Image

പശുക്കള്‍ക്കു മണി കെട്ടുന്നതിനെതിരേ പ്രചാരണം നടത്തുന്ന നാന്‍സി ഹോള്‍ട്ടന് സ്വിസ് പൗരത്വം നിഷേധിച്ചു

Published on 10 January, 2017
പശുക്കള്‍ക്കു മണി കെട്ടുന്നതിനെതിരേ പ്രചാരണം നടത്തുന്ന നാന്‍സി ഹോള്‍ട്ടന് സ്വിസ് പൗരത്വം നിഷേധിച്ചു

 
ബര്‍ലിന്‍: കഴുത്തില്‍ മണി കെട്ടുന്നത് പശുക്കളുടെ ആരോഗ്യത്തിന് ഹാനികരമാണെന്നും ഇതു നിരോധിക്കണമെന്നും ആവശ്യപ്പെട്ട് പ്രചാരണം നടത്തുന്ന നാന്‍സി ഹോള്‍ട്ടന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് പൗരത്വത്തിനു നല്‍കിയ അപേക്ഷ തള്ളി.

നാല്പത്തിരണ്ടുകാരിയായ നാന്‍സി ജനിച്ചത് നെതര്‍ലന്‍ഡ്‌സിലാണെങ്കിലും എട്ടു വയസ് മുതല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലാണ് താമസിക്കുന്നത്. അവരുടെ മക്കള്‍ക്ക് സ്വിസ് പൗരത്വവുമാണ്. സസ്യാഹാരത്തിന്റെയും മൃഗാവകാശത്തിന്റെയും മുന്നണിപ്പോരാളിയാണ് നാന്‍സി.

വേട്ട, പിഗ്ലറ്റ് റെയ്‌സ്, പള്ളി മണികളുടെ അസ്വാസ്ഥ്യജനകമായ ശബ്ദം തുടങ്ങിയവയ്‌ക്കെതിരേയെല്ലാം അവര്‍ പ്രചാരണം നടത്തുകയും പരാതികള്‍ നല്‍കിവരുകയും ചെയ്യുന്നു.

ഇപ്പോള്‍ രണ്ടാം തവണയാണ് സ്വിസ് പൗരത്വത്തിനുള്ള അവരുടെ അപേക്ഷ നിരസിക്കപ്പെടുന്നത്. റസിഡന്റ്‌സ് കമ്മിറ്റിയാണ് രണ്ടു വട്ടവും ഇതു തള്ളിയത്. സ്വിസ് പൗരത്വത്തിന് നിയമപരമായ എല്ലാ യോഗ്യതകളും അവര്‍ക്കുണ്ട്. സ്വിസ് ജര്‍മന്‍ ഭാഷ ഒഴുക്കോടെ ഉപയോഗിക്കുന്നു. മുനിസിപ്പല്‍, കാന്റനല്‍ അധികൃതര്‍ ആരും എതിര്‍പ്പും പ്രകടിപ്പിച്ചിട്ടില്ല. എന്നാല്‍, ഇവര്‍ പൊതുശല്യമാണെന്നാണ് റസിഡന്റ്‌സ് കമ്മിറ്റിയുടെ വിലയിരുത്തല്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക