Image

ഗന്ധര്‍വ ഗായകന് പിറന്നാള്‍ മംഗളങ്ങള്‍...(ജോയ്‌സ് തോന്ന്യാമല)

Published on 11 January, 2017
ഗന്ധര്‍വ ഗായകന് പിറന്നാള്‍ മംഗളങ്ങള്‍...(ജോയ്‌സ് തോന്ന്യാമല)
മലയാളികളുടെ മനസ്സിലേക്ക് ശുദ്ധസംഗീതത്തിന്റെ മോഹ മന്ത്രാക്ഷരികളുമായി കടന്നെത്തിയ ഗാനഗന്ധര്‍വന് ഇന്ന് പിറന്നാള്‍. ശുഭ്രവസ്ത്രധാരിയായ ദാസേട്ടനെ കുറിച്ച് എപ്രകാരം എഴുതുന്നു എന്നതിനെപ്പറ്റി നല്ല ആശങ്ക ഉണ്ടായിരുന്നു. മനസ്സില്‍ എന്നും തംബുരു മീട്ടുന്നതു കൊണ്ട് ആ ഉപാസനാ ധൈര്യത്തോടെ 77-ാം ജന്‍മദിന വേളയില്‍ ദാസേട്ടനെ അക്ഷരങ്ങളാല്‍ വണങ്ങുകയാണിവിടെ. ഒരു സദസ്സിലേക്ക് ഞാന്‍ പോവുകയാണെന്ന് വിചാരിക്കുക. വിദേശീയരും സ്വദേശീയരുമായ ഒട്ടനവധി പ്രമുഖര്‍  പങ്കാളിത്തം വഹിക്കുന്ന ഒരു മാന്യ സദസ്. ദാസേട്ടന്‍ അവിടേക്ക് കടന്നു വരികയാണ്. ഒട്ടനവധി പാട്ടുകളിലൂടെ നമുക്ക് സുപ്രഭാതങ്ങള്‍ സമ്മാനിച്ചിട്ടുള്ള പ്രിയങ്കരനായ കെ.ജെ യേശുദാസ് അങ്ങനെ നടന്നടുത്തു വരുമ്പോള്‍ ഒരു പ്രഭാവലയം അദ്ദേഹത്തോടൊപ്പമുണ്ടായിരക്കും. അതെപ്പോഴും ഉള്ളതുപോലെ തന്നെ. പരസ്പരം വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്ന നമ്മുടെ കണ്ണുകളില്‍ ഉടക്കിക്കൊണ്ട് അദ്ദേഹം തന്റെ ആകാരഭംഗികൊണ്ട് മനസിനെ കീഴടക്കുമ്പോള്‍ അറിയാതെ എഴുന്നേറ്റു പോവും, ദാസേട്ടനെ അറിയുന്നവരും അറിയാത്തവരും ഒരുപോലെ.  അതേ, മലയാളത്തിന്റെ അംഗീകാരങ്ങള്‍, ഇന്ത്യയുടെ ബഹുമതികള്‍, ബിരുദാനന്തര ബിരുദങ്ങള്‍, ആസ്ഥാന ഗായക പദവികള്‍...എല്ലാം ഒട്ടനവധിയെന്നോണം സമ്പാദിച്ചു കൂട്ടി നമ്മുടെ സ്വകാര്യ അഹങ്കാരമാണ് ദാസേട്ടന്‍.

സംഗീത പ്രേമികളുടെ നിത്യജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ശബ്ദ സാന്നിധ്യമാണ് യേശുദാസ്. ആസാമീസ്, കൊങ്കണി, കാശ്മീരി എന്നിവയിലൊഴികെ എല്ലാ ഇന്ത്യന്‍ ഭാഷകളിലും സംഗീതത്തിന്റെ രാജപ്രപഞ്ചം സൃഷ്ടിച്ചിട്ടുള്ള ദാസേട്ടന്റെ പാട്ടുകള്‍ റഷ്യന്‍, മലയ, അറബിക്, ലാറ്റിന്‍ തുടങ്ങിയ വിദേശ  ഭാഷകളിലും കേള്‍ക്കാന്‍ നമുക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. അതേ, ഈ സംഗീത മാന്ത്രികനൊപ്പം സമകാലീകരായി ജീവിക്കാന്‍ കഴിഞ്ഞുവെന്നത് മറ്റൊരപൂര്‍വ ഭാഗ്യം. കെ എസ് ആന്റണി എന്ന സംവിധായകന്റെ 'കാല്‍പ്പാടുകള്‍' എന്ന ചിത്രത്തിനു വേണ്ടി 1961 നവംബര്‍ 14-ാം തീയതി 'ജാതി ഭേദം, മത ദ്വേഷം ഏതുമില്ലാതെ സര്‍വരും...' എന്നു തുടങ്ങുന്ന ഗുരുദേവ കീര്‍ത്തനം ആലപിച്ച് സംഗീത ലോകത്ത് ഹരിശ്രീ കുറിച്ച് മലയാളിയെ എല്ലാക്കാലവും 'പാട്ടി'ലാക്കിയ ദാസേട്ടന്‍ പിന്നീട് മലയാള സിനിമയില്‍ സ്വര പ്രപഞ്ചം തീര്‍ക്കുകയായിരുന്നു. ആദ്യ റിക്കോഡിംഗിന്റെ സുന്ദര സ്മരണകളിലേയ്ക്ക്... ചെന്നൈ ആയി മാറിയ പഴയ മദ്രാസിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു ആ ഇതിഹാസം രചിക്കപ്പെട്ടത്. എം.ബി. ശ്രീനിവാസനായിരുന്നു 'കാല്‍പ്പാടുകളി'ലെ സംഗീത സംവിധായകന്‍. മുഴുവന്‍ പാട്ടുകളും ദാസേട്ടന്‍ തന്നെ പാടാനായിരുന്നു തീരുമാനം. ആദ്യകാല നടനും തിരക്കഥാകൃത്തും നിര്‍മാതാവുമായ രാമന്‍ നമ്പിയത്തിലാണ്, മീശ മുളയ്ക്കാത്ത കാലത്ത് യേശുദാസിനെ എം. ബി. ശ്രീനിവാസന് പരിചയപ്പെടുത്തി കൊടുത്തത്. ഗന്ധര്‍വന്റെ ഇരുപത്തിയൊന്നാം വയസിലായിരുന്നു ആ ചരിത്ര മുഹൂര്‍ത്തമെന്നോര്‍ക്കുക.

സിനിമയില്‍ പാടാനുള്ള ഉള്‍ക്കട മോഹവുമായി തന്റെ ആദ്യ ഗുരുവായ പിതാവ് അഗസ്റ്റിന്‍ ജോസഫിനോടൊപ്പമെത്തിയ യേശുദാസിനെ നിരാശനാക്കി വിടാന്‍ കെ.എസ് ആന്റണിക്കും നമ്പിയത്തിലിനും മനസ്സു വന്നില്ല. പീച്ചി ഡാം ഹൗസില്‍ വച്ച് മുകേഷിന്റെ 'ദോ രോസ് മേ പ്യാര്‍ കാ ആലം ഗുസര്‍ഗയാ...' എന്ന ഗാനം യുവ ഗായകന്‍ പാടി കേള്‍പ്പിച്ചു. ആ സുന്ദരാലാപനം കേട്ട് എം.ബി.എസ് പുളകിതനായി. അന്ന് എം.ബി.എസ് നടത്തിയ പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ സഫലമാവുകയായിരുന്നു. യേശുദാസിന്റെ മാസ്മരിക ശബ്ദത്തെക്കുറിച്ച് എം.ബി.എസ് അന്ന് പറഞ്ഞത് ''ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച കണ്ടുപിടിത്തം...'' എന്നായിരുന്നു. ആദ്യ ഗാനം പാടേണ്ട ദിവസം യേശുദാസിന് ജലദോഷം പിടിച്ചു. പക്ഷേ അത് വക വയ്ക്കാതെ അദ്ദേഹം ഭരണി സ്റ്റുഡിയോയിലെത്തി. ''പനി പിടിച്ച പയ്യനെക്കൊണ്ട് പാടിക്കണമോ...'' എന്ന് പലരും ചോദിച്ചു. ദാസേട്ടന്റെ മനസ്സില്‍ അപ്പോള്‍ ഇഛാഭംഗത്തിന്റെ അപശ്രുതി പരന്നത് സ്വാഭാവികം. പക്ഷേ ഇത്രയും ആശ കൊടുത്തിട്ട് പാടിക്കാതിരിക്കുന്നത് ശരിയല്ല എന്ന ശക്തമായ അഭിപ്രായത്തിന്റെ മുഴക്കത്തില്‍ ഗന്ധര്‍വശബ്ദം റിക്കാര്‍ഡ് ചെയ്യപ്പെട്ടു. പിന്നെ സ്വപ്നസമാനമായ എത്രയെത്ര പാട്ടുകള്‍ ആയിരം പാദസരങ്ങള്‍ കിലുക്കി നമ്മുടെ കാതുകള്‍ക്കിമ്പമായി പിറന്നു...

ഫോര്‍ട്ടുകൊച്ചിയിലെ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെ മകന് സംഗീതവും കഷ്ടപ്പാടുകളുമായിരുന്നു ഇളം പ്രായത്തിലെ കൂട്ടുകാര്‍. മുണ്ടു മുറുക്കിയുടുത്ത് ജന്മസിദ്ധമായ സംഗീതത്തെ കൈവെടിയാതെ തൃപ്പൂണിത്തുറ ആര്‍.എല്‍.വി സംഗീത കോളേജില്‍ ചേര്‍ന്ന് ശാസ്ത്രീയ  സംഗീതം പഠിച്ചു. ഗാന ഭൂഷണം പാസായതിനു ശേഷം ആകാശ വാണിയില്‍ നടത്തിയ വോയ്‌സ് ടെസ്റ്റില്‍ പരാജയപ്പെട്ട ചരിത്രവും ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ഇഷ്ട ശിഷ്യനായ ഈ ഗന്ധര്‍വ ഗായകന് പറയാനുണ്ട്. ദാസേട്ടന്റെ കര്‍ണാടക സംഗീത കച്ചേരികള്‍ വേറിട്ടൊരനുഭവമാണ് പ്രദാനം ചെയ്യുക. സംഗീതത്തില്‍ താത്പര്യമില്ലാത്തവരെ ആസ്വാദകരാക്കി പുനര്‍ജനിപ്പിക്കുന്ന അമൃത് ആ ശബ്ദ വിന്യാസത്തിലടങ്ങിയിരിക്കുന്നു. ഇത്രയേറെ അംഗീകാരങ്ങളുടെയും ആദരവിന്റെയും കൊടുമുടികള്‍ കീഴടക്കിയ മറ്റൊരു സംഗീതജ്ഞനെ ഭൂമിയിലെവിടെ കാണാനാവും. അനേക നൂറ്റാണ്ടുകളുടെ ഇടവേളകളില്‍ പിറവിയെടുക്കുന്ന അപൂര്‍ പ്രതിഭാസമാണ് മറക്കാത്ത ഗാനങ്ങള്‍ സമ്മാനിച്ച ദാസേട്ടന്‍.

പത്മഭൂഷണും പത്മശ്രീയും നേടിയ, സൗമ്യ സംഗീതം പൊഴിക്കുന്ന ദാസേട്ടന്‍ എന്ന കേരളത്തിന്റെ ആസ്ഥാന ഗായകന് ഏഴു തവണ ഇന്ത്യയുടെ മികച്ച ചലചിത്ര പിന്നണി ഗായകനുള്ള പുരസ്‌കാരം ലഭിച്ചപ്പോള്‍ അതിലുമെത്രയോ ഇരട്ടി തവണ അദ്ദേഹം കേരളത്തിന്റെ മികച്ച ഗായക പുരസ്‌കാരം നേടി. മറ്റു സംസ്ഥാനങ്ങളിലും ദാസേട്ടന്‍ സംഗീത മഴ പെയ്യിച്ചു. ബഹുമതികള്‍ ഏറെ വിനയാന്വികനാക്കിയ ഒരവസരത്തില്‍ യുവഗായകരെ പ്രോത്സാഹിപ്പിക്കാന്‍ കേരളത്തില്‍ നിന്ന് ഇനി പുരസ്‌കാരങ്ങള്‍  വേണ്ടെന്ന് അദ്ദേഹം അപേക്ഷിച്ചു. ഇതേ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ യേശുദാസിന്റെ ഗാനങ്ങള്‍ അവാര്‍ഡിനായി പരിഗണിക്കാതെയായതെന്നറിയുക. ഏഴു സ്വരങ്ങളും ആവാഹിച്ച് കാലത്തിന്റെ എല്ലാ ഭൂപടങ്ങള്‍ക്കു മേലും ആ ഗന്ധര്‍വ ഗാനധാര ഇന്നും അലകളുയര്‍ത്തി പരന്നൊഴുകിക്കൊണ്ടിരുന്നു, സംഗീതം ഒരു കണ്ണാടി പോലെയാണ്. അതില്‍ ലയിച്ചിരിക്കുമ്പോള്‍ നമുക്ക് ലോകത്തെ തന്നെ കാണാനാകും. ദാസേട്ടന്‍ ഒരു കണ്ണാടിയാവുന്നു. സംഗീതത്തിന്റെ ചിന്തുകള്‍ സമാഹരിച്ച് പ്രതിഫലിപ്പിക്കുന്ന ഒരു ആറന്മുള കണ്ണാടി.

സ്വര്‍ഗീയ സംഗീതവും സ്വരമഴകളും തോണിപ്പാട്ടിന്റെ രാഗങ്ങളും ആസ്വാദക ഹൃദയങ്ങളില്‍ ധൂര്‍ത്തോടെ വാരിച്ചൊരിഞ്ഞ പ്രതിഭ. സംഗീത രാജാങ്കണത്തിലെ സമാനതകളില്ലാത്ത പ്രണയോപാസകന്‍. ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും എല്ലാ മതത്തേയും ഒരു പോലെ ആദരിക്കുന്ന തികഞ്ഞ മനുഷ്യ സ്‌നേഹി. പാട്ടിന്റെ ഹരിത വഴികളിലൂടെ സഞ്ചരിക്കുന്ന ഈ ദാര്‍ശനികന് തത്വജ്ഞാനത്തിന്റെ മയൂര സിംഹാസനവും ചേരും. അള്ളാഹുവിനെ വാഴ്ത്തുമ്പോഴും അയ്യപ്പനെ ഭജിക്കുമ്പോഴും യേശുവിനെ സ്തുതിക്കുമ്പോഴും ദാസേട്ടനിലെന്നും പ്രകടമാവുന്നത് മനുഷ്യ സ്‌നേഹത്തിന്റെ ലയവിന്യാസമാണ്... താളമേളമാണ്... രാഗസങ്കലനമാണ്. ആത്മീയതയും വേദാന്തവും സമ്മോഹനമായി സംഗമിച്ച് നാദസസരസായി ഒഴുകുന്നു. അത്ഭുതങ്ങള്‍ വിശ്വസിക്കുകയെന്നത് ഒരു പക്ഷേ പ്രയാസകരമായിരിക്കും. കാലത്തിന്റെ അനന്തതയിലും ആകാശത്തിന്റെ വിശാലതയിലും വ്യാപിച്ചു കിടക്കുന്ന അത്ഭുതമാണ് കാട്ടാശേരി ജോസഫ് യേശുദാസ് എന്ന നമ്മുടെ പ്രിയ ദാസേട്ടന്‍. വിസമയത്തിനു മേല്‍ അടുക്കി വച്ച വിസ്മയം... പകരം വയ്ക്കാത്ത ശബ്ദ സൗകുമാര്യം... കോടി ഹൃദയങ്ങളിലെ സൗമ്യഗീതം....

ഗന്ധര്‍വ ഗായകന് പിറന്നാള്‍ മംഗളങ്ങള്‍...(ജോയ്‌സ് തോന്ന്യാമല)
Join WhatsApp News
renji 2017-01-11 11:55:22
Great talent the whole would agree. But, he is a selfish man who has done very little for the humanity considering the influence and leverage he had in the last 5 decades! 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക