. അതിനൊരു പ്രത്യേക കാരണമുണ്ട്. ബഷീറിന്റെ ലളിത സുന്ദരമായ, നൈസര്‍ഗ്ഗിക സൗന്ദര്യം തേട്ടിതേട്ടി വരുന്ന ഭാഷ, അതിനുമപ്പുറം ബഷീറിന്റെ ശാലീനസുന്ദരമായ നര്‍മ്മബോധം.
എം.പി പോള്‍ ബഷീറിനെ ദത്തുപുത്രനാക്കി എന്നു പറഞ്ഞാല്‍ തെറ്റില്ല.
ഇതുകൊണ്ടാകണം എം.പി പോളും പ്രൊ. ജോസഫ് തേറാട്ടിലും കൂടി പ്രസാധനം ചെയ്ത "ഉദയം' മാസികയില്‍ (1941ല്‍, ഏകദേശം 75 കൊല്ലങ്ങള്‍ക്ക് മുമ്പ്) ബഷീറിന്റെ കഥകള്‍ കൂടെകൂടെ പ്രത്യക്ഷപ്പെട്ടത്.
""കോവര്‍ കഴുത''
വൈക്കം മുഹമ്മദ് ബഷീര്‍
അപ്പോള്‍ നിങ്ങളുടെ മനസ്സിന് ഏതാണ്ടൊരു ഘനക്കുറവുണ്ട്. ഊണും കഴിഞ്ഞ് നിങ്ങള്‍ ചാരുകസേരയില്‍ മലര്‍ന്നു കിടക്കുകയാണ്. സംതൃപ്തി! അതാണ് നിങ്ങളുടെ ആ മന്ദഹാസത്തിന്റെ അര്‍ത്ഥം! ഇങ്ങനെ ഇരിക്കുന്ന വേളയിലാണ് നിങ്ങളുടെ സ്‌നേഹിതനായ യുവകവിയുടെ കത്ത് വരുന്നത്.
""ആത്മസുഹൃത്തേ'', അങ്ങനെ കഠിനമായ ദുഖത്തോടെ ടി.യാന്‍ നിങ്ങള്‍ക്ക് എഴുതുകയാണ്, നിങ്ങള്‍ മരിച്ചുപോയതായി ഞാന്‍ ഒരു കിനാവു കണ്ടു. മൂടിപ്പൊതിഞ്ഞ നിങ്ങളുടെ ശവശരീരം നാലഞ്ചുപേര്‍ കൂടി ചുമലില്‍ വഹിച്ചുകൊണ്ട് ശ്മശാനത്തിലേയ്ക്കു പോകുന്നതായും അവിടെ തയാറുണ്ടായിരുന്ന പുതിയ ഒരു കുഴിയില്‍ കിടത്തി, പച്ചമണ്ണിട്ട് മൂടിയതിനുശേഷം അവരൊക്കെ സങ്കടത്തോടെ തിരിച്ചുപോരുന്നതായും ഞാന്‍ സ്പഷ്ടമായിക്കണ്ടു.
""സുഹൃത്തേ! ആകാശം കറുത്തിരുണ്ട് മ്ലാനമായിരുന്നു. ആകപ്പാടെ എനിക്കു വല്ലായ്മ തോന്നി. പിറ്റേദിവസം മുഴുവനും ഞാന്‍ നിങ്ങളുടെ ഗുണഗണങ്ങളെപ്പറ്റി വിചാരിച്ചു. നിങ്ങള്‍ എനിക്കയച്ചിട്ടുള്ള കത്തുകളൊക്കെ ഞാന്‍ പല ആവര്‍ത്തി വായിച്ചു. അങ്ങനെ ഇരിക്കുമ്പോഴാണ് നിങ്ങളുടെ ഒരു എഴുത്തുവന്നത്! തീരെ സുഖമില്ലെന്നും ദീനശയ്യയില്‍ കിടന്നുകൊണ്ടാണ് അതെഴുതുന്നതെന്നും വായിച്ചപ്പോള്‍ ഞാന്‍ പൊട്ടിക്കരഞ്ഞുപോയി. എന്റെ സ്വപ്നവും നിങ്ങളുടെ എഴുത്തും ഞാന്‍ തുലനം ചെയ്തു. നിങ്ങള്‍ മരിച്ചുപോയി എന്നുതന്നെ ഞാന്‍ വിശ്വസിച്ചു. ദിവസങ്ങള്‍ കഴിയുന്തോറും എന്റെ ദുഃഖത്തിന് അതിരില്ലെന്നായി. ഒരു പ്രകാരത്തിലും വ്യസനം അടക്കാന്‍ കഴിഞ്ഞില്ല. നിങ്ങളെപ്പറ്റി ഞാന്‍ ഒരു കവിത എഴുതി: ""ദിവംഗതനായ എന്റെ സുഹൃത്ത്'' വിഷാദനിര്‍ഭരമായ ഒരു മധുരകാവ്യം! ഞാന്‍ ഇത് പലരെയും വായിച്ചു കേള്‍പ്പിച്ചു. കണ്ണുനീരോടെ എല്ലാവരും പറഞ്ഞു. വളരെ നന്നായിട്ടുണ്ടെന്ന്. ഇതെന്റെ "മാസ്റ്റര്‍ പീസ്' ആണെന്ന് അവരൊക്കെ സമ്മതിച്ചു. ഇതിന്റെ പ്രസിദ്ധീകരണത്തോടെ എനിക്ക് കേരളത്തിലെ മഹാകവികളുടെ ഇടയില്‍ പ്രമുഖമായ സ്ഥാനം ലഭിക്കുമെന്ന് അവരൊക്കെ ഏറ്റുപറഞ്ഞു. ഞാന്‍ ഒരു മഹാകവി തന്നെ എന്ന് എനിയ്ക്കും ബോദ്ധ്യം വന്നു. "മഹാകവി അതിരമ്പുഴ' എന്ന് ഞാന്‍ പലവുരു ഉരുവിട്ടു. ഞാനിതു പത്രത്തിലേയ്ക്കു അയയ്ക്കാന്‍ പോസ്റ്റാഫീസില്‍ ചെന്നു. അപ്പോഴാണ് നിങ്ങളുടെ കത്ത്! നിങ്ങള്‍ സുഖമായി, ജീവിച്ചിരിക്കുന്നു എന്നറിയുന്നതില്‍ ഞാന്‍ വളരെ ... സന്തോഷിക്കുന്നു.'
*
അതുകൊണ്ടും പോരെങ്കില്‍ വേറൊരു സുഹൃത്തിന്റെ കല്യാണക്കുറി:
""ഹേ, സാഹിത്യകാരാ!' അങ്ങനെയാണ് നിങ്ങളെ സംബോധന ചെയ്യുന്നത്, "നിങ്ങള്‍ എന്തു ചെയ്കയാണിപ്പോള്‍? ശൂന്യമായ ആകാശത്തേയ്ക്കു നോക്കി അങ്ങനെ ചാരിക്കിടക്കുകയാണോ, അതോ, വേമ്പനാട്ടുകായലിന്റെ നീലനീരാളപ്പരപ്പുകണ്ട് അത്ഭുതപ്പെടുകയാണോ? ഏതായാലും നിങ്ങളുടെ പ്രണയലേഖനങ്ങളൊക്കെ ഞാന്‍ വായിച്ചു, അല്ല അവള്‍ തന്നെ എന്നെ വായിച്ചുകേള്‍പ്പിച്ചു! ""എങ്ങിനെ ഇരിക്കുന്നു?'' എന്ന് അവള്‍ അഭിമാനത്തോടെ എന്നോടു ചോദിച്ചു. പരമാര്‍ത്ഥത്തില്‍ നിങ്ങള്‍ അവള്‍ക്കെഴുതിയ പ്രേമലേഖനങ്ങള്‍ ഒക്കെ നന്നായിട്ടുണ്ട്. ഓരോ വരിയിലും നിങ്ങളുടെ പ്രേമം നിറഞ്ഞു തുളുമ്പുന്നുണ്ട്. തന്മൂലം ഞാന്‍ സത്യം പറഞ്ഞു, വളരെ നന്നായിട്ടുണ്ടെന്ന്. അവള്‍ക്ക് തൃപ്തിയായി.
"സ്‌നേഹിതാ! നിങ്ങള്‍ ഞങ്ങളെ അനുഗ്രഹിക്കണേ. ഈമാസം 10ന് ഉച്ചതിരിഞ്ഞുള്ള ശുഭമുഹൂര്‍ത്തത്തില്‍ ഞങ്ങളുടെ വിവാഹമാണ്. നേരത്തെ നിങ്ങള്‍ വന്നുചേരണം. അവളുടെ ആഗ്രഹമാണ്. നിങ്ങളുടെ വകയായി ഒരു വിവാഹമംഗളാശംസ ഉണ്ടാവണം. ഗദ്യകവിതയില്‍ ആയാല്‍ നന്ന്. ഞങ്ങള്‍ക്കൊക്കെ സുഖംതന്നെ. നിങ്ങള്‍ക്കും അപ്രകാരമെന്നു വിശ്വസിക്കുന്നു. അവള്‍ നിങ്ങളുടെ കാര്യം പ്രത്യേകം ചോദിച്ചിട്ടുണ്ട്. നിങ്ങള്‍ വന്നുചേരുമെന്നുള്ള പ്രതീക്ഷയോടെ,
"നിങ്ങളുടെ പ്രാണസുഹൃത്ത്...'
*
അങ്ങനെ നിങ്ങള്‍ എന്തെങ്കിലും ഒരു ജോലിക്ക് അപേക്ഷിച്ചുകൊണ്ട് നിങ്ങളുടെ പഴയ സ്‌നേഹിതനായ കമ്പനിമാനേജര്‍ക്ക് എഴുതി അയച്ച അപേക്ഷയുടെ മറുപടിയും വന്നുചേരുന്നു:
"പ്രിയപ്പെട്ട മിസ്റ്റര്‍ കെ.' എന്ന് നിങ്ങളുടെ ഇഷ്ടന്‍ എഴുതുന്നു. "നിങ്ങളുടെ കത്തു വായിച്ചപ്പോള്‍ അബ്രഹാം ലിങ്കന്റെ കാര്യമാണ് ഓര്‍മ്മയില്‍ വരുന്നത്. അദ്ദേഹം ഓരോ സന്ദര്‍ഭത്തിലും ഓരോ കഥ പറയാറുണ്ടായിരുന്നു, എന്നാണ് കോറല്‍ സാന്‍ട് ബര്‍ഗ്ഗ് പറയുന്നത്. ആഭ്യന്തരയുദ്ധം നടന്നുകൊണ്ടിരുന്ന കാലത്ത് അപേക്ഷകളും ശുപാര്‍ശക്കത്തുകളുമായി പല ഉദ്യോഗാര്‍ത്ഥികളും ലിങ്കനെ സമീപിച്ചു. അവരോട് പലതും പറഞ്ഞ കൂട്ടത്തില്‍ ലിങ്കണ്‍ ആയിടെ വായിച്ച ഒരു കഥയും പറഞ്ഞു. അതായത്: ഒരു രാജാവ് വേട്ടയാടാന്‍ പോയ സമയത്ത് ""ഇന്ന് മഴ പെയ്യുമോ?'' എന്ന് മന്ത്രിയോട് ചോദിച്ചു. നല്ലവണ്ണം തെളിഞ്ഞ ആകാശമായിരുന്നതുകൊണ്ട് മന്ത്രി പറഞ്ഞു, മഴ പെയ്യുകില്ലെന്ന്. അതനുസരിച്ച് രാജാവും പരിവാരങ്ങളും വേട്ടയ്ക്ക് പുറപ്പെട്ടു. വഴിക്കുവച്ച് കോവര്‍കഴുതപ്പുറത്തു കയറി വരുന്ന ഒരു കര്‍ഷകനെ കണ്ടു. അയാളോടും രാജാവ് ചോദിച്ചു, മഴ പെയ്യുമോ എന്ന്. കര്‍ഷകന്‍ കോവര്‍കഴുതയുടെ മുഖത്തു നോക്കി. അത് ചെവികള്‍ രണ്ടും മുന്നോട്ട് നീട്ടിപ്പിടിച്ച് അനങ്ങാതെ നില്‍ക്കുന്നതു കണ്ട് കര്‍ഷകന്‍ പറഞ്ഞു: ""പൊന്നു തിരുമേനീ! ഇന്നു മഴ പെയ്യും.'' രാജാവ് ചിരിച്ചു. ബുദ്ധിമാനായ മന്ത്രിയേക്കാള്‍ അറിവ് ഈ കര്‍ഷകനുണ്ടോ? അങ്ങനെ കാട്ടിലെത്തി വേട്ടയാരംഭിച്ചു. നിര്‍ഭാഗ്യമെന്നേ പറയേണ്ടൂ. ഇടിയും മിന്നലുമായി പൊടിപൂരമായ ഒരു മഴ പെയ്തു. നനഞ്ഞുനാശമായി രാജാവും പരിവാരങ്ങളും കൊട്ടാരത്തിലെത്തി. മന്ത്രിയെ ഉടനെതന്നെ തൂക്കിക്കൊല്ലാന്‍ കല്പിച്ചു; തന്നെയുമല്ല, കര്‍ഷകനെ ഹാജരാക്കാന്‍ കല്പനയും കൊടുത്തു. പട്ടാളക്കാരുടെ പല ദിവസത്തെ ശ്രമത്തിനുശേഷം കര്‍ഷകനെ തിരുമുമ്പില്‍ ഹാജരാക്കി. രാജാവ് ചോദിച്ചപ്പോള്‍ കര്‍ഷകന്‍ വിടകൊണ്ടു.''
""പൊന്നു തിരുമേനീ! അടിയന്‍ അത്രയ്ക്ക് ബുദ്ധിമാനൊന്നുമല്ല. എന്റെ കോവര്‍ കഴുതയാണ്. മഴ പെയ്യാന്‍ ഭാവിക്കുമ്പോള്‍ അത് ചെവി രണ്ടും മുന്നോട്ടു തള്ളിപ്പിടിക്കും.'' ഇതു കേട്ടപ്പോള്‍ രാജാവിന് സന്തോഷമായി. കര്‍ഷകനെ പറഞ്ഞയച്ചിട്ട് കോവര്‍കഴുതയെ മന്ത്രിയാക്കി.
""അതിലാണ്'' ലിങ്കണ്‍ പറഞ്ഞു, ""രാജാവ് തെറ്റു ചെയ്തത്.''
""അതെങ്ങനെ?'' കൂട്ടത്തില്‍ ഒരുവന്‍ ചോദിച്ചു, ""രാജാവ് ബുദ്ധിപൂര്‍വ്വമാണല്ലോ ചെയ്തത്?''
""കാര്യം ശരി. പക്ഷേ ആ സംഭവത്തിനുശേഷം എല്ലാ കോവര്‍ കഴുതകള്‍ക്കും ഉദ്യോഗം വേണം. ശുപാര്‍ശക്കത്തുകളും അപേക്ഷകളും കൊണ്ട് എന്നെ വിഷമിപ്പിക്കുന്നു. മാന്യരെ! നിങ്ങളുടെ അപേക്ഷകള്‍ ഒക്കെ ഞാന്‍ വായിക്കാം. ഈ യുദ്ധം കഴിഞ്ഞ് വിവരം അറിയിക്കുകയും ചെയ്യാം.''
*
ആ പതനത്തിലാണ് നിങ്ങളുടെ ഒരു ഇഷ്ടക്കാരിയുടെ കത്ത്:
"എന്റെ പ്രാണനാഥാ'' അങ്ങനെ വാവിട്ട് നിലവിളിക്കുന്നതുപോലെയാണ്. ""അയ്യോ, എല്ലാം കുഴപ്പത്തിലായി. നിങ്ങള്‍ എനിക്കയച്ചിട്ടുള്ള പ്രണയ ലേഖനങ്ങള്‍ ഒക്കെ എന്റെ ഭര്‍ത്താവെന്നു പറയുന്ന ഈ ദ്രോഹി കണ്ടുപിടിച്ചു! ഇയ്യാള് മുടിയ്ക്കു കുത്തിപ്പിടിച്ച് എന്നെ വളരെ ഇടിച്ചു. ഇയ്യാള് എന്നെ ഉപേക്ഷിക്കുമെന്നു പറയുന്നു. ഈ ആറ് അരുമക്കുഞ്ഞുങ്ങളും ഞാനും എന്താണ് ചെയ്യേണ്ടത്? ഇവരെ ഇവിടെ ഇട്ടേച്ചുപോരണോ. അതോ കൂടെ കൊണ്ടുപോരണോ? വേഗം മറുപടി അയയ്ക്കണേ. ബോട്ടുകൂലിക്ക് കാശും അയയ്ക്കണം.
എന്ന് സ്വന്തം പ്രാണനാഥ.'
Facebook Comments